UPDATES

നികുതി പണത്തേക്കാള്‍ വലുതാണ് ജനങ്ങളുടെ ജീവന്‍; ബ്രോഡ് വേയില്‍ ഒരു മഹാദുരന്തത്തിന് കളമൊരുക്കി കൊടുക്കരുത് കൊച്ചി കോര്‍പ്പറേഷന്‍

2016 ല്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു വിഭാഗം ബ്രോഡ് വേയില്‍ നടപ്പാക്കേണ്ട സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കോര്‍പ്പറേഷന് സമര്‍പ്പിച്ചിരുന്നതാണെങ്കിലും ഇതുവരെ അത് പ്രവര്‍ത്തിയില്‍ കൊണ്ടുവന്നില്ല

എറണാകുളത്ത് ക്ലബ് റോഡ് പരിധിയിലുള്ള ബ്രോഡ് വേയില്‍(മാര്‍ക്കറ്റ് റോഡ് ജംഗ്ഷന് സമീപം) ഇന്നലെ ഉണ്ടായ തീപിടിത്തം ഗുരുതരമായൊരു സാഹചര്യം തുറന്നു കാണിക്കുന്നുണ്ട്. നികുതി വരുമാനത്തില്‍ മാത്രം കണ്ണുവയ്ക്കുന്ന ഭരണകൂട സംവിധാനങ്ങള്‍ ജനങ്ങളുടെ ജീവന് എത്ര കണ്ട് വിലകല്‍പ്പിക്കുന്നുണ്ടെന്ന ചോദ്യവും അതിനൊപ്പം ഉയരുന്നുണ്ട്. ദിവസനേ പതിനായിരക്കണക്കിന് ആളുകള്‍ വന്നു പോകുന്ന എറണാകുളത്തെ പ്രധാന വ്യാപാരകേന്ദ്രമാണ് ബ്രോഡ് വേയും മാര്‍ക്കറ്റ് റോഡും ഉള്‍പ്പെടുന്ന പ്രദേശം. കച്ചവടക്കാരും കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാരുമടക്കം ബ്രോഡ് വേയിലും മാര്‍ക്കറ്റ് റോഡിലും പരിസരങ്ങളിലും തിങ്ങിനിറയുന്ന ജനങ്ങളുടെ എണ്ണം ദിനം പ്രതിയെന്നോണം വര്‍ദ്ധിക്കുമ്പോഴും മനുഷ്യ ജീവന് ഒട്ടും സുരക്ഷിതത്വമില്ലാത്തൊരു ഇടം കൂടിയാണിവിടമെന്ന് പറയേണ്ടി വരും. തിങ്കളാഴ്ച്ച ഉണ്ടായ തീപിടിത്തത്തില്‍ ആള്‍ നാശം ഒന്നും ഉണ്ടായില്ലെന്നു പറഞ്ഞ് അവഗണിക്കുകയാണെങ്കില്‍ വലിയൊരു ദുരന്തത്തിലേക്ക് സ്വയം ഇറങ്ങി ചെല്ലുന്നതിന് തുല്യമാകുമത്.

