UPDATES

നീതിക്കുവേണ്ടി ഈ അമ്മമാര്‍ വീണ്ടും തെരുവിലിറങ്ങുന്നുവെങ്കില്‍ തോല്‍ക്കുന്നത് സിപിഎം തന്നെയാണ്

ഇടത് സര്‍ക്കാര്‍ ചേര്‍ത്തു പിടിച്ച കൈകള്‍ തന്നെയാണ് ഇടതിന് മുന്നില്‍ നീതിക്കായി മുഷ്ടി ചുരുട്ടുന്നത് എന്നോര്‍ക്കണം

മുഖ്യമന്ത്രീ.. ഒരു മധുനാരങ്ങയും കൊടുത്ത്, പ്രതീക്ഷയോടെ നോക്കിയ കണ്ണുകളിലെല്ലാം വിശ്വാസത്തിന്റെ വെളിച്ചം നിറച്ച അങ്ങ് മുഖ്യമന്ത്രിക്കസേരയിലിരുന്നപ്പോള്‍ മനപ്പൂര്‍വ്വം മറന്നുകളഞ്ഞ ഒരു കൂട്ടത്തിന്റെ പ്രതിനിധികള്‍ തലസ്ഥാനത്തെത്തിക്കഴിഞ്ഞു. വിഷമഴയില്‍ നനഞ്ഞു കരിഞ്ഞുണങ്ങി, തലമുറകളോളം തുടരുന്ന മഹാവ്യാധികളുമായി നരക ജീവിതം നയിക്കുന്ന കാസറഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുഞ്ഞുങ്ങളേയും മാറോട് ചേര്‍ത്ത് ഒരു സംഘം അമ്മമാര്‍ മാര്‍ച്ച് നടത്തുകയാണ്. രാവും പകലും ഒരുപോലെ, ഉറങ്ങാതെ കുഞ്ഞുങ്ങളുടെ ഞരക്കങ്ങളും മൂളലുകളും കാതോര്‍ത്ത് കത്തിക്കാളുന്ന പൊരിവെയിലത്ത് അവരെ വീണ്ടും നിര്‍ത്തുന്നതിന്റെ ഉത്തരവാദികള്‍ തീര്‍ച്ചയായും താങ്കളുടെ സര്‍ക്കാരാണ്. യു.ഡി.എഫിന്റെ കാലത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ പട്ടിണി സമരം നടത്തിയ അമ്മമാര്‍ക്കൊപ്പം താങ്ങായി നിന്ന ഇടത് പാര്‍ട്ടി അധികാരത്തില്‍ നില്‍ക്കുമ്പോള്‍, ഇരകള്‍ക്ക് അനുകൂലമായ വിധി സുപ്രീം കോടതിയില്‍നിന്നും അവരുടെ യുവജന സംഘടന തന്നെ നേടിയെടുത്തിട്ടു പോലും ഇരകള്‍ ഇന്നും നീതിക്ക് വേണ്ടി തെരുവില്‍ നില്‍ക്കേണ്ടി വരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ശേഷം പിന്നീടൊരിക്കല്‍ പോലും ഇവരോടുള്ള വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനുള്ള താത്പര്യം കാണിച്ചിട്ടില്ല ഇടതു സര്‍ക്കാര്‍. ചേര്‍ത്തു നിര്‍ത്തി കണ്ണീരൊപ്പിയും, പട്ടിണി സമരപ്പന്തലിലെ അമ്മമാര്‍ക്കൊപ്പം പട്ടിണി കിടന്നുമൊക്കെ ജനപക്ഷത്താണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ഇന്നത്തെ ഭരണപക്ഷം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി നിയമ പോരാട്ടം നടത്തി, അവര്‍ക്കായി സുപ്രീം കോടതിയുടെ ഉത്തരവ് വരെയും നേടിയെടുത്തതും ഇതേ ഇടതു സംഘടന തന്നെ. ഭരണം നടത്തുന്ന പാര്‍ട്ടിയുടെ യുവജനങ്ങള്‍ നേടിയ വിധി പോലും പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തില്ല.

