UPDATES

ആഗോള കത്തോലിക്ക സഭയുടെ രീതികള്‍ ഇതോ? അധികാരമേറ്റെടുക്കാന്‍ ഇരുട്ടിന്റെ മറവും പോലീസും; കര്‍ദിനാള്‍ ആലഞ്ചേരിയെ ബഹിഷ്‌കരിക്കുമെന്ന് അതിരൂപത വൈദികര്‍

അതിരൂപതയുടെ ഭരണാധികാരിയായി കര്‍ദിനാള്‍ ആലഞ്ചേരിയെ വത്തിക്കാന്‍ തിരികെ നിയമിച്ചാലും അദ്ദേഹത്തെ തലവനായി അംഗീകരിക്കാന്‍ തങ്ങള്‍ തയ്യറാകില്ലെന്നാണ് ആലുവായിലെ യോഗത്തില്‍ വൈദികര്‍ നിലപാടെടുത്തിരിക്കുന്നത്

സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക സമൂഹം. കര്‍ദിനാളിന് അതിരൂപതയുടെ ഭരണാധികാരം തിരിച്ചു നല്‍കുകയും ബിഷപ്പുമാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍ വീട്ടിലിനെയും അതിരൂപത സഹായമെത്രാന്മാരുടെ പദവിയില്‍ നിന്നും മാറ്റുകയും ചെയ്ത വത്തിക്കാന്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വൈദിക സമൂഹത്തിന്റെ തീരുമാനം. ആലുവ ചുണങ്ങുംവേലിയില്‍ കൂടിയ വൈദിക യോഗം ഇതുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കി.

അതിരൂപതയുടെ ഭരണാധികാരിയായി കര്‍ദിനാള്‍ ആലഞ്ചേരിയെ വത്തിക്കാന്‍ തിരികെ നിയമിച്ചാലും അദ്ദേഹത്തെ തലവനായി അംഗീകരിക്കാന്‍ തങ്ങള്‍ തയ്യറാകില്ലെന്നാണ് ആലുവായിലെ യോഗത്തില്‍ വൈദികര്‍ നിലപാടെടുത്തിരിക്കുന്നത്. ഭൂമിയിടപാടിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള ആര്‍ച്ച് ബിഷപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ അതിരൂപതിയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും സാധിക്കില്ലെന്നു പറഞ്ഞു വത്തിക്കാന്റെ തീരുമാനത്തെ തള്ളുകയാണ് വൈദികര്‍. കര്‍ദിനാളിന് അനുകൂലമായ തീരുമാനത്തില്‍ വിശ്വാസികള്‍ അസ്വസ്ഥരാണെന്നും സഭയിലും സിനഡിലും ഉള്ള വിശ്വാസം അവര്‍ക്ക് നഷ്ടമാകാന്‍ ഇത്തരം പ്രവര്‍ത്തികള്‍ കാരണമാകുമെന്നും വൈദികര്‍ കുറ്റപ്പെടുത്തുന്നു.

കടുത്ത വിമര്‍ശനങ്ങളാണ് കര്‍ദിനാളിനെതിരേ വൈദിക യോഗം ഉയര്‍ത്തുന്നത്. അതിരൂപതയുടെ ചുമതലയിലേക്ക് വീണ്ടും വരാന്‍ കാണിച്ച കര്‍ദിനാള്‍ ആലഞ്ചേരിയുടെ പ്രവര്‍ത്തികളെ വൈദികര്‍ പരിഹസിക്കുകയാണ്. കാലാവധി പൂര്‍ത്തിയാക്കി അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ മാറ്റി കര്‍ദിനാള്‍ ആലഞ്ചേരിയെ തന്നെ അതിരൂപതയുടെ ഭരണകാര്യങ്ങള്‍ ഏല്‍പ്പിക്കാന്‍ തീരുമാനമെടുത്തപ്പോള്‍ രാത്രിക്കു രാത്രി വന്നു എറണാകുളം അരമനയില്‍ അധികാരം ഏറ്റെടുത്ത നടപടി അപഹാസ്യമല്ലേ എന്നാണ് വൈദികര്‍ പ്രമേയത്തിലൂടെ ചോദിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ വത്തിക്കാന്റെ തീരുമാനം നടപ്പാക്കിയതും അതിനു പൊലീസ് സഹായം തേടിയതും വത്തിക്കാന്‍ ആവിശ്യപ്പെട്ടിട്ടാണോ എന്നും വൈദികര്‍ ചോദിക്കുന്നു. ആഗോള കത്തോലിക സഭയുടെ രീതികള്‍ ഇതാണോ എന്ന വിമര്‍ശനം വത്തിക്കാനെതിരേയും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ ഉയര്‍ത്തുന്നുണ്ട്.

