UPDATES

ട്രെന്‍ഡിങ്ങ്

ഇന്നുള്ളവര്‍ക്കില്ലാത്ത ‘ഈയെമ്മി’ന്റെ ആ ‘ക്രൂരത’; ഇഎംഎസ് ഇല്ലാത്ത കേരളത്തിന് 20 വയസ്

അത് തെറ്റായി പോയി, എനിക്ക് തെറ്റ് പറ്റി, എന്‍റെ പാര്‍ട്ടിക്ക് തെറ്റ് പറ്റി, ഞങ്ങള്‍ക്ക് തെറ്റ് പറ്റി എന്നെല്ലാം പറയാന്‍ ഇഎംഎസ് മടി കാണിച്ചിരുന്നില്ല. സംവാദങ്ങളെ ഭയപ്പെടുകയും സംവദിക്കാന്‍ ശേഷിയുള്ള നേതാക്കള്‍ക്ക് ദാരിദ്ര്യം നേരിടുകയുമാണ് കേരളത്തിലെ സിപിഎം നേതൃത്വം.

ഇഎംഎസ് ഇല്ലാത്ത കേരളത്തിന് 20 വയസായിരിക്കുന്നു. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി, ഏഷ്യയില്‍ ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് ഭരണനേതാവ്, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍, സിപിഎം ജനറല്‍ സെക്രട്ടറി എന്നതിന് പുറമെ കേരളമെന്ന ഭാഷാ സംസ്ഥാനത്തേയും അതിന്റെ പൊതുബോധത്തെയും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് ഇഎംഎസ്. ‘ഭക്തര്‍’ അന്ധമായി ആരാധിക്കുന്നതിനും വിമര്‍ശകരും എതിരാളികളും അന്ധര്‍ ആനയെ കണ്ട പോലെ വിലയിരുത്തുന്നതിനും ചെളി വാരി എറിയുന്നതിനും ഇത് പോലെ വിധേയനായ മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. കേരളത്തിന്റേയും ഇന്ത്യയുടേയും ചരിത്രത്തില്‍ അതുല്യനായ ഇഎംഎസ് നമ്പൂതിരിപ്പാട് അന്തരിച്ചത് 1998 മാര്‍ച്ച് 19നാണ്. 25 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ത്രിപുരയില്‍ സിപിഎമ്മിന് അധികാരം നഷ്ടമായിട്ട് 16 ദിവസമായിരിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കര്‍ഷക പ്രക്ഷോഭങ്ങളുള്‍പ്പടെ ശക്തമായ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കാനും പ്രതിരോധം തീര്‍ക്കാനും സിപിഎമ്മിന് കഴിയുന്നുണ്ടെങ്കിലും ഇന്ത്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അത് വളരെ ദുര്‍ബലമായിരിക്കുന്നു. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇഎംഎസിന്റെ പാര്‍ട്ടിയായ സിപിഎമ്മും അത് നേതൃത്വം നല്‍കുന്ന മുഖ്യധാരാ ഇന്ത്യന്‍ ഇടതുപക്ഷവും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇഎംഎസിന്റെ 20ാം ചരമവാര്‍ഷികം.

പാര്‍ട്ടി എന്താണ് എന്നും അതിന്‍റെ പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര പ്രശ്നങ്ങളിലെ നിലപാടുകള്‍ എന്തൊക്കെയാണ് എന്നുമെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള, അവരുമായി സംവദിക്കാനുള്ള അതുല്യമായ ശേഷിയായിരുന്നു ഇഎംഎസിന്റെ പ്രത്യേകത. അതുകൊണ്ടാണ് “അത് ദൈവത്തിനറിയാം” എന്ന് ഒരിക്കല്‍ പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കിയപ്പോള്‍ “ദൈവത്തിനറിയാം എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ആര്‍ക്കും അറിയില്ല” എന്നാണ് എന്ന്, ചിന്തയിലെ ചോദ്യോത്തര പംക്തിയില്‍ സംശയമുന്നയിച്ച പാര്‍ട്ടി അനുഭാവിക്ക്/പ്രവര്‍ത്തകന് മറുപടി നല്‍കാന്‍ ഇഎംഎസിന് കഴിഞ്ഞത്. കേരളത്തില്‍ മാത്രമായി കമ്മ്യൂണിസ്റ്റ് പരിപാടി നടപ്പാക്കാന്‍ സാധിക്കില്ലെന്നും ഒരു ഇടതുപക്ഷ ജനാധിപത്യ പരിപാടി നടപ്പാക്കാന്‍ മാത്രമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഈ നാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ 1957 മുതലുള്ള ഇഎംഎസിന്‍റെ ശ്രമങ്ങള്‍ക്ക് ഒരുപരിധി വരെ കഴിഞ്ഞിട്ടുണ്ട്.

മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട്‌ സംസാരിക്കുന്നു (ലൂയി മല്ലെയുടെ ഫ്രഞ്ച് ഡോക്യുമെന്‍ററിയില്‍ നിന്ന് – 1969) – വീഡിയോ:

ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് കാലത്ത് ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനേയും ഇഎംഎസ് പ്രചാരണത്തില്‍ കൂട്ടുപിടിച്ചു. “ഞങ്ങള്‍ സദ്ദാമിനൊപ്പം നിങ്ങള്‍ ആര്‍ക്കൊപ്പം?” എന്നാണ് ഇഎംഎസ് എതിരാളികളായ യുഡിഎഫുകാരോട് ചോദിച്ചത്. കമ്മ്യൂണിസ്റ്റുകാരെ അടിച്ചമര്‍ത്തുന്നതിലും നിരവധി കൊലപാതകങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചയാളാണ് സദ്ദാം ഹുസൈന്‍ എന്ന് ഇഎംഎസിന് അറിയാത്ത കാര്യമായിരുന്നില്ല. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വവും സദ്ദാം ഹുസൈനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരെ പിന്തുണക്കണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ലായിരുന്നു. സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം ആക്രമിച്ച കുവൈറ്റില്‍ നിന്നും മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ വലിയ തോതില്‍ രക്ഷപ്പെട്ട് നാട്ടിലെത്തിക്കൊണ്ടിരുന്ന ഒരു കാലത്താണ് ഇത് പറയുന്നത്. പ്രാദേശിക വികസന പ്രശ്‌നങ്ങള്‍ മാത്രം അവതരിപ്പിക്കേണ്ട തിരഞ്ഞെടുപ്പില്‍, മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യം വച്ചുള്ള സൂത്രശാലിയായ ഒരു രാഷ്ട്രീയ നേതാവിന്റെ തന്ത്രം മാത്രമായാണ് അതിനെ പലരും കണ്ടത്. എന്നാല്‍ അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍ പ്രാദേശികമായി സ്വാധീനം ചെലുത്തുന്ന പ്രശ്‌നങ്ങളാണെന്ന യാഥാര്‍ത്ഥ്യമാണ് ഇഎംഎസ് പങ്കുവച്ചത്. ഗള്‍ഫ് യുദ്ധത്തിലേയ്ക്ക് നയിച്ച പശ്ചിമേഷ്യയിലേയും മധ്യപൂര്‍വേഷ്യയിലേയും സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ എങ്ങനെയാണ് തൊഴിലാളിവിരുദ്ധമാകുന്നത് എന്നത് വിശദീകരിക്കുന്നതിലൂടെയാണ് സദ്ദാം ഹുസൈനുള്ള ഐക്യദാര്‍ഢ്യം ന്യായീകരിക്കപ്പെടുന്നത്.

