ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ഒരു ദശകമെങ്കിലും വേണ്ടി വരും. ഇനിയൊരിക്കല്‍ കൂടി ഇത്തരമൊരു ദുരന്തം ഉണ്ടായാല്‍ പിന്നെ ഇടുക്കി കാണില്ല.
“കാലുവെട്ടിക്കളഞ്ഞിട്ട് നിങ്ങളോട് നടക്കാന്‍ പറഞ്ഞാല്‍ നിലത്തുരുണ്ട് വീഴില്ലേ, അത് തന്നെയാണ് ഇടുക്കിക്ക് സംഭവിച്ചത്. ചോടു മുഴുവന്‍ മാന്തിയെടുക്കുകയാണ്, അപ്പോള്‍ മുകളില്‍ നിന്നും ഇടിഞ്ഞു വീഴും”; റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും രാമക്കല്‍മേട് സ്വദേശിയുമായ മുരളി ഏറ്റവും ലളിതമായി ജില്ലയിലെ പ്രകൃതി ചൂഷണത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്. പ്രളയാനന്തരം ജില്ലയെ നോക്കി കാണുന്ന ഏതൊരാള്‍ക്കും ആ പറഞ്ഞതിലെ യാഥാര്‍ത്ഥ്യം ബോധ്യമാകും. കാലാവസ്ഥ വ്യതിയാനത്തിലുണ്ടായ അപ്രതീക്ഷിത മാറ്റമാണ് കേരളത്തെയാകെ തകര്‍ത്ത പ്രകൃതി ദുരന്തത്തിനു കാരണമെന്നത് പാടേ നിരാകരിക്കാന്‍ കഴിയില്ലെങ്കിലും ഇടുക്കിയുടെ ദുരവസ്ഥയ്ക്ക് മനുഷ്യന്‍ പ്രകൃതിയോട് ചെയ്ത/ ചെയ്തു കൊണ്ടിരിക്കുന്ന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് മുഖ്യകാരണം. 1950-കള്‍ക്കിപ്പുറം തൊട്ട് ഇടുക്കിയില്‍ ഉണ്ടായ കുടിയേറ്റം ഇന്നെത്തി നില്‍ക്കുന്നത് ഇവിടുത്തെ പരിസ്ഥിതിയെ തൊണ്ണൂറു ശതമാനവും തകര്‍ത്തുകൊണ്ടാണ്. ആ തകര്‍ച്ച പൂര്‍ണമാകുമെന്നു തന്നെയാണ് പ്രളയാനന്തരവും ഇടുക്കിയിലെ കാഴ്ച്ചകള്‍ പ്രവചിക്കുന്നതും.
ഇടുക്കിയിലേക്കുള്ള മനുഷ്യാഗമനത്തെ കുടിയേറ്റം എന്നാണ് ആദ്യം വിളിച്ചത്. കുടിയേറ്റം എന്നത് ഒരു ജീവല്‍പ്രയോഗമാണ്. എന്നാല്‍ കുടിയേറ്റം കൈയേറ്റമായി രൂപാന്തരം പ്രാപിച്ച് (അതേസമയം തന്നെ ആദ്യരൂപമായ കുടിയേറ്റത്തിലെ മാനുഷികപ്രശ്‌നം ഒരു മറയാക്കുകയും ചെയ്യുന്നു) കാടും മലയും പുഴയും ഒരേപോലെ കൈയടക്കിയപ്പോഴാണ് ചുവട് വെട്ടിയ സ്ഥിതിയിലേക്ക് ഈ മലയോര ജില്ല മാറിയത്. ഇനിയെപ്പോള്‍ വേണമെങ്കിലും ഇടുക്കി പൊട്ടിത്തകര്‍ന്നു വീഴാം… പക്ഷേ, മനുഷ്യന്‍ ഇപ്പോഴും തന്റെ തെറ്റുകള്‍ അംഗീകരിക്കാന്‍ സമ്മതിക്കുന്നില്ലെന്നതാണ് അത്ഭുതം. മൂന്നാറില്‍ പുതിയപാലത്തിനു താഴെ മുതിരപ്പുഴയാറില്‍ കാണപ്പെട്ട ‘ ദൈവത്തിന്റെ കൈ’ സാക്ഷ്യമാക്കി ഈ ദുരന്തമെല്ലാം ഈശ്വരന്റെ കളിയാണെന്ന് പറഞ്ഞുവയ്ക്കുന്നുണ്ട് പുരോഹിതര്‍! മൂന്നാറിനെ മുക്കിയ മുതിരപ്പുഴയാറിനെ വീണ്ടും ചെറുതാക്കി കൊണ്ട് ലോഡ് കണക്കിന് മണ്ണ് തട്ടാന്‍ മടി തോന്നാതിരുന്നവരുമുണ്ട്. കാടും മലയും പുഴയും ഇന്നീ ജില്ലയില്‍ അന്യരാക്കപ്പെട്ടു കൊണ്ടിരിക്കുകയും അതിക്രമിച്ച് കയറി വന്ന മനുഷ്യന്‍ അധിപരാവുകയുമാണ്.