അതിരൂപത ഭൂമി വില്‍പ്പന വിവാദത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരി കുറ്റക്കാരനാണെന്നു വൈദികര്‍ ആവര്‍ത്തിക്കുന്നു. ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ ഭൂമി വില്‍പ്പനയില്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ നിരപരാധിയെന്നു വിലയിരുത്തിയാലും തങ്ങള്‍ അതംഗീകരിക്കില്ലെന്നാണ് അവര്‍ പറയുന്നത്. ഭൂമിയിടപാടില്‍ വന്നുപോയ വളരെ ഗൗരവമായ പിഴവുകളെയും അതില്‍ നടത്തിയ അഴിമതിയേയും കുറിച്ചുള്ള ഡോ. ജോസഫ് ഇഞ്ചോടി കമ്മിഷന്‍ റിപ്പോര്‍ട്ടും കെപിഎംജി റിപ്പോര്‍ട്ടും വിശ്വാസികളെ അറിയിക്കാനുള്ള ബാധ്യത ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനും സിറോ മലബാര്‍ സിനഡിനും ഉണ്ടെന്നും വൈദികര്‍ വാദിക്കുന്നു. പ്രസ്തുത വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ മാര്‍പാപ്പയാണ് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചതെങ്കിലും അതേ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഒരിക്കല്‍ പോലും മാര്‍പാപ്പയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതിനു തടസം നിന്ന ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതാണെന്നും വൈദിക യോഗം കുറ്റപ്പെടുത്തുന്നു.

ഭൂമി വില്‍പ്പനയില്‍ ഗൗരവമായ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നു ബോധ്യപ്പെട്ടതുകൊണ്ടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടതെന്നിരിക്കെ, ഈ വിഷയത്തില്‍ കര്‍ദിനാള്‍ അഗ്നിശുദ്ധി വരുത്തി അതു വിശ്വാസി സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുവേണമായിരുന്നു ഭരണാധികാര ചുമതലുകളുമായി അതിരൂപതയിലേക്ക് തിരികെ വരേണ്ടിയിരുന്നതെന്നാണ് വൈദികര്‍ പറയുന്നത്. കാര്യങ്ങള്‍ ആ രീതിയില്‍ നടപ്പിലാക്കാന്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനും തയ്യാറായില്ല. അടുത്ത മാസം സിനഡ് നടക്കുമെന്നിരിക്കെ അതില്‍ കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാക്കുന്നതിനു മുന്‍പേ സഹായമെത്രാന്മാര്‍ക്കെതിരേ നടപടിയെടുത്തു. ഭൂമിയിടപാടിന്റെ സത്യം വെളിച്ചെത്തുകൊണ്ടു വരണം എന്നു പറഞ്ഞത് അതിരൂപതയിലെ നാന്നൂറിലേറെ വൈദികരാണ്. അവര്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ സത്യമുണ്ടെന്നു കണ്ടെത്തി ഒപ്പം നില്‍ക്കുക മാത്രമാണ് സഹായമെത്രാന്മാര്‍ ചെയ്തത്. ഭൂമി വില്‍പ്പന ക്രമക്കേട് ചോദ്യം ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെങ്കില്‍, ആ ചോദ്യം ആദ്യമുയര്‍ത്തിയ അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരെയും സസ്‌പെന്‍്ഡ് ചെയ്യണമായിരുന്നു. അതു ചെയ്യാതെ, രണ്ടു മെത്രാന്മാര്‍ക്കെതിരെ മാത്രം നടപടിയെടുത്തതിന് എന്തുകൊണ്ടാണ്. ഇത്തരം പ്രവര്‍ത്തികളെ പ്രതികാര നടപടികളായി മാത്രമെ കാണാനാകൂ. അതല്ലെങ്കില്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍വീട്ടിലിനെയും സഹായമെത്രാന്മാരുടെ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തിയെന്ന് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനും പെര്‍മെനന്റ് സിനഡും വിശ്വാസികളെയും വൈദികരെയും ബോധ്യപ്പെടുത്തണം. ഇക്കാര്യങ്ങളെക്കുറിച്ച് വത്തിക്കാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തു വിടണം. അതിനും തയ്യാറാകാതിരിക്കുന്നത് സംശയങ്ങള്‍ ഉണ്ടാക്കുകയാണെന്നും വൈദിക യോഗം കുറ്റപ്പെടുത്തുന്നു.

