UPDATES

ട്രെന്‍ഡിങ്ങ്

എന്‍ഡോസള്‍ഫാന്‍: ഡിവൈഎഫ്ഐയെ കുറ്റപ്പെടുത്തും മുമ്പ് കേന്ദ്രത്തിന്റെ ഒളിച്ചുകളി മിണ്ടാത്തതെന്ത്?

വസ്തുത പ്രകാരം എല്ലാ രോഗികള്‍ക്കും അഞ്ച് ലക്ഷം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ല. അതിന് കേന്ദ്രസര്‍ക്കാരിന്‍റെ സഹായം അനിവാര്യമാണ്

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്കെല്ലാം അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കുക എന്ന സുപ്രിം കോടതി വിധി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിവൈഎഫ്ഐ എന്ന യുവജന സംഘടനയ്ക്ക് കേരളത്തില്‍ കിട്ടിയ വലിയ അംഗീകാരം കൂടിയായിരുന്നു അത്. ഡിവൈഎഫ്ഐ നടത്തിയ വന്‍ ജനകീയ ഇടപെടലിനെ തുടര്‍ന്നാണ് ഇത്തരം ഒരു വിധിയിലേക്ക് സുപ്രിം കോടതി എത്തുന്നത്. എന്നാല്‍ 2017 ജനുവരി പത്തിന്റെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ല എന്നാരോപിച്ച് ഇരകളുടെ അമ്മമാര്‍ തന്നെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

സുപ്രിം കോടതി, സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചുകൊണ്ട് നോട്ടീസ് അയച്ചിരിക്കുകയാണ്. മൂന്നുമാസത്തിനകം പ്രസ്തുത സംഖ്യ കൊടുത്തു തീര്‍ത്തിരിക്കണമെന്നായിരുന്നു അന്ന് നീതിപീഠം ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒരു വര്‍ഷം ആകാറായിട്ടും നഷ്ടപരിഹാരം കൊടുത്തു തീര്‍ത്തിട്ടില്ല എന്ന വസ്തുത വിരല്‍ ചൂണ്ടുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനങ്ങളില്‍ ഒന്നായ ഡിവൈഎഫ്ഐയുടെ നേര്‍ക്കാണ്. രണ്ട് ദിവസമായി മുഖ്യധാരാ വാര്‍ത്തകളില്‍ നിന്ന് മാറിനില്‍ക്കുന്ന വിഷയത്തെക്കുറിച്ച് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റും കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായ കെ. മണികണ്ഠന്‍ പറയുന്നത് കൂടി ശ്രദ്ധിക്കാം.

ഡിവൈഎഫ്ഐ അറിഞ്ഞോ? നിങ്ങള്‍ നേടിയെടുത്ത ചരിത്രവിധിയില്‍ സുപ്രീംകോടതി കേരള സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്

സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോട് കൂടി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നും ആ തുക കമ്പനികളില്‍ നിന്ന് ഈടാക്കണം എന്നുമാണ് സുപ്രിം കോടതി വിധി. അത്തരത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാര തുക നല്‍കുക എന്ന നിലപാടില്‍ നിന്ന് ഡിവൈഎഫ്ഐ ഒരടി പോലും പിന്നോട്ട് പോയിട്ടില്ലെന്ന് കെ. മണികണ്ഠന്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ 450 കോടിയുടെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പാക്കേജ് തയ്യാറാക്കി കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് പരിഗണിക്കുകയോ അനുഭാവപൂര്‍ണ്ണമായ നിലപാട് ഇക്കാര്യത്തില്‍ എടുക്കുകയോ ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കുന്നു. അതുപോലെ എല്ലാ രോഗികള്‍ക്കും അഞ്ച് ലക്ഷം രൂപ നല്‍കണം എന്ന സുപ്രിം കോടതി വിധിയില്‍ ആശയക്കുഴപ്പവും നിലനില്‍ക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ അസുഖവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള രോഗാവസ്ഥ അനുഭവിക്കുന്നവര്‍ കാസര്‍കോട് ജില്ലയിലുണ്ട്. പൂര്‍ണ്മമായും കിടപ്പിലായവര്‍, പരസഹായത്തോടെയും അതില്ലാതെയും ജീവിതത്തോട് മല്ലിടുന്നവര്‍. പ്രത്യക്ഷത്തില്‍ വലിയ കുഴപ്പങ്ങള്‍ കാണിക്കാത്തവര്‍ അങ്ങനെ പല തരത്തിലാണുള്ള അവസ്ഥകളിലൂടെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതം ഇവിടെയുള്ളവര്‍ അനുഭവിക്കുന്നത്. അതിനാല്‍ എല്ലാ രോഗികള്‍ക്കും അഞ്ച് ലക്ഷം രൂപ കൊടുക്കുക എന്ന വിധിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല വിധിയിലെ വ്യക്തതക്കുറവിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇത്രയും ആശയക്കുഴപ്പം നിലനില്‍ക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നതാണ് പ്രശ്നം. സംസ്ഥാന സര്‍ക്കാരിന് പരിമിതികള്‍ ഉണ്ട്. കേന്ദസര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കേണ്ട സാഹചര്യമുണ്ടെന്നും രോഗികള്‍ക്ക് നല്‍കുന്ന തുക പിന്നീട് കമ്പനികളില്‍ നിന്ന് ഈടാക്കുവാനും കേന്ദ്രസര്‍ക്കാറിന്‍റെ സഹായം അനിവാര്യമാണെന്നതും മറ്റൊരു വസ്തുത. ആഗോള കമ്പനികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഇത്രയും തുക സ്വരൂപിച്ചെടുക്കുവാന്‍ കഴിയില്ല. എന്നാല്‍ സഹായിക്കുന്നതിന് പകരം നിഷേധാത്മക നിലപാട് എടുക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു.

