UPDATES

ലോക്കില്‍ ഈയം ഒഴിക്കുന്നു, തുറന്നാല്‍ കൈവെട്ടിക്കളയും എന്നു പറയുന്നു; സിഐടിയു എന്ന മിലിറ്റന്റ് സംഘടന തങ്ങളെ തകര്‍ക്കുകയാണെന്ന് മുത്തൂറ്റ്

സെപ്തംബര്‍ രണ്ടുവരെ എത്ര ബ്രാഞ്ചുകള്‍ കൂടി തുറക്കാന്‍ കഴിയുമെന്നു നോക്കും. അതിനുശേഷം തുറക്കാന്‍ കഴിയാത്ത ബ്രാഞ്ചുകള്‍ ഉണ്ടെങ്കില്‍ അവ അടച്ചുപൂട്ടും. വേറെ എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്?

മുത്തൂറ്റ് ഫിനാന്‍സില്‍ നടക്കുന്ന തൊഴിലാളി സമരത്തിന് സി ഐ ടി യു നല്‍കുന്ന ന്യായീകരണങ്ങള്‍ തികച്ചും തെറ്റാണെന്ന് മാനേജ്‌മെന്റ്. യാതൊരുവിധ തൊഴിലാളി ചൂഷണവും തങ്ങള്‍ നടത്തുന്നില്ലെന്നിരിക്കെ സി ഐ ടി യു കാണിക്കുന്നത് ഗൂണ്ടായിസമാണെന്നും ഒരു പ്രസ്ഥാനത്തെ തകര്‍ക്കാനാണ് നോക്കുന്നതെന്നും മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് ആരോപിക്കുന്നു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി ഒരുവശത്ത് പ്രഖ്യാപിക്കുമ്പോള്‍ തന്നെയാണ് സി ഐ ടി യു ഗൂണ്ടായിസത്തിനെതിരേ ആരും ചോദ്യം ചെയ്യാന്‍ തയ്യാറാകാതിരിക്കുന്നതെന്നും മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ അഴിമുഖത്തോട് പറയുന്നത്.

മൂവായിരത്തിയഞ്ഞൂറോളം ജീവനക്കാര്‍ മുത്തൂറ്റ് ഫിനാന്‍സിന് കേരളത്തിലുണ്ട്. അതില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് ഇപ്പോള്‍ സമരത്തില്‍ ഉള്ളത്. അവരെ മുന്നില്‍ നിര്‍ത്തി സി ഐ ടി യുവാണ് മുത്തൂറ്റിനെതിരേ യഥാര്‍ത്ഥത്തില്‍ സമരം ചെയ്യുന്നത്. സി ഐ ടിയുവിനെ എതിര്‍ത്തു നില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റുന്നില്ല. ഈ കമ്പനിയില്‍ 70 ശതമാനത്തോളം ജീവനക്കാരും സ്ത്രീകളാണ്. സ്ത്രീശാക്തീകരണത്തിന് മറ്റാരെക്കാളും പ്രധാന്യം കൊടുക്കുന്ന സ്ഥാപനം കൂടിയാണ് മുത്തൂറ്റ് ഫിനാന്‍സ്. പക്ഷേ, ആ സ്ത്രീ ജീവനക്കാരെ തന്നെയാണ് സമരമെന്ന പേരില്‍ ഭീഷണിപ്പെടുത്തുന്നത്. തല്ലും കൊല്ലും ഭര്‍ത്താക്കന്മാരെ ഉപദ്രവിക്കുമെന്നൊക്കെ പറഞ്ഞാണ് ജോലിക്ക് കയറുന്നതില്‍ നിന്നും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ബ്രാഞ്ചുകള്‍ തുറക്കാതിരിക്കാന്‍ വേണ്ടി ലോക്കില്‍ ഈയം ഒഴിക്കുന്നു. തുറക്കരുത്, തുറന്നാല്‍ കൈവെട്ടിക്കളയും എന്നു പറയുന്നു. ഇതൊക്കെ ചെയ്യുന്നത് സി ഐ ടി യുവാണ്.