ഇതിനൊന്നും മറുപടി നല്‍കാന്‍ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനോ സിറോ മലബാര്‍ സഭ സിനഡോ തയ്യാറാകാത്തിടത്തോളം എറണാകുളം അതിരൂപതയിലെ വൈദികര്‍ കര്‍ദിനാളിനോടും അദ്ദേഹത്തിന്റെ കൂരിയായോടും നിസ്സഹകരണ മനോഭാവമായിട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അധാര്‍മികമായി തങ്ങളുടെ അതിരൂപതയില്‍ ഭരണം നടത്തുന്നവരോട് സഹിക്കരിക്കാന്‍ കഴിയില്ലെന്നും വൈദികര്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റില്‍ നടക്കുന്ന സിനഡ് വരെ അതിരൂപതയില്‍ ഏതെങ്കിലും തരത്തിലുള്ള ട്രാന്‍സ്ഫറുകളോ മാറ്റങ്ങളോ വരുത്തുന്നത് വിവേകശൂന്യമായിരിക്കുമെന്ന മുന്നറിയിപ്പും വൈദികര്‍ നല്‍കുന്നുണ്ട്. യോഗത്തില്‍ തയ്യാറാക്കിയ പ്രമേയം ബന്ധപ്പെട്ട അധികാരികളില്‍ എത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അതിരൂപതയില്‍ നടന്ന ഭൂമി വില്‍പ്പനയില്‍ ക്രമക്കേട് നടന്നെന്നും കര്‍ദിനാളിനും അതിരൂപ ആസ്ഥാനത്തെ പ്രധാനികള്‍ക്കും ഈ ക്രമക്കേടില്‍ നേരിട്ട് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് വത്തിക്കാന്‍ ഇടപെട്ട് ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഒരു വര്‍ഷം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി വത്തിക്കാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തോടെയായിരുന്നു പാലക്കാട് രൂപത മെത്രാനായിരുന്ന ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. കെപിഎംജി എന്ന സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഇക്കഴിഞ്ഞ ഏപ്രിലില്‍ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ വത്തിക്കാന് സമര്‍പ്പിച്ചിരുന്നു. ജൂണ്‍ 24 ന് അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററുടെ കാലവധിയും കഴിഞ്ഞിരുന്നു ഇതിനു പിന്നാലെയാണ് കര്‍ദിനാള്‍ ആലഞ്ചേരി എറണാകുളം അതിരൂപതയുടെ ഭരണാധികര ചുമതലയോടെ തിരികെ വന്നിരിക്കുന്നത്. അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റീവ് സ്ഥാനമൊഴിഞ്ഞ മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപത മെത്രാന്റെ ചുമതലയില്‍ തിരികെ പ്രവേശിക്കും.

കര്‍ദിനാളിന്റെ പ്രധാന എതിരാളികളായി പറയപ്പെടുന്നുവരായിരുന്നു ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തും ജോസ് പുത്തന്‍വീട്ടിലും. അതിരൂപത സഹായമെത്രാന്‍ സ്ഥാനത്തു നിന്നുള്ള ഇരുവരുടെയും പുറത്താക്കല്‍ കര്‍ദിനാള്‍ എതിര്‍ചേരിക്ക് വലിയ തിരിച്ചടിയാണ്. ഇവര്‍ക്ക് പുതിയ സ്ഥാനങ്ങളും നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തീരുമാനം എടുക്കാന്‍ സിനഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമാത്രം. കര്‍ദിനാള്‍ പക്ഷത്തിന് മേധാവിത്വമുള്ള സിനഡില്‍ എടയന്ത്രത്തിനും പുത്തന്‍വീട്ടിലിനും എത്രത്തോളം അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നത് സംശയമാണ്. സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മെല്‍ബണ്‍ രൂപത അധ്യക്ഷനായി നിയമിക്കാന്‍ സിനഡില്‍ മുന്‍പൊരു തീരുമാനം ഉണ്ടായിരുന്നു. അതിരൂപതയില്‍ നിന്നും മാറ്റി നിര്‍ത്തുക തന്നെയായിരുന്നു ആ തീരുമാനത്തിനു പിന്നിലെന്നും കേട്ടിരുന്നു. എന്നാല്‍ ഭൂമിവില്‍പ്പനയിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ തീരുമാനം ആകുന്നതുവരെ താന്‍ മറ്റെങ്ങോട്ടും പോകുന്നില്ലെന്നായിരുന്നു എടയന്ത്രത്തിന്റെ നിലപാട്. എന്നാല്‍ സാഹചര്യങ്ങള്‍ മൊത്തത്തില്‍ പ്രതികൂലമായിരിക്കുമ്പോള്‍ എടയന്ത്രത്തിന് സിനഡിനെ അതുവഴി കര്‍ദിനാളിനെ അനുസരിക്കേണ്ടി വരുമെന്നാണ് കേള്‍ക്കുന്നത്.

