UPDATES

ട്രെന്‍ഡിങ്ങ്

‘പ്രളയം കൊണ്ട് വാസയോഗ്യമല്ലാതായ വീടുകളൊന്നും ഇല്ലാത്ത ചേരാനല്ലൂരില്‍’ 11 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്

പ്രളയം സാരമായി ബാധിച്ച പ്രദേശമാണ് ചേരാനല്ലൂര്‍. നിരവധി നാശനഷ്ടങ്ങള്‍ ഇവിടെ ഉണ്ടായി. പ്രാഥമിക കണക്ക് പ്രകാരം 267 വീടുകള്‍ പൂര്‍ണമായും 678 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു

പ്രളയക്കെടുതിയില്‍ വാസയോഗ്യമല്ലാത്തവിധം ഒരു വീടും തകര്‍ന്നിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയ ചേരാനെല്ലൂരില്‍ പതിനൊന്നു കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ. ചേരാനല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍ (എഇ) എന്നിവര്‍ ഒപ്പിട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് നല്‍കിയ സാക്ഷ്യപത്രത്തില്‍, ഓഗസ്റ്റില്‍ സംഭവിച്ച പ്രളയത്തില്‍ പൂര്‍ണമായും ഭൂമിയും വീടും നഷ്ടപ്പെട്ടവ, പൂര്‍ണമായും തകര്‍ന്ന വീടുകള്‍, വാസയോഗ്യം അല്ലാത്തതായ 75 ശതമാനത്തിനു മേല്‍ തകര്‍ന്ന വീടുകള്‍ എന്നിവ സ്ഥലപരിശോധന നടത്തിയതിന്‍ പ്രകാരം ചേരാനല്ലൂര്‍ പഞ്ചായത്തില്‍ ഇല്ലെന്നാണ് പറയുന്നത്. ഈ റിപ്പോര്‍ട്ടിനെതിരേ ഭരണകക്ഷിയായ യുഡിഎഫ് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ കഴിഞ്ഞ 16 ദിവസമായി സമരം നടത്തിവരികയാണ്. സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെതിരേ എംഎല്‍എ ഹൈബി ഈഡനും രംഗത്തുണ്ട്. എന്നാല്‍ തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് തിരുത്തില്ലെന്ന നിലപാടിലാണ് സെക്രട്ടറിയും എ ഇ യും. സമരവും തര്‍ക്കവും ഈ വിധം മുന്നേറുമ്പോഴാണ് ഇതിനിടയില്‍ ജീവിതത്തിന്റെ അനിശ്ചിതത്വം പേറി കുറെ കുടുംബങ്ങള്‍ മാസങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ കഴിയുന്നത്.

ചേരാനല്ലൂര്‍ പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നുള്ള കമ്യൂണിറ്റി ഹാളിലും, പഞ്ചായത്ത് പരിധിയില്‍പ്പെട്ട കുറുങ്കോട്ട ദ്വീപിലുള്ള ക്യാമ്പിലുമാണ് ഈ കുടുംബങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്. കമ്യൂണിറ്റി ഹാളില്‍ ഏഴു കുടുംബങ്ങളും നാലു കുടുംബങ്ങള്‍ ദ്വീപിലുമാണുള്ളത്. പ്രളയത്തില്‍ തകര്‍ന്ന വീടുകളാണ് തങ്ങളുടേതെന്നും അവിടെ താമസിക്കാന്‍ ഇനി കഴിയാത്തതിനാലും പോകാന്‍ മറ്റൊരിടം ഇല്ലാത്തതിനാലുമാണ് ക്യാമ്പുകളില്‍ കഴിയേണ്ടി വരുന്നതെന്നാണ് ഇവര്‍ നിരാശയോടെ പറയുന്നത്. പ്രായമായ സ്ത്രീകള്‍, വിധവകള്‍ എന്നിവര്‍ ഉള്‍പ്പെടെ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്കു സ്വന്തമായി ഇനിയൊരു കിടപ്പാടം കിട്ടുമോ എന്നിവവര്‍ക്കിപ്പോള്‍ സംശയമാണ്. സഹായമൊന്നും കിട്ടിയില്ലെങ്കില്‍ പുതിയൊരു വീട് തങ്ങളെക്കൊണ്ട് ഉണ്ടാക്കുക എന്നത് ചിന്തിക്കാന്‍ പോലുമാകാത്ത കാര്യമാണെന്നും ഇവര്‍ സങ്കടം പറയുന്നു.

