UPDATES

വര്‍ക്കല വിജയനെ ഉരുട്ടിക്കൊന്ന ശാസ്തമംഗലം ക്യാമ്പ്; അടിയന്തരാവസ്ഥയുടെ ഓര്‍മ്മയല്ല, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്

ജനാധിപത്യത്തിന്റെ എല്ലാ വെളിച്ചവും കെട്ടപ്പോള്‍ വെളിച്ചമായവരാണ്, എല്ലാ മുഷ്ടിയും താഴ്ന്നപ്പോള്‍ ഉയര്‍ന്ന മുഷ്ടിയാണ്, എല്ലാ നാവും നിശബ്ദമായപ്പോള്‍ സമൂഹത്തിന്റെ ശബ്ദമായവരാണ് അടിയന്തരാവസ്ഥ പോരാളികള്‍

അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളുടെ 44-ാം വാര്‍ഷിക ഓര്‍മ്മകളിലാണ് നാമിപ്പോള്‍. 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രിയില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ എങ്ങനെയുള്ള നാളുകളാണ് നമ്മെ കാത്തിരിക്കുന്നതെന്ന് പലര്‍ക്കും അറിയില്ലായിരുന്നു. ഭരണഘടനയുടെ 21-ാം വകുപ്പ് റദ്ദ് ചെയ്ത് മൗലികാവകാശങ്ങള്‍ തിരസ്‌കരിച്ചുകൊണ്ട് ഭരണകൂടം പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ കേരളത്തിലെ ചിന്തിക്കുന്ന യുവത്വം ശക്തമായാണ് എതിര്‍ത്തത്. അതിന്റെ ഫലമായി ഏഴായിരത്തിലേറെ പേരെയാണ് പോലീസ് തടവിലിട്ട് പീഡിപ്പിച്ചത്. 2500ലധികം പേരെ അന്യായമായി രേഖകളില്ലാതെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറോ ഏഴോ ക്യാമ്പുകളാണ് അന്ന് പ്രവര്‍ത്തിച്ചത്. ഇതില്‍ രാജന്‍, വര്‍ക്കല വിജയന്‍ എന്നിവരുടെ കൊലപാതകത്തിലൂടെ കുപ്രസിദ്ധമായ ക്യാമ്പുകളാണ് കക്കയവും ശാസ്തമംഗലവും. രാജനെയും വിജയനെയും കൂടാതെ തൃശൂര്‍ സ്വദേശി അബ്ദുല്ല, മഞ്ചേരി സ്വദേശി ഹമീദ് എന്നിവരും അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

ശാസ്തമംഗലം ക്യാമ്പില്‍ വച്ചാണ് വര്‍ക്കല വിജയന്‍ എന്ന രാഷ്ട്രീയ, നാടകപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സിപിഐ(എംഎല്‍) പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1976 മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയില്‍ വച്ചാണ് പോലീസിന്റെ പിടിയിലായത്. കൂട്ടത്തില്‍ നിന്നുണ്ടായ ഒറ്റാണ് വിജയന്റെ അറസ്റ്റിന് കാരണമായതെന്നാണ് കരുതുന്നത്. ശാസ്തമംഗലം ക്യാമ്പിലെ ക്രൂരമര്‍ദ്ദനങ്ങളുടെ ഫലമായി മാര്‍ച്ച് ആറിനാണ് വിജയന്‍ കൊല്ലപ്പെട്ടതെന്ന് പിന്നീട് അന്വേഷണങ്ങളില്‍ തെളിഞ്ഞു. മൃതദേഹം പൊന്മുടിയുടെ അടിവാരത്തിട്ട് കത്തിച്ചു കളഞ്ഞതായും അല്ല, കുളത്തൂപ്പുഴയില്‍ വച്ച് കത്തിച്ചു കളഞ്ഞതായുമാണ് പറയപ്പെടുന്നത്. എന്തായാലും വിജയന്‍ കൊല്ലപ്പെട്ടുവെന്നും മൃതദേഹം കത്തിച്ചു കളഞ്ഞുവെന്നും സ്ഥിരീകരണമായിട്ടുണ്ട്.