1950 നുശേഷം തുടങ്ങിയ കുടിയേറ്റമാണ് ഇന്നീ അവസ്ഥയില്‍ ജില്ല എത്തി നില്‍ക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നത് കുടിയേറ്റക്കാര്‍ വസിക്കുന്ന പട്ടം കോളനിയിലെ താമസക്കാരനായ മുരളി തന്നെയാണ്. 50-നു മുമ്പ് ഇന്ന് മനുഷ്യരാല്‍ തിങ്ങിനിറഞ്ഞിരിക്കുന്നയിടങ്ങളെല്ലാം വലിയ കാടും മലകളുമായിരുന്നു. 1977 വരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ച കുടിയേറ്റമാണ് ഇടുക്കിയില്‍ നടന്നത്. കേരളം രൂപീകൃതമായിക്കഴിഞ്ഞ് സംസ്ഥാനത്തിന്റെ ഭാഗമായ ചില പ്രദേശങ്ങളില്‍ തമിഴ് സംസാരിക്കുന്നവര്‍ ഭൂരിപക്ഷമായി. രാമക്കല്‍മേടിനടുത്ത് കല്ലാറില്‍ ഇത്തരത്തില്‍ തമിഴ് ഭൂരിപക്ഷമായിരുന്നു. ഇത് മറികടക്കാന്‍ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള മലയാളികളെ കുടിയേറ്റി താമസിപ്പിച്ചു. ഒരു തൂമ്പയും നാലുമൂട് കപ്പയും നൂറു രൂപയും കൊടുത്താണ് ആളുകളെ കയറ്റിവിട്ടത്. ചെന്നവര്‍ വെട്ടിനിരത്തി ഏക്കറുകള്‍ സ്വന്തമാക്കി ഭൂമികള്‍ മുറിച്ചെടുത്തു. കോട്ടയത്ത് അക്കാലത്ത് ചെറിയ കേസുകളില്‍ പിടിയിലാകുന്നവരോട് ചോദിക്കുമായിരുന്നത്രേ; നീ ഇനി പണിയെടുത്ത് ജീവിക്കാന്‍ തയ്യാറാണോ? ആണേ… ഏമാനേ… എന്നു പറഞ്ഞാല്‍, നേരെ താലൂക്ക് ഓഫിസിലേക്ക് പോകാന്‍ പറയും. അവിടെ ചെല്ലുന്നവര്‍ക്ക് ഒരു തൂമ്പായും മണ്‍വെട്ടിയും നാലു മൂടു കപ്പയും കുറച്ച് പണവും കൊടുത്ത് കല്ലാറിലേക്ക് പോയ്‌ക്കോളാന്‍ പറയും… രാമക്കല്‍മേട്ടിലെ കല്ലാര്‍ പട്ടം കോളനിയുടെ ചരിത്രത്തില്‍ ഇത്തരം കഥകള്‍ പലതുണ്ട്.
