UPDATES

കുമരകത്ത് കായല്‍ കയ്യേറി രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട്; ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒളിച്ചു കളിച്ച് റവന്യൂ വകുപ്പ്‌; പരാതിയുമായി പ്രസിഡന്റ്

മുഖ്യമന്ത്രി, റവന്യു മന്ത്രി, ജില്ല കലക്ടര്‍ എന്നിവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് എ പി സാലിമോന്‍ പരാതി നല്‍കിയിരിക്കുകയാണ്.

കോട്ടയത്ത് കുമരകം പഞ്ചായത്തിലെ പള്ളിച്ചിറയിലെ പഞ്ചനക്ഷത്ര നിരാമയ റിട്രീറ്റ് റിസോര്‍ട്ട് തണ്ണീര്‍ത്തടസംരക്ഷണ നിയമം ലംഘിച്ചും ഭൂമി കയ്യേറിയും അനധികൃതമായി പ്രവര്‍ത്തിച്ചു വരികയാണെന്നു കുമരകം പഞ്ചായത്ത്. ബിജെപി നേതാവും രാജ്യസഭ എംപിയും ഏഷ്യാനെറ്റ് ന്യൂസ് തലവനുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് നിരാമയ റിട്രീറ്റ് റിസോര്‍ട്ട്. പുറമ്പോക്ക് കയ്യേറി മതില്‍ കെട്ടുക, കായല്‍ വളച്ചെടുക്കുക, തോട് കയ്യേറി നികത്തുക തുടങ്ങി പരാതികളാണ് റിസോര്‍ട്ടിനെതിരേ ഉയര്‍ന്നിട്ടുള്ള പ്രധാന പരാതികള്‍. പഞ്ചായത്ത് റിസോര്‍ട്ടന്റെ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ വാസ്തവം ഉണ്ടെന്നു കണ്ടെത്തിയ ഹൈക്കോടതി, കയ്യേറ്റഭൂമിയൊഴിപ്പിച്ച് പഞ്ചായത്തിന് കൈമാറാന്‍ ഉത്തരവിട്ടിട്ടും ആവശ്യമായ നടപടിയെടുക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുന്നുവെന്നാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നത്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി, റവന്യു മന്ത്രി, ജില്ല കലക്ടര്‍ എന്നിവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് എ പി സാലിമോന്‍ പരാതി നല്‍കിയിരിക്കുകയാണ്. റവന്യു, മലനീകരണ നിയന്ത്രണങ്ങള്‍ ചട്ടങ്ങള്‍ ലംഘിച്ച റിസോര്‍ട്ടിനെതിരേ അടിയന്തരമായി അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ ആവശ്യം.

ഗുരുതരമായ നിയമലംഘനങ്ങളാണ് റിസോര്‍ട്ട് നടത്തിയിരിക്കുന്നതെന്നാണ് കുമരകം പഞ്ചായത്ത് പ്രസിഡന്റ് പി എ സാലിമോന്‍ അഴിമുഖത്തോട് പറയുന്നത്. “നിരാമയ റിസോര്‍ട്ടിന്റെ ചട്ടവിരുദ്ധവും ജനവിരുദ്ധവുമായ നടപടികള്‍ക്കെതിരേ പ്രാദേശികവാസികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഈ ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 2016-ല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജി പരിഗണിച്ച കോടതിക്ക് റിസോര്‍ട്ടിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കയ്യേറ്റം ഒഴിപ്പിച്ച് പഞ്ചായത്തിന് ഭൂമി കൈമാറാന്‍ തഹസില്‍ദാറോട് ഉത്തരവിട്ടു. ഈ ഉത്തരവ് പ്രകാരം 2016 ഒക്ടോബര്‍ 20 ന് തഹസില്‍ദാര്‍ പഞ്ചായത്തിന് ഒരു കത്ത് നല്‍കി. പുറമ്പോക്ക് ഭൂമിയും തണ്ണീര്‍ത്തടങ്ങളും പഞ്ചായത്തിനു കീഴില്‍ വരുന്നതായതുകൊണ്ട് നിരാമയ റിസോര്‍ട്ടിന്റെ കയ്യേറ്റഭൂമി പഞ്ചായത്ത് ഏറ്റെടുക്കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടത്. ഈ കത്ത് ലഭിച്ചതിനു പിന്നാലെ തൊട്ടടുത്ത ദിവസം പഞ്ചായത്ത് കമ്മിറ്റി കൂടുകയും ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു.