“അത്ര വലിയ സങ്കീര്‍ണതകളൊന്നുമില്ലാത്ത വിഷയമാണെന്നിരിക്കിലും, നിശ്ചിത കാലയളവിനുള്ളില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്നിരിക്കെയും സര്‍ക്കാര്‍ ഈ വിഷയത്തോട് തീര്‍ത്തും അവഗണനാപരമായ നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. കഴിഞ്ഞ തവണ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരമിരുന്നപ്പോള്‍ ഇടത് നേതാക്കള്‍ക്കൊപ്പം അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയതൊക്കെയും തെറ്റായിപ്പോയി എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. എനിക്കിന്ന് അതില്‍ കുറ്റബോധം തോന്നുന്നു,” എന്‍ഡോസള്‍ഫാന്‍ ജനകീയ പീഡിത മുന്നണി നായകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറയുന്നു.

സുപ്രീം കോടതി വിധി നടപ്പിലാക്കാത്തത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മറുപടി ഇങ്ങനെ, അര്‍ഹരായവര്‍ക്കെല്ലാം കൊടുത്തുകഴിഞ്ഞു, ബാക്കിവരുന്ന മൂവായിരത്തോളം പേരില്‍ അനര്‍ഹരുണ്ട്, പരിശോധനകള്‍ക്ക് ശേഷമേ അവര്‍ക്ക് സഹായം നല്‍കുവാന്‍ സാധിക്കുകയുള്ളൂ എന്നാണ്. സര്‍ക്കാര്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത പലരും യഥാര്‍ത്ഥത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളല്ലെന്ന് സര്‍ക്കാര്‍ കണ്ടെത്തുകയും, ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തിരുന്ന പലരേയും ലിസ്റ്റില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഇവര്‍ ഇരകളാണെന്നതില്‍ ഇനിയുമെന്ത് വ്യക്തതയാണ് വേണ്ടത്? എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍

“മെഡിക്കല്‍ ക്യാമ്പ് നടത്തിയത് സര്‍ക്കാരാണ്. സര്‍ക്കാര്‍ തന്നെ ഏര്‍പ്പെടുത്തിയ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ക്യാമ്പുകളില്‍ പങ്കെടുത്തത്. ഈ ഡോക്ടര്‍മാര്‍ നല്‍കിയ ലിസ്റ്റില്‍ പെട്ട ആളുകള്‍ അനര്‍ഹരെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കാനാകും? രണ്ടായിരത്തില്‍ നടന്ന ക്യാമ്പില്‍ 20,000 പേര്‍ രജിസ്‌ററര്‍ ചെയ്ത്, പത്തായിരത്തോളം പേരെ ക്യാമ്പിലെത്തിച്ചു, ഇതില്‍ നിന്ന് 4,182 പേരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഇതേ രീതിയില്‍ തന്നെയാണ് മറ്റ് ക്യാമ്പുകളും നടന്നത്. ഇങ്ങനെ ഒരുക്കിയ ലിസ്റ്റിലെങ്ങനെ അനര്‍ഹര്‍ കടന്നുകൂടും? വിദഗ്ധ ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞ് സര്‍ക്കാര്‍ തന്നെ അവതരിപ്പിച്ച ഡോക്ടര്‍മാര്‍ കണ്ടെത്തിയവര്‍ അനര്‍ഹരാണെന്ന് ഇന്ന് സര്‍ക്കാര്‍ തന്നെ പറയുമ്പോള്‍ ആ ഡോക്ടര്‍മാര്‍ വ്യാജന്‍മാരായിരുന്നുവോ? വളരെയധികം സിസ്റ്റമാറ്റിക്കായി നടന്ന ലിസ്റ്റിംഗില്‍ അനര്‍ഹര്‍ക്ക് ഇടം ലഭിച്ചുവെങ്കില്‍ ആരുടെ ശുപാര്‍ശ കത്തുമായി ചെന്നിട്ടാണ് അവര്‍ക്ക് ലിസ്റ്റില്‍ ഇടം ലഭിച്ചത്? സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുമെന്ന് അവര്‍ പറയുന്നു. ആരുടെ നേര്‍ക്കാണ് അന്വേഷണം? ഈ പാവപ്പെട്ട രോഗികള്‍ക്ക് നേരെയാണോ? അങ്ങനെയെങ്കില്‍ ലിസ്റ്റിങില്‍ കൃത്രിമത്വം കാണിച്ച ഡോക്ടര്‍മാര്‍ക്കും ഉദ്യാഗസ്ഥര്‍ക്കും നേരെയല്ലേ അന്വേഷണം നടത്തേണ്ടത്? ഇതൊക്കെയാണ് ഞങ്ങളുടെ സംശയങ്ങള്‍. ഞങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. അതിനാല്‍ തന്നെ ലിസ്റ്റില്‍ അനര്‍ഹരില്ലെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു“, എന്‍ഡോസള്‍ഫാന്‍ ജനകീയ പീഡിത മുന്നണി പ്രവര്‍ത്തക മുനീസ അമ്പലത്തറ പറയുന്നു.