പറഞ്ഞു വന്നത് സര്‍ക്കാര്‍ സഹായത്തോടെ നടന്ന വിപുലമായ കുടിയേറ്റത്തിന് ഒരു മാനുഷിക വശം ഉണ്ടെങ്കിലും കാട് തെളിച്ചും മല തുരന്നും മണ്ണിടിച്ചും വേണ്ടതിനെക്കാള്‍ കൂടുതലായി മനുഷ്യന്റെ ആവശ്യം വളര്‍ന്ന്, പ്രകൃതിയുടെ നിലനില്‍പ്പ് തന്നെ ആശങ്കയിലാക്കി ആ കുടിയേറ്റം കയ്യേറ്റമായി മാറുകയായിരുന്നു. 1977-നു ശേഷം സര്‍ക്കാരിന് തന്നെ ഇക്കാര്യം ബോധ്യമായതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരികയായിരുന്നുേ. 1980-നു ശേഷമാണ് ഇടുക്കി ഇക്കണ്ട പോലെ തെളിഞ്ഞതും ജനവാസ മേഖലകളും കാര്‍ഷിക മേഖലകളായതും. ഇന്നു കാണുന്ന ഇടുക്കി ഉണ്ടായത് 1980-കള്‍ക്ക് ഇപ്പുറം മാത്രമാണ്. പക്ഷേ, ഇടുക്കി ഇപ്പോഴും മനുഷ്യന്‍ അനധികൃതമായി കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നും വലിയൊരു വിഭാഗത്തിന്റെ കൈയിലും പട്ടയം പോലുമില്ലാത്ത ഏക്കറുകണക്കിന് ഭൂമിയുണ്ട്. ഇതില്‍ വനം കൈയേറിയെടുത്തതുണ്ട്, മല തുരന്ന് കൈയേറിയതുണ്ട്, പുഴ മൂടിയെടുത്തതുണ്ട്.
കട്ടപ്പന ടൗണില്‍പോലും പട്ടയം ഇല്ലാത്ത ഭൂമികള്‍ മനുഷ്യര്‍ സ്വന്തമാക്കി അനുഭവിക്കുന്നുണ്ട്. ഈ സ്ഥലമൊക്കെ സിഎച്ച്ആര്‍ (കാര്‍ഡമം ഹില്‍സ് റിസര്‍വ്) വനമേഖലായിരുന്നു. ഏലം കൃഷിക്ക് വേണ്ടി മാറ്റിവച്ച ഭൂമി. ഈ ഭൂമിയിലേക്കാണ് ജനം കുടിയേറി ഇന്ന് നെടുങ്കണ്ടവും കട്ടപ്പനയുമെല്ലാം ജനനിബിഡമായതും. അതുപോലെയാണ് ടിഎച്ച്ആര്‍ (ടീ ഹില്‍സ് റിസര്‍വ്) മേഖലകളിലും ജനത്തിരക്കേറിയിരിക്കുന്നത്. മൂന്നാര്‍ അതിന്റെ ഏറ്റവും വലിയ പ്രത്യക്ഷ ഉദാഹരണമായി മുന്നില്‍ ഉണ്ട്! ഇവിടങ്ങളില്‍ പട്ടയം പോലുമില്ലാതെ ജനം കുടിയേറി താമസം തുടങ്ങുകയായിരുന്നു. പല പ്രദേശങ്ങളിലും പട്ടയം കിട്ടിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. പട്ടയം കിട്ടാത്ത വാഗമണിലേയും മൂന്നാറിലെയും കുഞ്ചിത്തണ്ണിയിലേയുമൊക്കെ പല പ്രദേശങ്ങളും മനുഷ്യരുടെ കൈകളിലാണുള്ളതും. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമൊക്കെ നാശം വിതച്ച മണിയാറന്‍ കുടിയും വാഴത്തോപ്പിലുമൊക്കെ കാണുന്ന കാഴ്ച്ചകള്‍ ഹൃദയം തകര്‍ക്കുന്നതാണങ്കിലും വൈകാരിതകൊണ്ട് വിസ്മരിക്കരുതാത്ത ഒന്നു കൂടിയുണ്ട്. ഈ പ്രദേശങ്ങളും മനുഷ്യന്‍ കുടിയേറി സ്വന്തമാക്കിയതാണെന്ന്. ഇടുക്കി ഡാം വരുന്നതിനോടനുബന്ധിച്ച് മനുഷ്യാഗമനം ഉണ്ടായ സ്ഥലങ്ങളാണ് മണിയാറന്‍ കുടിയും വാഴത്തോപ്പുമെല്ലാം. മണ്ണും മലയും കയ്യേറിയെടുക്കുമ്പോള്‍, ഇത്തരമൊരു ദുരന്തം എന്നുവേണമെങ്കിലും സംഭവിക്കാമെന്ന് മറന്നു പോയതാണ് മനുഷ്യന്‍.