ഭൂമി തിരിച്ചു പിടിക്കണമെങ്കില്‍ റവന്യു വിഭാഗത്തിന്റെ സഹായം ആവശ്യമാണ്. സ്വഭാവികമായി പഞ്ചായത്ത് കമ്മിറ്റിയില്‍ ഉണ്ടായ തീരുമാനപ്രകാരം റവന്യൂ വിഭാഗത്തിനോട് കയ്യേറ്റ ഭൂമി അളന്നു തിരിച്ച് തിട്ടപ്പെടുത്തി പഞ്ചായത്തിനു കൈമാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കുമരകം പഞ്ചായത്ത് തഹസില്‍ദാര്‍ക്ക് കത്ത് നല്‍കി.

എന്നാല്‍ ഇങ്ങനെയൊരു കത്ത് നല്‍കി ഒമ്പതു മാസം കഴിഞ്ഞിട്ടാണ് റവന്യൂ വിഭാഗം ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രതികരണം നടത്താന്‍ തയ്യാറായത്. ഈ അനാസ്ഥതയില്‍ പഞ്ചായത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ അഡീഷണല്‍ സര്‍വേയറെ കയ്യേറ്റ ഭൂമി അളന്ന് തിരിച്ച് തിട്ടപ്പെടുത്താന്‍ ചുമതലപ്പെടുത്തി. കുമരകം പഞ്ചായത്ത് തുടക്കം മുതല്‍ വളരെ ഗൗരവമായി തന്നെയാണ് ഈ വിഷയത്തില്‍ ഇടപെട്ടു കൊണ്ടിരുന്നതിനാല്‍ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും നാലുപേരെയാണ് ഭൂമിയളന്നു തിട്ടപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ക്ക് സഹായം ചെയ്യാന്‍ നിയോഗിച്ചത്. അസിസ്റ്റന്റ് സെക്രട്ടറി, സെക്ഷന്‍ ഓഫിസര്‍, രണ്ട് പ്യൂണ്‍മാര്‍ എന്നിങ്ങനെ നാലുപേരെയാണ് നിയോഗിച്ചത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ വിഭാഗം തയ്യാറായിട്ടില്ലെന്നതാണ് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കുമെല്ലാം പരാതി നല്‍കാന്‍ പഞ്ചായത്തിനെ പ്രേരിപ്പിച്ചത്. ഒരാഴ്ച മുന്‍പ് റിപ്പോര്‍ട്ടിന്റെ കാര്യം ഓര്‍മിപ്പിച്ചുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി റവന്യൂ വിഭാഗത്തിലേക്ക് കത്തെഴുതിയിരുന്നതാണ്. അതിനും മറുപടി ഉണ്ടായില്ല എന്നതാണ് പരാതിയുമായി പോകാന്‍ പഞ്ചായത്തിനെ പ്രേരിപ്പിച്ചത്”- പ്രസിഡന്റ് പറയുന്നു.

"</p

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിന്‍ഡന്റ് പി എ സലിമോന്‍

വിനോദസഞ്ചാര ഭൂപടത്തില്‍ പ്രത്യേകസ്ഥാനം നേടിയ പ്രദേശമാണ് കുമരകം. ധാരാളം വിനോദസഞ്ചാരികളാണ് കായല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനുള്‍പ്പെടെ കുമരകത്തെത്തുന്നത്. അതനുസരിച്ചുള്ള ടൂറിസം വികസനവും ഇവിടെ നടക്കുന്നുണ്ട്. കായലോരത്തായി ഏകദേശം 26-ഓളം ചെറുതും വലുതുമായ റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമെല്ലാം സ്ഥിതി ചെയ്യുന്നുണ്ട്. ഇതില്‍ പലതും നക്ഷത്രസൗകര്യമുള്ളവയുമാണ്. വിനോദസഞ്ചാരമേഖലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുരസ്‌കാരങ്ങളും കുമരകം പഞ്ചായത്തിനെ തേടി വരുന്നുണ്ട്. റെസ്പോണ്‍സിബിള്‍ ടൂറിസത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പ്രധാന വരുമാന മാര്‍ഗവും ടൂറിസത്തില്‍ നിന്നാണ്. റിസോര്‍ട്ടുകളില്‍ നിന്നും മറ്റുമുള്ള നികുതി, സാമ്പത്തിക സുസ്ഥിരതയ്ക്ക് പഞ്ചായത്തിനെ ഏറെ സഹായിക്കുന്നുണ്ട്.

