UPDATES

ട്രെന്‍ഡിങ്ങ്

വത്തിക്കാന്റെ ക്ലീന്‍ ചിറ്റില്‍ സര്‍വ്വശക്തനായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി; എതിര്‍ ശബ്ദങ്ങള്‍ ഇനി സീറോ

വ്യാജരേഖ ചമച്ചെന്ന കേസില്‍ തനിക്കെതിരേ നില്‍ക്കുന്ന വൈദിക സമിതിയേയും പിരിച്ചുവിടാന്‍ ആലഞ്ചേരിക്ക് അവസരം നല്‍കുന്നതാണ് വത്തിക്കാന്‍ ഉത്തരവ്

ഏറെ വിവാദമായ എറണാകുളം അങ്കമാലി അതിരൂപത ഭൂമി വില്‍പ്പനയില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാന്റെ ക്ലീന്‍ ചീറ്റ്? അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ ചുമതലയിലായിരുന്ന അതിരൂപയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മുന്‍ അധികാരങ്ങള്‍ തിരിച്ചു നല്‍കി കൊണ്ട് വത്തിക്കാന്‍ പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവെന്ന നിലയില്‍ സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഭൂമി വില്‍പ്പന വിവാദവുമായി ബന്ധപ്പെട്ട്, ഫ്രാന്‍സിസ് മാര്‍പാപ്പാ നിയോഗിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും പഠിച്ചശേഷമാണ് കര്‍ദിനാളിന് അതിരൂപത അധികാരങ്ങള്‍ തിരികെ നല്‍കാനുള്ള തീരുമാനം അറിയിക്കുന്നതെന്നാണ് റോമിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയുടെ ഉത്തരവില്‍ പറയുന്നതെന്നാണ് മീഡിയ കമ്മിഷന്‍ ചെയര്‍മാന്റെ പ്രസ്താവനയില്‍ ഉള്ളത്. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏറെനാളുകളായി നിലനിന്നിരുന്ന പ്രതിസന്ധികളെ സംബന്ധിച്ചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അന്തിമ വിധിതീര്‍പ്പായി ഈ ഉത്തരവ് കാണണമെന്നു കര്‍ദിനാള്‍ സാന്ദ്രി പറയുന്നതായും പ്രസ്താവനയിലുണ്ട്.

കര്‍ദിനാള്‍ ആലഞ്ചേരി തന്റെ സമ്പൂര്‍ണാധികാരങ്ങളുമായി തിരികെയെത്തുന്നതിനൊപ്പം തന്നെയാണ് അദ്ദേഹത്തിന്റെ വിരുദ്ധ ചേരിയില്‍ നിന്നിരുന്ന സഹായ മെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍ വീട്ടിലിനെയും തല്‍സ്ഥാനങ്ങളില്‍ നിന്നും മാര്‍പാപ്പ നീക്കം ചെയ്തതായും സിറോ മലബാര്‍ സഭയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. ഈ പ്രസ്താവനയിലെ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാണെങ്കില്‍ അതിരൂപതയിലെ വിമത വിഭാഗത്തിന് കനത്ത പ്രഹരമാണേറ്റിരിക്കുന്നത്. ഭൂമി വില്‍പ്പന വിവാദത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ ശക്തമായ നിലപാട് ഉയര്‍ത്തിയവരായിരുന്നു എടയന്ത്രത്തും പുത്തന്‍വീട്ടിലും. ഇരുവര്‍ക്കും പകരം ചുമതലയും നല്‍കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ അടുത്ത സിനഡ് തീരുമാനം എടുക്കാനാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നതെന്നും മീഡിയ കമ്മിഷന്‍ ചെയര്‍മാന്റെ പ്രസ്താവനയിലുണ്ട്.

