ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമടക്കമുള്ള സംഘടനകള്‍ സംഘടിച്ചാണ് പിവിഎസ് പ്രശ്‌നത്തില്‍ പ്രതിഷേധിക്കുന്നത്
‘ആശുപത്രി പൂട്ടിയാലും നേഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മറ്റിടങ്ങളില്‍ ജോലി കിട്ടും എന്നെങ്കിലും കരുതാം. ഞങ്ങള്‍ക്ക് എവിടെയും വേക്കന്‍സി പോലുമില്ല. ഒരു ലാബില്‍പ്പോലും ഞങ്ങള്‍ക്ക് ജോലി കിട്ടാനില്ല. എറണാകുളത്ത് ഇനി അന്വേഷിക്കാന്‍ സ്ഥലമില്ല. ഏഴു വര്‍ഷമായി ഞാനിവിടെ ജോലി ചെയ്യുന്നു. പുതിയതായി ആളെ എടുക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും ട്രെയിനികളെ മതി. എക്‌സ്പീരിയന്‍സ് ഉള്ളവരെ ആര്‍ക്കും താല്‍പര്യമില്ല. അതാവുമ്പോള്‍ അയ്യായിരമോ ആറായിരമോ സ്‌റ്റൈപന്റ് കൊടുത്താല്‍ മതിയല്ലോ. ഞങ്ങള്‍ക്ക് ശമ്പളവുമില്ല, ജോലിയുമില്ല. ഒട്ടുമിക്ക സ്റ്റാഫിന്റെയും അവസ്ഥ ഇതുതന്നെയാണ്. ബാങ്കുകളില്‍ നിന്നുള്ള കോളുകളാണ് ഫോണില്‍ സ്ഥിരമായി വരുന്നത്.’ കൊച്ചി പി.വി.എസ് മെമ്മോറിയല്‍ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായി ജോലി നോക്കുന്ന നീതിഷയാണ് പറയുന്നത്. പിറവത്തുനിന്നും ദിവസേന നൂറു രൂപ യാത്രയ്ക്കായി ചെലവഴിച്ച് ജോലിക്കെത്തുന്ന നീതിഷയ്ക്ക് ശമ്പളം കിട്ടിയിട്ട് ഏഴുമാസത്തോളമായി. കൈയില്‍ നിന്നും പണം ചെലവാക്കി ജോലിക്കെത്തേണ്ടിവരുന്നതിന്റെ ബുദ്ധിമുട്ടുകളേക്കാള്‍ നീതിഷയേയും സഹപ്രവര്‍ത്തകരേയും ഇപ്പോള്‍ ഭയപ്പെടുത്തുന്നത് ആശുപത്രി പൂട്ടേണ്ടിവന്നാല്‍ ഉണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളാണ്.
പി.വി.എസ് ആശുപത്രിയിലെ അഞ്ഞൂറോളം ജീവനക്കാര്‍ ഒരു വര്‍ഷക്കാലത്തോളമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നു തുടങ്ങിയത്. ഒരു വര്‍ഷമായി ശമ്പളം കിട്ടാത്ത ഡോക്ടര്‍മാരും, എട്ടുമാസത്തോളമായി പ്രതിഫലമില്ലാതെ ജോലി ചെയ്യുന്ന നഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫുമെല്ലാം ഒന്നടങ്കം മാനേജ്‌മെന്റിനെതിരെയുള്ള പ്രതിഷേധത്തിലാണ്. ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞുവയ്ക്കുകയും, വിവരം പല തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി കൈക്കൊള്ളാതിരിക്കുകയും മാത്രമല്ല മാനേജ്‌മെന്റ് ചെയ്തിട്ടുള്ളതെന്നും, ആശുപത്രി തന്നെ അടച്ചുപൂട്ടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ പരാതിപ്പെട്ടിരുന്നു. സാമൂഹിക പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ ദിവസങ്ങള്‍ക്കു മുന്നേ പിവിഎസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പിവി ചന്ദ്രന്‍ എറണാകുളത്തെത്തിയപ്പോള്‍, പരിപാടി നടക്കുന്ന വേദിയിലേക്ക് ജീവനക്കാര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനു മറുപടിയെന്നോണമാണ് അന്നു രാത്രിയോടു കൂടി ആശുപത്രിയുടെ ഏതാനും നിലകളും ഒപി വിഭാഗമടക്കമുള്ള പ്രധാന വിഭാഗങ്ങളും അടച്ചുപൂട്ടിയതെന്നാണ് ജീവനക്കാരുടെ ആരോപണം. നഴ്‌സുമാരുടെ ചേഞ്ചിംഗ് റൂമടക്കം പൂട്ടിയിട്ടുള്ളതിനാല്‍, യൂണിഫോം ധരിക്കാതെയാണ് നിലവില്‍ ജീവനക്കാര്‍ ജോലി നോക്കുന്നത്.