മാര്‍ പാപ്പയുടെ പേരില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം അതിരൂപതയുടെ ഭരണാധികാരങ്ങള്‍ എല്ലാം തിരികെ നല്‍കുന്ന തീരുമാനം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സിറോ മലബാര്‍ സഭ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വിശ്വാസികളുടെ ആക്ഷേപം. സഭ സുതാര്യ സമതി(എഎംടി) എന്ന വിശ്വാസ സംഘടന ഇക്കാര്യത്തില്‍ സിറോ മലബാര്‍ സഭ അധികാരികള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍്ത്തയിരിക്കുന്നത്. അതിരൂപതയ്ക്ക് ഭീമമായ നഷ്ടമുണ്ടാക്കിയ കര്‍ദ്ദിനാളിനെ തുടരാനുവദിക്കുകയും സഹായമെത്രാന്‍മാരെ താല്കാലികമായി നീക്കുകയും ചെയ്ത നടപടി മാര്‍പാപ്പയുടെ ഭാഗത്തു നിന്ന് ഉണ്ടായതാണെന്ന് കരുതുന്നില്ലെന്നും ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ എടുത്ത തീരുമാനത്തെ മാര്‍പാപ്പയുടെ നടപടിയായി സിറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ അവതരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നുമാണ് എഎംടി പ്രതിനിധികള്‍ ആരോപിക്കുന്നത്.

"</p "</p

മാര്‍ പാപ്പയുടെ തീരുമാനങ്ങളെക്കുറിച്ചുള്ള പത്രക്കുറിപ്പില്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ജേക്കബ് മനത്തോടത്തെ ഏല്‍പ്പിച്ച ഉത്തരവാദിത്തം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രണ്ട് വരികള്‍ മാത്രമാണ് ഉള്ളത്. തന്റെ ഉത്തരവാദിത്തങ്ങള്‍ അവസാനിച്ചതായി ബിഷപ്പ് മനത്തോടത്ത് അറിയിച്ചതിനെ തുടര്‍ന്നുള്ള തീരുമാനപ്രകാരമായിരുന്നു മാര്‍പാപ്പയുടെ പുതിയ നിര്‍ദേശം. ബിഷപ്പ് മനത്തോടത്തിന്റെ സേവനങ്ങള്‍ക്ക് മാര്‍പാപ്പ നന്ദിയര്‍പ്പിക്കുകയുമുണ്ടായി. എന്നാല്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ താത്കാലികമായ തിരിച്ചുവരവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത് പൗരസ്ത്യ തിരുസംഘമാണ്. പ്രധാനമായ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിന് മുമ്പ് പെര്‍മനന്റ് സിനഡിന്റെ അഭിപ്രായം തേടണമെന്നും, സാമ്പത്തിക കാര്യങ്ങള്‍ പൂര്‍ണമായും അവരെ അറിയിക്കണമെന്നുമാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. കൂരിയയുടെ പുന:സംഘടന അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ചിരിക്കുന്ന പൗരസ്ത്യ തിരുസംഘം, അതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ ആഗസ്റ്റിലെ സിനഡിന് ശേഷമേ സ്വീകരിക്കാവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സിനഡിന് മുമ്പായി എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ റോം സ്വീകരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള നിയമനങ്ങള്‍ ആ സിനഡില്‍ പ്രഖ്യാപിക്കപ്പെട്ടേക്കും. അന്വേഷണങ്ങള്‍ പൂര്‍ത്തിയായ ശേഷം റോമില്‍ നിന്നുള്ള അന്തിമ തീരുമാനം വരാനെടുക്കുന്ന ഇടവേളയാണ് ഇനി വരുന്ന ഏതാനും ആഴ്ചകള്‍ എന്നതിനാല്‍ പലര്‍ക്കും നിര്‍ണായകമാണ് ഈ നാളുകള്‍. സ്ഥിരം സിനഡ് മെത്രാന്‍മാരും, സഭാ നേതൃത്വവും, മീഡിയ കമ്മീഷനും സുതാര്യ നിലപാടുകള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