ശാസ്തമംഗലം പണിക്കേഴ്‌സ് ലൈനില്‍ ഇന്നും നിലനില്‍ക്കുന്ന ഈ കെട്ടിടത്തെക്കുറിച്ച് സമീപവാസികള്‍ക്ക് ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ മാത്രമാണുള്ളത്. ഇവിടെയാര്‍ക്കും താമസിക്കാന്‍ പറ്റില്ലെന്നും പ്രേതശല്യമുണ്ടെന്നുമൊക്കെയാണ് സമീപവാസികള്‍ വിശ്വസിക്കുന്നത്. (അടിയന്തരാവസ്ഥയുടെ പ്രേതം ഇന്നും നമുക്ക് ചുറ്റിലും അലഞ്ഞു നടക്കുമ്പോള്‍ നാട്ടുകാരുടെ ഇത്തരം ചിന്തകളെ തെറ്റുപറയേണ്ടതില്ലെന്ന് തോന്നുന്നു.) എന്തായാലും കക്കയം, മാലൂര്‍ക്കുന്ന് എന്നിവിടങ്ങളിലെ ക്യാമ്പുകള്‍ പൊളിച്ചു കളയുകയും തൃശൂരിലെ ക്യാമ്പ് ഇപ്പോള്‍ ഐജി ഓഫീസാക്കി മാറ്റുകയും ഇടപ്പള്ളിയിലെ ക്യാമ്പ് പാലസ് ആക്കി മാറ്റുകയും കണ്ണൂരിലെയും കൊടുങ്ങല്ലൂരിലെയും പാലക്കാട് ജില്ലയിലെ കൊടുവായൂരിലെയും ക്യാമ്പ് കെട്ടിടങ്ങളും ഇപ്പോള്‍ ഇല്ല. ഇനി അവശേഷിക്കുന്നത് ശാസ്തമംഗലം ക്യാമ്പ് മാത്രമാണ്.

പണിക്കേഴ്‌സ് ബംഗ്ലാവ് എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം രാജഭരണകാലത്തേ ഉള്ളതാണെന്ന് പണിക്കേഴ്‌സ് ലൈനില്‍ പലചരക്ക് കട നടത്തുന്ന സക്കീര്‍ ഹുസൈന്‍ പറയുന്നു. റെയില്‍വേ എന്‍ജിയര്‍മാര്‍ കുടുംബമായി താമസിച്ചിരുന്ന കെട്ടിടമാണ് ഇത്. അതിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഓഫീസിന് കൊടുത്തത്. ആ സമയത്തായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനമുണ്ടായത്. വിജയനെ ഇവിടെയിട്ടാണ് ഉരുട്ടിയതെന്ന് കേട്ടിട്ടുണ്ടെന്നും സക്കീര്‍ പറയുന്നു. റെയില്‍വേ പാളം നിരത്തി അതിന്റെ മുകളില്‍ കോണ്‍ക്രീറ്റ് ചെയ്താണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്നും സക്കീര്‍ കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥക്കാലത്ത് അവിടെ ചായ കൊടുക്കാന്‍ പോയവര്‍ പറഞ്ഞെല്ലാമാണ് താനെല്ലാം അടിയന്തരാവസ്ഥ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നത് അവിടെയാണെന്ന് അറിഞ്ഞതെന്നും ഇദ്ദേഹം പറയുന്നു. അന്ന് ഈ പ്രദേശത്തെ റോഡിലൊന്നും ആരെയും നില്‍ക്കാന്‍ അനുവദിച്ചിരുന്നില്ല. ഇതുവഴി ആരെങ്കിലും പോയാലും പോലീസ് ഓടിച്ച് വിടുമായിരുന്നു. ജോലിക്കാരെല്ലാം കൃത്യസമയത്ത് എത്തിച്ചേരുകയും വേണമായിരുന്നു. ജയറാം പടിക്കലിന്റെ നിയന്ത്രണത്തിലായിരുന്നു എല്ലാമെന്നും അദ്ദേഹം പറയുന്നു. നേരത്തെ സൂര്യാ ടിവിയുടെയും ഇപ്പോള്‍ എസിവിയുടെയും ഓഫീസാണ് ശാസ്തമംഗലം ക്യാമ്പ് കെട്ടിടം.