"</p

ക്യാമ്പിലെ ജീവിതം ദുരിതസമാനമാണെന്നാണ് ഇവര്‍ പറയുന്നത്. അസൗകര്യങ്ങളുടെ നടുവിലാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് സ്ത്രീകള്‍ വിഷമം പറയുന്നു. ഹാളിന്റെ തറയില്‍ കിടന്നുറങ്ങേണ്ടി വരുന്നു. ഭക്ഷണം പാകം ചെയ്യാന്‍ സൗകര്യം ഒരുക്കിയത് ഹാളിന്റെ സ്റ്റേജിലാണ്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യവും അപര്യാപ്തം. വിവാഹം പോലുള്ള ചടങ്ങള്‍ക്ക് ഹാള്‍ വിട്ടുനല്‍കുന്ന വേളയില്‍ തങ്ങളെ ഇവിടെ നിന്നും മാറ്റും. സമീപത്തുള്ള കെട്ടിടത്തിന്റെ പുറം വരാന്തയിലായിരിക്കും തങ്ങേണ്ടി വരിക. ചടങ്ങുകളോട് അനുബന്ധിച്ച് ഭക്ഷണം വിളമ്പുന്നതിന്റെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കാതെയായിരിക്കും പോവുക. ഈ മലിന്യത്തിലേക്കാണ് തങ്ങള്‍ക്ക് വരേണ്ടി വരുന്നത്. ഒരു പൊലീസുകാരന്‍ കാവലിന് ഉണ്ടെങ്കിലും തങ്ങള്‍ക്ക് ഇവിടെ കഴിയുന്നതില്‍ ഭയം ഉണ്ടെന്നാണ് താമസക്കാര്‍ പറയുന്നത്. പ്രളയം നടന്ന ഓഗസ്റ്റ് മുതല്‍ ഈ മനുഷ്യരുടെ ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്.

86 വയസുകാരി രുക്മിണിയും കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞ മൂന്നുമാസത്തോളമായി. ചെറിയൊരു വീടായിരുന്നു, അതില്‍ ഇനി താമസിക്കാന്‍ പറ്റുമോയെന്നറിയില്ലെന്നാണ് രുക്മിണി പറയുന്നത്. ഈ ക്യാമ്പില്‍ നിന്നും എങ്ങനെയെങ്കിലും പോണമെന്നുണ്ട് രുക്മിണിക്ക്. പക്ഷേ, കിടക്കാന്‍ ഒരിടം വേറെയില്ലാത്തതുകൊണ്ട് ഇതിനകത്ത് തന്നെ കഴിയുന്നുവെന്നാണ് രുക്മിണി സങ്കടം പറയുന്നത്. പുറത്തു നടക്കുന്ന സമരവും സെക്രട്ടറിയുടെ റിപ്പോര്‍ട്ടും ഒന്നും രുക്മിണിക്ക് അത്രകണ്ട് മനസിലാകുന്നില്ല. പക്ഷേ, ഇനിയുള്ള ജീവിതത്തെക്കുറിച്ച് ആശങ്കയുണ്ട് ഈ വൃദ്ധയ്ക്കും; ഇനി ഞങ്ങളെന്താ ചെയ്യേണ്ടതെന്ന ചോദ്യത്തില്‍ ആ ആശങ്ക നിറഞ്ഞു നില്‍ക്കുന്നുണ്ട്.

