UPDATES

അന്‍വാസ് ഇനിയില്ല; മരണത്തിനു വിട്ടുകൊടുത്തത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് ഇത്രയൊക്കെ മതി എന്ന മനോഭാവമോ?

രണ്ടാഴ്ച കൂടുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികിത്സ ക്യാമ്പുകളും പരിശോധനകളും നടത്തണമെന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും മാസത്തില്‍ ഒരു തവണ പോലും ഇതൊന്നും നടക്കാറില്ല

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ 15-കാരന്‍ അന്‍വാസിന്റെ മരണം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഉണ്ടായ അനാസ്ഥമൂലമെന്ന് ആക്ഷേപം. എന്‍ഡോസള്‍ഫാന്‍ ബാധിതരായവര്‍ക്ക് അടിയന്തര ചികിത്സയും പ്രത്യേക പരിചരണവും നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശം വരെ ഉണ്ടായിട്ടും രക്ഷിക്കാമായിരുന്ന അന്‍വാസിന്റെ ജീവന്‍ തെറ്റായ രോഗനിര്‍ണയവും ചികിത്സയില്‍ ഉണ്ടായ കാലതാമസവും മൂലം നഷ്ടമായത് കാസറഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് തുടരുന്ന അവഗണനയുടെ മറ്റൊരുദ്ദാഹരണമെന്നാണ് ആക്ഷേപം.

കാസറഗോഡ് പെരിയ പഞ്ചായത്തില്‍ പെരിയ മഹാത്മ ബഡ്‌സ് സ്‌കൂള്‍ പരിസരത്ത് താമസിക്കുന്ന അബ്ദുള്‍ ഖാദര്‍- ഖദീജ ദമ്പതികളുടെ മകനായിരുന്നു അന്‍വാസ്. അബ്ദുള്‍ ഖാദറിനും ഖദീജയ്ക്കുമുള്ള അഞ്ചു മക്കളില്‍ അന്‍വാസ് മാത്രമാണ് എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന് ഇരയായത്. മാനസികാസ്വസ്ഥ്യമുള്ള അന്‍വാസിന് മറ്റ് രോഗങ്ങളൊന്നും ഇല്ലായിരുന്നുവെങ്കിലും അമിതവണ്ണം കുട്ടിക്കുണ്ടായിരുന്നു. 15 വയസുള്ള അന്‍വാസിന്റെ ശരീരഭാരം 104 കിലോയായിരുന്നു. ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അന്‍വാസിനെ കുറിച്ച് സ്‌കൂളിലെ അധ്യാപകര്‍ക്ക് മാത്രമല്ല, ആ പ്രദേശത്തും എന്‍ഡോസള്‍ഫാന്‍ ദുരതബാധിതരുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എല്ലാവര്‍ക്കും ഓര്‍ക്കാനും പറയാനും നല്ല കാര്യങ്ങള്‍ മാത്രമാണ്. കാണുന്ന എല്ലാവരേയും കെട്ടിപ്പിടിച്ച് തന്റെ സ്‌നേഹം പ്രകടിപ്പിക്കുന്ന അന്‍വാസിനെ ഇവര്‍ക്കാര്‍ക്കും മറക്കാന്‍ കഴിയില്ല. തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍, ഇരകളായ കുട്ടികളും അമ്മമാരും ചേര്‍ന്ന് നടത്തിയ സമരത്തില്‍ അന്‍വാസും ഉണ്ടായിരുന്നു. അന്ന് ഏറ്റവും പ്രസരിപ്പോടെ ആ സമരപ്പന്തലില്‍ ഉണ്ടായിരുന്ന അന്‍വാസ്, ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അങ്ങനെയുള്ളൊരു കുട്ടി അപ്രതീക്ഷിതമായി തങ്ങളെ വിട്ടുപോയതിന്റെ ഞെട്ടലും വേദനയും ആര്‍ക്കും മാറിയിട്ടില്ല.