അടിയന്തരാവസ്ഥ കാലത്ത് ഈ ‘കോണ്‍സെന്‍ട്രേഷന്‍’ ക്യാമ്പില്‍ മൂന്ന് മാസം തടവില്‍ കഴിഞ്ഞ ഒരു ജയില്‍ വാര്‍ഡനുണ്ട്. പട്ടം രവി. തടവുകാരുടെ കാലുകളില്‍ കയ്യാമം വച്ച് പോലീസ് ഉദ്യോഗസ്ഥരുടെ മേശകളുടെ നാല് കാലിലും കെട്ടിയിട്ടിരുന്ന ഓര്‍മ്മയാണ് ഇദ്ദേഹത്തിനുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് തോന്നുമ്പോഴെല്ലാം തടവുകാരെ ചവിട്ടാമെന്ന ഗുണവും ഇങ്ങനെ കെട്ടിയിടുന്നതിനുണ്ടെന്ന് അദ്ദേഹം പറയുന്നു. അതേസമയം കൂട്ടത്തില്‍ ഏറ്റവും കുറവ് മര്‍ദ്ദനം നേരിട്ടത് തനിക്കായിരിക്കുമെന്നും പട്ടം രവി പറയുന്നു. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വാര്‍ഡനായിരുന്നു പട്ടം രവി. അന്നത്തെ കാലത്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് തടവുകാരെ കൊണ്ടുവരാറുണ്ടായിരുന്നില്ല. ശിക്ഷിക്കപ്പെട്ട തടവുകാര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. അതിനാല്‍ തന്നെ തടവുകാരെ പ്രത്യേകമായി മര്‍ദ്ദിക്കേണ്ടെന്ന നിലപാടുകാരനായിരുന്നു ഇദ്ദേഹം. ഇരുപത് വര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്യുന്നത് വരെയും താന്‍ തടവുകാരെ മര്‍ദ്ദിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തടവുകാരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാതൃഭൂമിയിലൂടെയും മനോരമയിലൂടെയും മറ്റും പുറംലോകത്തെ അറിയിക്കാനും ഇദ്ദേഹം ശ്രമിച്ചിരുന്നു. ഇത് ജയില്‍ സൂപ്രണ്ടിന് പട്ടം രവിയോട് കടുത്ത അതൃപ്തിയ്ക്ക് കാരണമായി. തടവുകാരുടെ ആളായാണ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ചിത്രീകരിച്ചിരുന്നത്.

ആയിടയ്ക്കാണ് നഗരൂര്‍ കുമ്മിള്‍ നക്‌സലെറ്റ് കേസ് ഉണ്ടാകുന്നത്. ക്ഷേത്ര പൂജാരിയുടെ തലവെട്ടിയ കേസ് ആണിത്. ആ കേസില്‍ ഏതാണ്ട് അറുപത് പേരെ ആറ്റിങ്ങല്‍ സബ്ജയിലില്‍ അടച്ചിരുന്നു. നിരപരാധികളെന്ന് കണ്ട് ചിലരെ വിട്ടയച്ച ശേഷം ബാക്കി മുപ്പത് പേരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് എത്തിച്ചു. ഇത് ജയില്‍ ആണെന്ന് അറിയിച്ചിട്ട് അകത്ത് കയറ്റിയാല്‍ മതിയെന്നായിരുന്നു സൂപ്രണ്ടിന്റെ നിര്‍ദ്ദേശം. അതായത് വരുന്ന തടവുകാരെ മര്‍ദ്ദിച്ച ശേഷം മാത്രം അകത്തേക്ക് വിടുക. അതോടെ താന്‍ നക്‌സല്‍ ആണെന്ന ചര്‍ച്ചകള്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ആരംഭിച്ചതായി പട്ടം രവി പറയുന്നു. ആ സമയത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇത് എന്നെ പൂട്ടാന്‍ സൂപ്രണ്ടിന് കിട്ടിയ അവസരമായിരുന്നു. സൂപ്രണ്ടിന്റെ അഴിമതികളെക്കുറിച്ചും ക്രൂരതകളെക്കുറിച്ചും താന്‍ വഴി അത്രമാത്രം വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നുകൊണ്ടിരുന്നുവെന്ന് രവി പറയുന്നു. കടുത്ത സിപിഎം അനുഭാവിയായിരുന്ന രവി ജയിലിലെത്തുന്ന രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ട സഹായങ്ങളും ചെയ്തിരുന്നു. അതോടെ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ജയില്‍ സൂപ്രണ്ട് തനിക്കെതിരെ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് അയച്ചു. രാഷ്ട്രീയ പ്രവര്‍ത്തനമുണ്ടെന്നും നക്‌സലെറ്റാണെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അത്രയും മതി അന്ന് ജയിലിലാക്കാന്‍.

