ഏഴോളം കേസുകള്‍ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് മാര്‍ ആലഞ്ചേരിക്കെതിരേ ഉണ്ടെന്നാണ് വിവരം
എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവട വിവാദത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കൂടുതല്‍ കുരുക്കള്‍. ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നതിന് പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടെത്തി മാര്‍ ആലഞ്ചേരി, മുന്‍ പ്രൊക്യൂറ്റര്‍ ഫാ. ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവരെ യഥാക്രമം പ്രതികളാക്കി തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി കേസ് എടുത്തതിനു പിന്നാലെ എറണാകുളം സിജെഎം കോടതിയില്‍ നിന്നും ആലഞ്ചേരിക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും വിശദീകരിച്ച് ഇക്കാര്യത്തില്‍ സാമ്പത്തിക തിരിമറിയും വിശ്വാസവഞ്ചനയും, ക്രിമിനല്‍ ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നു ചൂണ്ടിക്കാണിച്ച് അങ്കമാലി സ്വദേശി പാപ്പച്ചന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് കര്‍ദിനാള്‍ ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയും ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ രണ്ടും മൂന്നും നാലും പ്രതികളായും മൊത്തം 27പേരെ പ്രതികളാക്കിയും കേസ് എടുത്ത് അന്വേഷണം നടത്താനാണ് സിജെഎം കോടതി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ സി ഐ യോട് ഉത്തരവ് ഇട്ടിരിക്കുന്നത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ രണ്ടു കോടതികളില്‍ നിന്നാണ് ആലഞ്ചേരിക്കെതിരായി വിധി ഉണ്ടാകുന്നത്. ഭൂമി വിവാദത്തില്‍ പ്രത്യേക ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടുമായി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് വത്തിക്കാനിലേക്ക് പോയതിനു പിന്നലെയാണ് കോടതികളില്‍ നിന്നും മാര്‍ ആലഞ്ചേരിക്ക് തിരിച്ചടികള്‍ നേരിടുന്നത്. ഭൂമി വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ മാര്‍പാപ്പ തന്നെയാണ് അപ്പസ്റ്റോലിക് അഡ്മിനിസ്ട്രറ്റര്‍ക്ക് നിര്‍ദേശം നല്‍കിയതും.
സിവില്‍ കോടതികള്‍ ഭൂമികുംഭകോണത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നതിന്റെ വിവരങ്ങള്‍ മാര്‍പാപ്പയെ അറിയിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് സഭ സുതാര്യ സമിതി(എഎംടി) പ്രതിനിധികള്‍ പറയുന്നത്. അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനൊപ്പം കോടതി ഉത്തരവുകള്‍ കൂടി മാര്‍പാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് എഎംടി പ്രതിനിധികള്‍ പറയുന്നത്. ഭൂമിയിടപാടില്‍ ഇനിയും പല കേസുകളും കോടതികളില്‍ എത്തുമെന്നും അവയിലെല്ലാം തന്നെ ആലഞ്ചേരിക്ക് എതിരായ വിധികള്‍ ഉണ്ടാകാനാണ് സാധ്യതയെന്നും പ്രതിനിധികള്‍ പറയുന്നു. ഒരു വര്‍ഷത്തിനു മുന്നേ കൊടുത്ത കേസുകള്‍ പ്രതികളുടെ സ്വാധീനം ഉപയോഗിച്ച് ഇതുവരെ അനക്കാന്‍ പറ്റാത്തവിധം തടഞ്ഞു വച്ചിരിക്കുകയായിരുന്നുവെന്നും ഇപ്പോഴാണ് കോടതിയിലൂടെ കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാകുന്നതെന്നും എഎംടിക്കാര്‍ പറയുന്നു.