ചെറിയ പനി ഇടയ്ക്ക് വരുമെന്നല്ലാതെ മറ്റ് അസുഖങ്ങളൊന്നും അന്‍വാസിന് ഉണ്ടായിരുന്നില്ല. പനി വരുമ്പോള്‍ പെരിയയില്‍ ഉള്ള ഡോക്ടറെ കാണിക്കാറാണ് പതിവ്. ഡോക്ടര്‍ കൊടുക്കുന്ന മരുന്ന് കഴിക്കുമ്പോള്‍ പനി മാറുകയും ചെയ്യും. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഇതുപോലൊരു പനി വന്നപ്പോഴും സ്ഥിരമായി കാണിക്കുന്ന ഡോക്ടറുടെ അടുത്ത് തന്നെയാണ് കൊണ്ടു പോയത്. ഡോക്ടര്‍ കൊടുത്ത മരുന്നുമായി തിരിച്ചു പോരുകയും ചെയ്തിരുന്നു. എന്നാല്‍ പെരുന്നാള്‍ ദിനം (വെള്ളിയാഴ്ച) രാവിലെ അന്‍വാസ് ചില അസ്വസ്ഥകള്‍ കാണിക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും പെരിയയിലെ അതേ ഡോക്ടറെ തന്നെ കൊണ്ടുപോയി കാണിച്ചു. ഡോക്ടര്‍ പരിശോധിച്ച് മരുന്നു കൊടുത്തു. അന്ന് വൈകുന്നേരമായപ്പോള്‍ വേദന കൂടുകയും കുട്ടി കൂടുതല്‍ അസ്വസ്ഥനാവുകയും ചെയ്തു. അങ്ങനെയാണ് ജില്ല ആശുപത്രിയില്‍ എത്തിക്കുന്നത്. ജില്ല ആശുപത്രിയില്‍ കുട്ടിയെ പരിശോധിച്ചശേഷം പേടിക്കത്തക്കതായി ഒന്നും ഇല്ലെന്നും മൂത്രവും രക്തവും കൂടി പരിശോധിച്ചേക്കാമെന്നായിരുന്നു പറഞ്ഞത്. രാവിലെ ഒമ്പതു മണിക്കു മുമ്പായാണ് അന്‍വാസിനെയും കൊണ്ട് മാതാപിതാക്കള്‍ ജില്ല ആശുപത്രിയില്‍ എത്തുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്ള കുട്ടിയായിട്ടുപോലും അന്‍വാസിന്റെ രക്ത/മൂത്ര പരിശോധനയുടെ ഫലം കിട്ടുന്നതു വൈകുന്നേരമാണ്. ഈ പരിശോധന ഫലം നോക്കിയതിനുശഷമാണ് കുട്ടിക്ക് കിഡ്‌നിക്ക് പ്രശ്‌നമുണ്ടെന്നും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ്ക്കാളാന്‍ പറയുന്നതും. അപ്പോള്‍ സമയം നാലുമണിയായിട്ടുണ്ടായിരുന്നു.

പരിയാരത്ത് എത്തുന്നതിനു തൊട്ടുമുമ്പ് വരെ അന്‍വാസ് സംസാരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയതും കുട്ടി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഗുരുതരമായൊരു അവസ്ഥയിലേക്ക് മാറിയ അന്‍വാസിനെ ഉടനെ ക്വാഷാലിറ്റിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, ഡോക്ടര്‍ എത്തി പരിശോധിക്കുമ്പോഴാണ് അന്‍വാസ് മരിച്ചു എന്നു വിവരം അറിയുന്നത്.

ഡോക്ടര്‍ പരിശോധിക്കും മുന്നേ മരണപ്പെട്ടതിനാല്‍ അന്‍വാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും ബന്ധുക്കള്‍ ആദ്യം സമ്മതിച്ചിരുന്നില്ല. പിന്നീട്, എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ പ്രവര്‍ത്തകരുമായി ഈ വിഷയം സംസാരിക്കുകയും അവരുടെ താത്പര്യപ്രകാരം അന്നേ ദിവസം രാത്രി തന്നെ ഡോക്ടറെ കണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള സന്നദ്ധ അറിയിക്കുകയും ചെയ്തതിന്‍ പ്രകാരം പിറ്റേദിവസം അന്‍വാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടിയുടെ മരണ കാരണം, വയറിനുള്ളിലുണ്ടായിരുന്ന അപ്പന്റിക്‌സ് പൊട്ടിയാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യക്തമായത്. അരമണിക്കൂര്‍ മുന്നേയെങ്കിലും കുട്ടിയെ ഇവിടെ എത്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ജീവനോടെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് പരിയാരത്തെ ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചത്.