അപകടം മണത്ത ഇദ്ദേഹം തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നെയ്യാര്‍ ഡാം തുറന്ന ജയിലിലേക്ക് സ്ഥലം മാറ്റം വാങ്ങിയെങ്കിലും ആറ് മാസത്തിന് ശേഷം ക്രൈംബ്രാഞ്ച് അവിടെയും അന്വേഷിച്ച് വന്നു. അന്ന് വൈകുന്നേരം ഡാമില്‍ വച്ച് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് ചെയ്ത് നേരെ കൊണ്ടുപോയത് ശാസ്തമംഗലം പോലീസ് ക്യാമ്പിലേക്കായിരുന്നു. ക്യാമ്പ് കെട്ടിടത്തോട് ചേര്‍ന്നുള്ള അനക്‌സ് കെട്ടിടത്തിലാണ് താന്നെ എത്തിച്ചതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. അലക്‌സും ഷണ്‍മുഖദാസുമാണ് എന്നെ ക്യാമ്പിലെത്തിച്ചത്. ചെല്ലുമ്പോള്‍ ആറ് പേര്‍ കാലില്‍ ചങ്ങലയിട്ട് കിടപ്പുണ്ട്. അവിടെ വച്ച് തനിക്ക് കാര്യമായ മര്‍ദ്ദനമൊന്നും ഏറ്റില്ലെന്ന് ഇദ്ദേഹം പറയുന്നു. അതേസമയം അപ്പുറത്തെ ക്യാമ്പ് കെട്ടിടത്തില്‍ രാത്രികളില്‍ വലിയ നിലവിളികള്‍ ഉയരും. എന്നാല്‍ ജയില്‍ സൂപ്രണ്ടായിരുന്ന ജനാര്‍ദ്ദനനന്‍ പിള്ളയും അയാളുടെ അസിസ്റ്റന്റ് ചന്ദ്രന്‍ നായരും ക്യാമ്പിലെത്തിയ ദിവസം ഷണ്‍മുഖദാസ് തന്നെ മര്‍ദ്ദിച്ചതായി ഇദ്ദേഹം വെളിപ്പെടുത്തുന്നു. മുടിയില്‍ കുത്തിപ്പിടിച്ച് ‘എടാ നീ ജനാര്‍ദ്ദനന്‍ പിള്ളയെ ഉപദ്രവിക്കുന്നതെന്തിനാണ്?’ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. കുനിച്ചു നിര്‍ത്തി തല കാലിനിടയിലേക്ക് കയറ്റിവച്ചായിരുന്നു മര്‍ദ്ദനം. അവശനായി താഴെ വിഴുന്നതു വരെ ഇതു തുടര്‍ന്ന്. ക്യാന്‍വാസ് ഷൂസിട്ട് ഒരു ചവിട്ടുകൂടി തന്നിട്ടാണ് ഷണ്‍മുഖദാസ് പിന്‍വാങ്ങിയത്. മറ്റൊരു പോലീസുകാരും തന്നെ തൊട്ടിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