ഒരു ആസൂത്രിത വ്യാപാര കേന്ദ്രമല്ല ബ്രോഡ് വേയിലും മാര്‍ക്കറ്റ് റോഡിലുമുള്ളത്. സ്വയമെന്നോണം രൂപപ്പെട്ടുവന്നൊരിടം. ആയിരക്കണക്കിന് കച്ചവട സ്ഥാപനങ്ങളാണ് ചെറുതും വലുതുമായി ബ്രോഡ് വേയിലും മാര്‍ക്കറ്റ് റോഡിലുമൊക്കെയായി സ്ഥിതി ചെയ്യുന്നത്. തുണിക്കച്ചവടം, ഇലക്ടോണിക് ഉപകരണങ്ങള്‍, ഭക്ഷണശാലകള്‍, സുഗന്ധവ്യഞ്ജന വില്‍പ്പനശാലകള്‍, തുകല്‍ ഉത്പന്ന വിപണനകേന്ദ്രങ്ങള്‍, പലചരക്ക് വ്യാപാരം തുടങ്ങി ഒരു ഉപഭോക്തൃ സമൂഹത്തിന്റെ ഏതാവശ്യങ്ങള്‍ക്ക് സമീപിക്കാവുന്ന കേന്ദ്രമാണിവിടം. അതുകൊണ്ട് തന്നെ ഇതര ജില്ലകളില്‍ നിന്നും പോലും ഇവിടെ ആളുകള്‍ എത്തുകയാണ്. ഏകദേശം ഒരു നൂറ്റാണ്ടിനടുത്ത് ഇവിടുത്തെ കച്ചവട ചരിത്രം ഉണ്ടെന്നതിനാല്‍ പല കെട്ടിടങ്ങള്‍ക്കും അത്ര തന്നെ പഴക്കമുണ്ട്. അത്തരം സ്ഥാപനങ്ങള്‍ തന്നെയാണ് ഭീഷണിയായി നില്‍ക്കുന്നതും.

"</p

തിങ്കളാഴ്ച്ച തീപിടുത്തം ഉണ്ടായ കെ സി പാപ്പു ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് അരനൂറ്റാണ്ടിലേറെ പഴക്കം ഉള്ളതാണ്. ഓടുമേഞ്ഞ മേല്‍ക്കൂര തന്നെ അതിന് ഉദ്ദാഹരണം. പ്രാഥമിക നിഗമനം അനുസരിച്ച് ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപിടുത്തതിന് കാരണമായി പറയുന്നത്. ഇത്തരം പഴക്കമേറി കെട്ടിടങ്ങളിലെ വയറിംഗുകള്‍ക്കും കാലപ്പഴക്കം ഉണ്ട്. ഇവ കൃത്യമായി മെയിന്റനിംഗ് നടത്താറുമില്ല. നികുതിയിനത്തില്‍ കൊച്ചി കോര്‍പ്പറേഷന് വലിയ തുക പിരിഞ്ഞു കിട്ടുന്നയിടമാണെങ്കിലും ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥ തലത്തിലോ ഭരണ തലത്തിലോ നീക്കങ്ങള്‍ നടക്കുന്നില്ലെന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്.

