UPDATES

സ്വരാജിനോടും ഡിവൈഎഫ്ഐയോടും തന്നെയാണ്: ഇതെങ്ങനെയാണ് ദുരാരോപണമാകുന്നത്? കോടതി വിധിയിലെ അവ്യക്തത നീക്കാന്‍ ഒരു വര്‍ഷമായിട്ടും എന്തേ കഴിഞ്ഞില്ല?

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഡിവൈഎഫ്‌ഐയും ഇടതുപ്രസ്ഥാനങ്ങളും നടത്തിയ ഇടപെടലുകളും പോരാട്ടങ്ങളും മറ്റൊരു രാഷ്ട്രീയ-യുവജന പ്രസ്ഥാനങ്ങള്‍ക്കും അവകാശപ്പെടാനില്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ട് തന്നെ.

സുദീര്‍ഘമായ നിയമപോരാട്ടത്തിലൂടെ ഡിവൈഎഫ്‌ഐ 2017 ജനുവരി 10 ന് സുപ്രീം കോടതിയില്‍ നിന്ന് നേടിയെടുത്ത വിധിയാണ് കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിബാധിതര്‍ക്കെല്ലാം അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കുക എന്നത്. ഒരു മേഖലയിലെ ജനങ്ങള്‍ മാത്രമല്ല, കേരളത്തിന്റെ പൊതുസമൂഹം മുഴുവനായി ഈ കാര്യത്തില്‍ ഡിവൈഎഫ്‌ഐ എന്ന യുവജന പ്രസ്ഥാനത്തോട്, അതിന്റെ സാമൂഹ്യബാധ്യതയും ജനകീയതാതപര്യവും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വത്ത നിര്‍വഹണത്തില്‍ അങ്ങേയറ്റത്തെ കൃതജ്ഞത പ്രകടിപ്പിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം നല്‍കുക എന്ന വിധി സുപ്രിം കോടതി പുറപ്പെടുവിച്ചത് 2017 ജനുവരി 10 ന് ആയിരുന്നു. ഇതെഴുതുമ്പോള്‍ തീയതി 2017 ഡിസംബര്‍ 15. കോടതി ഉത്തരവ് വന്നിട്ട് ഒരു വര്‍ഷം തികയാന്‍ ഇനി കേവലം ദിവസങ്ങള്‍ മാത്രമാണ്. ഈയൊരു ഘട്ടത്തില്‍ ഇങ്ങനെയൊരു ആശങ്ക മുന്നോട്ടുവയ്ക്കുമ്പോള്‍, അത് അബദ്ധപ്രചാരണമായോ, ആശയക്കുഴപ്പങ്ങള്‍ക്കായി ആണെന്നോ കാണരുത്.

സുപ്രിം കോടതി വിധിയെ നീതിയുടെ വിജയമെന്നും ദുരിതബാധിതരുടെ വിജയമെന്നുമൊക്കെയാണ് നാം ആഘോഷിച്ചത്. ആ ആഹ്ലാദത്തില്‍ കാസറഗോട്ടെ ദുരിതബാധിതരും പങ്കുചേരുകയും പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പമെന്നു പറയുന്ന ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍. പക്ഷേ മൂന്നുമാസം കൊണ്ട് കൊടുത്തു തീര്‍ക്കണമെന്നു പറഞ്ഞ തുക ‘കോടതി വിധിയിലെ അവ്യക്തത’ കൊണ്ട് ഇത്രനാളായിട്ടും ലഭിക്കുന്നില്ലെങ്കില്‍, എന്തുകൊണ്ട് എന്ന ചോദ്യം ഉയരുക സ്വാഭാവികമാണ്. തീര്‍ച്ചയായും ഒരു പരാതിപോലെ, ആശങ്കപോലെ ചോദ്യം ഡിവൈഎഫ്‌ഐയോടും ഉന്നയിക്കും, അതില്‍ അസ്വസ്ഥത പ്രകടിപ്പിക്കേണ്ടതുണ്ടോ ആ പ്രസ്ഥാനത്തിന്റെ അമരക്കാര്‍?