ജീവനക്കാര്‍ സമരം ചെയ്യുന്നതുകൊണ്ട് ബ്രാഞ്ചുകള്‍ തുറക്കാന്‍ കഴിയുന്നില്ലെന്നതല്ല സത്യം. ഒരു ബ്രാഞ്ച് അടഞ്ഞു കിടക്കുന്നത് കൊണ്ട് അത് സമരം ചെയ്യുന്ന ബ്രാഞ്ച് ആണെന്നു പറയാന്‍ കഴിയില്ല. സിഎടിയുക്കാര്‍ വന്ന് ലോക്കില്‍ ഈയം ഉരുക്കിയൊഴിച്ചും തുറന്നാല്‍ കൈവെട്ടി കളയും എന്നൊക്കെ ഭീഷണി മുഴക്കുന്നതുകൊണ്ടാണ് പലതും തുറക്കാന്‍ കഴിയാത്തത്. സി ഐ ടി യുവിന്റെ ഗൂണ്ടായിസം കൊണ്ടു മാത്രമാണ് ബ്രാഞ്ചുകള്‍ തുറക്കാന്‍ കഴിയാതെ വരുന്നത്. അവരെ ചോദ്യം ചെയ്യാന്‍ പോലും ആരും ധൈര്യപ്പെടുന്നില്ല. മുത്തൂറ്റ് ഒരു സര്‍വീസ് ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ഇന്ന് ചെയ്യാനുള്ളത് ഇന്നു തന്നെ ചെയ്യണം. അത്യാവശ്യത്തിന് പൈസ കിട്ടാന്‍ വേണ്ടി പണയം വയ്ക്കാന്‍ വരുന്നൊരാളോട് ഇന്ന് പൈസ തരാന്‍ കഴിയില്ല, ഒരാഴ്ച കഴിഞ്ഞിട്ട് വരൂ എന്നു പറയാന്‍ കഴിയില്ല. അങ്ങനെ പറഞ്ഞാല്‍ ആ കസ്റ്റമര്‍ വേറെ എവിടെയെങ്കിലും പോയി ആവശ്യം നിവര്‍ത്തിക്കും. അതുപോലെ പണയം വച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ വരുന്നവര്‍ക്കും അതിനു കഴിയുന്നില്ലെങ്കില്‍ എന്തായിരിക്കും സ്ഥിതി? ഇതൊക്കെ ഞങ്ങളുടെ റെപ്യൂട്ടേഷനെ ബാധിക്കുകയാണ്. ഞങ്ങളുടെ ബിസിനസ് വര്‍ഷംതോറും കൂടിവരികയാണ്. പക്ഷേ, കേരളത്തില്‍ കാര്യങ്ങള്‍ മാറുകയാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് 12 ശതമാനം ബിസിനസ് ഉണ്ടായിരുന്നത്, ഈ സമരം വന്നതിനുശേഷം നാലു ശതമാനമായി കുറഞ്ഞു. കാര്യങ്ങള്‍ ഇതുപോലെയാണ് പോകുന്നതെങ്കില്‍ നാലെന്നത് രണ്ടു ശതമാനവും പൂജ്യവുമൊക്കെയായി മാറും. പിന്നെയെങ്ങനെ ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകും? കസ്റ്റമേഴ്‌സിനെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ സേവനം കൊടുക്കാന്‍ കഴിയാതെ വരികയാണ്. ഒരു കസ്റ്റമര്‍ വരുന്നത് തന്നെ കഴിവതും വേഗം അവന് ആവശ്യമുള്ള പണം വാങ്ങിപ്പോകാന്‍ ആയിരിക്കും, അവനതിനു വേണ്ടി വരുമ്പോള്‍ നമ്മുടെ ബ്രാഞ്ച് അടഞ്ഞു കിടക്കുകയാണെങ്കില്‍ എന്തു ചെയ്യും? സി ഐ ടി യുക്കാര്‍ കാരണം കൊണ്ടു മാത്രമാണ് ഞങ്ങള്‍ക്കിങ്ങനെ വരുന്നത്. ഇപ്പോള്‍ ഞങ്ങള്‍ക്ക് അമ്പതു ശതമാനം ബ്രാഞ്ചുകള്‍ തുറക്കാന്‍ സാധിക്കുന്നുണ്ട്. തുറക്കാന്‍ കഴിയാത്ത ബ്രാഞ്ചുകളുമുണ്ട്. സെപ്തംബര്‍ രണ്ടുവരെ എത്ര ബ്രാഞ്ചുകള്‍ കൂടി തുറക്കാന്‍ കഴിയുമെന്നു നോക്കും. അതിനുശേഷം തുറക്കാന്‍ കഴിയാത്ത ബ്രാഞ്ചുകള്‍ ഉണ്ടെങ്കില്‍ അവ അടച്ചുപൂട്ടും. വേറെ എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്?