ഭൂമി വിവാദത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കു വിധേയനാവുകയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെടുകയും ചെയ്ത കര്‍ദിനാളിന്റെ ശക്തമായ തിരിച്ചു വരവാണ് വത്തിക്കാനില്‍ നിന്നുള്ള ഉത്തരവിലൂടെ നടന്നിരിക്കുന്നത്. ഭൂമി വിവാദത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കര്‍ദിനാളിന് അനുകൂലമായി തന്നെയുള്ള തീരുമാനമായിരിക്കും വത്തിക്കാനില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതും. അങ്ങനെ വന്നാല്‍ വിമത വിഭാഗം കര്‍ദിനാളിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം മാര്‍പാപ്പ തള്ളിക്കളയുന്നതായും ഭൂമി വില്‍പ്പനയില്‍ കര്‍ദിനാള്‍ തെറ്റുകാരനല്ലെന്നും സ്ഥാപിക്കപ്പെടും. ഇത് വിമതര്‍ക്ക് വലിയ തിരിച്ചടിയാകും. ഇതിന്റെ ആദ്യ സൂചനയാണ് കര്‍ദിനാളിന്റെ പ്രധാന എതിരാളികളായി പറയപ്പെടുന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെയും ജോസ് പുത്തന്‍വീട്ടിലിന്റെയും അതിരൂപത സഹായമെത്രാന്‍ സ്ഥാനത്തു നിന്നുള്ള പുറത്താക്കല്‍. ഇവര്‍ക്ക് പുതിയ സ്ഥാനങ്ങളും മാര്‍പാപ്പ നല്‍കിയിട്ടില്ല. തീരുമാനം എടുക്കാന്‍ സിനഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കര്‍ദിനാള്‍ പക്ഷത്തിന് മേധാവിത്വമുള്ള സിനഡില്‍ എടയന്ത്രത്തിനും പുത്തന്‍വീട്ടിലിനും എത്രത്തോളം അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നത് സംശയമാണ്. സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മെല്‍ബണ്‍ രൂപത അധ്യക്ഷനായി നിയമിക്കാന്‍ സിനഡില്‍ മുന്‍പൊരു തീരുമാനം ഉണ്ടായിരുന്നു. അതിരൂപതയില്‍ നിന്നും മാറ്റി നിര്‍ത്തുക തന്നെയായിരുന്നു ആ തീരുമാനത്തിനു പിന്നിലെന്നും കേട്ടിരുന്നു. എന്നാല്‍ ഭൂമിവില്‍പ്പനയിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ തീരുമാനം ആകുന്നതുവരെ താന്‍ മറ്റെങ്ങോട്ടും പോകുന്നില്ലെന്നായിരുന്നു എടയന്ത്രത്തിന്റെ നിലപാട്. എന്നാല്‍ സാഹചര്യങ്ങള്‍ മൊത്തത്തില്‍ പ്രതികൂലമായിരിക്കുമ്പോള്‍ എടയന്ത്രത്തിന് സിനഡിനെ അതുവഴി കര്‍ദിനാളിനെ അനുസരിക്കേണ്ടി വരുമെന്നാണ് കേള്‍ക്കുന്നത്.

അതിരൂപതയില്‍ നടന്ന ഭൂമി വില്‍പ്പനയില്‍ ക്രമക്കേട് നടന്നെന്നും കര്‍ദിനാളിനും അതിരൂപ ആസ്ഥാനത്തെ പ്രധാനികള്‍ക്കും ഈ ക്രമക്കേടില്‍ നേരിട്ട് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് വത്തിക്കാന്‍ ഇടപെട്ട് ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഒരു വര്‍ഷം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി വത്തിക്കാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയായിരുന്നു പാലക്കാട് രൂപത മെത്രാനായിരുന്ന ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. കെപിഎംജി എന്ന സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ഏപ്രിലില്‍ അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വത്തിക്കാന് സമര്‍പ്പിച്ചിരുന്നു. ജൂണ്‍ 24 ന് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ കാലവധിയും കഴിഞ്ഞിരുന്നു ഇതിനു പിന്നാലെയാണ് കര്‍ദിനാള്‍ ആലഞ്ചേരി എറണാകുളം അതിരൂപതയുടെ ഭരണാധികര ചുമതലയോടെ തിരികെ വന്നിരിക്കുന്നത്. അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാനമൊഴിഞ്ഞ മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപത മെത്രാന്റെ ചുമതലയില്‍ തിരികെ പ്രവേശിക്കും.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല പൂര്‍ണ്ണമായും ഇനി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കായിരിക്കും. അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളും മുന്‍കാലത്തെ പോലെ കര്‍ദിനാള്‍ തന്നെ നിയന്ത്രിക്കും. ഇതോടൊപ്പം തന്നെ നിലവില്‍ അതിരൂപതയ്ക്ക് വന്നിട്ടുള്ള സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനുള്ള ചുമതലയും കര്‍ദിനാളിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റില്‍ ചേരുന്ന സിനഡിനോട് ആലോചിച്ചും രാജ്യത്തെ സിവില്‍ നിയമങ്ങളെ മാനിച്ചും ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാനാണ് വത്തിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിരൂപതയ്ക്കുണ്ടായ കോടികളുടെ വായ്പ്പ കുടിശ്ശിക തീര്‍ക്കാനെന്ന പേരിലായിരുന്നു ഭൂമി വില്‍പ്പന നടത്തിയത്. സാജു വര്‍ഗീസ് കുന്നേല്‍ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ ചുമതലപ്പെടുത്തി നടത്തിയ അതിരൂപതയുടെ പരമ്പരാഗത ഭൂമി വില്‍പ്പനയില്‍ വന്‍ ക്രമക്കേടാണ് നടന്നതെന്നും ഈ കച്ചവടത്തില്‍ വലിയ നഷ്ടം അതിരൂപതയ്ക്ക് വരികയും കോടിക്കണക്കിന് രൂപ ഈയിനത്തില്‍ ഇപ്പോഴും അതിരൂപതയ്ക്ക് കിട്ടാനുണ്ടെന്നുമായിരുന്നു കര്‍ദിനാളിനെതിരേ നിലവിലുള്ള ആരോപണം. എന്നാല്‍ ആ ആരോപണങ്ങളില്‍ കര്‍ദിനാളിനൊപ്പം നില്‍ക്കുകയാണ് വത്തിക്കാനെന്നു തോന്നിപ്പിക്കുന്നതാണ് അദ്ദേഹത്തെ തന്നെ അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ചുമതലപ്പെടത്തിയിരിക്കുന്ന നടപടി.