“ടൂറിസത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ അതിന്റെ പേരില്‍ നടത്തുന്ന നിയമലംഘനങ്ങളും കയ്യേറ്റങ്ങളും ഒരിക്കലും അംഗീകരിച്ചു കൊടുക്കാന്‍ പഞ്ചായത്ത് തയ്യാറാകില്ല. സിപിഎമ്മും ഡിവൈഎഫ്ഐയും ഇത്തരത്തില്‍ നടന്നിരിക്കുന്ന പല കയ്യേറ്റങ്ങള്‍ക്കുമെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തി അവ പരാജയപ്പെടുത്തിയിട്ടുണ്ട്. കൊച്ചു കായല്‍ കയ്യേറിയ ഇടശ്ശേരി ഗ്രൂപ്പിനെതിരേ വലിയ സമരം ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടത്തുകയും തത്ഫലമായി റവന്യു വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്ത സംഭവവും കുമരകത്തുണ്ട്. ഇപ്പോള്‍ നിരാമയ റിസോര്‍ട്ടിന്റെ കാര്യത്തിലും പഞ്ചായത്തും പാര്‍ട്ടിയും ശക്തമായ നടപടികളുമായി തന്നെയാണ് മുന്നോട്ടു പോകുന്നത്. ഒരു മാധ്യമം തന്റെ കൈയില്‍ ഉണ്ടെന്നും രാജ്യസഭ എംപിയാണെന്നതിന്റെ അധികാരവുമെല്ലാം ഉപയോഗിച്ച് റവന്യു നിയമങ്ങളെയും പഞ്ചായത്തിനെയുമെല്ലാം ധിക്കരിച്ച് മുന്നോട്ടു പോകാനുള്ള രാജീവ് ചന്ദ്രശേഖരിന്റെ ധാര്‍ഷ്ഠ്യം നടക്കില്ല.

രാജീവ് ചന്ദ്രശേഖറിന്റെ മാധ്യമ സ്വാതന്ത്ര്യ താത്പര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്

ഈ വിഷയം ഇപ്പോള്‍ ഉയര്‍ത്തി കൊണ്ടു വന്നത് രാഷ്ട്രീയപ്രേരിതമാണെന്നും തോമസ് ചാണ്ടി വിഷയത്തില്‍ ഏറ്റ തിരിച്ചടിക്കു പകരം ചെയ്യാന്‍ നോക്കുന്നതാണെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തോമസ് ചാണ്ടി വിഷയം ഉയര്‍ന്നു വരുന്നതിനും നാളുകള്‍കള്‍ക്കു മുന്നേ നിരാമയ റിസോര്‍ട്ടിനെതിരേ കുമരകം പഞ്ചായത്ത് നടപടികള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. റവന്യൂ വിഭാഗത്തില്‍ നിന്നുണ്ടായ കാലതാമസമാണ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നതിനു കാരണം.

പുറമ്പോക്ക് ഭൂമി കയ്യേറി മതില്‍ കെട്ടിയതിനു പുറമെ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് കായല്‍ കയ്യേറ്റം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികളും റിസോര്‍ട്ടിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. വേമ്പനാട് കായല്‍ കയ്യേറി കുറ്റിയടിച്ചതില്‍ റിസോര്‍ട്ടിനെതിരേ വന്‍പ്രതിഷേധം കുമരകത്ത് ആരംഭിച്ചു കഴിഞ്ഞു. നേരേമഠം തോടിനു സമീപത്തായി റിസോര്‍ട്ടിന്റെ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിച്ചതിനെതിരേ പ്രാദേശികവാസികള്‍ രംഗത്തു വന്നിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കുകയും വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ റിസോര്‍ട്ട് അധികൃതരെ വിളിക്കുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് മാലിന്യ പ്ലാന്റ് അവിടെ നിന്നും മാറ്റാമെന്ന് റിസോര്‍ട്ട് സമ്മതിച്ചു. പ്രവര്‍ത്തികള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ പ്ലാന്റ് അവിടെ നിന്നും പൂര്‍ണമായി മാറ്റിയിട്ടില്ലെന്ന കാര്യം പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് “- പി എ സലിമോന്‍ പറയുന്നു.

ഭൂമി തിരികെ പിടിക്കുകയെന്നത് റവന്യൂ വിഭാഗത്തിന്റെ സഹായത്തോടെ ചെയ്യേണ്ട കാര്യമാണ്. പഞ്ചായത്തിന് ഇക്കാര്യത്തില്‍ ഒറ്റയ്ക്ക് നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ല, അതേസമയം മാലിന്യപ്ലാന്റ് നിര്‍മാണം, കായല്‍ കയ്യേറ്റം എന്നീ പരാതികളില്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുമുണ്ട്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് നടപടികള്‍ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷയെന്നും പഞ്ചായത്ത് ഈ വിഷയത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുമെന്നും പി എ സലിമോന്‍ പറയുന്നു.

അങ്ങനെയെങ്കില്‍ ഏഷ്യാനെറ്റ് ഇനിയെന്താകും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