തയ്യല്‍ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനമാണ് കെ സി പാപ്പു ആന്‍ഡ് സണ്‍സ്. രണ്ടു നിലകളുള്ള ഈ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ സാമഗ്രികള്‍ വില്‍പ്പന നടത്തുന്ന യൂണിറ്റിനും അതിനോട് ചേര്‍ന്നുള്ള കടമുറികളിലുമാണ് തീ പടര്‍ന്നത്. ഏകദേശം രണ്ടര മണിക്കൂറുകളോളം ഫയര്‍ ആന്‍ഡ് റെസക്യൂ ടീം നടത്തിയ കഠിനപ്രയ്തനത്തിലൂടെയാണ് സമീപത്തെ കടകളിലേക്ക് പടരാതെ തീയണയ്ക്കാന്‍ സാധിച്ചത്. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സി ഐ ടി യു ചുമട്ടു തൊഴിലാളികള്‍ തീപിടുത്തത്തെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിഞ്ഞു മാറിയതെന്നു മനസിലാകും. അവര്‍ അഴിമുഖത്തോട് പറഞ്ഞകാര്യങ്ങള്‍; രാത്രിയാണ് തീപിടര്‍ന്നിരുന്നതെങ്കില്‍ ഫയര്‍ ഫോഴ്‌സ് എത്തുന്നതിനു മുന്നെ തന്നെ ഇവിടെ മൊത്തം കത്തിയെരിയുമായിരുന്നു. തീപിടിച്ച കടയുടെ തൊട്ട് ചേര്‍ന്നുള്ളത് തുണിക്കടകളാണ്. റംസാനും സ്‌കൂള്‍ തുറക്കുന്ന സമയവുമൊക്കെയായതുകൊണ്ട് എല്ലാ കടകളിലും ധാരാളം തുണികള്‍ കൂട്ടിയിട്ടിട്ടുണ്ട്. അവയിലേക്ക് തീ പടര്‍ന്നാല്‍ പിന്നെ ഒരു രക്ഷയുമില്ല. ഇവിടെ ഓരോ കടയും തൊട്ട് ചേര്‍ന്നാണ് നില്‍ക്കുന്നത്. ഒരറ്റത്ത് തീ ഉണ്ടായാല്‍ മതി നിമിഷം നേരം കൊണ്ട് ഇപ്പുറത്ത് അറ്റം വരെ കത്തും. ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. ഇപ്പോള്‍ തന്നെ ഫയര്‍ എഞ്ചിനുകള്‍ വന്നിട്ട് ഒരെണ്ണത്തിനു മാത്രമാണ് തീപിടിച്ച കടയുടെ അടുത്ത് എത്താന്‍ പറ്റിയത്. ബാക്കിയൊക്കെ പിറകെ പിറകെ കിടക്കാനെ പറ്റിയുള്ളൂ. റോഡിന് വീതിയില്ലാതെ എങ്ങനെ വണ്ടി പോകും. ഒന്നിലെ വെള്ളം തീര്‍ന്നാല്‍ പിന്നെന്തു ചെയ്യും. ഒന്നാമത് ചൂടുകൊണ്ട് പൊള്ളിക്കിടക്കുകയാണെല്ലായിടവും. ഇത്തവണയും ആര്‍ക്കുമൊന്നും പറ്റിയില്ലെന്നു പറഞ്ഞ് ആശ്വസിക്കാം. ഇനിയും ഇത്തരം തീപിടിത്തങ്ങള്‍ ഉണ്ടാകില്ലേ…ഇതിനു മുമ്പ് ഉണ്ടായിട്ടുള്ളതുമാണല്ലോ. ഇനി കത്തിയാല്‍ മനുഷ്യന്‍ അതില്‍ പെടില്ലെന്ന് ആര്‍ക്കു പറയാനാകും.

രാവിലെ ഒമ്പതു മണിയോടടുത്താണ് തീപിടുത്തം ഉണ്ടായതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. പുക ഉയരുന്നതു കണ്ട് ഇവരാണ് ഓടി ചെന്നത്. അപ്പോള്‍ സ്ഥാപനം തുറന്നിരുന്നില്ല. ഉടന്‍ തന്നെ ഉടമകളെ വിളിച്ച് വിവരം പറഞ്ഞു. ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിച്ചു. വളരെ പെട്ടെന്ന് ഇടപെടലുകള്‍ നടത്താന്‍ പറ്റിയതുകൊണ്ട് വലിയ ദുരന്തത്തിലേക്ക് കാര്യങ്ങള്‍ പോയില്ലെന്ന് ഇവര്‍ പറയുന്നു. രാത്രി സമയത്തായിരുന്നു തീപിടിത്തമെങ്കില്‍ കോഴിക്കോട് മിഠായി തെരുവില്‍ സംഭവിച്ച ദുരന്തത്തിന് സമാനമായത് ബ്രോഡ് വേയിലും സംഭവിക്കുമായിരുന്നു.