ഏതാണ്ട് 90 ശതമാനവും ഇടുക്കിയുടെ പ്രകൃതി മനുഷ്യന്‍ കൈയേറിയെന്നു തിരിച്ചറിഞ്ഞതോടെയാണ് സര്‍ക്കാര്‍ 77-ല്‍ കുടിയേറ്റം അവസാനിപ്പിക്കുന്നത്. പിന്നീട് കുടിയേറ്റങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പല തന്ത്രങ്ങളും പയറ്റി നോക്കുകയും ചെയ്തു. പെരിയാര്‍ തീരത്ത് 777 ചതുരശ്ര കിലോമീറ്ററില്‍ ടൈഗര്‍ റിസര്‍വ്, എലിഫന്റ് റിസര്‍വ് മേഖലകള്‍ പ്രഖ്യാപിക്കുന്നു, വരയാടുകളെ സംരക്ഷിക്കാന്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് കൊണ്ടുവരുന്നു. ഇങ്ങനെ റിസര്‍വ് വനമേഖലകള്‍ പ്രഖ്യാപിച്ച് ഇടുക്കിയെ സംരക്ഷിത വനമേഖലയായി നിലനിര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യന്റെ കൈയേറ്റം ഈ പറഞ്ഞ മേഖലകളില്‍ പോലും വ്യാപകമായി വരുന്നു എന്നതാണ് ഇപ്പോള്‍ മനസിലായിക്കൊണ്ടിരിക്കുന്നത്.
മനുഷ്യനില്ലാത്ത കാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകുന്നതിന് ആരാണ് കാരണം എന്ന ചോദ്യം ഇടുക്കിക്കാരും ചോദിക്കുന്നുണ്ട്. മനുഷ്യ ഇടപെടല്‍ നടക്കാത്ത പലയിടത്തും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ട്. വെള്ളം അധികമായി വന്ന് നിറയുമ്പോഴാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത്. അതെവിടെയും സംഭവിക്കാം. കാട്ടില്‍ പൊട്ടുന്നതിന് കാരണം കനത്ത മഴയാകാം. അമിതമായ അളവില്‍ വെള്ളം ചെല്ലുമ്പോള്‍ മണ്ണിന് അധികം ആഴമില്ലാത്ത ഇടങ്ങളില്‍ വെള്ളം ഊര്‍ന്നിറങ്ങി ചെന്ന് പാറയുമായി മണ്ണിനുള്ള പിടി വിടുന്നതിന് കാരണമുണ്ടാക്കും. ചെറുതായി മണ്ണ് പൊട്ടിയടര്‍ന്നല്‍ മതി വന്‍ ഉരുള്‍പൊട്ടലായി മാറാന്‍. വെള്ളമാണ് ഉരുള്‍പൊട്ടല്‍ ഉണ്ടാക്കുന്നത്. ഉയര്‍ന്ന ഭാഗങ്ങളിലെ മണ്ണിലേക്ക് വെള്ളം ഇറങ്ങുമ്പോള്‍ മണ്ണിന് ചെറിയ ഇളക്കം ഉണ്ടാകുന്നു. ആദ്യം ഈ മണ്ണായിരിക്കും ഇളകിയടരുക. ആ ഭാഗത്തേക്ക് വീണ്ടും വെള്ളം വീഴുമ്പോള്‍ മണ്ണിനകത്തുള്ള കല്ലുകളും പാറകളും കൂടിയിളകി പോരുകയാണ്. ഒരു കല്ലിളകിയാല്‍ മതി ബാക്കിയുള്ളവ കൂടി താഴേക്ക് പോരാന്‍. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് കുത്തിയൊലിച്ചു പോരുന്നതെന്നതിനാല്‍ അതിന്റെ വഴിയിലെ വന്‍ പാറകളും മരങ്ങളും മണ്ണും എല്ലാം കൂടി താഴേക്ക് കൊണ്ടു പോരും. ടണ്‍ കണക്കിന് ഭാരവുമായാണ് അവ താഴേക്ക് വരുന്നത്… വരുന്തോറും ശക്തി വര്‍ദ്ധിക്കുകയാണ്. ഉരുള്‍പൊട്ടലുകള്‍ കാട്ടില്‍ ഉണ്ടാകുന്നതിന് കാരണങ്ങള്‍ ഉരുള്‍പൊട്ടലുകള്‍ എങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന് മനസിലാകുന്നവര്‍ക്ക് അറിയാം. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ക്ക് പ്രധാന കാരണം മനുഷ്യന്‍ തന്നെയാണെന്നു പറയുമ്പോള്‍ അത് നിഷേധിച്ചിട്ട് കാര്യമില്ല. അറിഞ്ഞും അറിയാതെയും ചെയ്യുന്ന തെറ്റുകള്‍. ഇത്തവണ ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതില്‍ ഭൂരിഭാഗവും പുതിയ ഇടങ്ങളിലായിരുന്നു. ഉപ്പ്‌തോട് നാലുപേരുടെ മരണത്തിന് കാരണമായ വന്‍ ഉരുള്‍പൊട്ടലില്‍ മുപ്പതേക്കറോളം ഭൂമിയാണ് ഒലിച്ചു പോയത്. ഇവിടെ ആദ്യമായാണ് ഉരുള്‍പൊട്ടുന്നതും!