ഇവര്‍ ഇരകളാണെന്നതില്‍ ഇനിയുമെന്ത് വ്യക്തതയാണ് വേണ്ടത്? എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍

അതേ സമയം, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവും നിയമാവലിയും അനുസരിച്ച് 90 കോടി രൂപ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞതായും അതുമായി ബന്ധപ്പെട്ടുള്ള രോഗികളുടെ അവസ്ഥ മനസ്സിലാക്കി ഓരോരുത്തരും അര്‍ഹിക്കുന്ന തുക നല്‍കുവാന്‍ ഡിവൈഎഫ്ഐ മുന്നിട്ടിറങ്ങി എന്നതും സംസ്ഥാന വൈസ് പ്രസിഡന്‍റ് എടുത്തു പറയുന്നു. ഓരോ രോഗികളുടെയും ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അത്തരം കൃത്യത സുപ്രിം കോടതി ഉത്തരവില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും ഉത്തരവ് അതേപോലെ നടപ്പാക്കിയില്ല എന്ന് ആരോപിച്ചാണ് എന്‍ഡോസള്‍ഫാന്‍ പീഡിതമുന്നണി, ഇരകളുടെ അമ്മമാര്‍ മുഖേന കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുള്ളത്. എന്നാല്‍ വസ്തുത പ്രകാരം എല്ലാ രോഗികള്‍ക്കും അഞ്ച് ലക്ഷം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ല. അതിന് കേന്ദ്രസര്‍ക്കാരിന്‍റെ സഹായം അനിവാര്യമാണ്. ആ സഹായം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അപ്പോള്‍ ഡിവൈഎഫ്ഐ എങ്ങനെയാണ് വിഷയത്തില്‍ നിലപാട് എടുത്തില്ല എന്നും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ല എന്നും പറയാനാകുക? മണികണ്ഠന്‍ ചോദിക്കുന്നു. സുപ്രിം കോടതി ഉത്തരവ് നടപ്പാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. എന്നാല്‍ മാത്രമെ ഫലപ്രദമായി ഉത്തരവ് നടപ്പിലാക്കാന്‍ സാധിക്കൂ. സംസ്ഥാന സര്‍ക്കാറിനോട് അനുഭാവപൂര്‍ണമായ നിലപാട് പോലും ഈ വിഷയത്തില്‍ സ്വീകരിക്കുവാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

എന്നാല്‍ കൃത്യമായി അഞ്ച് ലക്ഷം തന്നെ നല്‍കാതെ കോടതി വിധിയെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു എന്ന തെറ്റിദ്ധാരണയാണ് ഇത്തരത്തില്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്യാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയെയും ഇരകളുടെ അമ്മമാരെയും പ്രേരിപ്പിച്ചിട്ടുണ്ടാകുകയെന്ന് ഡിവൈഎഫ്ഐ നേതാവ് പറയുന്നു. കൃത്യമായി ഓരോ ഇരയ്ക്കും അഞ്ച് ലക്ഷം വീതം നല്‍കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ സാധ്യമല്ല. മാത്രവുമല്ല, രോഗത്തിന്‍റെ അവസ്ഥ പലര്‍ക്കും പല തരത്തിലാണ്. കേന്ദ്രം സഹായിക്കുന്നുമില്ല. അപ്പോള്‍ എങ്ങനെയാണ് ഡിവൈഎഫ്ഐ ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാകുക? ഇതാണ് നേതൃത്വം ചോദിക്കുന്നത്. വിധി നടപ്പാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന ഓഫീസുകളിലേക്ക് ഇക്കഴിഞ്ഞ മാസവും ഡിവൈഎഫ്ഐ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയെ നേരില്‍ കണ്ടിരുന്നു. സംഘടനയുടെ നിലപാടില്‍ യാതൊരു മാറ്റവും ഇല്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്‍റ് പറയുന്നു.

1905 പേരെന്ന് ആദ്യം; പിന്നെ തിരുത്ത്; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുതിയ ലിസ്റ്റ് പ്രഖ്യാപനം വൈകിപ്പിക്കുന്നത് എന്തിനുവേണ്ടി?

എന്‍ഡോസള്‍ഫാന്‍ മുന്നണി പോലും പിളര്‍ന്നു കഴിഞ്ഞു. പിന്നെ ഇവര്‍ പറയുന്ന കാര്യങ്ങളില്‍ എന്തടിസ്ഥാനമാണ് ഉള്ളതെന്നും കെ. മണികണ്ഠന്‍ ചോദിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചുള്ള സഹായവിതരണം സംസ്ഥാന സര്‍ക്കാര്‍ തുടരുക തന്നെ ചെയ്യും. മൂന്നാം ഗഡുവാണ് ഇനി വിതരണം ചെയ്യാനുള്ളത്. വിവാദ പരാമര്‍ശങ്ങളില്‍ കഴമ്പില്ലെന്നും കെ. മണികണ്ഠന്‍ വ്യക്തമാക്കി.

13 വര്‍ഷമായി തളര്‍ന്നു കിടക്കുന്ന അമ്മ, ദുരിതം കണ്ട് ജീവനൊടുക്കിയ 16-കാരന്‍ മകന്‍, തകര്‍ന്നുപോയ ഒരു കുടുംബം; എന്‍ഡോസള്‍ഫാന്‍ ദുരിതപ്പെയ്ത്ത് തീരുന്നില്ല

(ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ അനുമതിയോടു കൂടി പകര്‍ത്തിയതാണ്, അവ ദുരുപയോഗം ചെയ്യണോ അനുവാദമില്ലാതെ പകര്‍ത്താനോ പാടുള്ളതല്ല)

മധു രാധാകൃഷ്ണന്‍

മധു രാധാകൃഷ്ണന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