UPDATES

1905 പേരെന്ന് ആദ്യം; പിന്നെ തിരുത്ത്; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുതിയ ലിസ്റ്റ് പ്രഖ്യാപനം വൈകിപ്പിക്കുന്നത് എന്തിനുവേണ്ടി?

അന്തിമലിസ്റ്റില്‍ 1905 പേര്‍ ഉണ്ടാവില്ലെന്ന് ഔദ്യോഗിക വിശദീകരണം, ഒക്ടോബര്‍ 31 നകം ലിസ്റ്റ് പ്രഖ്യാപിക്കുമെന്നും

2017 ല്‍ ഏപ്രിലില്‍ നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പിലൂടെ 1905 പേരെ ദുരിതബാധിതരായി കണ്ടെത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെന്നാണ് എന്‍ഡോസള്‍ഫാന്‍ ദുരതബാധിതരുടെ പ്രതിനിധികള്‍ ഉയര്‍ത്തുന്ന ആക്ഷേപം. എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ ഡെപ്യടി കളക്ടര്‍ പറഞ്ഞ ഈ കണക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഇതുവരെ തയ്യാറാകാതിരിക്കുന്നത് ഈ കണക്ക് അട്ടിമറിക്കാനാണെന്നാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകര്‍ അടക്കം പറയുന്നത്.

കഴിഞ്ഞ കാമ്പില്‍ മൂന്നിറനടുത്ത് മാത്രം ദുരിതബാധിതര്‍മാത്രമാണ് ഉള്ളതെന്ന് കണക്കെടുത്തപ്പോള്‍ ഇത്തവണ അതിന്റെ എണ്ണം രണ്ടായിരത്തിനടുത്ത് എത്തിയിരിക്കുന്നു. ഇതില്‍ നിന്നും തന്നെ കാസറഗോഡെ അവസ്ഥ വ്യക്തമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതം ഇവിടെ ഇല്ലെന്നു വരുത്തി തീര്‍ക്കാന്‍ ചില കോണുകളില്‍ നിന്നു ശ്രമം നടക്കുന്നുണ്ട്. അതിനു സഹായകരമായ കാര്യങ്ങള്‍ സര്‍ക്കാരും ചെയ്തു കൊടുക്കുന്നതുപോലെയാണ് ദുരിതബാധിതരുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചു വയ്ക്കുന്നത്.

മൂന്നൂറ്റിയമ്പതിനടുത്ത് രോഗികളെ ഉള്ളൂ എന്ന് കണക്ക് എടുത്തശേഷം രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ആ കണക്ക് രണ്ടായിരത്തനടുത്ത് എത്തുമ്പോള്‍ കാസറഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കൂടിവരികയാണ് എന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ അംഗീകരിക്കാതെ പൊതുസമൂഹത്തിനു മുന്നില്‍ നിന്നും മറച്ചുവയ്ക്കുകയാണെന്നാണ് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നിണി ആരോപിക്കുന്നത്. ലിസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മാത്രമാണ് സര്‍ക്കാര്‍ നല്‍കേണ്ട സേവനങ്ങളും സഹായങ്ങളും ദുരിതബാധിതര്‍ക്ക് ലഭിക്കൂ. പക്ഷേ ഈ ഒളിച്ചു കളി അതും മുടക്കുകയാണെന്നാണ് ആരോപണം.

ഞങ്ങള്‍ മരിച്ചാല്‍ ഞങ്ങളുടെ കുട്ടികള്‍ എന്തു ചെയ്യുമെന്ന് ചോദിക്കുന്ന ആ അമ്മമാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്

ദുരിതബാധിതര്‍ക്കാവശ്യമായ ധനസഹായവും ചികിത്സ സകര്യങ്ങളും ഏര്‍പ്പെടുത്താത്തിനു സര്‍ക്കാര്‍ മറുപടി പറയണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 610 പേര്‍ക്ക് യാതൊരുവിധ സഹായങ്ങളും നാളിതുവരെ ലഭിച്ചിട്ടില്ല. വിദഗ്ദ ഡോക്ടര്‍മാര്‍ പരിശോധിച്ച് ലിസ്റ്റില്‍പ്പെട്ടവര്‍ക്കാണ് ഇത്തരം അവഗണന നേരിടുന്നത്. ഞങ്ങള്‍ സമരത്തിന് ഇറങ്ങാനുള്ള ഒരു കാരണം പുതിയ ലിസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതാണ്; എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പറഞ്ഞത്.