വ്യാജരേഖ ചമച്ചെന്ന കേസില്‍ തനിക്കെതിരേ നില്‍ക്കുന്ന വൈദിക സമിതിയേയും പിരിച്ചുവിടാന്‍ ആലഞ്ചേരിക്ക് അവസരം നല്‍കുന്നതാണ് വത്തിക്കാന്‍ ഉത്തരവ്. അതുപോലെ കൂരിയായിലും വ്യക്തമായ ഇടപെടലിന് അദ്ദേഹത്തിന് കളമൊരുങ്ങിയിട്ടുണ്ട്. കൂരിയായിലെ വിവിധ തസ്തികകളിലെ നിയമനങ്ങള്‍ സ്ഥിരം സിനഡുമായി ആലോചിച്ച് നടപ്പിലാക്കുന്നതിന് അതിരൂപതാദ്ധ്യക്ഷനെന്ന നിലയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്നാണ് വത്തിക്കാന്‍ പറഞ്ഞിരിക്കുന്നത്. അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററുടെ നിയമനത്തോടെ അതുവരെ പ്രവര്‍ത്തിച്ചു വന്നിരുന്ന വൈദിക സമിതിയെ മരവിപ്പിച്ചിരുന്നു. പിന്നീട് ജേക്കബ് മനത്തോടത്ത് വൈദിക സമതി പുനസംഘടിപ്പിച്ചപ്പോള്‍ അതില്‍ നിന്നും ആലഞ്ചേരി പക്ഷക്കാരെ ഒഴിവാക്കിയിരുന്നു. ഇത് കര്‍ദിനാള്‍ വിഭാഗത്തിന് വലിയ തിരിച്ചടിയായിരുന്നു. വ്യാജരേഖ കേസില്‍ കര്‍ദിനാളിന്റെ നേതൃത്വത്തില്‍ ഫാ. പോള്‍ തേലക്കാട്, അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ എന്നിവരെ പ്രതി ചേര്‍ത്തതിനെതിരേ ശക്തമായ ഭാഷയില്‍ വൈദിക സമിതി പ്രതികരിക്കുകയുമുണ്ടായി. അതിനാല്‍ തന്നെ ഈ വൈദിക സമിതിയുമായി കര്‍ദിനാള്‍ മുന്നോട്ടു പോകാന്‍ സാധ്യത വളരെ കുറവാണ്. ഇതോടൊപ്പം തന്നെയാണ് കര്‍ദിനാളിനെതിരേ വിമത ശബ്ദം ഉയര്‍ത്തി നില്‍ക്കുന്ന വൈദികരുടെ കാര്യവും. ഭൂമിക്കച്ചവടത്തില്‍ അന്യായം നടന്നിട്ടുണ്ടെന്നും കര്‍ദിനാളിന് അതില്‍ നേരിട്ട് പങ്കുണ്ടെന്നും രേഖകള്‍ സഹിതം ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നത് അതിരൂപതയിലെ യുവവൈദികര്‍ ഉള്‍പ്പെടെയായിരുന്നു. ഇവര്‍ കര്‍ദിനാളിനെതിരെ മനഃപൂര്‍വം ആരോപണങ്ങള്‍ ഉയര്‍ത്തുകയാണെന്നു മറുപക്ഷം വാദിച്ചെങ്കിലും ഈ രേഖകളുടെയും വെളിപ്പെടുത്തലുകളെയും അടിസ്ഥാനത്തിലായിരുന്നു വിഷയത്തില്‍ വത്തിക്കാന്‍ ഇടപെട്ടതും അന്വേഷിക്കാന്‍ നിര്‍ദേശിച്ചതും. കൂടാതെ കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസ് ഉണ്ടാകുന്നതും വൈദികരുടെ ഇടപെടലിലൂടെയാണ്. നിലവിലും കര്‍ദിനാള്‍ ആലഞ്ചേരി ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണ്. എറണാകുളം സിജെഎം കോടതി സെന്‍ട്രല്‍ പൊലീസീനോട് കര്‍ദിനാളിനെതിരേ കേസ് എടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ വത്തിക്കാന്‍ കര്‍ദിനാളിന് ക്ലീന്‍ ചീറ്റ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ എതിര്‍ ശബ്ദങ്ങളെല്ലാം പലതരത്തില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് അറിയുന്നത്.

Read More: പരാതി നല്‍കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി; വിചാരണ തുടങ്ങാനാകാതെ കന്യാസ്ത്രീ പീഡനക്കേസ്; എല്ലാം അട്ടിമറിക്കപ്പെടുകയാണെന്നു കന്യാസ്ത്രീകള്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