UPDATES

കേരളം

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര കേസ്: എം സ്വരാജിന്റെ വിശദീകരണ കുറിപ്പ്

”ലോകത്താദ്യമായി ഒരു യുവജന സംഘടന കീടനാശിനി ലോബിക്കെതിരായി നിയമയുദ്ധം നടത്തി നേടിയ മഹാവിജയമാണ് എന്‍ഡോസള്‍ഫാന്‍ കേസിലുണ്ടായത്. ഇരകള്‍ക്ക് നഷ്ടപരിഹാരവും ലഭിക്കും. ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രചരണങ്ങള്‍ സമൂഹത്തിന് ഗുണം ചെയ്യില്ല”

എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചതിന്റെ ഫലമായി ദുരിതബാധിച്ചവര്‍ക്കുളള നഷ്ടപരിഹാരം ലഭിക്കുന്നതിനു ഡിവൈഎഫ്‌ഐ നടത്തിയ നിയമയുദ്ധത്തിന്റെ ഫലപ്രാപ്തി സംമ്പന്ധിച്ച് വാര്‍ത്തകള്‍ക്കെതിരായി എം സ്വരാജ് എം എല്‍ എയുടെ വിശദീകരണ കുറിപ്പ് ഫേസ്ബുക്കില്‍ നിന്നും ലഭിച്ചു. ആ കുറിപ്പ് അഴിമുഖം അതുപോലെ പ്രസിദ്ധികരിക്കുന്നു

എന്‍ഡോസള്‍ഫാന്‍ സമ്പൂര്‍ണമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി മുമ്പാകെ ഡി വൈ എഫ് ഐ നടത്തിയ നിയമയുദ്ധം മഹത്തായ വിജയമാണ് നേടിയതെന്ന് എം സ്വരാജിന്റെ വിശദീകരണം. നഷ്ടപരിഹാരതുകയ്ക്കുളള നിയമയുദ്ധത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയിലാണ് ഇരകളുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് സംഘടന വീണ്ടും സുപ്രിം കോടതിയെ സമീപിച്ചത്. അതില്‍ അനുകൂല വിധിയാണ് കോടതിയില്‍ നിന്നുണ്ടായത്. ഇരകള്‍ക്ക് 5 ലക്ഷം വീതം നല്‍കണമെന്നായിരുന്നു വിധി. സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കണമെന്നും ആ പണം പിന്നീട് കീടനാശിനി കമ്പനികളില്‍ നിന്നും ഈടാക്കണമെന്നും വിധിയിലുണ്ട്.

പ്രസ്തുത നഷ്ടപരിഹാരം ഇതുവരെ നല്‍കിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി മുമ്പാകെ വന്ന പരാതിയിലാണ് സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചത്. ഇതു ചൂണ്ടിക്കാട്ടി ചില സംഘടനകള്‍ ഡിവൈഎഫ്‌ഐക്കെതിരെ പ്രചരണം ആരംഭിച്ചിട്ടുണ്ട്. ‘ഡിവൈഎഫ്‌ഐ അറിഞ്ഞോ’ എന്ന ചോദ്യം ഒരു ഓണ്‍ലൈന്‍ മാധ്യമം ഉയര്‍ത്തിയതായി കണ്ടു.

ഏത് വിമര്‍ശനത്തേയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ദു:സൂചനകളുള്ള ആക്ഷേപങ്ങളെ പൂര്‍ണമായി അവഗണിക്കുന്നു. വസ്തുതകള്‍ അറിയാത്തവരുടെയും , അറിഞ്ഞില്ലെന്ന് നടിക്കുന്നവരുടെയും ആക്ഷേപങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല.

നഷ്ടപരിഹാരം വിതരണം ചെയ്യാത്ത സാഹചര്യത്തില്‍ ഡി വൈ എഫ് ഐ സംസ്ഥാന ഭാരവാഹികള്‍ മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷന്റെ നിര്‍ദ്ദേശാനുസരണമുള്ള നഷ്ടപരിഹാര വിതരണത്തിനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വന്നത്. അത് ഇരകളെ പല വിഭാഗങ്ങളായി തിരിച്ചു കൊണ്ടുള്ളതായിരുന്നു. എന്നാല്‍ സുപ്രിം കോടതി വിധി എല്ലാവര്‍ക്കും 5 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് . ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ തുടരാമോ അതോ സുപ്രിം കോടതി വിധിയനുസരിച്ചുള്ള നഷ്ടപരിഹാരമാണോ നല്‍കേണ്ടത് എന്ന പ്രശ്‌നം കോടതിയുടെ മുമ്പാകെത്തന്നെ ഉന്നയിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യകതമാക്കി.

സംസ്ഥാന സര്‍ക്കാര്‍ ക്ലാരിഫിക്കേഷന്‍ പെറ്റീഷന്‍ സുപ്രിം കോടതിയില്‍ നല്‍കുമെന്നും അതില്‍ കോടതി തരുന്ന നിര്‍ദ്ദേശം പാലിച്ച് നഷ്ടപരിഹാരം നല്‍കുമെന്നുമുള്ള ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പമാണ്. നഷ്ടപരിഹാരം നല്‍കും. ഏത് മാനദണ്ഡമാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തതയ്ക്കു വേണ്ടി കോടതിയോട് ചോദിക്കുന്നു. അത്ര മാത്രം.

എന്‍ഡോസള്‍ഫാന്‍: ഡിവൈഎഫ്ഐയെ കുറ്റപ്പെടുത്തും മുമ്പ് കേന്ദ്രത്തിന്റെ ഒളിച്ചുകളി മിണ്ടാത്തതെന്ത്?

ഇതൊന്നും രഹസ്യമല്ല. ഒരു മാസം മുമ്പുതന്നെ (2017 നവംബര്‍ 9 ന് ) ഇക്കാര്യങ്ങള്‍ വിശദീകരിക്കാനായി തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഒരു വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിരുന്നതാണ്. അപ്പോള്‍ മാധ്യമങ്ങളാരും തന്നെ ഒരുവിധ സംശയവും ഉന്നയിക്കുകയുമുണ്ടായില്ല.

ലോകത്താദ്യമായി ഒരു യുവജന സംഘടന കീടനാശിനി ലോബിക്കെതിരായി നിയമയുദ്ധം നടത്തി നേടിയ മഹാവിജയമാണ് എന്‍ഡോസള്‍ഫാന്‍ കേസിലുണ്ടായത്. ഇരകള്‍ക്ക് നഷ്ടപരിഹാരവും ലഭിക്കും. ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രചരണങ്ങള്‍ സമൂഹത്തിന് ഗുണം ചെയ്യില്ല.

 

ഡിവൈഎഫ്ഐ അറിഞ്ഞോ? നിങ്ങള്‍ നേടിയെടുത്ത ചരിത്രവിധിയില്‍ സുപ്രീംകോടതി കേരള സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