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര കേസ്: എം സ്വാരാജിന്റെ വിശദീകരണ കുറിപ്പ്

എന്തുകൊണ്ട് വിധി നടപ്പാക്കുന്നില്ലെന്നു ചോദിച്ച് സുപ്രിം കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐയുടെ നിലപാടിനെ പ്രതി ചോദ്യമുയര്‍ത്തേണ്ടി വന്നതെന്നു കൂടി മനസിലാക്കണം. 2017 ജനുവരി പത്തിന്റെ വിധി നടപ്പിലാക്കുന്നില്ല എന്നാരോപിച്ച് ഇരകളുടെ അമ്മമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണം ചോദിച്ചുകൊണ്ടാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ഒരു വിധി ഉണ്ടായാല്‍ അത് നടപ്പാക്കപ്പെടണമല്ലോ. അതുണ്ടായില്ലെങ്കില്‍ എന്തുകൊണ്ട് എന്ന ചോദ്യം ആദ്യം ഉയര്‍ത്തേണ്ടത് ആ വിധി സമ്പാദിച്ചവര്‍ തന്നെയായിരിക്കണമല്ലോ, അതുണ്ടായില്ല. പകരം അമ്മമാരാണ് കോടതിയില്‍ പോയത്. ഡിവൈഎഫ്‌ഐയുടെ വീഴ്ചയായിട്ടല്ലേ അതു കാണേണ്ടത്? സുപ്രിം കോടതി വിധിയില്‍ അവ്യക്തതയുണ്ടെങ്കില്‍, അത് മാറ്റിക്കിട്ടാന്‍ ഒരു വര്‍ഷത്തോളം വേണോ ഒരു സര്‍ക്കാരിന്? കോടതിയില്‍ കേസ് നടക്കുമ്പോള്‍ പരാതിക്കാരുടെതായി പത്തു വക്കീലന്മാരോളം ഉണ്ടായിരുന്നു. നഷ്ടപരിഹാര തുക എല്ലാ ഇരകള്‍ക്കും വിതരണം ചെയ്യണമെന്ന് കോടതി പറഞ്ഞപ്പോള്‍, ഒരവ്യക്തതയും തോന്നിയില്ലേ? ഇപ്പോള്‍ ഒരുവര്‍ഷം കഴിയാറാകുമ്പോഴും നിലവില്‍ സ്വീകരിച്ചു പോരുന്ന നടപടികള്‍ തുടരാമോ അതോ സുപ്രിം കോടതി വിധിയനുസരിച്ചുള്ള നഷ്ടപരിഹാരമാണോ നല്‍കേണ്ടത് എന്ന പ്രശ്‌നം കോടതിയുടെ മുമ്പാകെ തന്നെ ഉന്നയിക്കാന്‍ സര്‍ക്കാര്‍ ‘ ആലോചിക്കുക’ ആണെന്ന ന്യായീകരണം എത്രമേല്‍ പരിഹാസ്യമാണെന്ന് സ്വയം ആലോചിക്കാവുന്നതാണ്.

ഡിവൈഎഫ്ഐ അറിഞ്ഞോ? നിങ്ങള്‍ നേടിയെടുത്ത ചരിത്രവിധിയില്‍ സുപ്രീംകോടതി കേരള സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്

സംസ്ഥാന സര്‍ക്കാര്‍ ക്ലാരിഫിക്കേഷന്‍ പെറ്റീഷന്‍ സുപ്രിം കോടതിയില്‍ നല്‍കാന്‍ ഒരുങ്ങുകയാണെന്നും അതില്‍ സുപ്രിം കോടതി തരുന്ന നിര്‍ദേശം പാലിച്ച് നഷ്ടപരിഹാരം നല്‍കുമെന്നുമുള്ള ഉറപ്പ് മുഖ്യമന്ത്രി നല്‍കിയെന്നുമാണ് ഡിവൈഎഫ്‌ഐ പറയുന്നത്.