ആരും ജോലിക്കെത്തേണ്ടതില്ലെന്ന് നിര്‍ദ്ദേശമുണ്ടായിട്ടും രോഗികളെ പരിശോധിക്കാന്‍ പതിവു പോലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ആശുപത്രിയിലെത്തുകയും, ലഭ്യമായ സൗകര്യത്തില്‍ ചികിത്സ നടത്തുകയും ചെയ്യുന്നുണ്ട്. അള്‍ട്രാ സൗണ്ട് മുറിയിലും മറ്റും വച്ചാണ് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നത്. ലിഫ്റ്റുകളും പൂട്ടിയിട്ടിരിക്കുന്നതിനാല്‍, പരിശോധനകള്‍ക്കും മറ്റുമായി രോഗികളെ വീല്‍ചെയറടക്കം പൊക്കിയെടുത്ത് എട്ടാം നില വരെ നടന്നുകയറേണ്ട അവസ്ഥയാണുള്ളത്. ഇത്രയേറെ കഷ്ടപ്പെട്ടിട്ടായാലും, ആശുപത്രി പൂട്ടാനനുവദിക്കാതെ ജോലി തുടരുമെന്നാണ് ജീവനക്കാരുടെ പക്ഷം. മാസങ്ങളുടെ ശമ്പള കുടിശ്ശിക ബാക്കി നില്‍ക്കുമ്പോള്‍ അതു ലഭിക്കുന്നതുവരെ ജോലി തുടരുകയല്ലാതെ മറ്റെന്തു ചെയ്യാനാകുമെന്നും ഇവര്‍ ചോദിക്കുന്നു. ആശുപത്രി ഭാഗികമായി അടച്ചിട്ടത് എന്തിനാണെന്നോ, ശമ്പളവും പി.എഫ് അടക്കമുള്ള ആനുകൂല്യങ്ങളും തടഞ്ഞുവച്ചിരിക്കുന്നതിന്റെ കാരണമെന്താണെന്നോ വ്യക്തമായി മാനേജ്‌മെന്റ് ഇവരെ അറിയിച്ചിട്ടുമില്ല.
അതേസമയം, സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളില്‍ ചിലര്‍ പി.വി.എസ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും, അതിനു മുന്നോടിയായി ശമ്പള കുടിശ്ശികയുള്ളവരെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ആശുപത്രി അടച്ചിടാനായി നടത്തുന്ന ശ്രമങ്ങളെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു. ലിസി ആശുപത്രിയും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയുമടക്കം പി.വി.എസ് ഏറ്റെടുക്കാനായി മുന്നോട്ടുവന്നിരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മാനേജ്‌മെന്റുകള്‍ ഇതു നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, പി.വി.എസ് ആശുപത്രി പൂട്ടിയിടാനാണ് മാനേജ്‌മെന്റിന്റെ തീരുമാനമെങ്കില്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും നഴ്‌സുമാര്‍ക്കും കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. പ്രതിഷേധത്തിന്റെ മുന്‍പന്തിയിലുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് മറ്റിടങ്ങളിലേക്ക് ചേക്കേറാന്‍ സാധിക്കുമെങ്കിലും, ജീവിതം വഴിമുട്ടാന്‍ പോകുന്ന ധാരാളം ജീവനക്കാര്‍ പി.വി.എസിലുണ്ട്. ലാബ് ടെക്‌നീഷ്യനായ ലിന്‍ഷ പറയുന്നതിങ്ങനെ: ‘എട്ടര മാസത്തെ ശമ്പളം ഇപ്പോള്‍ കിട്ടാനുണ്ട്. അതേക്കുറിച്ച് യാതൊരു അന്വേഷണവുമില്ല, അറിയിപ്പുകളുമില്ല. നമ്മുടെ അവസ്ഥയെന്താണ് എന്ന് അന്വേഷിക്കാന്‍ പോലും അവര്‍ക്ക് താല്‍പര്യമില്ല. മാര്‍ച്ച് അവസാനത്തിനുള്ളില്‍ കുടിശ്ശിക തീര്‍ത്ത് കിട്ടുമെന്നായിരുന്നു ആദ്യം വാക്കു തന്നിരുന്നത്. നാളിതുവരെ അക്കാര്യത്തില്‍ ഒരു തീരുമാനമായിട്ടില്ല. മാനേജ്‌മെന്റില്‍ നിന്നും എന്തെങ്കിലും അന്വേഷണമുണ്ടായാലല്ലേ കാര്യമുള്ളൂ. ദിവസവും വീട്ടില്‍പ്പോയി വരാനുള്ള ബസ് കൂലിക്കുവേണ്ടി പോലും കഷ്ടപ്പെടേണ്ടിവരുന്ന അവസ്ഥയാണുള്ളത്. പി.എഫ് ശമ്പളത്തില്‍ നിന്നും പിടിക്കുന്നതല്ലാതെ അടയ്ക്കുന്നില്ല. ബോണസ് അടക്കം പെന്‍ഡിംഗിലാണ്.’
