UPDATES

സിറോ മലബാര്‍ സഭ ഭൂമിയിടപാട്; അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാന് കൈമാറി

അന്വേഷണ റിപ്പോര്‍ട്ട് ഗൗരവമായി പഠിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്‍ദ്രി

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് വത്തിക്കാനു കൈമാറി. പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്‍ദ്രിക്കാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ റിപ്പോര്‍ട്ട് കൈമാാറിയത്.

റോമില്‍ വെള്ളിയാഴ്ച്ച ഇറ്റാലിയന്‍ സമയം രാവിലെ 11 ന് നടന്ന കൂടിക്കാഴ്ച്ചയിലാണ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. ബിഷപ്പ് ജേക്കബ് മനത്തോടവും കര്‍ദിനാള്‍ സാന്‍ദ്രിയും തമ്മിലുള്ള കൂടിക്കാഴ്ച്ച രണ്ടു മണിക്കൂറോളം നീണ്ടു നിന്നും ഭൂമി വിവാദത്തെക്കുറിച്ചും വ്യാജരേഖ കേസിനെക്കുറിച്ചും ഇരുവരും വിശദമായ ചര്‍ച്ചകള്‍ നടത്തിയെന്നുമാണ് എറണാകുളം-അങ്കമാലി അതിരൂപത പിആര്‍ഒ ഫാ. പോള്‍ കരേടന്‍ അറിയിച്ചത്.

ഭൂമിയിടപാടിലെ അന്വേഷണ റിപ്പോര്‍ട്ട് ഗൗരവമായി പഠിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കര്‍ദിനാള്‍ ലെയണാര്‍ദ്രോ സാന്‍ദ്രി അറിയിച്ചിരിക്കുന്നത്. അതുവരെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നാണ് നിര്‍ദേശം കിട്ടിയിരിക്കുന്നതെന്ന് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നു.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ കുറ്റാരോപിതരായ എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി കുംഭകോണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മാര്‍പാപ്പയാണ് അതിരൂപ അപ്പസ്റ്റോലിക് അഡമിനിസ്‌ട്രേര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. മാര്‍ച്ച് 31 വരെയായിരുന്നു സമയം. പൂര്‍ത്തിയായ റിപ്പോര്‍ട്ടുമായി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് ഏപ്രില്‍ രണ്ടിന് വത്തിക്കാനിലക്ക് പോയിരുന്നു.

സഭയെ വിവാദത്തില്‍ മുക്കിയ ഭൂമിക്കച്ചവടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു പാലക്കാട് രൂപത മെത്രായിരുന്ന ജേക്കബ് മനത്തോടത്തെ അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി വത്തിക്കാന്‍ നിയമിച്ചത്. ഭൂമിക്കച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് സംവിധാനങ്ങളാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. ഡോ. ജോസഫ് ഇഞ്ചോടിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍, അന്താരാഷ്ട്ര സ്വതന്ത്ര ഓഡിറ്റിംഗ് ഏജന്‍സിയായ കെപിഎംജെ, ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക അവലോകനം നടത്താന്‍ നിയമിച്ച ഓഡിറ്റിംഗ് ഏജന്‍സി എന്നിവരുടെ റിപ്പോര്‍ട്ടുകളാണ് ഉള്ളത്.

ഭൂമി കച്ചവടത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആക്ഷേപം പരിഗണിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാര്‍പാപ്പ നിര്‍ദേശിച്ചതനുസരിച്ച് അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ്പ് മനത്തോടം ആദ്യം നിയോഗിച്ചത് രാജഗിരി കോളേജ് മുന്‍ പ്രിന്‍സിപ്പാളും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ. ജോസഫ് ഇഞ്ചോടി അധ്യക്ഷനായ കമ്മിഷനെയാണ്. ഒരു ചാര്‍ട്ടേര്‍ഡ് അകൗണ്ടന്റ്, മറ്റൊരു സഭയില്‍പ്പെട്ട പുരോഹിതന്‍, രണ്ട് അഭിഭാഷകര്‍ എന്നിവരായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍.

സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജഗിരി കോളേജിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും സഭയോട് വിധേയപ്പെട്ടു നില്‍ക്കുന്നയാളും സഭയുടെ തന്നെ ജീവനക്കാരനുമായ ജോസഫ് ഇഞ്ചോടി അധ്യക്ഷനായ കമ്മീഷനെതിരേ വൈദികരും വിശ്വാസികളും രംഗത്തു വരികയുണ്ടായി. ഇഞ്ചോടി കമ്മീഷന് സമ്മര്‍ദ്ദങ്ങള്‍ അതിജീവിച്ച് സ്വതന്ത്രമായി കര്‍ത്തവ്യം ചെയ്യാന്‍ കഴിയില്ലെന്നതായിരുന്നു ആക്ഷേപം. ഇതേ കമ്മിഷനില്‍ ഉള്‍പ്പെട്ട ചാര്‍ട്ടേര്‍ഡ് അകൗണ്ടന്റ് ഭൂമിക്കച്ചവടം നടക്കുന്ന സമയത്ത് ഉള്‍പ്പെടെ സഭയുടെ ചാര്‍ട്ടേര്‍ഡ് അകൗണ്ടന്റായി ജോലി നോക്കിയിരുന്നയാളാണ്. സഭയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നവരാണ് അംഗങ്ങളായ രണ്ട് അഭിഭാഷകരും. ഇത്തരത്തിലുള്ള ഒരു കമ്മിഷന്റെ അന്വേഷണം ഒട്ടും ഫലവത്താകില്ലെന്നും ഇത്തരത്തില്‍ ഉണ്ടാക്കുന്ന റിപ്പോര്‍ട്ട് അല്ല വത്തിക്കാനില്‍ എത്തേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയര്‍ന്നത്. വത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നതും ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു. ഇഞ്ചോടി കമ്മിഷനെ ഒരിക്കലും സ്വതന്ത്ര ഏജന്‍സിയായി കാണാനാവില്ലെന്ന് വൈദികരും വിശ്വാസികളും തങ്ങളുടെ എതിര്‍പ്പുകള്‍ ഉയര്‍ത്തിയതോടെയാണ് രാജ്യന്തരതലത്തില്‍ പ്രശസ്തമായ സ്വതന്ത്ര ഓഡിറ്റിംഗ് ഏജന്‍സിയായ കെപിഎംജിയെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയമിക്കുന്നത്. കെപിഎംജിയെ കൂടാതെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക അവലോകനം നടത്താനായി മറ്റൊരു ഓഡിറ്റിംഗ് ഏജന്‍സിയെ കൂടി ചുമതലപ്പെടുത്തി. അങ്ങനെയാണ് അതിരൂപത ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കപ്പെടുന്നത്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് വൈദികരെയോ വിശ്വാസികളെയോ അറിയിക്കാതെ എല്ലാം രഹസ്യമായി മാത്രം വത്തിക്കാനില്‍ സമര്‍പ്പിച്ചതിനെതിരേയും പ്രതിഷേധമുണ്ട്. അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നേരത്തെ നല്‍കിയിരുന്ന ഉറപ്പ് ലംഘിച്ചാണ് റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട ഒന്നും തന്നെ ഇവിടെയുള്ളവരെ ആരെയും അറിയിക്കാതെ വത്തിക്കാനില്‍ മാത്രം സമര്‍പ്പിക്കുന്നതെന്നാണ് ആക്ഷേപം. ഇത്തരം ആക്ഷേപങ്ങളും പരാതികളും ഉയര്‍ത്തി വൈദികരും വിശ്വാസികളും വിശ്വാസി സംഘടനകളും രംഗത്തു വന്നു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പൊങ്ങിവന്ന വ്യാജരേഖ കേസും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണവും ഇതിനൊപ്പം ഉയരുന്നുണ്ട്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ഉണ്ടാക്കിയെന്നാരോപിച്ച് സിറോ മലബാര്‍ സഭ നല്‍കിയ കേസില്‍ അപ്പസ്റ്റോലിത് അഡ്മിനിസ്‌ട്രേറ്റര്‍ രണ്ടാം പ്രതിയാണ്. വലിയ വിവാദത്തിലേക്ക് ഈ കേസ് പോയതോടെ ബിഷപ്പിനെയും ഒന്നാം പ്രതിയായ ഫാ. പോള്‍ തേലക്കാട്ടിനെയും ഒഴിവാക്കി പുതിയ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിനോട് ആവശ്യപ്പെടുമെന്നാണ് സഭ അധികൃതര്‍ പറഞ്ഞിരിക്കുന്നത്. കര്‍ദിനാള്‍ ലിയണാര്‍ദ്രോ സാന്‍ദ്രി വ്യാജരേഖ കേസുമായി ബന്ധപ്പെട്ടും അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, ഭൂമിയിടപാടില്‍ മുഖ്യ കുറ്റാരോപിതനായി നില്‍ക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരി സിവില്‍ കോടതികളില്‍ നിന്നും തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തില്‍ തന്നെയാണ് അന്വേഷണ റിപ്പോര്‍ട്ട് വത്തിക്കാനില്‍ എത്തിയിരിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നതിന് പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടെത്തി മാര്‍ ആലഞ്ചേരി, മുന്‍ പ്രൊക്യൂറ്റര്‍ ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവരെ യഥാക്രമം പ്രതികളാക്കി തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി കേസ് എടുത്തതിനു പിന്നാലെ എറണാകുളം സിജെഎം കോടതിയില്‍ നിന്നും ആലഞ്ചേരിക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും വിശദീകരിച്ച് ഇക്കാര്യത്തില്‍ സാമ്പത്തിക തിരിമറിയും വിശ്വാസവഞ്ചനയും, ക്രിമിനല്‍ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നു ചൂണ്ടിക്കാണിച്ച് അങ്കമാലി സ്വദേശി പാപ്പച്ചന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കര്‍ദിനാള്‍ ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയും ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ രണ്ടും മൂന്നും നാലും പ്രതികളായും മൊത്തം 27പേരെ പ്രതികളാക്കിയും കേസ് എടുത്ത് അന്വേഷണം നടത്താനാണ് സിജെഎം കോടതി സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ സി ഐ യോട് ഉത്തരവ് ഇട്ടിരിക്കുന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ രണ്ടു കോടതികളില്‍ നിന്നാണ് ആലഞ്ചേരിക്കെതിരായി വിധി ഉണ്ടാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