തുടര്‍ന്നു പോരുന്ന നിലവിലെ നടപടികള്‍ എന്നാല്‍, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശാനുസരണമുള്ള നഷ്ടപരിഹാര വിതരണമാണ്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം വിതരണം ചെയ്യുന്ന ധനസഹായത്തില്‍ മൂന്നാം ഗഡു കൊടുക്കാനാണോ അതോ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ധനസഹായം നല്‍കാനാണോ എന്നകാര്യത്തിലാണ് സര്‍ക്കാരിന് വ്യക്തവേണ്ടത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ എല്ലാവര്‍ക്കും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍, ജസ്റ്റീസ് എന്‍ വി രമണ, ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്. കൂടാതെ എന്‍ഡോസള്‍ഫാന്‍ ഇരകളാകേണ്ടി വന്നതുമൂലം ജീവിതാവസാനം വരെ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നവര്‍ക്ക് ചികിത്സയും മറ്റ് വൈദ്യസഹായങ്ങളും ചെയ്തുകൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ധനസഹായമായി നല്‍കുന്ന തുക എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും പിന്നീട് സര്‍ക്കാര്‍ തിരികെ വാങ്ങിയെടുക്കണമെന്നുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. വ്യക്തമായി കാര്യങ്ങള്‍ കോടതി പറഞ്ഞിട്ടും ഇനിയും എന്തു കാര്യത്തിലാണ് സര്‍ക്കാരിന് വ്യക്തത കിട്ടാത്തതെന്നത് മനസിലാകുന്നില്ല.

ഇവര്‍ ഇരകളാണെന്നതില്‍ ഇനിയുമെന്ത് വ്യക്തതയാണ് വേണ്ടത്? എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് പ്രകാരമുള്ള ധനസഹായം ദുരിതബാധിതര്‍ക്ക് നല്‍കി വരുന്നുണ്ട്. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം നാല് കാറ്റഗറിയിലാക്കി ഇരകളെ തരംതിരിച്ചാണ് ധനസഹായം വിതരണം ചെയ്യുന്നത്. സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ വിദഗ്ദപാനലാണ് മൊത്തം ദുരിതബാധിതരുടെ ലിസ്റ്റില്‍ നിന്നും കാറ്റഗറിയായി തരംതിരിച്ചത്. ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, പൂര്‍ണമായി കിടപ്പിലായവര്‍, മറ്റ് ശരീരികാവശതകള്‍ അനുഭവിക്കുന്നവര്‍, മരിച്ചവരുടെ ആശ്രിതര്‍ എന്നിങ്ങനെ നാലായാണ് തിരിച്ചത്. മരിച്ചവരുടെ ആശ്രിതര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, പൂര്‍ണമായി കിടപ്പിലായവര്‍ എന്നിവര്‍ക്ക് അഞ്ചുലക്ഷവും മറ്റ് ശാരീരികാവശതകള്‍ നേരിടുന്നവര്‍ക്ക് മൂന്നുലക്ഷവും ധനസഹായം നല്‍കാനാണ് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചത്. ഇതു നടപ്പാക്കുന്നതിനിടയിലാണ് സുപ്രീം കോടതി ഉത്തരവ് വരുന്നത്.