ഇന്ന് ഞങ്ങള്‍ക്ക് ലോകത്താകമാനമായി 4,500 ഓളം ബ്രാഞ്ചുകള്‍ ഉണ്ട്. ബിസിനസിന്റെ 95 ശതമാനവും വരുന്നത് കേരളത്തിന്റെ പുറത്തു നിന്നാണ്. പക്ഷേ, ഞങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്. ഇവിടെയാണ് നമ്മുടെ വേര്. കേരളത്തില്‍ ബിസിനസ് താത്പര്യങ്ങള്‍ മറ്റെവിടെയുള്ളതിനേക്കാളുണ്ട്. പക്ഷേ, സി ഐ ടി യു പോലൊരു സംഘടന നമ്മളെ ഉപദ്രവിക്കാന്‍ വരുമ്പോള്‍ ആ ഉപദ്രവവും സഹിച്ച് ഇവിടെ തുടരേണ്ടില്ലല്ലോ. ഇവിടെ നിന്നു തുടങ്ങിയ ഒരു ബിസിനസ് സ്ഥാപനത്തിന് തന്നെ ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കില്‍ കേരളം എങ്ങനെയാണ് ബിസിനസ് സൗഹൃദ സംസ്ഥാനമാകുന്നത്? ബിസിനസ് സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. തൊഴില്‍ മന്ത്രിയുടെയും ലേബര്‍ കമ്മീഷണറുടെയും എല്ലാം മുന്നില്‍ ചെന്ന് ഞങ്ങളുടെ അവസ്ഥ പറഞ്ഞതാണ്. ഒന്നും നടന്നിട്ടില്ല.