രുക്മിണിക്കൊപ്പം മകള്‍ സരസ്വതിയുമുണ്ട്. ഞങ്ങടെ വീട് ഇനി ഒന്നിനും കൊള്ളത്തില്ല, അവിടെ താമസിക്കാനും ഒക്കില്ല. അവിടേയും കിട്ടാന്‍ പറ്റത്തില്ല, പുതിയൊരെണ്ണത്തിലും പറ്റില്ലാത്ത ഗതിയാണ് ഇപ്പോള്‍. വിധവയായ ഞാനും പ്രായമായ ഈ അമ്മയും കാലിന് വയ്യാത്ത മോനും മാത്രമായിരുന്നു വീ്ട്ടില്‍. വിധവ പെന്‍ഷനാണ് ആകെ ആശ്രയം. അതുകൊണ്ട് ഒരു കൂര ഉണ്ടാക്കാനൊന്നും പറ്റത്തില്ല. സര്‍ക്കാരീന്ന് വീട് തരത്തില്ലെന്നാണ് സെക്രട്ടറി പറയുന്നത്. പിന്നെ ഞങ്ങള് എന്ത് ചെയ്യാനാ…ചാകും വരെ ഇവിടെ കിടക്കണോ? എന്നാണ് സരസ്വതിയുടെ ചോദ്യം. ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയാണ് ഞങ്ങളുടെ വീടിന്. സെക്രട്ടറി വീട് വന്ന് കണ്ടതാണ്. സഹായം ചെയ്യാന്നു പറഞ്ഞതുമാണ്. ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. അമ്മയ്ക്കാണെങ്കില്‍ ഓര്‍മയില്ല. കൂടെ ഒരാള്‍ വേണം എപ്പോഴും. അതുകൊണ്ട് എനിക്ക് വേലയ്‌ക്കൊന്നും പോകാന്‍ പറ്റില്ല. മോന് കാലിന് വയ്യാത്തതാണ്. വല്ലപ്പോഴുമൊക്കെ ചെറിയ ചെറിയ പണിക്ക് പോണതല്ലാതെ സ്ഥിര വരുമാനമൊന്നും ഇല്ല.. ഇങ്ങനെയുള്ള ഞങ്ങള് എന്താണ് ഇനി ചെയ്യേണ്ടത്? കണ്ണീരോടെയാണ് സരസ്വതി അവരുടെ ഭാവിയെക്കുറിച്ച് ചോദിക്കുന്നത്.