പ്രമുഖ ആശുപത്രികളില്‍ പലതും പി.വി.എസില്‍ നിന്നും ശമ്പളം ലഭിക്കാതെ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഓഫറുകള്‍ വച്ചു നീട്ടുകയാണെങ്കിലും, വഴിമുട്ടാന്‍ പോകുന്നത് തങ്ങള്‍ക്കാണെന്ന് ഏഴു വര്‍ഷമായി പി.വി.എസില്‍ ജോലി ചെയ്യുന്ന നീതിഷ പറയുന്നുണ്ട്. നീതിഷയടക്കം ഒട്ടേറെ വനിതാ ജീവനക്കാരുടെ ദൈനംദിന ജീവിതത്തെയാണ് മാനേജ്‌മെന്റിന്റെ നിലപാട് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ‘ഒന്നര വയസ്സുള്ള ഒരു കുട്ടിയുണ്ടെനിക്ക്. കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ ശമ്പളത്തിന് ആളെ നിര്‍ത്തിയിട്ടാണ് ജോലിക്കു വരുന്നത്. അവര്‍ക്കുള്ള ശമ്പളവും, ഹൗസിംഗ് ലോണും ഒരു മാസത്തെ വലിയ ചെലവുകളാണ്. പതിനായിരം രൂപയിലധികം ഈ വകയില്‍ പ്രതിമാസം ചെലവുണ്ട്. ഇവിടെ നിന്ന് എന്തെങ്കിലും കിട്ടിയിട്ട് ഏഴുമാസത്തോളമായി. പുറകേ നടന്നിട്ടാണ് ഈസ്റ്ററിനു തലേന്ന് അയ്യായിരം രൂപ കിട്ടിയത്. അതും രണ്ടു മൂന്നു പേര്‍ക്കുമാത്രം. ഇവിടെ കാന്റീന്‍ പോലുമില്ല. അതുകൊണ്ട് ഭക്ഷണത്തിനുള്ള കാശും നമ്മള്‍ തന്നെ കാണണം. ബസ്സുകൂലിക്കായി കൈയില്‍ നിന്നും പൈസയെടുക്കേണ്ട അവസ്ഥയായപ്പോള്‍ പതിനായിരം രൂപയെങ്കിലും തരാമോ എന്നുപോലും ചോദിച്ചു നോക്കി. കാര്യമുണ്ടായില്ല. വേണ്ടവര്‍ക്ക് പിരിഞ്ഞുപോകാം എന്നും പറയുന്നുണ്ട്. പിരിഞ്ഞുപോകുന്നവര്‍ക്ക് പക്ഷേ, ബാധ്യതയുടെ കാര്യം വെള്ളപ്പേപ്പറില്‍ എഴുതിയാണ് കൊടുക്കുന്നത്. ലെറ്റര്‍ഹെഡ് പോലുമില്ല. എവിടെയും അതൊരു തെളിവാകില്ല. ഞാന്‍ നിലവില്‍ ഇവിടെ ജോലി ചെയ്യുന്നു എന്നു തെളിയിക്കാന്‍ ഒരു സര്‍ട്ടിഫിക്കറ്റ് ചോദിച്ചിട്ട് അതുപോലും തന്നിട്ടില്ല. ഇവിടത്തെ ഓഫീസില്‍ ആരുമില്ല. എച്ച് ആര്‍ ഇല്ല, ഉദ്യോഗസ്ഥരില്ല. ഡയറക്ടര്‍ ബോര്‍ഡിലെ ആരെയും ഞങ്ങള്‍ കണ്ടിട്ടുപോലുമില്ല. ജോലി ചെയ്യാന്‍ തന്നെയാണ് ഞങ്ങള്‍ക്ക് താല്‍പര്യം. ആശുപത്രി വിട്ടുപോകാന്‍ ആര്‍ക്കും ഇഷ്ടമില്ല. പക്ഷേ, മാനേജ്‌മെന്റ് ഒന്നിനും സഹകരിക്കുന്നില്ല.’