"</p

പരിശുദ്ധ പിതാവിനെ വരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഉണ്ടായ ഈ തീരുമാനത്തില്‍ രൂപതയിലെ വിശ്വാസികളും വൈദികരും ഇതുവരെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല. അഡ്മിനിസ്‌ട്രേറ്ററുടെ കമ്മീഷന്‍ റിപ്പോര്‍ട്ട് സിനഡിന്റെ പരിശോധനയിലേക്ക് മാറ്റുന്നതിനെ ശക്തിയുക്തം എതിര്‍ക്കും. ഭൂമി കുംഭകോണ വിഷയത്തില്‍ ഇതുവരെ ഒരു റിപ്പോര്‍ട്ടുകളും അംഗീകരിക്കാന്‍ കര്‍ദ്ദിനാള്‍ തയ്യാറായിട്ടില്ല എന്നത് തന്നെ സത്യം വിളിച്ചു പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ടിനും മറ്റു റിപ്പോര്‍ട്ടുകളുടെ ഗതി ഉണ്ടാകാന്‍ വിശ്വാസികള്‍ സമ്മതിക്കില്ല. ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ നടപടികള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും; എഎംടി പ്രതിനിധികള്‍ പറയുന്നു.

ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനും കല്‍ദായക്കാരും തമ്മിലുള്ള ഒത്തുകളിയോ?
കര്‍ദിനാള്‍ ആലഞ്ചേരിക്ക് അതിരൂപത അധികാരങ്ങള്‍ തിരികെ കിട്ടിയതും ബിഷപ്പുമാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍വീട്ടിലിനെയും സഹാമെത്രാന്മാരുടെ സ്ഥാനത്ത് നിന്നും മാറ്റിയതും വത്തിക്കാനിലെ ഓറിയന്റല്‍ കോണ്‍ഗ്രിഗേഷനും മാര്‍ ആലഞ്ചേരി ഉള്‍പ്പെടുന്ന കല്‍ദായ വിഭാഗവും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണവും വിശ്വാസി സമൂഹം ഉയര്‍ത്തുന്നുണ്ട്. ഭൂമി വില്‍പ്പനയെ കുറിച്ച് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇതുവരെ മാര്‍ പാപ്പ കണ്ടുകാണില്ലെന്നും ഇവര്‍ പറയുന്നു. ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ പ്രീഫെക്ടായ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രിയും അപ്പസ്തോലിക് നൂണ്‍ഷിയോ ആര്‍ച്ച് ബിഷപ്പ് ഗിയാമ്പാറ്റിസ്റ്റ ഡിക്വാട്രോയും അടക്കമുള്ളവര്‍ കല്‍ദായ വിഭാഗവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും ഈ സംഘങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ കരാറാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കു പിന്നിലെന്നും ആക്ഷേപമുന്നയിക്കപ്പെടുന്നുണ്ട്. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഇഞ്ചോടി കമ്മിഷന്റെയും കെപിഎംജിയുടെയും റിപ്പോര്‍ട്ടുകളുമായി അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വത്തിക്കാനില്‍ എത്തിയത് റിപ്പോര്‍ട്ടുകളുടെ ഒരു കോപ്പി മാര്‍ പാപ്പയക്ക് നേരില്‍ നല്‍കണമെന്ന ഉദ്ദേശവുമായിട്ടാണ്. അതിരൂപതയിലെ മെത്രാന്മാരും വൈദികരും ഇതേ ആവശ്യം അഡ്മിനിസ്‌ട്രേറ്ററോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പസ്റ്റോലിക അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ പാപ്പയെ കാണുന്നത് പ്രോട്ടോക്കോള്‍ ലംഘനമാകുമെന്നു