അന്ന് വര്‍ക്കല വിജയന്‍ ക്യാമ്പിന്റെ പ്രധാന കെട്ടിടത്തില്‍ കിടക്കുന്നുണ്ട്. വിജയന്‍, വേണു, ടി എന്‍ ജോയ്, കെ എന്‍ രാമചന്ദ്രന്‍ തുടങ്ങിയവരെല്ലാം മുകളില്‍ കിടക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. ഒരിക്കല്‍ വിജയനെ കുളിപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അതാണ് വര്‍ക്കല വിജയന്‍ എന്ന് രണ്ട് പോലീസുകാര്‍ തമ്മില്‍ പറഞ്ഞത് കേട്ട് തലപൊക്കി നോക്കിയപ്പോള്‍ ഒരു മിന്നായം പോലെ മാത്രമാണ് വിജയനെ കണ്ടിട്ടുള്ളത്. വിജയന്‍ അന്ന് പ്രശസ്തനല്ല, മരണത്തിന് ശേഷമാണ് പ്രശസ്തനായത്. അനക്‌സില്‍ കിടന്നവര്‍ക്കെല്ലാം കാലിന്റെ ഇടഭാഗത്ത് ചൊറിച്ചില്‍ വന്നു. അത് പരാതി പറഞ്ഞപ്പോള്‍ ഡോക്ടറെ വിളിക്കാമെന്നും കാണിക്കാമെന്നും ഉറപ്പുനല്‍കി. ഒരുദിവസം വൈകുന്നേരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. അക്ബര്‍ അവിടെ വന്നു. ഞാന്‍ സര്‍വീസില്‍ ജോയിന്‍ ചെയ്തപ്പോള്‍ അദ്ദേഹമാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വിജയന്‍ അവശ നിലയിലാണെന്നും അദ്ദേഹത്തെ നോക്കാനാണ് ഡോക്ടറെത്തിയതെന്നും അതിന്റെ അടുത്ത ദിവസമാണ് അറിഞ്ഞത്. ഡോക്ടര്‍ വന്ന അന്ന് തന്നെ വിജയന്‍ മരണപ്പെട്ടെന്നാണ് പിന്നീട് അറിഞ്ഞത്. ജീപ്പില്‍ കുളത്തൂപ്പുഴ കൊണ്ടുപോയി പെട്രോളൊഴിച്ച് കത്തിച്ചുവെന്നാണ് അറിഞ്ഞത്. പൊന്മുടിയാണെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്. അതിന്റെ സത്യാവസ്ഥ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേക്കുറിച്ച് അന്വേഷിച്ച വിശ്വനാഥ അയ്യര്‍ കമ്മിഷനില്‍ പട്ടം രവിയും ഒരു സാക്ഷിയായിരുന്നു. അക്ബര്‍ വന്ന കാര്യം ഞാന്‍ കമ്മിഷന് മൊഴി നല്‍കി. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ താന്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ പോയിട്ടില്ലെന്നും എന്നെയും വിജയനെയും അറിയില്ലെന്നുമാണ് പറഞ്ഞത്.