"</p

എന്നാല്‍ ഔദ്യോഗികമായി ലിസ്റ്റ് പ്രഖ്യാപിക്കാത്തതിന് കാരണം പറയുന്നുണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍. ഏപ്രിലില്‍ നടന്ന കാമ്പില്‍ നിന്നും ഉണ്ടാക്കിയ ലിസ്റ്റ് അവസാന ലിസ്റ്റ് അല്ലെന്നാണ് എന്‍ഡോസള്‍ഫാന്‍ സെല്ലിലെ സര്‍ക്കാര്‍ പ്രതിനിധി അഴിമുഖത്തോടു പറഞ്ഞത്. മൂന്നുഘട്ടങ്ങളിലൂടെയാണ് ലിസറ്റ് തയ്യാറാക്കുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ 11 സ്‌പെഷ്യാലിറ്റികളില്‍പ്പെട്ട വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു പാനല്‍ അഞ്ചുദിവസത്തെ കാമ്പ് നടത്തിയാണ് നമ്മള്‍ നേരത്തെ ലിസ്റ്റ് ചെയ്തവരെ പരിശോധിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷനാണ് ഇത് കോര്‍ഡിനേറ്റ് ചെയ്യുന്നത്. ഈ പരിശോധനയ്ക്കുശേഷം ഇവര്‍ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നു. ഈ പ്രാഥമിക ലിസ്റ്റിലാണ് 1905 പേര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ രണ്ടാംഘട്ടത്തില്‍ ഫീല്‍ഡ് എന്‍ക്വയറിക്ക് വിധേയരാക്കും. അതായത് ഇവര്‍ പ്ലാന്‍േഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയോ പരിസരങ്ങളില്‍ താമസിക്കുകയോ ചെയ്തിരുന്നവരാണോ എന്നുള്ളത്. ഇതിനെ ടെംപറാലിറ്റി എന്നു പറയും. മെഡിക്കല്‍ പോസിബിളിറ്റിയും ടെംപറാലിറ്റിയും കഴിഞ്ഞാല്‍ മൂന്നാം ഘട്ടമായി വീണ്ടുമൊരു മെഡിക്കല്‍ സംഘം കൂടി ഇവരെ പരിശോധിക്കും. അതില്‍ നിന്നാണ് അന്തിമ ലിസ്റ്റ് ഉണ്ടാവുന്നത്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അവസാനഘട്ടത്തിലാണ്. റവന്യു വകുപ്പ് മന്ത്രി ചെയര്‍മാനായുള്ള എന്‍ഡോസള്‍ഫാന്‍ സെല്‍ ഒക്ടോബര്‍ 31 വരെയാണ് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.അതിനുള്ളില്‍  തന്നെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.

ഏപ്രിലില്‍ നടന്ന കാമ്പില്‍ 1905 പേരെ ലിസ്റ്റില്‍ പെടുത്തിയെന്നു പറയുന്നത്, അന്തിമമായ ലിസ്റ്റിലുള്ളവരുടെ എണ്ണമായി കാണരുത്. അത് മെഡിക്കല്‍ പോസിബിളിറ്റി മാത്രം പരിഗണിച്ച് തയ്യാറാക്കിയ എണ്ണമാണ്. ഇനി ടെംപറാലിറ്റി കൂടെ പരിഗണിച്ചശേഷമേ അവസാന കണക്ക് പറയാന്‍ കഴിയൂ. ഇപ്പോള്‍ പറയുന്ന 1905 പേര്‍ യാതൊരു കാരണവശാലും അന്തിമ ലിസ്റ്റില്‍ ഉണ്ടാവില്ല.

(ചിത്രങ്ങള്‍ രോഗബാധിതരുടെ അമ്മമാരുടെയും ബന്ധുക്കളുടെയും അനുമതിയോടെ പകര്‍ത്തിയതാണ്; അനുവാദമില്ലാതെ ഇവ പുന:പ്രസിദ്ധീകരിക്കരുത്)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