ചികിത്സാ ചിലവിനായെടുത്ത കടത്തിന്റെ കാര്യത്തിലും മറ്റും ഉള്ള ഡിവൈഎഫ്ഐ നിലപാട് ഇങ്ങനെയാണ്, ആര്‍ക്കും ജപ്തി ഭീഷണി നേരിടേണ്ടി വരില്ല, ഞങ്ങള്‍ അതിനെ തടയും എന്നാണ്. വര്‍ഷാവര്‍ഷം മോറട്ടോറിയം പ്രഖ്യാപിക്കുകയല്ല, മറിച്ച് കടങ്ങള്‍ എഴുതി തള്ളുകയാണ് വേണ്ടത്. മാനസികമായി തളര്‍ന്ന, സാമ്പത്തിക ഭദ്രത അത്രയെന്നും പോരാത്ത കുടുംബങ്ങളെ വീണ്ടും വീണ്ടും തളര്‍ത്തിക്കൊണ്ട് ഇനിയും ജപ്തി നോട്ടീസുകള്‍ അയക്കരുത്.

സുപ്രീം കോടതി വിധി നടപ്പാക്കുക, 2017 മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയ 1905 പേരെ പ്രഖ്യാപിക്കുക (കീടനാശിനി ലോബികള്‍ക്കു വേണ്ടി 287 ആയി പിന്നീടിത് ചുരുക്കിയെന്നും ആരോപണമുണ്ട്) പുനരധിവാസം നടപ്പാക്കുക, ട്രിബ്യൂണല്‍ സ്ഥാപിക്കുക, കടങ്ങള്‍ എഴുതിത്തള്ളുക, 2013 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് റേഷന്‍ സംവിധാനം പുന:സ്ഥാപിക്കുക, ബഡ്‌സ് സ്‌കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വ്വീര്യമാക്കുക, നെഞ്ചംപറമ്പില്‍ കിണറിലിട്ട് മൂടിയ എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുക്കുക, പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക, ദുരിതബാധിത കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുമാണ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ഉന്നയിക്കുന്നത്.

ഡിവൈഎഫ്ഐ അറിഞ്ഞോ? നിങ്ങള്‍ നേടിയെടുത്ത ചരിത്രവിധിയില്‍ സുപ്രീംകോടതി കേരള സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്