എടേക്കുന്നില്‍ താമസിച്ചിരുന്ന പുഷ്പയ്ക്കും പറയാനുള്ളത് ഇതേ സങ്കടങ്ങള്‍ തന്നെയാണ്. ജൂലൈ 18 ന് ആയിരുന്നു എന്റെ ഭര്‍ത്താവ് മരിച്ചത്. അദ്ദേഹം മരിച്ച് ഒരുമാസം കഴിയും മുന്നേ എനിക്കാ വീട്ടീന്ന് ഇറങ്ങേണ്ടി വന്നതാണ്. ഓഗസ്റ്റ് 9 ന് ആണ് ഇറങ്ങിയത്. എംഎല്‍എ വന്നാണ് വീട്ടീന്ന് ഇറക്കി കൊണ്ടു പോയത്. അവിടെ താമസിക്കുന്നത് അപകടമാണെന്നു പറഞ്ഞ്. അന്നിറങ്ങിയിട്ട് പിന്നെ ഞാനെന്റെ വീട്ടിലേക്ക് പോയിട്ടില്ല. മാസങ്ങളായി ഞാനീ ക്യാമ്പില്‍ തന്നെയാണ്; വേദനയും നിരാശയും കലര്‍ന്ന ശബ്ദത്തില്‍ പുഷ്പ പറയുന്നു. തന്റെ വീട് പൂര്‍ണമായും വാസയോഗ്യമല്ലാതായി തീര്‍ന്നെന്നാണ് പുഷ്പ പറയുന്നത്. ഇനിയവിടെ താമസിക്കാന്‍ കഴിയില്ല. വീടിന്റെ അവസ്ഥ പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫിസറും എല്ലാവരും വന്ന് കണ്ടതാണ്. ഹൈബി ഈഡന്‍ എംഎല്‍എ വന്നാണ് വീട്ടില്‍ നിന്നും എന്നെ വിളിച്ചോണ്ടു പോരുന്നത്. രണ്ട് പെണ്‍മക്കളും ഒരു മകനുമായിരുന്നു എനിക്ക്. പെണ്‍മക്കളുടെ കല്യാണം കഴിഞ്ഞ് ഭര്‍ത്താക്കന്മാരുടെ വീട്ടിലാണ്. മകന്‍ വേറെയാണ് താമസം. ഞാന്‍ ഒറ്റയ്ക്കാണ് ഇപ്പോള്‍. ആരും നോക്കാനില്ലാത്ത ഞാന്‍ തകര്‍ന്നു വീഴാവുന്ന ആ വീട്ടില്‍ പോയി കിടക്കണോ? ഇവരൊക്കെ ഇറങ്ങിക്കോ, വേറെ വീട ശരിയാക്കം എന്നു പറഞ്ഞല്ലേ, എന്നെ ഇറക്കി കൊണ്ടുവന്നത്. ഇപ്പോള്‍ വീട് തരില്ലെന്നു പറഞ്ഞാല്‍ എങ്ങനെയാ..വീട് കിട്ടാതെ ഞാന്‍ എങ്ങോട്ടും പോകില്ല. ഇവിടെ കൊണ്ടയിട്ടും ദ്രോഹിക്കുകയാണ്. ഞങ്ങളെ പീഡിപ്പിക്കുകയാണ്. അതൊന്നും പുറത്ത് പറയാത്തതാണ്. എന്തെങ്കിലുമൊക്കെ കഴിച്ച് കിടക്കണെന്നു മാത്രം; പുഷ്പയുടെ വാക്കുകള്‍.