"</p

ഓര്‍ഗാനിക്കലി വളര്‍ന്നു വന്നൊരിടമാണിത്. അല്ലാതെ നഗരാസൂത്രണത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ളതല്ല. എന്നാല്‍ പിന്നീട് വന്ന ചട്ടങ്ങള്‍ പോലും അവിടെ ബാധകമാക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. അനധികൃത നിര്‍മാണങ്ങളാണ് അതിനകത്തുള്ളത്. അതിനെതിരേ ഒരു നടപടിയും ഉണ്ടകുന്നില്ല. ഒരു ഫയര്‍ എഞ്ചിനുപോലും കയറിയിറങ്ങാനുള്ള വഴി അവിടെയില്ല. നമ്മളത് കണ്ടതാണ്. ഒന്നു വന്നാല്‍ റോഡ് മൊത്തം ബ്ലോക്ക് ആണ്. മറ്റൊരു വാഹനത്തിന് കയറിവരാന്‍ സാധിക്കുന്നില്ല. ഒരിടത്ത് കത്തു പിടിച്ചാല്‍ മറ്റേയറ്റം വരെ കത്തിപ്പടരും. സ്വകാര്യ കെട്ടിടങ്ങളാണെന്നതിനാല്‍ മെയിന്റനന്‍സ് പ്രവര്‍ത്തികളുടെ ഉത്തരവാദിത്വം അതാത് ഉടമകള്‍ നോക്കണമെങ്കിലും ബില്‍ഡിംഗ് റൂള്‍സ് കൃത്യമായി പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താനും വീഴ്്ച്ച വരുന്നവര്‍ക്കെതിരേ നടപടിയെടുക്കാനും ചടങ്ങള്‍ പ്രകാരം കെട്ടിടങ്ങള്‍ നിര്‍മിക്കാനും തങ്ങളുടെ അധികരം ഉപയോഗിക്കാന്‍ കോര്‍പ്പറേഷന് സാധിക്കും. അതവര്‍ ചെയ്യുന്നുണ്ടോയെന്നാണ് ചോദ്യം. നിയമങ്ങള്‍ പാലിക്കപ്പെടാതെ പോകുന്നതാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. കെട്ടിടങ്ങള്‍ തമ്മില്‍ ഇത്ര മീറ്റര്‍ അകലം ഉണ്ടായിരിക്കണം, ഒരോ കെട്ടിടവും ഇത്ര മീറ്റര്‍ റോഡില്‍ നിന്നും ഇറക്കിയേ നിര്‍മിക്കാവൂ. ഈ ചട്ടങ്ങളൊക്കെ ഉണ്ടാക്കിയിരിക്കുന്നത് ഇതുപോലെ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആണെന്ന കാര്യം കൂടി മനസിലാക്കണം. ഇപ്പോള്‍ ബ്രോഡ് വേയിലോ സമീപ പ്രദേശങ്ങളിലോ വലിയൊരു അപകടം നടന്നാല്‍ രക്ഷാപ്രവര്‍ത്തനം എത്രമാത്രം ദുഷ്‌കരമാണെന്ന് ഇന്നലത്തെ സംഭവം കൊണ്ട് തന്നെ എല്ലാവര്‍ക്കും ബോധ്യമായതാണ്. കോര്‍പ്പറേഷനും ഫയര്‍ ആന്‍ഡ് റെസക്യു വിഭാഗവും അതുകൊണ്ട് ഇനിയെങ്കിലും ഇവിടെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരെയും നിര്‍ബന്ധിതരാക്കണം. ഇല്ലെങ്കില്‍ വന്‍ദുരന്തിന് നാം സാക്ഷികളാകേണ്ടി വരും; മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അഡ്വ. സോഹന്‍ ഉയര്‍ത്തുന്ന വാദങ്ങളാണിത്.

കൊച്ചി കോര്‍പ്പറേഷന്റെ നിരുത്തരവാദപരമായ സമീപനമാണ് ബ്രോഡ് വേയിലെ ചുമട്ടു തൊഴിലാളികളും ചൂണ്ടിക്കാണിക്കുന്നത്. കടക്കാര്‍ കോര്‍പ്പറേഷന്റെ പ്രധാന വരുമാന മാര്‍ഗമാണ്. തീപിടിത്തം പോലെ അപകടം ഉണ്ടായി നശിക്കുന്ന കടകള്‍ അതേ സ്ഥലത്ത് തന്നെ വീണ്ടും കച്ചവടം ആരംഭിക്കാന്‍ അനുമതി കൊടുക്കുകയാണ്. ഇതുപോലെ മുന്‍പും ഇവിടെ കടകള്‍ കത്തിപ്പോയിട്ടുണ്ട്. അവരൊക്കെ അവിടെ തന്നെ വീണ്ടും കച്ചവടം പുനഃരാരംഭിച്ചിട്ടുണ്ട്. ലക്ഷകണക്കിന് ആളുകള്‍ വന്നുപോകുന്നിടമാണിത്. ഇവിടുത്തെ റോഡിന്റെ വീതി കണ്ടില്ലേ? ഫയര്‍ എഞ്ചിന്‍ പോലുള്ള വാഹനത്തിന് കയറി വരാന്‍ പോലും ഇടമില്ല. ഇതിലൂടെ കടന്നു പോകുന്ന വൈദ്യുത പോസ്റ്റുകള്‍ കണ്ടാല്‍ തന്നെ ഭയമാകും. ഇപ്പോഴത്തെ അവസ്ഥയില്‍ ഇനിയും ഒരു ദുരന്തം ഉണ്ടാകല്ലേയെന്ന് ആഗ്രഹിക്കാന്‍ മാത്രമെ കഴിയൂ.