പൊതുസമൂഹത്തിന് മുന്നില്‍ അദ്ദേഹം നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തുടക്കമിട്ടു. ഷാ ബാനു കേസിന്‍റെ പാശ്ചാതലത്തില്‍ മുസ്ലീം സമുദായത്തിലെ സ്ത്രീകള്‍ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് ചരിത്രകാരനായ പ്രൊഫ.ഇര്‍ഫാന്‍ ഹബീബ് ആയിരുന്നെങ്കിലും അത് കാര്യമായി പൊതുസമൂഹത്തിന്റെ മുമ്പില്‍ കൊണ്ടുവന്നത് ഇഎംഎസ് ആയിരുന്നു. അതുകൊണ്ടാണ് “മൂന്നും കെട്ടും നാലും കെട്ടും ഇഎംഎസിന്റോളേം കെട്ടും” എന്നുള്ള മുദ്രാവാക്യം ഉണ്ടായത്. ഇത്തരത്തില്‍ വിവിധ സമുദായങ്ങളില്‍ മനുഷ്യര്‍ നേരിടുന്ന അനീതികളെ കുറിച്ച് സംസാരിക്കാനോ അത് പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കാനോ ഉള്ള ആര്‍ജ്ജവവും അത് വര്‍ഗ രാഷ്ട്രീയം അഭിമുഖീകരിക്കേണ്ട പ്രശ്നമാണ് എന്ന് തിരിച്ചറിയാനുള്ള ശേഷിയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നഷ്ടമാകുന്നു. സംവാദങ്ങളില്‍ അവര്‍ കാഴ്ചക്കാരാകുന്നു.

മഹാത്മ ഗാന്ധിയും ബാലഗംഗാധര തിലകനും മതമൗലിക വാദികളായ രാഷ്ട്രീയക്കാരായിരുന്നു എന്ന് സധൈര്യം വിളിച്ചുപറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മത മൗലികവാദിയായ മദനിയുമായി സിപിഎം ബന്ധമുണ്ടാക്കുന്നു എന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഇഎംഎസ്. മദനിയുമായി സിപിഎം ഒരു ബന്ധവും ഉണ്ടാക്കിയിട്ടില്ലെന്നും മദനി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് രംഗത്ത് വരുകയാണ് ഉണ്ടായത് എന്ന് പറഞ്ഞുകൊണ്ട് തന്നെ പിന്നീട് ഇഎംഎസ് കടന്നത് എന്താണ് മത മൗലികവാദം എന്ന പ്രശ്നത്തിലേക്കാണ്. മതത്തിന് മൗലികമായ സ്ഥാനം നല്‍കിയുള്ള ഏത് രാഷ്ട്രീയവും മതമൗലികവാദ രാഷ്ട്രീയമാണെന്നും മതമൗലികവാദവും മത തീവ്രവാദവും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അത് മനസിലാകാത്തവര്‍ അബ്ദുള്‍ നാസര്‍ മദനിയും എംകെ ഗാന്ധിയും ഒരുപോലെയാണ് എന്നാണ് ഇഎംഎസ് പറഞ്ഞത് എന്ന് പറഞ്ഞ് അദ്ദേഹത്തിനെതിരെ രംഗത്തെത്തി. ഡോ.അംബേദ്കര്‍ ഒരു ബൂര്‍ഷ്വാജനാധിപത്യവാദിയും ബൂര്‍ഷ്വാ രാഷ്ട്രീയക്കാരനുമാണ് എന്ന് ഇഎംഎസ് പറഞ്ഞപ്പോള്‍ അംബേദ്കറെ അപമാനിച്ച ‘സവര്‍ണ ജാതിവെറിയ’നായ ഇഎംഎസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ദലിത് സംഘടനകള്‍ പ്രകടനം നടത്തി. ഡോ.അംബേദ്കറുടെ സംഭാവനകളെയും അംബേദ്കര്‍ പ്രസ്ഥാനത്തേയും ഇന്ത്യയിലെ ജാതി വിഭജിത സമൂഹത്തേയും വിലയിരുത്തുന്നതില്‍ ഇഎംഎസിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മിനും ഗുരുതരമായ പാളിച്ചകളും തെറ്റുകളും സംഭവിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ബൂര്‍ഷ്വാ ജനാധിപത്യവാദികളെ സംബന്ധിച്ചുള്ള ഇഎംഎസിന്റെ വിശകലനം സാങ്കേതികമായി ശരിയായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഏത് അര്‍ത്ഥത്തിലാണ് ബൂര്‍ഷ്വാ രാഷ്ട്രീയം, ബൂര്‍ഷ്വാജനാധിപത്യവാദം എന്നെല്ലാം ഉപയോഗിക്കുന്നത് എന്ന് മനസിലാക്കാന്‍ ശ്രമിക്കാത്തവരാണ് ഇത്തരത്തില്‍ ആക്രമണവുമായി രംഗത്തെത്തിയത്. കോടതികള്‍ വരേണ്യ വര്‍ഗത്തിന്റെ താല്‍പര്യ സംരക്ഷകരെന്ന നിലയില്‍ പെരുമാറുന്നു എന്ന് മുഖ്യമന്ത്രി ആയിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് 1969ല്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ കോടതി ശിക്ഷിച്ചു. ഇഎംഎസ് പറഞ്ഞത് ശരിയായിരുന്നു എന്ന് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രം ശരിവച്ചു. ജഡ്ജിമാര്‍ തന്നെ പല കേസുകളിലും സ്വയംവിമര്‍ശനപരമായി കോടതികളുടെ വര്‍ഗതാല്‍പര്യങ്ങളെക്കുറിച്ച് പറഞ്ഞു.