നോണ്‍ ബാങ്കിംഗ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. എന്നിട്ടും ശമ്പളം കൊടുക്കുന്നില്ലെന്നു പറയുന്നത് അറിവില്ലായ്മ കൊണ്ടോ അഹങ്കാരം കൊണ്ടോ ആയിരിക്കും. മുത്തൂറ്റ് ഒരു പെട്ടിക്കടയല്ല, ഇതൊരു ഒരു ലിസ്റ്റഡ് കമ്പനിയാണ്. അതിന് അതിന്റെതായ നിയമങ്ങളുണ്ട്, അവ പാലിക്കപ്പെടേണ്ടതുമുണ്ട്. അതൊന്നും ചെയ്യാതിരിക്കുകയാണെങ്കില്‍ എപ്പോഴേ ഞങ്ങളെ പിടിച്ചു ജയിലില്‍ ഇടുമായിരുന്നു. ഞങ്ങള്‍ വളരെ അഭിമാനത്തോടെ പറയുന്നൊരു കാര്യമാണ്, നോണ്‍ ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഏറ്റവും മാന്യമായ രീതിയില്‍ ശമ്പളം വാങ്ങുന്നവരാണ് മുത്തൂറ്റിന്റെ ജീവനക്കാര്‍. ഒരു ജീവനക്കാരന് കൊടുക്കേണ്ടതായിട്ടുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നുണ്ട്. മറ്റുള്ളവര്‍ കൊടുക്കാതിരിക്കുന്ന സൗകര്യങ്ങളും നല്‍കുന്നുണ്ട്. ഇഎസ്ഒപി (എംപ്ലോയീ സ്‌റ്റോക് ഓണര്‍ഷിപ്പ് പ്ലാന്‍) നടപ്പാക്കിയിട്ടുള്ള സ്ഥാപനമാണ് മുത്തൂറ്റ്. കമ്പനിയുടെ ഷെയര്‍ ജീവനക്കാര്‍ക്കും കൊടുക്കുകയാണ്. ഇതൊന്നും ചെയ്യണമെന്ന് ഒരിടത്തും എഴുതിവച്ചിട്ടില്ല. എന്നിട്ടും ഞങ്ങളത് ചെയ്യുന്നുണ്ട്. ഇത്രയൊക്കെ ചെയ്തിട്ടും ഒന്നും കിട്ടുന്നില്ലെന്നു പറഞ്ഞ് ഉപദ്രവിക്കാന്‍ വരുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല.

ഞങ്ങളെ ഉപദ്രവിക്കുന്നത് സി ഐ ടി യുവാണ്. ജീവനക്കാരല്ല, കുറച്ചു പേര്‍ അവര്‍ക്കൊപ്പം ഉണ്ടെന്നു മാത്രമാണ്. 95 ശതമാനം പേരും അവര്‍ക്കൊപ്പമാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഞങ്ങളുടെ ഒരു കാര്യവും നടക്കില്ലല്ലോ. പത്തുശതമാനം പോലും അവരുടെ കൂടെയില്ല. പക്ഷേ, ഒരു മിലിറ്റന്റ് പ്രസ്ഥാനം നമ്മളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്, അത് സി ഐ ടി യു ആണ്. ഞങ്ങളുടെ സ്റ്റാഫുകളാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നുപോലും പറയുന്നില്ല, സി ഐ ടി യു അനാവശ്യ ഇടപെടലിലൂടെ ജീവനക്കാരെ കൊണ്ട് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിക്കുകയാണ്. ഇതിന്റെ ദോഷം അനുഭവിക്കേണ്ടി വരുന്നതും ജീവനക്കാര്‍ക്ക് തന്നെയാണ്. മാനേജ്മെന്റിന് എന്തു ചെയ്യാന്‍ കഴിയും. ഒരു കമ്പനി നടത്തുന്നത് ചാരിറ്റിക്കു വേണ്ടിയല്ല. നമുക്ക് ബിസിനസ് ലക്ഷ്യങ്ങളുണ്ട്. എന്നാല്‍ അതെല്ലാം ഇവിടുത്തെ നിയമങ്ങള്‍ പാലിച്ചുകൊണ്ടു തന്നെയാണ് ചെയ്യുന്നത്. ജീവനക്കാരെ മാന്യമായി സംരക്ഷിക്കുന്നുണ്ട്. ഇരുപതിനായരത്തിലും ഇരുപത്തിയയ്യായിരത്തില്‍ കുറഞ്ഞ് മാസം വരുമാനം നേടാത്ത ഒരു ജീവനക്കാരനും ഇവിടെയില്ല. അവരുടെ മാസ ശമ്പളം 15,000 രൂപയായിരിക്കും. നമ്മുടെ സ്റ്റാഫ് ആയിട്ടുള്ളവര്‍ക്കെല്ലാം എല്ലാ ക്വാര്‍ട്ടറിലും(മൂന്നുമാസം കൂടുമ്പോള്‍) ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. ഒരു വര്‍ഷം നാലു ഇന്‍സെന്റീവ് ആണ് ഒരാള്‍ക്ക് കിട്ടുന്നത്. ഇതുകൂടാതെയാണ് വര്‍ഷത്തില്‍ ഒരു ബോണസ് കിട്ടുന്നത്. പിഎഫ്, ഇഎസ്‌ഐ, മെഡിക്കല്‍ ക്ലെയിം എല്ലാം ഉണ്ട്. ഒരു ജീവനക്കാന് നല്‍കേണ്ടത് എല്ലാം ഞങ്ങള്‍ നല്‍കുന്നുണ്ട്.