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമടക്കമുള്ള സംഘടനകള്‍ സംഘടിച്ചാണ് പിവിഎസ് പ്രശ്‌നത്തില്‍ പ്രതിഷേധിക്കുന്നത്. ഡോക്ടര്‍മാര്‍ മുതല്‍ ഹൗസ് കീപ്പിംഗ് സ്റ്റാഫ് വരെയുള്ളവര്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധത്തിലാണുള്ളത്. ഇന്നലെ നടത്തിയ ഉപവാസത്തിനു ശേഷം ഇന്ന് മാതൃഭൂമി ജംങ്ഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും, മാനേജ്‌മെന്റ് ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി വന്നതിനാല്‍ പദ്ധതി ഉപേക്ഷിച്ചതായി പി.വി.എസില്‍ നഴ്‌സ് ആയി ജോലി നോക്കുന്ന രാജന്‍ പറയുന്നു. ‘യു.എന്‍.എയും ഐ.എം.എയും ചേര്‍ന്ന് ഇന്നലെ ഏകദിന ഉപവാസം നടത്തിയിരുന്നു. യു.എന്‍.എ ജില്ലാ പ്രസിഡന്റ് ഹാരിസാണ് ഉപവാസമിരുന്നത്. ഇന്ന് വൈകീട്ട് ചര്‍ച്ചയ്ക്ക് മാനേജ്‌മെന്റ് തയ്യാറായിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച് മാതൃഭൂമി ജംങ്ഷനിലേക്ക് നടത്താനിരുന്ന പ്രകടനം മാറ്റിവച്ചിട്ടുണ്ട്. സമരമല്ല ഇവിടെ നടക്കുന്നത്, പ്രതിഷേധമാണ്. എല്ലാവരും ജോലിക്കെത്തുന്നുണ്ട്, രോഗികളെ നോക്കുന്നുണ്ട്. ജോലി ചെയ്യാന്‍ ഞങ്ങള്‍ തയ്യാറുമാണ്. അപ്പോയിന്‍മെന്റ് കൊടുക്കേണ്ടെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ധാരാളം രോഗികള്‍ വരുന്നുണ്ട്. ഇപ്പോള്‍ ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമെല്ലാം ഒരുമിച്ചാണ് പ്രതിഷേധിക്കുന്നത്. ഇനി നാളെയെന്താണ് അവസ്ഥയെന്നറിയില്ല.’
വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന തൊഴില്‍ ചൂഷണത്തിന് അന്ത്യമാകുമെങ്കില്‍, എത്ര ചര്‍ച്ചകള്‍ക്കായും കാത്തിരിക്കാമെന്നാണ് ജീവനക്കാരുടെ പക്ഷം. എന്നാല്‍, മുന്‍പും ചര്‍ച്ചാ വാഗ്ദാനം നല്‍കി മാനേജ്‌മെന്റ് കബളിപ്പിച്ചിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ ചര്‍ച്ച നടക്കുന്നതുവരെ വിശ്വസിക്കാനാകില്ലെന്നും പറയുന്നവരുമുണ്ട്. ‘കുറേയായി മീറ്റിംഗുകള്‍ വിളിക്കുന്നതിനെക്കുറിച്ച് പറയുന്നു. ഇതിനു മുന്‍പും ഇങ്ങനെ കുറേത്തവണ പറഞ്ഞിട്ടുള്ളതാണ്. അവസാന നിമിഷം അവര്‍ വരാതിരിക്കാറാണ് പതിവ്. ഇപ്പോഴും അതുകൊണ്ട് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, എല്ലാവരും ഇവിടെ കാത്തിരിക്കുകയാണ്.’