ഭൂമിയുടെ യഥാര്‍ത്ഥ വില മറച്ചുവച്ച് വില്‍പ്പന നടത്തിയെന്നു കണ്ടെത്തി ആദായ നികുതി എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കോടികള്‍ പിഴയൊടുക്കാന്‍ നോട്ടീസ് നല്‍കിയതും മാര്‍ ആലഞ്ചേരിയെ പ്രതികൂട്ടില്‍ ആക്കിയിരിക്കുകയാണ്. അതിരൂപതയുടെ കണക്കില്‍ സെന്റിന് ആറുലക്ഷം കാണിക്കുകയും 16 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തുകയുമാണ് ഉണ്ടായതെന്നാണ് ആദായ നികുതി വകുപ്പ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ മൂന്ന് ഏക്കര്‍ അഞ്ചു സെന്റാണ് വില്‍പ്പന നടത്തിയത്. ആധാരത്തില്‍ പറഞ്ഞരിക്കുന്ന വില മാത്രമാണ് തങ്ങള്‍ക്ക് കിട്ടിയിരിക്കുന്നതെന്നാണ് അതിരൂപതയും പറയുന്നത്. അതില്‍ കൂടുതല്‍ തുകയ്ക്കാണ് ഇടപാട് നടത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെടുന്നുണ്ടെങ്കില്‍ ഇടപാട് നടത്തിയവര്‍ക്കും ഇടനിലക്കാരായി നിന്നവര്‍ക്കുമെതിരേയാണ് നടപടിയെടുക്കേണ്ടതെന്നാണ് അതിരൂപതയുടെ മറുപടി. ഇത് ആലഞ്ചേരിയേയും സംഘത്തെയും പ്രതികൂട്ടത്തില്‍ നിര്‍ത്തുന്ന നിലപാടാണ്. ഭൂമി വില്‍പ്പന വഴി ഇപ്പോള്‍ കണ്ടെത്തിയ തരത്തില്‍ പണം തങ്ങളുടെ അകൗണ്ടുകളില്‍ വന്നിട്ടില്ലെന്നും അതിരൂപത പറയുമ്പോള്‍, ആ പണം എവിടെ പോയെന്ന ചോദ്യമാണ് വിശ്വാസികളും ചോദിക്കുന്നത്.
2016 ല്‍ ആണ് സിറോ മലബാര്‍ സഭയെ മൊത്തത്തില്‍ നാണക്കേടിലാക്കിയ ഭൂമി കച്ചവട വിവാദം ഉണ്ടാകുന്നത്. മെഡിക്കല്‍ കോളേജ് തുടങ്ങാനെന്ന പേരില്‍ കോടികള്‍ വായ്പ്പയെടുക്കുകയും എന്നാല്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ കഴിയാതെ വരികയും അതേസമയം വായ്പ്പയെടുത്ത തുകയ്ക്ക് കോടികള്‍ പലിശയടയ്‌ക്കേണ്ടി വരികയും അതുവഴി അതിരൂപ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തപ്പോഴാണ് സ്ഥലം വില്‍പ്പ നടത്തിയത്്. കടബാധ്യതകള്‍ തീര്‍ക്കാനെന്ന പേരില്‍ നടത്തിയ ഭൂമി വില്‍പ്പനയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നെന്നാണ് പുരോഹിത വിഭാഗം ഉള്‍പ്പെടെ തെളിവുകളുമായി രംഗത്തു വന്നത്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും മാര്‍ ആലഞ്ചേരി ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി അന്വേഷണം നടത്താന്‍ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടതുമാണ്. ഇതിനെതിരേ കുറ്റാരോപിതര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു ഉത്തരവിന് സ്റ്റേ വാങ്ങിക്കുകയായിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവിന്റെ മെറിറ്റിനെ ചോദ്യം ചെയ്യാതെ, സാങ്കേതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബഞ്ച് സ്റ്റേ നല്‍കിയത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ക്ക് അന്വേഷണത്തിന് സമയം കൊടുക്കാതെയും മജിസ്‌ട്രേറ്റ് കോടതിയെ ബന്ധപ്പെടാതെയും നേരിട്ട് ഹൈക്കോടതിയില്‍ എത്തുകയാണ് പരാതിക്കാര്‍ ചെയ്തതെന്നായിരുന്നു ഡിവഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടിയത്. സ്റ്റേ ഉത്തരവിനെതിരേ പരാതിക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചപ്പോഴും ഹൈക്കോടതി സ്‌റ്റേ ഉത്തരവ് ശരിവയ്ക്കാന്‍ മേല്‍ക്കോടതിയും ചൂണ്ടിക്കാണിച്ചത് സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമായിരുന്നു.
ഏഴോളം കേസുകള്‍ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് മാര്‍ ആലഞ്ചേരിക്കെതിരേ ഉണ്ടെന്നാണ് വിവരം. ഈ കേസുകളില്‍ എല്ലാം കോടതി ഉത്തരവുകള്‍ താമസിയാതെ വരുമെന്നും അതിരൂപതയിലെ വിശ്വാസി സംഘടനകള്‍ പറയുന്നു. മാര്‍പാപ്പയുടെ മുന്നിലും ഭൂമി വില്‍പ്പനയില്‍ നടന്ന കാര്യങ്ങളെന്തൊക്കെ എന്നതിനെ കുറിച്ച് അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് എത്തിയ സ്ഥിതിക്ക് കര്‍ദിനാള്‍ ആലഞ്ചേരിക്ക് വരും ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്.