പ്രളയകാലത്ത് ദുരിതത്തിലായ എല്ലാ ജീവനക്കാര്‍ക്കും, ഏകദേശം മുന്നൂറോളം പേര്‍ക്ക്, എല്ലാ സഹായവും ചെയ്തു. ഓരോരുത്തര്‍ക്കും ഉണ്ടായ നഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചുലക്ഷം മുതല്‍ സഹായം ചെയ്തിട്ടുണ്ട്. പ്രളയദുരിതാശ്വാസമായി 200 വീടുകളാണ് മുത്തൂറ്റ് നിര്‍മിച്ചു നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക വേറെ. സിഎസ്ആര്‍ രംഗത്ത് ഇത്രയും തുക മുടക്കുന്നവര്‍ വേറെ കാണില്ല. 50 കോടിയാണ് കഴിഞ്ഞ തവണ ഞങ്ങള്‍ സിഎസ്ആര്‍ ഫണ്ട് ആയി ചെലവഴിച്ചത്. കഴിഞ്ഞ മാര്‍ച്ചിലെ കണക്ക് അനുസരിച്ച് ഞങ്ങള്‍ സര്‍ക്കാരിലേക്ക് നികുതിയായി അടച്ചത് 1005 കോടി രൂപയാണ്. കമ്പിനിയുടെ കണക്കുകളും പ്രവര്‍ത്തികളുമെല്ലാം സിഎജി പരിശോധിച്ച് അംഗീകരിച്ചിട്ടുള്ളതാണ്. ഞങ്ങള്‍ എന്തെങ്കിലും തൊഴിലാളി വിരുദ്ധത കാണിക്കുന്നുണ്ടെങ്കില്‍ നിയമം എന്നേ ഞങ്ങളെ പിടികൂടിയേനേ. നിയമം അവിടെ നില്‍ക്കട്ടെ, 3500 ഓളം ജീവനക്കാര്‍ മുത്തൂറ്റിന്റെ എല്ലാ ബ്രാഞ്ചുകളിലുമായി ജോലിയെടുക്കുന്നുണ്ട്. ഞങ്ങള്‍ തൊഴിലാളി വിരുദ്ധരായിരുന്നുവെങ്കില്‍ അവരൊക്കെ ഇപ്പോഴും ജോലിയില്‍ തുടരുമായിരുന്നോ? ഇതൊക്കെ ആലോചിച്ചിട്ട് പറയൂ, മുത്തൂറ്റ് തൊഴിലാളി വിരുദ്ധരാണോയെന്ന്? ഞങ്ങളാണോ സി ഐ ടി യു ആണോ ഗൂണ്ടായിസം കാണിക്കുന്നതെന്ന്.

മുത്തൂറ്റ് തൊഴിലാളി സമര വിഷയത്തില്‍ സി ഐ ടി യുവിന്റെ വിശദീകരണം ഇവിടെ വായിക്കാം: ഈ ക്വാര്‍ട്ടറിലെ ലാഭം 600 കോടി, എന്നിട്ടും തൊഴിലാളിക്ക് വേതന വര്‍ദ്ധനവ് നല്‍കില്ല എന്നു പറഞ്ഞാല്‍ എന്തു ചെയ്യണം? മുത്തൂറ്റിന്റെ ലോയല്‍ ആര്‍മി ഗോ ബാക്ക് വിളിച്ചാല്‍ പിന്തിരിഞ്ഞോടില്ലെന്ന് സിഐടിയു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