1989-ലാണ് കട്ടപ്പനയില്‍ ഉരുള്‍പൊട്ടല്‍ അവസാനമായി ഉണ്ടായത്. ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. അതിലൊരു കുട്ടിയുടെ മൃതദേഹം മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും കണ്ടെത്തിയിട്ടില്ല. അന്നാ ഉരുള്‍പൊട്ടലിന് കാരണം ഒരു കര്‍ഷകന് പ്രകൃതിയെക്കുറിച്ചുള്ള കണക്കുകൂട്ടലില്‍ വന്ന പിഴവായിരുന്നുവെന്ന് പറയുന്നുണ്ട്. കട്ടപ്പന കുണ്ടളംപാറയിലെ താമസക്കാരനായിരുന്ന കര്‍ഷകനും കുടുംബവും മലഞ്ചെരുവിലായിരുന്നു താമസം. വെള്ളത്തിനായി മല മുകളില്‍ കിണര്‍ കുത്തിയപ്പോള്‍ മഴ പെയ്യുമ്പോള്‍ മണ്ണൊഴുകിയെത്തി കുത്തിയ കുഴി മൂടിപോയ്‌ക്കോളും എന്നായിരുന്നു വിശ്വാസം. ജൂലൈ മാസത്തിലെ കനത്ത മഴയില്‍ കാര്യങ്ങള്‍ അയാള്‍ വിചാരിച്ചതുപോലെയല്ല സംഭവിച്ചത്. കുഴിയിലേക്ക് വെള്ളമിറങ്ങി താഴത്തെ മണ്ണിനിളക്കം സംഭവിക്കുകയും അടരുകയും ചെയ്തു. മണ്ണിനൊപ്പം പാറയും ഇളകിയതോടെ വലിയൊരു ഉരുള്‍പൊട്ടലായി മാറാന്‍ സമയമെടുത്തില്ല. കുത്തിയൊലിച്ചിറങ്ങിയ ദുരന്തം കര്‍ഷകന്റെ വീടിനു മുകളിലൂടെയാണ് ചെന്നവസാനിച്ചത്. ചോട് വെട്ടിയും മലയിളക്കിയും മരങ്ങള്‍ പിഴുതുമാറ്റിയുമൊക്കെ മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ എങ്ങനെയാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുന്നതെന്നതിന് ഉദാഹരണമാണ് ഈ സംഭവം.