അടിയന്തരാവസ്ഥയുടെ 44-ാം വാര്‍ഷികത്തില്‍ മൂന്ന് ഡിമാന്‍ഡുകളാണ് തങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് അടിയന്തരാവസ്ഥ പോരാളിയും അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതി നേതാവുമായ പി സി ഉണ്ണിച്ചെക്കന്‍ അഴിമുഖത്തോട് പറഞ്ഞു. അതില്‍ ഒന്നാമത്തേത് മറ്റ് സംസ്ഥാനങ്ങളിലേത് പോലെ അടിയന്തരാവസ്ഥ പോരാളികളെ അംഗീകരിക്കുകയെന്നതാണ്. രണ്ടാമത്തെ പ്രശ്‌നം, അടിയന്തരാവസ്ഥയുടെ ചരിത്രം പാഠ്യവിഷയമാക്കുക. ഇത് പറയാന്‍ കാരണം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 44 വര്‍ഷമായിട്ടും ചരിത്രം വായിക്കുന്നവര്‍ക്കും രാഷ്ട്രീയ പ്രബുദ്ധതയുള്ളവരെയും ഒഴിച്ചു നിര്‍ത്തിയാല്‍ 21 മാസക്കാലം നമ്മുടെ രാജ്യം ഒരു തടവറയായിരുന്നുവെന്ന് അറിയുന്നവര്‍ വളരെ കുറവാണ്. ആര്‍എസ്എസുകാര്‍ അവര്‍ ഭരിച്ച പല സംസ്ഥാനങ്ങളിലും അവരുടെ താല്‍പര്യാര്‍ത്ഥം പാഠ്യവിഷയങ്ങളാക്കിയിട്ടുണ്ട്. ഫാസിസം നമ്മുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സമയത്ത് നമ്മെ സംബന്ധിച്ചിടത്തോളം ഈയൊരു അനുഭവം പുതിയ തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനാലാണ് പാഠ്യപദ്ധതയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. മൂന്നാമത്തെ പ്രശ്‌നം, കേരളത്തില്‍ എല്ലാ ജില്ലകളിലും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുണ്ടായിരുന്നു. പക്ഷേ രാജന്റെയും വര്‍ക്കല വിജയന്റെയും മരണം കൊണ്ട് കുപ്രസിദ്ധി നേടിയ ക്യാമ്പുകള്‍ കക്കയവും ശാസ്തമംഗലം ക്യാമ്പുമാണ്. പഴയ ക്യാമ്പുകളില്‍ ഇന്ന് അവശേഷിക്കുന്നത് ശാസ്തമംഗലം ക്യാമ്പ് ആണ്. ലോകത്തെവിടെ നോക്കിയാലും ഫാസിസത്തിനെതിരായ പ്രക്ഷോഭങ്ങളുടെ സ്മാരകങ്ങളുണ്ട്. ചിലിയിലെ സാന്റിയാഗോയില്‍ അലന്റെ സര്‍ക്കാരിനെതിരെ നടത്തിയ വലിയ പ്രക്ഷോഭങ്ങളുടെ വലിയ സ്തൂപം നമുക്കവിടെ കാണാന്‍ സാധിക്കും.

1969ല്‍ അധികാരത്തില്‍ നിന്നും പോയതിന് ശേഷം 80ലാണ് ഇടതുപക്ഷ മുന്നണി എന്ന സങ്കല്‍പ്പം തന്നെയുണ്ടായത്. അതിന് മുമ്പ് സപ്തകക്ഷി മുന്നണിയായിരുന്നു. അതുകഴിഞ്ഞ് സിപിഐ തെറ്റുതിരുത്തി വന്നു. സത്യം പറഞ്ഞാല്‍ അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തിന്റെ ഉപോല്‍പ്പന്നമെന്ന നിലയ്ക്കാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപം കൊണ്ടത്. പതിനൊന്ന് വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷം രാജന്റെയും വിജയന്റെയും കക്കയത്തിന്റെയും മാലൂര്‍കുന്നിന്റെയും കഥകള്‍ പ്രചരിപ്പിച്ച് നടത്തിയ ഒരു ബോധവല്‍ക്കരണത്തിന്റെ ഭാഗമായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണി. ഇപ്പോള്‍ തന്നെ ജാലിയന്‍ വാലാബാഗ് കഴിഞ്ഞ് നൂറ് വര്‍ഷമായപ്പോഴാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കാനെങ്കിലും തയ്യാറായത്. അടിയന്തരാവസ്ഥയുടെ 44 വര്‍ഷം കഴിയുമ്പോള്‍ കോണ്‍ഗ്രസിന്റെ 83-ാം പ്ലീനറി സമ്മേളനത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിപ്പോയെന്ന് പറയുന്നത്.