പറഞ്ഞ് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ ബിഷപ്പ് മനത്തോടത്തിന്റെ ആവശ്യം തള്ളിയതിനു പിന്നില്‍ കല്‍ദായക്കാരെ സംരക്ഷിക്കാനാണെന്നാണ് വിശ്വാസി സംഘടനകളും പറയുന്നത്. രണ്ടാമതും റോമില്‍ എത്തിയ സമയത്ത് ബിഷപ്പ് മനത്തോടത്തിനോട് മാര്‍ പാപ്പയെ കാണമെന്നു അതിരൂപതയിലെ വൈദികരും മെത്രാന്മാരും പറഞ്ഞിരുന്നതാണ്, ബിഷപ്പും ഇത്തവണയെങ്കിലും മാര്‍ പാപ്പയുമായി സംസാരിക്കണമെന്ന ആഗ്രഹത്തിലായിരുന്നു. പക്ഷേ, ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍ അവിടെയും തടസം നിന്നു. യാഥാര്‍ത്ഥ്യങ്ങള്‍ അറിയാന്‍ മാര്‍പാപ്പയെ അനുവദിക്കാതെ അദ്ദേഹത്തിനു ചുറ്റും നില്‍ക്കുന്നവര്‍ നടത്തിവരുന്ന കുതന്ത്രങ്ങളുടെ ഭാഗമാണ് ഇതെല്ലാം. വത്തിക്കാനില്‍ നിന്നു തന്നെയുള്ള വൈദികര്‍ പറഞ്ഞുതരുന്ന വിവരങ്ങളാണിവയെന്നും വിശ്വാസ സംഘടനകള്‍ പറയുന്നു. സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ പറയുന്നതുപോലെ അതിരൂപതയുടെ എല്ലാ അധികാരങ്ങളും കര്‍ദിനാളിന് കൈമാറിയിട്ടില്ലെന്നു തന്നെയാണ് തങ്ങള്‍ ഇപ്പഴും വിശ്വസിക്കുന്നതെന്നും അതിനുള്ള തെളിവ് വത്തിക്കാന്‍ വെബ്‌സൈറ്റില്‍ ഇത്തരം കാര്യങ്ങളൊന്നും വിശദീകരിച്ചിട്ടില്ലെന്നതാണെന്നും വിശ്വാസികള്‍ പറയുന്നു. കര്‍ദിനാളിന് അധികാരങ്ങള്‍ തിരികെ നല്‍കി കൊണ്ട് ഉത്തരവ് ഉണ്ടായിട്ടുണ്ടെന്നത് വാസ്തവമാണെങ്കിലും, അധികാര കൈമാറ്റം നിബന്ധനകളോടെ ആയിരിക്കാനാണ് സാധ്യതയെന്നും അതുകൊണ്ടാകാം മാധ്യമങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത കുറിപ്പ് നല്‍കുമ്പോള്‍ ഒപ്പം വത്തിക്കാനില്‍ നിന്നുള്ള ഒറിജനല്‍ ഡോക്യുമെന്റുകള്‍ നല്‍കാതിരുന്നതെന്നും ആക്ഷേപമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി ജേക്കബ് മനത്തോടത്തിനെ ചുമതലപ്പെടുത്തുന്ന സമയത്ത് ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെയും നുണ്‍ഷിയോയുടെയും സിബിസിഐയുടെയും സിനഡിന്റെയും കെസിബിസിയുടെയുമെല്ലാം സര്‍ക്കുലര്‍ പുറത്തു വരികയും എല്ലാവര്‍ക്കുമത് കിട്ടുകയും ചെയ്തതാണ്. എന്നാല്‍ ഇപ്പോഴത്തെ നിര്‍ദേശവുമായി ആകെ ഉണ്ടായിരിക്കുന്നത് സിറോ മലബാര്‍ സഭ ആസ്ഥാനമായ സെന്റ്. തോമസ് മൗണ്ടില്‍ നിന്നും മീഡിയ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ മാത്രം ഒരു വാര്‍ത്ത കുറിപ്പാണ്. മാധ്യമങ്ങള്‍ക്കു പോലും ആശയക്കുഴപ്പം ഉണ്ടാക്കുന്നതായിരുന്നു ആ കുറിപ്പ്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ എവിടെയൊക്കെയോ ചതിയും ഗൂഢാലോചനയും മണക്കുന്നുണ്ടെന്നും അതെല്ലാം വൈകാതെ തന്നെ വെളിച്ചത്ത് വരുമെന്നും വിശ്വാസികളും വിശ്വാസ സംഘടനകളും പറയുന്നു.

Read More: വര്‍ക്കല വിജയനെ ഉരുട്ടിക്കൊന്ന ശാസ്തമംഗലം ക്യാമ്പ്; അടിയന്തരാവസ്ഥയുടെ ഓര്‍മ്മയല്ല, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