അമേരിക്കയുടെ കേരള കമ്യൂണിസ്റ്റ് പേടി: തെളിവുകളുമായി രഹസ്യ രേഖകള്‍ പുറത്ത്

“നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന” പ്രദേശത്തെക്കുറിച്ചുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇഎംഎസ് പറഞ്ഞപ്പോള്‍ അത് കമ്മ്യൂണിസ്റ്റ് ചൈനയോടുള്ള വിധേയത്വമല്ലെന്നും പകരം ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന്റെ പ്രാധാന്യവും ബ്രിട്ടീഷുകാര്‍ വ്യക്തമായ അതിര്‍ത്തി നിര്‍ണയിക്കാതെ സങ്കീര്‍ണമാക്കിയ പ്രശ്‌നത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധാവുമായിരുന്നു അത് എന്നും മനസിലാക്കിയവര്‍ വിരളം. ചൈനയുമായി ഇടയ്ക്കിടെ അതിര്‍ത്തി സംഘര്‍ഷമുണ്ടാവുമ്പോളും ബോധമില്ലാത്ത നേതാക്കന്മാരും സൈനിക മേധാവികളും വീരവാദങ്ങളും യുദ്ധ കാഹളവും മുഴക്കുമ്പോളും ചൈനയുമായി ചര്‍ച്ചയല്ലാതെ അതിര്‍ത്തി പ്രശ്‌നത്തിന് മറ്റൊരു പരിഹാരമില്ലെന്ന വസ്തുത എല്ലാവര്‍ക്കും അറിയാം. ചൈനയെന്ന പാര്‍ട്ടി സമഗ്രാധിപത്യത്തില്‍ നിന്ന് ഏക നേതാവിന്റെ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങിയ രാജ്യത്തെ വിമര്‍ശനപരമായി വിലയിരുത്തുന്നതിലുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരാജയത്തെ തുറന്നുകാട്ടേണ്ടതുള്ളപ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല.

ഇത് ഒരു പഴയ വീഡിയോയാണ് – 1980കളില്‍ സിപിഎം ജനറല്‍ സെക്രട്ടറിയായ ഇഎംഎസ് നമ്പൂതിരിപ്പാട്, പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്, എം ബസവപുന്നയ്യ എന്നിവരുടെ ചൈന സന്ദര്‍ശനമാണ്. ഡെങ് സിയാവോ പിങ് അടക്കമുള്ള ചൈനീസ് നേതാക്കളുമായി ഇഎംഎസ് ചര്‍ച്ച നടത്തുന്നു:

“വ്യക്തികളായ നേതാക്കന്മാര്‍ നേതാക്കന്മാരാകുന്നത് അവര്‍ ഈ രാജ്യത്തെ ജനങ്ങളെ സേവിച്ചത് കൊണ്ടാണ്” എന്നും അത് മറന്നാല്‍ ജനങ്ങള്‍ അവരെ തള്ളിക്കളയും എന്നുമുള്ള ബോധ്യം ഇഎംഎസിനുണ്ടായിരുന്നു. ഈ ബോധ്യത്തെ അവഗണിച്ചവരൊക്കെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിയപ്പെട്ടു. ഇനിയും എറിയപ്പെടാനായി ക്യൂവില്‍ നില്‍ക്കുന്നു. എന്നാല്‍ വ്യക്തികളായ നേതാക്കന്മാരെ ന്യായീകരിക്കുക എന്നതാണ് പാര്‍ട്ടിയുടെ സൈബര്‍ സെല്ലുകളുടെ ഇപ്പോളത്തെ പ്രധാന പണി. കേരള പൊതുസമൂഹത്തിലെ ഇന്നത്തെ ഏറ്റവും സജീവമായ സംവാദ കേന്ദ്രങ്ങളില്‍ ഒന്നായ ഫേസ്ബുക്ക് അടക്കമുള്ളവയില്‍ വിമര്‍ശനം ഉയര്‍ത്തുന്നവരേയും രാഷ്ട്രീയ എതിരാളികളേയും അസഭ്യവര്‍ഷവും വ്യക്തപരമായ അധിക്ഷേപങ്ങളും സൈബര്‍ ഗുണ്ടാ ആക്രമങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം നേതൃത്വം. തൊഴിലാളികള്‍ക്ക് അപമാനമായ ന്യായീകരണ തൊഴിലാളികള്‍ അരങ്ങ് തകര്‍ക്കുന്നു. പാര്‍ട്ടി പരിപാടിയും പാര്‍ട്ടി നയങ്ങളും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പാര്‍ട്ടി കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനങ്ങളും ഒക്കെ ചര്‍ച്ചയാക്കുക എന്നതും പാര്‍ട്ടി പരിപാടിയും നയങ്ങളുമായി വൈരുദ്ധ്യം പുലര്‍ത്തുന്ന, കടകവിരുദ്ധമായ നിലപാടുകള്‍ പാര്‍ട്ടി നേതൃത്വവും അത് നയിക്കുന്ന സര്‍ക്കാരും സ്വീകരിക്കുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുന്നവരെ അധിക്ഷേപിക്കുക എന്നതാണ് പരിപാടി.