സുപ്രിം കോടതി പറഞ്ഞിരിക്കുന്നത്; compensation should be release to all the undisburse persons എന്നാണ്. സര്‍ക്കാരും ഡിവൈഎഫ്‌ഐയുമെല്ലാം പറയുന്നൊരു അവ്യക്തത ഇവിടെയുണ്ട്. കാരണം, എന്‍എച്ച്ആര്‍എം നിര്‍ദേശാനുസരണമുള്ള തുകയുടെ വിതരണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് സുപ്രിം കോടതി വിധി വരുന്നത്. മുന്‍പേര്‍ രണ്ടു ഗഡു വിതരണം നടന്നതിനാല്‍ ഇവരെ ഒഴിവാക്കിയാണോ സുപ്രിം കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കേണ്ടത്, അതോ നഷ്ടപരിഹാര വിതരണം all the undisburse persosn എന്ന നിലയില്‍ നടത്തണോ എന്നത് ആശയക്കുഴപ്പം ഉണ്ടാക്കും. പക്ഷേ അതിലൊരു ഉത്തരം കണ്ടെത്താന്‍ ഒരു വര്‍ഷമായിട്ടും സ്റ്റേറ്റിന് കഴിഞ്ഞിട്ടില്ലെന്നാണോ? എന്‍എച്ച്ആര്‍എം ഉത്തരവും അതു നടപ്പിലാക്കി വരുന്ന കാര്യവും സുപ്രിം കോടതിയോട് ആ സമയത്ത് തന്നെ വ്യക്തമാക്കാന്‍ കഴിയാതെ പോയതെന്താണ് എന്ന ചോദ്യവും കൂടി ചേര്‍ക്കുന്നു.

പ്രിയ മുഖ്യമന്ത്രി, ഓര്‍മ്മകളുണ്ടായിരിക്കണം; കാസറഗോഡെ അമ്മമാര്‍ക്ക് വേണ്ടി ജമീലയും ചന്ദ്രാവതിയും എഴുതുന്നു

സുപ്രിം കോടതി വിധി പ്രകാരം ദുരിതബാധിതര്‍ക്ക് എല്ലാവര്‍ക്കും നഷ്ടപരിഹാരം കൊടുക്കണമെങ്കില്‍ വലിയൊരു തുക വേണ്ടി വരും. നിലവിലെ ലിസ്റ്റ് പ്രകാരം ഏകദേശം അയ്യായിരത്തിനടുത്ത് ആളുകളുണ്ട് (ഡിവൈഎഫ്‌ഐ, ഈ കാര്യം കൂടി ഒന്നു ശ്രദ്ധിക്കണം; കാസറഗോഡ് നിലവില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായി എത്രപേരുണ്ട് എന്ന്!). അയ്യായിരത്തനടുത്ത് പേര്‍ക്ക് അഞ്ചുലക്ഷം എന്നത് നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് ഒരു വലിയ തുക തന്നെയാണ്. പക്ഷേ അതൊരുതരത്തില്‍ കാരണമില്ലാത്ത ഭീതിയല്ലേ? സുപ്രീം കോടതി വ്യക്തമായി പറയുന്നുണ്ട്; Needless to mention that it shall be open to the state government to recover the aforestated compensation either from the concerned industry or from the government of India in case it is open to the State Government too make such recovery in consonance with law. സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്ന തുക അവര്‍ക്ക് എന്‍ഡോസള്‍ഫാന്‍ കമ്പനിയില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും തിരിച്ചുപിടിക്കാവുന്നതാണെന്നാണു സുപ്രിം കോടതി പറയുന്നത്. സംസ്ഥാനം കോടതിവിധി അനുസരിച്ച് പണം നല്‍കുക, പിന്നീട് അത് കമ്പനിയില്‍ നിന്നോ കേന്ദ്രത്തില്‍ നിന്നോ തിരികെ വാങ്ങിയെടുക്കുക, ഇതാണ് സുപ്രിം കോടതി പറഞ്ഞത്. പണം തിരിച്ചു കിട്ടാന്‍ ഏതെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ആ കാര്യം കോടതിയെ തന്നെ ബോധ്യപ്പെടുത്താം, കോടതി അതില്‍ തീരുമാനം എടുക്കും. അത് നിയമപരം. കേന്ദ്രം പണം തരുന്നില്ലെങ്കില്‍ അതു വാങ്ങിയെടുക്കാന്‍ തങ്ങളെല്ലാവരും സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് സമരം ചെയ്യാന്‍ തയ്യാറാണെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലുള്ളവര്‍ പറയുന്നു.

ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതെങ്ങനെയാണ് ദുഃസൂചനകളുള്ള ആരോപണങ്ങളാകുന്നത്? വസ്തുതകള്‍ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നവര്‍ വാസ്തവത്തില്‍ ആരാണ്? മാധ്യമങ്ങളോ? നഷ്ടപരിഹാരം വിതരണം ചെയ്യാത്ത സാഹചര്യത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികള്‍ മുഖ്യമന്ത്രിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതായി പറയുന്നു. അതിനുള്ള സര്‍ക്കാരിന്റെ മറുപടിയില്‍ അവര്‍ തൃപ്തരാണെന്നും മനസിലാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പമാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കാനായി 2017 നവംബര്‍ 9 ന് തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരണം നല്‍കിയിരുന്നതായും പറയുന്നു. അപ്പോള്‍ മാധ്യമങ്ങളാരും ഒരുവിധ സംശയങ്ങളും ഉന്നയിക്കുകയുണ്ടായില്ല എന്ന കുറ്റപ്പെടുത്തലും. നവംബര്‍ 9 എന്നു പറയുമ്പോള്‍ സുപ്രിം കോടതി വിധി നടപ്പിലാക്കേണ്ട സമയം കഴിഞ്ഞിട്ട് ഏതാണ്ട് എട്ടുമാസം അധികമായി കാണണം. തങ്ങള്‍ നേടിയെടുത്ത ഒരു വിധി എട്ടുമാസം കഴിഞ്ഞിട്ടും നടപ്പാക്കാത്തതെന്തെന്നു വൈകിയാണെങ്കിലും വിവരം തിരക്കാന്‍ ഇറങ്ങിയതില്‍ സന്തോഷം. പക്ഷേ ആ വൈകിയുള്ള വിശദീകരണത്തിനടിയില്‍ ആരും ഒന്നും സംശയം ഉയര്‍ത്തിയില്ലല്ലോ എന്ന ആക്ഷേപത്തിന് ചില മറുപടികള്‍ താഴെ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ടുകളിലുണ്ട്.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഡിവൈഎഫ്‌ഐയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും നടത്തിയ ഇടപെടലുകളും പോരാട്ടങ്ങളും മറ്റൊരു രാഷ്ട്രീയ-യുവജന പ്രസ്ഥാനങ്ങള്‍ക്കും അവകാശപ്പെടാനില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ഈ മേഖലയില്‍ ചെയ്ത കാര്യങ്ങളും സ്തുത്യര്‍ഹമാണ്. സുപ്രിം കോടതി വിധി എന്തുകൊണ്ട് നടപ്പാക്കാന്‍ കഴിയുന്നില്ല എന്ന ചോദ്യം മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങളെ കരിവാരി തേയ്ക്കാനോ ആക്ഷേപിക്കാനോ അല്ല. പ്രതീക്ഷയുള്ളിടത്താണല്ലോ പരാതികള്‍ ബോധിപ്പിക്കുക. അങ്ങനെ വേണം ഇതും കാണാന്‍. എന്തുകൊണ്ട് കാസറഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരത്തിനിറങ്ങുന്നു? എന്തുകൊണ്ട് എന്‍ഡഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുതിയ ലിസ്റ്റ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നില്ല? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും അവിടെ ബാക്കി നില്‍ക്കുമ്പോള്‍, ആരോടാണ് ഇതൊക്കെ ചോദിക്കേണ്ടത്, ആരാണ് ഇതിനൊക്കെ ഉത്തരം പറയേണ്ടത്…

ഞങ്ങള്‍ മരിച്ചാല്‍ ഞങ്ങളുടെ കുട്ടികള്‍ എന്തു ചെയ്യുമെന്ന് ചോദിക്കുന്ന ആ അമ്മമാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്

ഇനിയൊരു ജാഥ തുടങ്ങരുത്; ഇവരുടെ കണ്ണീര്‍ ഒപ്പിയിട്ടല്ലാതെ

തുടരുന്ന ഭരണകൂട വഞ്ചന; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരത്തിലേക്ക്

എന്‍ഡോസള്‍ഫാന്‍ ഇര രാജീവിയുടെ ആത്മഹത്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