"</p

കമ്യൂണിറ്റി ഹാള്‍ വാടകയ്ക്ക് നല്‍കുന്നതുകൊണ്ട് ബുക്ക് ചെയ്ത പരിപാടികള്‍ ഉള്ള ദിവസം തങ്ങള്‍ക്ക് ദുരിതമായിരിക്കുമെന്നും ഇവര്‍ ആരോപിക്കുന്നു. കല്യാണമോ മറ്റോ ഉണ്ടെങ്കില്‍ അന്ന് രാവിലെ വന്നാണ് ഞങ്ങളോട് മാറണമെന്നു പറയുന്നത്. എങ്ങോട്ട് പോണമെന്നു മാത്രം പറയില്ല. ചില ദിവസങ്ങളില്‍ ഇവിടെ അടുത്തുള്ള കെട്ടിടത്തിന്റെ വരാന്തയില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ഒരു ദിവസം രാവിലെ ഞങ്ങളെ ഇറക്കി. വേറെയൊരിടത്ത് സൗകര്യമൊരുക്കാമെന്ന് പറഞ്ഞു. പക്ഷേ, അവിടുത്തെ താക്കോല്‍ തന്നില്ല. അതുകൊണ്ട് എന്തുപറ്റി,ഞങ്ങളീ പ്രായമുള്ള അമ്മമാരുള്‍പ്പെടെയുള്ള പെണ്ണുങ്ങള്‍ക്ക് ഒരിത്തിരി ആഹാരം കഴിക്കാനോ മൂത്രമൊഴിക്കാനോ പോലും സൗകര്യം കിട്ടിയില്ല. അടുപ്പൊക്കെ കൊണ്ടാണ് ഇറങ്ങിയത്. അതെവിടെയെങ്കിലും വച്ചിട്ടു വേണ്ടേ എന്തെങ്കിലും ഉണ്ടാക്കാന്‍. സെക്രട്ടറിയെ വിളിച്ചപ്പോള്‍ ഞാനാരോടും പോകാനും പറഞ്ഞില്ല, വരാനും പറഞ്ഞില്ലെന്ന മറുപടി. പിന്നെ ഞങ്ങള് വില്ലേജ് ഓഫിസറെ വിളിച്ചു. ആ സാറ് പറഞ്ഞു താക്കോല്‍ കിട്ടിയിട്ട് നിങ്ങള്‍ കമ്യൂണിറ്റി ഹാളില്‍ നിന്നും ഇറങ്ങിയാല്‍ മതിയെന്ന്. ആ സാറ് നല്ലൊരു സാറാ…അങ്ങേര് പറഞ്ഞിട്ടാണ് ഒടുവില്‍ താക്കോലുമായി വന്നത്. ഞങ്ങടെ കൈയില്‍ എന്നിട്ടും താക്കോല്‍ തന്നില്ല, ആരോ വന്ന് തുറന്നു തന്നു. സമയം രാത്രി ഏഴ് മണിയായിരുന്നു അപ്പോള്‍. അതുകഴിഞ്ഞാണ് എന്തേലും ഉണ്ടാക്കി തിന്നത് തന്നെ. ഞങ്ങക്കൊപ്പം പത്തെണ്‍പത് വയസു കഴിഞ്ഞൊരു അമ്മയുണ്ട്. ഒരു ദിവസം രാത്രി ഇതുപോലെ മാറ്റി താമസിച്ചിടത്തും നിന്നും ആ അമ്മയേയും കൊണ്ട് ഞങ്ങള് എത്രദൂരമാണെന്നോ മൂത്രം ഒഴിക്കാന്‍ നടന്നത്. ഞങ്ങള് പെണ്ണുങ്ങള്‍ക്ക് എന്തോരം ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്ന് പറഞ്ഞാല്‍ തീരില്ല… ഇത്രയൊക്കെ നരകിപ്പിക്കാന്‍ ഞങ്ങള് തെറ്റൊന്നും ചെയ്തില്ലല്ലോ… കിടപ്പാടം പോയവരാണ് ഞങ്ങള്.. അതിന്റെ ഗതികേടാണ് ഇതൊക്കെ; പുഷ്പയും സരസ്വതിയും ചേര്‍ന്നു പറയുന്ന വിഷമതകളാണിത്.

ആസ്റ്റര്‍ മെഡിസിറ്റി സ്ഥിതി ചെയ്യുന്ന, വാര്‍ഡിലെ താമസക്കാരായ സുശീലയും ഭര്‍ത്താവും ഇതേ ക്യാമ്പിലുണ്ട്. പെണ്‍മക്കളുടെ വിവാഹശേഷം ഇവര്‍ രണ്ടുപേരുമാണ് വീട്ടില്‍. പ്രളയസമയത്ത് ഇവരുടെ വീടിന് സാരമായ നാശം സംഭവിച്ചു. ഇനിയവിടെ താമസിക്കാന്‍ പറ്റില്ലെന്നാണ് സുശീല പറയുന്നത്. പഴക്കമുള്ള വീടായിരുന്നു. ഇപ്പോളത് മൊത്തം പൊട്ടിത്തകര്‍ന്നു. ഇനിയും അവിടെ കഴിയുന്നത് അപകടമാണെന്നു പറഞ്ഞത് ഉദ്യോഗസ്ഥന്മാര്‍ തന്നെയാണ്. ഇവിടെ വന്നിട്ട് മൂന്നുമാസം ആകാറായി. പുതിയ വീട് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ഇനിയതുണ്ടാകുമോ എന്നറിയില്ല. ഭര്‍ത്താവിന് വയ്യാത്തതാണ്… ജോലിക്കൊന്നും പോകാന്‍ കഴിയില്ല. വേസ്റ്റ് പെറുക്കുന്നതായിരുന്നു എന്‍രെ ജോലി. ഇപ്പം അതിനും പോകാന്‍ പറ്റണില്ല. വീട് തരാന്നു പറഞ്ഞാണ് ഞങ്ങളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്. കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന് ഒരുപിടിയുമില്ല; സുശീല പറയുന്നു.