രാമക്കല്‍മേട്ടില്‍ വര്‍ഷത്തില്‍ പത്തു മാസവും നിര്‍ത്താതെ മഴ പെയ്യുന്ന കാലം ഉണ്ടായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. നൂല്‍ മഴയായിരുന്നു കൂടുതലും, പിന്നെ കാലവര്‍ഷവും തുലാവര്‍ഷവും. എന്നാല്‍ ഇപ്പോള്‍ ആ മഴയെല്ലാം എങ്ങോട്ട് പോയെന്ന് ചോദിക്കുകയാണ്. അതിന്റെ കാരണം ഇപ്പോള്‍ അവരില്‍ ചിലര്‍ക്ക് മനസിലായിട്ടുണ്ട്. തിങ്ങിനിറഞ്ഞു നിന്നിരുന്ന മരങ്ങള്‍ വെട്ടി വെളുപ്പിച്ചതു തന്നെ കാരണം. കല്ലാര്‍ പട്ടം കോളനിയില്‍ അനുവദിച്ചതിനേക്കാള്‍ അഞ്ചും പത്തും ഇരട്ടിയാണ് ഇപ്പോള്‍ മനുഷ്യരുള്ളത്. തലമുറകള്‍ കൂടുന്നതോടെ മനുഷ്യരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. അവര്‍ക്ക് ഭൂമി വേണം; താമസിക്കാനും ജീവിതമാര്‍ഗത്തിനും. അതിനുവണ്ടി മരങ്ങളും മലകളും പിഴുതെടുക്കുകയാണ്. സിഎച്ച്ആര്‍ വനമേഖലയായിട്ടും നെടുങ്കണ്ടം ടൗണ്‍ മുതല്‍ കിഴക്കോട്ട്, കല്ലാര്‍ മുതല്‍ കിഴക്കോട്ട് പാമ്പാടുംപാറ എന്നിവിടങ്ങളിലൊക്കെ മനുഷ്യരുടെ കുടിയേറ്റം അമിതമായിട്ടുണ്ട്. കയ്യേറ്റമെന്ന് പറയുമ്പോള്‍ മൂന്നാറും വാഗമണ്ണുമൊക്കെയാണ് മനസില്‍ വരുന്നതെങ്കിലും ഇടുക്കി ഹൈറേഞ്ചിലെ മൊത്തം കയ്യേറ്റത്തിന്റെ ഏകദേശം ഇരുപത് ശതമാനം മാത്രമാണ് മൂന്നാറിലും വാഗമണ്ണിലും നടക്കുന്നത്. ഉടുമ്പന്‍ ചോല, ഇടുക്കി താലൂക്ക്, പീരുമേട് എന്നിവിടങ്ങളിലെയൊക്കെ കയ്യേറ്റങ്ങളെ ഇപ്പോഴം കുടിയേറ്റമെന്നാണ് വിളിക്കുന്നത്. താമസിക്കാനും കൃഷി ചെയ്യാനും കണ്ണില്‍ കാണുന്നയിടങ്ങള്‍ സ്വന്തമാക്കിയെടുക്കുമ്പോള്‍ ആ ഭൂമിയും അവിടുത്തെ പ്രകൃതിയും ഏത് തരത്തിലുള്ളതാണ്, അവയുടെ സന്തുലിതാവസ്ഥയ്ക്ക് നാശം വരുത്തിയാല്‍ ഫലം എന്തായിരിക്കുമെന്ന് ചിന്തിക്കുന്നേയില്ല. അതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോള്‍ ഏറ്റു വാങ്ങുന്നത്.