1975 ഓഗസ്റ്റ് എട്ടാം തിയതിയാണെന്നാണ് എന്റെ ഓര്‍മ്മ. ഹേബിയസ് കോര്‍പ്പസ് കേസ് വന്നപ്പോള്‍ ഭരണഘടനയുടെ 21-ാം വകുപ്പ് റദ്ദ് ചെയ്തിരിക്കുന്നതിനാല്‍ മൗലിക അവകാശങ്ങള്‍ നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. പക്ഷെ അതേ സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ച് ആ വിധി തെറ്റായിരുന്നെന്ന് പറഞ്ഞു. നമുക്ക് ജനാധിപത്യത്തിന്റെ എല്ലാ വെളിച്ചവും കെട്ടപ്പോള്‍ വെളിച്ചമായവരാണ്, എല്ലാ മുഷ്ടിയും താഴ്ന്നപ്പോള്‍ ഉയര്‍ന്ന മുഷ്ടിയാണ്, എല്ലാ നാവും നിശബ്ദമായപ്പോള്‍ സമൂഹത്തിന്റെ ശബ്ദമായവരാണ് അടിയന്തരാവസ്ഥ പോരാളികള്‍. അതുകൊണ്ട് തന്നെ ഇത്തരം സ്മാരകങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഞങ്ങള്‍ മൂന്നാമതായി ആവശ്യപ്പെടുന്നത്.- ഉണ്ണിച്ചെക്കന്‍ വ്യക്തമാക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് ജൂണ്‍ 26ന് ഇവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ച്ച് നടത്തിയിരുന്നു. സ്മാരകങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഉണ്ണിച്ചെക്കന്‍ അറിയിച്ചു.

മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും പല മന്ത്രിമാരും അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നവരാണ്. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് ഇരട്ട ഉത്തരവാദിത്വമുണ്ടെന്ന കാര്യമാണ് തങ്ങള്‍ അവരോട് പറയുന്നതെന്നും ഉണ്ണിച്ചെക്കന്‍ വ്യക്തമാക്കി. അതേസമയം അടിയന്തരാവസ്ഥ പോരാളികള്‍ സേവനത്തിന് വേതനം ചോദിച്ചുകൊണ്ട് നടത്തുന്ന പ്രക്ഷോഭമല്ല ഇതെന്നും അദ്ദേഹം പറയുന്നു. ഇതൊരു ഡിഗ്നിറ്റിയുടെ പ്രശ്‌നമാണ്. കേരളത്തിലെ മൂന്നര കോടിയോളം ആളുകളില്‍ ഏഴായിരത്തോളം പേര്‍ മാത്രമാണ് അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചത്. നൂറ് കോടിയോളം ജനങ്ങളാണ് ഇന്ത്യയിലുണ്ടായിരുന്നത്. അതില്‍ ഏഴര ലക്ഷത്തോളം പേരാണ് ജയിലില്‍ പോയത്. എന്നുപറഞ്ഞാല്‍ വളരെ ന്യൂനപക്ഷമായ ഒരു വിഭാഗം മാത്രമാണ് ജനാധിത്യത്തിന് വേണ്ടി സമരം ചെയ്തത്. ഏതൊരു പരിഷ്‌കൃത സമൂഹവും അതിന്റെ ഭൂതകാല അനുഭവങ്ങളെ രേഖപ്പെടുത്തി വയ്‌ക്കേണ്ടതുണ്ട്. ജനാധിപത്യത്തിന് വേണ്ടി അല്ലെങ്കില്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ സമരം ചെയ്യേണ്ടതിന്റെ ആവശ്യകത നമ്മുടെ പുതിയ തലമുറയ്ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ ഇത്തരം സ്മാരകങ്ങള്‍ നിലനില്‍ക്കേണ്ടതുണ്ട്. സ്വകാര്യ വ്യക്തിയില്‍ നിന്നും ഈ കെട്ടിടം ഏറ്റെടുത്ത് അടിയന്തരാവസ്ഥയുടെ സ്മാരകമായി ഇത് നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം.

read more:മോദിയുടെ രണ്ടാം വരവിലെ ആദ്യ കടമ്പ – ട്രംപുമായുള്ള ചര്‍ച്ച അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം പരിഹരിക്കുമോ?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