സംവാദങ്ങളെ ഭയപ്പെടുകയും സംവദിക്കാന്‍ ശേഷിയുള്ള നേതാക്കള്‍ക്ക് ദാരിദ്ര്യം നേരിടുകയുമാണ് കേരളത്തിലെ സിപിഎം നേതൃത്വം. അത് തെറ്റായി പോയി, എനിക്ക് തെറ്റ് പറ്റി, എന്‍റെ പാര്‍ട്ടിക്ക് തെറ്റ് പറ്റി, ഞങ്ങള്‍ക്ക് തെറ്റ് പറ്റി എന്നെല്ലാം പറയാന്‍ ഇഎംഎസ് മടി കാണിച്ചിരുന്നില്ല. തന്നോട് തന്നെയുള്ള ഇഎംഎസിന്റെ ‘ക്രൂരത’യെപ്പറ്റി എഴുതിയത് എംഎന്‍ വിജയനാണ്. മലയാളത്തിലെ ഏറ്റവും മനോഹരമായ ചരമക്കുറിപ്പുകളില്‍ ഒന്നില്‍ – അതില്‍ ഇങ്ങനെയും പറയുന്നു – “കാലം അദ്ദേഹത്തിന് വിരിച്ചിട്ട വസ്ത്രം പോലെയായിരുന്നു, ചരിത്രം പുസ്തകമായും വര്‍ത്തമാനം ഒരു രാഷ്ടീയപ്രയോഗമായും ഭാവി അനിശ്ചിതമായ ഉപജാപ മണ്ഡലമായും കാണുന്ന സാമാന്യ ബോധത്തില്‍ നിന്ന് വ്യത്യസ്തമാകുന്നു ഇത്”. മനുഷ്യര്‍ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് സ്വാഭാവികമായും തെറ്റുകള്‍ പറ്റുകയും ചെയ്യും. പാര്‍ടിക്ക് അകത്ത് ഉന്നയിക്കേണ്ട വിമര്‍ശനങ്ങള്‍ക്ക് പുറമേ പൊതുസമൂഹത്തോട് ഏറ്റുപറയേണ്ട, സ്വയംവിമര്‍ശനപരമായി കാണേണ്ട തെറ്റുകളും ഉണ്ട്. അത്തരം ശബ്ദങ്ങള്‍ കുറയുന്നു എന്നതാണ് സിപിഎം നേരിടുന്ന വലിയ സമകാലീന പ്രതിസന്ധി. പകരം ജനങ്ങള്‍ക്ക് വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. വെറുതെ ബഹളം വെക്കണ്ട എന്ന അഹങ്കാരത്തിന്‍റെയും ധാര്‍ഷ്ട്യത്തിന്‍റെയും സ്വരമാണ് അതുമായി ബന്ധപ്പെട്ട പലരും പൊതുവേദികളില്‍ ഉയര്‍ത്തുന്നത്. ഇത് ആശയവിനിമയത്തിലെ വലിയ പരാജയം തന്നെയാണ്. മനോഭാവങ്ങളെ മാറ്റാന്‍ സാങ്കേതികവിദ്യകള്‍ സഹായിക്കില്ല.

1998 ജനുവരിയില്‍ ഇഎംഎസിന്റെ അവസാനത്തെ പ്രസംഗം 12ാം ലോക്‌സഭയിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു. ഇവിടെ കൂടിയിരിക്കുന്ന വലിയ ആള്‍ക്കൂട്ടം ഐക്യമുന്നണിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് അധികാരത്തിലേറ്റാന്‍ തീരുമാനിച്ച് ഉറപ്പിച്ചിരിക്കുന്നവരാണ് എന്ന് ഇഎംഎസ് ആ പ്രസംഗത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് അന്ന് അധികാരത്തിലെത്തിയത്. വാജ്‌പേയിയുടെ സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് ഇഎംഎസ് ചരിത്രമാവുകയും ചെയ്തു. ഇപ്പോള്‍ രാജ്യം മറ്റൊരു ലോക്‌സഭ തിരഞ്ഞെടുപ്പിലേയ്ക്ക് അടുക്കുകയാണ്. ഇന്ത്യ ഹിന്ദുത്വ ഫാഷിസ്റ്റ് ഭീഷണി നേരിടുന്ന, ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളും ഭരണഘടനയും തന്നെ അപകടത്തിലായിരിക്കുന്ന ഈ സാഹചര്യത്തില്‍ നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട യുക്തമായ രാഷ്ട്രീയ അടവുനയം സംബന്ധിച്ച് ഇഎംഎസിന്റെ പാര്‍ട്ടി ആശയക്കുഴപ്പത്തിലാണ്. വരട്ടുതത്വവാദത്തിന്‍റെതായ ചില പിടിവാശികളിലുമാണ്.

ജൂലൈ 31: ഈ ദിവസം എന്തുകൊണ്ട് ദേശാഭിമാനിയും കമ്മ്യൂണിസ്റ്റ് നേതാക്കളും മറക്കരുതായിരുന്നു

പാര്‍ട്ടി പിളര്‍ത്തിയ ഇ എം എസിന്റെ ചിത്രം സിപിഐ ഓഫീസില്‍ എന്തിന് വെക്കണം?

ഇഎംഎസിനെ കൂട്ടുപിടിച്ച് എംഎ ബേബിയുടെ പോലീസ് വിമര്‍ശനം; ഈ പരാക്രമം ഇടതിന്റെ നയമല്ല

വി എസ് ഇ എം എസ്സിനെ പഠിക്കണം; പിണറായിയും

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