ഇടുക്കിയിലെ മനുഷ്യരെല്ലാം പ്രകൃതിയോട് ക്രൂരത കാട്ടുന്നവരാണെന്നോ അവരുടെ ജീവിതാവസ്ഥകള്‍ മനസിലാക്കാതെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടു കാര്യമില്ല. നിവൃത്തിയില്ലാതെ വന്നവര്‍ ഒട്ടനവധിയുണ്ട് ഈ ഹൈറേഞ്ചില്‍. അപകടത്തിനു നടുവില്‍ ജീവിതം വിതച്ച് കഴിഞ്ഞുപോരുന്നവര്‍. എണ്ണത്തില്‍ ഏറെയുള്ള നിര്‍ദോഷികളായ ആ മനുഷ്യരെയും ചില യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍മപ്പെടുത്തുകയാണെന്നു മാത്രം! ചെറുതോണി പാലത്തിനക്കരെ ഇപ്പോഴും ഭയം വിട്ടുപോകാത്ത വണ്ണം ഇടിഞ്ഞു തകര്‍ന്നു കിടക്കുന്ന സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടിലുവച്ച് താമസിക്കാന്‍ കുറച്ചാളുകള്‍ എത്തിയിരുന്നു. ആ പ്രദേശം മനുഷ്യവാസത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ് വന്നവരെ അവിടെ നിന്ന് ഇറക്കി വിട്ടതാണ്. പിന്നീട് അവിടെയൊരു മത ചിഹ്നം വന്നു, പുറകെ മനുഷ്യരും എത്തി. കുത്തിയൊലിച്ചു പായുന്ന പെരിയാറിന്റെ കരയിലുള്ള ആ പ്രദേശത്ത് ഇപ്പോഴുണ്ടായിരിക്കുന്ന നാശം എത്രവലുതാണെന്ന് ഓര്‍ക്കണം… തകര്‍ന്നു വീണ വീടുകള്‍, മരിച്ചു പോയ മനുഷ്യര്‍…
ഒരു വന്‍ ദുരന്തം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അതിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ഒരു ദശകമെങ്കിലും വേണ്ടി വരും. ഇനിയൊരിക്കല്‍ കൂടി ഇത്തരമൊരു ദുരന്തം ഉണ്ടായാല്‍ പിന്നെ ഇടുക്കി കാണില്ല. അതിന് അനുവദിക്കാതെ സ്വയം തിരുത്താന്‍ മനുഷ്യന്‍ ശ്രമിക്കണമെന്ന് മാത്രമാണ് പറയാന്‍ കഴിയുക. ജനങ്ങളെ ഒഴിപ്പിക്കുക എന്നതൊന്നും ഒട്ടും പ്രായോഗികമായ കാര്യമല്ല. എന്നാല്‍ മുന്‍കരുതലുകള്‍ എടുക്കാം. പ്രകൃതിയെ കടന്നാക്രമിച്ച് സ്വന്തമാക്കിയ പ്രദേശങ്ങളില്‍ നിന്ന് വീടുകളെങ്കിലും ഒഴിവാക്കി സുരക്ഷിതമായ, നിരന്ന സ്ഥലങ്ങളിലേക്ക് മാറാം. ഭീകരമായ ഉരുള്‍പൊട്ടലുകളുടെ കേന്ദ്രമായിരുന്നു പെരുവന്താനം. അറുപത് ഡിഗ്രി ചെരുവുകളിലുള്ള കൂറ്റന്‍ മലകള്‍. പെരുവന്താനത്തിന് താഴെയുള്ള ആനക്കാരിയിലൊക്കെ നൂറ്റാണ്ടുകളായി ഉരുള്‍പൊട്ടുന്നുവെന്നാണ് പറയുന്നത്. കെ കെ റോഡിനും മുകളില്‍ നിന്ന് വലിയ പറകള്‍ ഇടിഞ്ഞ് നാലും അഞ്ചും കീലോമീറ്ററുകള്‍ സഞ്ചരിച്ച് താഴെ പതിക്കുന്ന തരത്തിലുള്ള പൊട്ടലുകള്‍. പെരുവന്താനത്ത് ഉരുള്‍പൊട്ടലിന്റെ ഭീഷണി പ്രതിരോധിക്കാന്‍ അവിടെ താമസിച്ചിരുന്നവര്‍ ഉയര്‍ന്ന സ്ഥലങ്ങള്‍ നോക്കി വീടുകള്‍ വയ്ക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇത്തരം മുന്‍കരുതലുകള്‍ ഒരു പരിധിവരെ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുമ്പോള്‍ രക്ഷപ്പെടുന്നതിന് സഹായകമാണ്. ഇപ്പോള്‍ ജനസംഖ്യ കൂടിയപ്പോള്‍ ഈ മുന്‍കരുതലുകളൊക്കെ പെരുവന്താനത്തും തെറ്റിയിട്ടുണ്ടെങ്കിലും ഹൈറേഞ്ചില്‍ മൊത്തത്തില്‍ ഇത്തരം മുന്‍കരുതലുകളും ജാഗ്രതയും മനുഷ്യര്‍ക്ക് ഉപകാരപ്പെടുമെന്നാണ് നിലവിലെ ഇടുക്കി തെളിയിക്കുന്നത്.
ഇതാണ് പ്രളയാനന്തര ഇടുക്കി; തകര്‍ന്ന ഗ്രാമങ്ങള്‍, ജീവിതം- ചിത്രങ്ങളിലൂടെ