ദുരിതബാധിതരായ കുട്ടികളില്‍ മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെ കഴിയുന്നത്ര വേഗത്തില്‍ ചികിത്സയ്ക്ക് വിധേയരാക്കിക്കഴിഞ്ഞാല്‍ അവരുടെ ജീവിതത്തില്‍ ഗുണകരമായി ഇടപെടാനാകും. അത്തരം ചികിത്സയിലൂടെ കുഞ്ഞുങ്ങളുടെ ദുരിത ജീവിതത്തിന്റെ 80 ശതമാനം സങ്കീര്‍ണ്ണത ഒഴിവാക്കുവാന്‍ കഴിയും. അങ്ങനെ വന്നാല്‍ ഈ നാട്ടില്‍ ഒരു കുഞ്ഞിന് പോലും കിടന്ന കിടപ്പില്‍ ജീവിതം തള്ളിനീക്കേണ്ടതായി വരില്ല. ഇവിടെയാണ് നിരന്തരമായ നിസ്സംഗതകൊണ്ട് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇവര്‍ക്കുമേല്‍ ഭീകരത കാട്ടുന്നത്.

ഞങ്ങള്‍ മരിച്ചാല്‍ ഞങ്ങളുടെ കുട്ടികള്‍ എന്തു ചെയ്യുമെന്ന് ചോദിക്കുന്ന ആ അമ്മമാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്

പത്തുവര്‍ഷത്തിലധികമായി ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ സാമൂഹ്യപ്രവര്‍ത്തക ദയാഭായി എത്തിയതോടെ വളരെ പ്രതീക്ഷയിലാണ് ഇവിടുത്തെ അമ്മമാര്‍. ഇത് ഞങ്ങളുടേയും അമ്മയാണെന്ന് പറഞ്ഞ് പലരും അവരെ നെഞ്ചോട് ചേര്‍ത്ത് വിതുമ്പി. ജീവിക്കാന്‍ നല്ല അന്തരീക്ഷവും, ജോലിയും ഉയര്‍ന്ന വിദ്യാഭ്യാസവുമുണ്ടായിരുന്നിട്ടും തീരെ താഴെക്കിടയിലുള്ള ഒരു സമൂഹത്തിനൊപ്പം നിന്ന് അവര്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ ചിലവഴിച്ച്, നാടും, വീടും, പേരും ഉപേക്ഷിച്ച് വസ്ത്ര ധാരണം പോലും അവരെ പോലെയാക്കിയ ഒരമ്മ അവര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വിജയം ഉറപ്പാണ്, നീതി അത്ര ദൂരത്തല്ല എന്ന ഒരു തോന്നലാണ് അവര്‍ക്ക്. പതിയെ പതിയെ നിരാശയിലേക്ക് കൂപ്പുകുത്തിയേക്കാവുന്ന ഒരു സമൂഹത്തിന് ലഭിച്ച ഊര്‍ജ്ജമാണ്.

എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് ബഡ്സ് സ്കൂള്‍ ആരോഗ്യവകുപ്പ് എംസിആര്‍സി ആക്കിയതിനു പിന്നിലെ താത്പര്യമെന്താണ്?

ഇടത്, വലത് സര്‍ക്കാരുകള്‍ പലതവണയായി വലിയ വലിയ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അമ്മമാരും, അവരുടെ തീരാ വേദനയായി ജീവിക്കുന്ന പൊന്നോമനകളും തലസ്ഥാനത്തെത്തിയിരിക്കുന്നു. ഇടത് സര്‍ക്കാര്‍ ചേര്‍ത്തു പിടിച്ച കൈകള്‍ ഇടതിന് മുന്നില്‍തന്നെ നീതിക്കായി മുഷ്ടി ചുരുട്ടി ഉയരുമ്പോള്‍ തോറ്റുപോകുന്നത് സിപിഎം തന്നെയാണ്.

ദയാബായിയും ഒപ്പം; എന്‍ഡോസള്‍ഫാന്‍ ഇരകളുമായി അമ്മമാര്‍ വീണ്ടും സെക്രട്ടറിയേറ്റ് പടിക്കലേക്ക്

(ഇതില്‍ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ അനുമതി കൂടാതെ പുന:പ്രസിദ്ധീകരിക്കുകയോ ദുരുപയോഗം ചെയ്യുകയോ പാടില്ല)

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