ഈ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് അന്‍വാസിന്റെ മരണത്തിന് ജില്ല ആശുപത്രിയിലെ അനാസ്ഥ കാരണമായതായി പ്രതിഷേധം ഉയര്‍ന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ രോഗികള്‍ക്ക് പ്രത്യേക പരിചരണവും അടിയന്തരമായി ചികിത്സയും ലഭ്യമാക്കണമെന്നുമാണ് സുപ്രിം കോടതിയും മറ്റും നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ അന്‍വാസിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള പരിചരണമോ അടിയന്തര ഇടപടലോ ഉണ്ടായില്ലെന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. അരമണിക്കൂര്‍ മുമ്പെങ്കിലും കൊണ്ടുവന്നിരുന്നെങ്കില്‍ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്ന് പരിയാരത്തെ ഡോക്ടര്‍മാര്‍ പറയുമ്പോള്‍, അകാരണമായി കുട്ടിയുടെ ചികിത്സ വൈകിപ്പിക്കുകയും രോഗം കണ്ടെത്താന്‍ താമസിക്കുകയും ചെയ്ത ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഈ സംഭവത്തില്‍ കുറ്റക്കാരാണെന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നു. “വയറുവേദനയായി വന്ന കുട്ടിക്ക് സ്‌കാനിംഗ് നടത്തി നോക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല. മാത്രമല്ല, അവര്‍ നടത്തിയ രോഗനിര്‍ണയവും തെറ്റായിരുന്നു. കുട്ടി മരണപ്പെടുന്നത് വയറ്റിനുള്ളിലെ അപ്പന്റിക്‌സ് പൊട്ടിയാണ്. എന്നാല്‍ ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് കുട്ടിക്ക് കിഡ്‌നി പ്രശ്‌നമാണെന്നാണ്. തികച്ചും നിരുത്തരവാദപരമായ സമീപനമാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ആ കുട്ടിയുടെ കാര്യത്തില്‍ ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാണിച്ചത്. അതിനാല്‍ അവര്‍ക്കെതിരേ ശക്തമായ നടപടി ആവശ്യമാണ്. ഈ വിഷയം ഡിഎംഒയെ അറിയിച്ചപ്പോള്‍ വീഴ്ച സമ്മതിക്കുകയും നടപടി ഉണ്ടാകുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ബുധനാഴ്ച ജില്ല ആശുപത്രിയിലേക്ക് ധര്‍ണ സംഘടിപ്പിക്കുകയാണ്”, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അഴിമുഖത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസം സായിഗ്രാമത്തിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഒരു കുട്ടിയുടെ മരണം നടന്നിരുന്നു. ഇതിലും ചികിത്സ പിഴവുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ടെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകര്‍ പറയുന്നു. പ്രത്യേക ശ്രദ്ധ കൊടുക്കണമെന്ന് കോടതിയും സര്‍ക്കാരുമൊക്കെ പറയുമ്പോഴും യഥാര്‍ത്ഥത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ലഭിക്കുന്ന പരിഗണനയും പരിചരണവും എങ്ങനെയാണെന്നതിന് തെളിവാണ് അന്‍വാസിന്റെ മരണം എന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. മാനസികാസ്വാസ്ഥ്യമുള്ള ഒരു കുട്ടിയെ ഓരോ തവണ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴും പഴയ മരുന്നു തന്നെ വീണ്ടും വീണ്ടും എഴുതി കൊടുക്കുകയെന്നതുമാത്രമാണ് നടക്കുന്നത്. ഈ മരുന്നുകള്‍ വരിനിന്ന് വാങ്ങിപ്പോകേണ്ട ഗതികേട് മാതാപിതാക്കള്‍ക്കും.

രണ്ടാഴ്ച കൂടുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ചികിത്സ ക്യാമ്പുകളും പരിശോധനകളും നടത്തണമെന്നൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും മാസത്തില്‍ ഒരു തവണ പോലും ഇതൊന്നും നടക്കാറില്ലെന്നാണ് വാസ്തവം. അന്‍വാസിനെപോലെ ഓരോ ജീവനും പൊലിയുമ്പോള്‍ മാത്രമാണ് വാര്‍ത്തകളും മറ്റുമായി ഇക്കാര്യങ്ങള്‍ പുറത്തുവരുന്നത്. പക്ഷേ, സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം ഇനിയും കാണിക്കുന്നില്ലെങ്കില്‍ അന്‍വാസിന്റെതുപോലുള്ള മരണങ്ങള്‍ അവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്ന് കാസറഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മാതാപിതാക്കളും ബന്ധുക്കളും മുന്നണി പ്രവര്‍ത്തകരുമെല്ലാം ഒരുപോലെ പറയുന്നുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