"</p

പ്രളയത്തിന്റെ ഭാഗമായി ഉണ്ടായ വീടുകളുടെയും ഭൂമിയുടെ നാശനഷ്ട വിവരങ്ങളുടെ ഡിജിറ്റല്‍ സര്‍വേ, റീബില്‍ഡ് കേരള സര്‍വേ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് സര്‍ക്കാര്‍ നടത്തിയത്. ഇതിനായി സ്വകാര്യ കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ചുമതലയേല്‍പ്പിച്ചത് മിക്ക പഞ്ചായത്തുകളിലും വലിയ പിഴവുകള്‍ക്ക് കാരണമായിട്ടുണ്ട്. ഈ പിഴവ് തന്നെയാണ് ചേരാനല്ലൂര്‍ പഞ്ചായത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. പ്രളയം സാരമായി ബാധിച്ച പ്രദേശമാണ് ചേരാനല്ലൂര്‍. നിരവധി നാശനഷ്ടങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. പ്രാഥമിക കണക്ക് പ്രകാരം 267 വീടുകള്‍ പൂര്‍ണമായും 678 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു. എന്നാല്‍ ഈ കണക്ക് തെറ്റാണെന്നും മൊബൈല്‍ അപ്പ് സര്‍വേയില്‍ പിഴവുകള്‍ ഉണ്ടെന്നും തങ്ങള്‍ നേരിട്ട് സ്ഥലസന്ദര്‍ശനം നടത്തി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രളയം കൊണ്ടു മാത്രം പൂര്‍ണമായി വാസയോഗ്യയമല്ലാതായി തീര്‍ന്ന വീടുകള്‍ പഞ്ചായത്തില്‍ ഇല്ലെന്നു റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സെക്രട്ടറിയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറും പറയുന്നത്. പൂര്‍ണമായി വീടും ഭൂമിയും പോയവര്‍ക്ക് ലഭിക്കുന്ന നാല് ലക്ഷം രൂപ കിട്ടില്ലന്നെയുള്ളൂവെന്നും മറ്റ് സാമ്പത്തിക സഹായത്തിന് ഇവര്‍ അര്‍ഹരായിരിക്കുമെന്നും സെക്രട്ടറി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ സെക്രട്ടറി ജനദ്രോഹപരമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സഹായം കിട്ടാതാക്കിയ സെക്രട്ടറി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുമാണ് തങ്ങള്‍ സമരം നടത്തുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം നടത്തുന്ന ഭരണകക്ഷിയായ യുഡിഫ് ആരോപിക്കുന്നത്.

ഈ ആരോപണപ്രത്യാരോപണങ്ങള്‍ നടക്കുമ്പോഴും തങ്ങളുടെ ഭാവി ഇനിയെങ്ങനെയാകും എന്ന ആശങ്കയും പേടിയും കൊണ്ട് ജവിക്കുന്നവരാണ് ക്യാമ്പിലെ കുടുംബങ്ങള്‍. മാളികയും ബംഗ്ലാവൊന്നും വേണ്ട ഞങ്ങള്‍ക്ക്, പേടിയില്ലാതെ കേറി കിടക്കാന്‍ ചെറുതാണെങ്കിലും ഒരു കൂര കിട്ടിയാല്‍ മതി എന്ന് അപേക്ഷിക്കുകയാണവര്‍.

‘പ്രളയം കൊണ്ട് വാസയോഗ്യമല്ലാതായ വീടുകളൊന്നും ഇല്ലാത്ത ചേരാനല്ലൂരില്‍’ വീഡിയോ കാണാം..

പ്രളയത്തില്‍ നശിച്ച വീടുകളുടെ കണക്കെടുക്കാന്‍ സാഹിത്യ വിദ്യാര്‍ത്ഥികള്‍! റീബില്‍ഡ് സര്‍വേ ‘ആപ്പി’ലാക്കിയത് ഉദ്യോഗസ്ഥരെ; ഒരു ചേരനല്ലൂര്‍ ഉദാഹരണം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