"</p

അതേസമയം കച്ചവടക്കാരെ കുറ്റപ്പെടുത്തിയാണ് കോര്‍പ്പറേഷന്‍ ഇക്കാര്യത്തില്‍ പ്രതികരണം നടത്തുന്നത്. അപകടങ്ങള്‍ ഉണ്ടാക്കാനുള്ള സാഹചര്യങ്ങള്‍ കടക്കാര്‍ തന്നെയാണ് ഉണ്ടാക്കുന്നതെന്നാണ് കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജയിന്‍ പറയുന്നത്. ബ്രോഡ് വേയിലെ കടകളെല്ലാം തന്നെ പുറത്തേക്ക് അവര്‍ക്ക് അനുവദനീയമായതിലും അധികം സ്ഥലം കയ്യേറിയിയിരിക്കുകയാണെന്നും മേയര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രോഡ് വേയിലേയും പരിസരങ്ങളിലേയും കച്ചവട സ്ഥാപനങ്ങള്‍ ശ്രദ്ധിച്ചാല്‍ കടുത്ത നിയമലംഘനങ്ങളാണ് നടക്കുന്നതെന്നു വ്യക്തമാണ്. ഒരു നില പണിയാന്‍ അനുമതി കിട്ടിയവര്‍ രണ്ടും മൂന്നും നിലകള്‍ നിര്‍മിച്ചിരിക്കുന്നതാണ് ഇവിടെ കാണാന്‍ കഴിയുന്നത്. തിങ്കളാഴ്ച്ച തീപിടിത്തം ഉണ്ടായ കെട്ടിടത്തില്‍ പോലും അനധികൃത നിര്‍മാണം നടത്തിയിട്ടുണ്ട്. രണ്ട് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് താത്കാലികമായി ഫ്‌ളോറിംഗ് നടത്തി സാധന സാമഗ്രികള്‍ സ്‌റ്റോര്‍ ചെയ്തത് അഗ്നിബാധയെ ശക്തിപ്പെടുത്തുവാന്‍ കാരണമാക്കിയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതുപോലെ തന്നെ ഒട്ടുമിക്ക കച്ചവട സ്ഥാപനങ്ങളും പാര്‍ക്കിംഗ് സൗകര്യം പോലും ഇല്ലാതെ റേഡിലേക്ക് കയറ്റി പോലും തങ്ങളുടെ ഉത്പന്നങ്ങള്‍ നിറച്ചിട്ടിരിക്കുകയാണ്. റോഡില്‍ നിന്നും പരമാവധി മൂന്നു മീറ്റര്‍ എങ്കിലും ഇറക്കി മാത്രമെ കെട്ടിടം നിര്‍മിക്കാന്‍ അനുവാദമുള്ളു എന്നിരിക്കെയാണ് റോഡ് പോലും തങ്ങളുടെ കച്ചവട സ്ഥലമാക്കി ഇവര്‍ മാറ്റുന്നത്. ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ആംബലുന്‍സിനു പോലും തടസം കൂടാതെ വന്നുപോകാന്‍ ഇവിടെ സൗകര്യമില്ലെന്നത് ഗുരുതരമായ കുറ്റം തന്നെയാണ്.

നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ മിക്കവയയും തന്നെ കേസില്‍ പെട്ടു കിടക്കുന്നവയായതുകൊണ്ടാണ് പുനഃനിര്‍മാണമൊന്നും നടക്കാതെ പോകുന്നതെന്ന കാര്യവും ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പലതും വാടകയിനത്തില്‍ കൊടുത്തവയാണ്. പഴയകാല വാടകയാണ് ഉടമകള്‍ക്ക് കിട്ടുന്നത്. എന്നാല്‍ കച്ചവടക്കാരെ ഒഴിപ്പിച്ച് കെട്ടിടം വീണ്ടെടുക്കാനും സാധിക്കുന്നില്ല. കെട്ടിടം ഉടമയും കച്ചവടക്കാരും തമ്മില്‍ കോടതിയില്‍ കേസിനു പോവുകയാണ്. ഇവയില്‍ വിധി വരാതെ വര്‍ഷങ്ങളോളം നീണ്ടു പോവുകയും ചെയ്യുന്നതോടെ അപകട ഭീതി പരത്തുന്ന കെട്ടിടങ്ങളില്‍ കച്ചവടം തുടരുന്നു. ചില തീപിടിത്തങ്ങള്‍ മനഃപൂര്‍വമെന്നോണം സംഭവിക്കുന്നുണ്ടെന്നും വിവരമുണ്ട്. തീപിടിത്തത്തില്‍ നാശ നഷ്ടം ഉണ്ടായാല്‍ അവിടെ പുനഃര്‍നിര്‍മാണത്തിന് സാധ്യതയുണ്ടാകുന്നുണ്ട്. ഇതിനു വേണ്ടി മനുഷ്യ ഇടപെടല്‍ കൊണ്ടും കത്തുപിടിച്ച കെട്ടിടങ്ങള്‍ ഇവിടെയുണ്ടെന്നു പറയുന്നു.

എന്നാല്‍ തങ്ങള്‍ കൃത്യമായി നികുതി അടയ്ക്കുന്നുണ്ടെന്നും സ്ഥല സൗകര്യങ്ങള്‍ ഒരുക്കുന്നതുള്‍പ്പെടെയുള്ള ഇടപെടലുകള്‍ നടത്തേണ്ടത് കോര്‍പ്പറേഷന്‍ ആണെന്നുമാണ് ബ്രോഡ് വേയിലെ വ്യാപാരികള്‍ പ്രതികരിച്ചത്. ഒറ്റപ്പെട്ട നിയമ ലംഘനങ്ങള്‍ നടക്കുന്നുണ്ടാകുമെന്നും തങ്ങളെല്ലാം ചട്ടങ്ങള്‍ പാലിച്ചും കൃത്യമായി മെയിന്റനന്‍സ് നടത്തിയുമാണ് മുന്നോട്ടു പോകുന്നതെന്നും ഇവര്‍ ന്യായങ്ങള്‍ നിരത്തുന്നുണ്ട്.

ബ്രോഡ് വേ, ക്ലബ് റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പല കെട്ടിടങ്ങളും വളരയേറെ കാലപ്പഴക്കം ചെന്നവയാണെന്നാണ് ഫയര്‍ ആന്‍ഡ് റെസക്യു വിഭാഗവും പറയുന്നത്. മിക്ക കെട്ടിടിങ്ങള്‍ക്കും തങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. എന്നാല്‍ നോട്ടീസ് നല്‍കി പോരുകയെന്നല്ലാതെ നിയമപ്രകാരം അത് നടപ്പാക്കാന്‍ തങ്ങള്‍ക്ക് അധികാരം ഇല്ലെന്നും അത് ചെയ്യേണ്ടത് മറ്റ് ഭരണ വിഭാഗങ്ങള്‍ ആണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ഓഫിസര്‍ ഉണ്ണിക്കൃഷ്ണന്‍ തിങ്കളാഴ്ച്ചത്തെ തിപിടിത്തുമായി സംബന്ധിച്ച് അഴിമുഖത്തോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍; തീപിടുത്തം ഉണ്ടായ കെട്ടിടത്തിന് അറുപത് വര്‍ഷത്തോളം പഴക്കം ഉണ്ടെന്നാണ് പറയുന്നത്. നൂറു വര്‍ഷത്തിന് അടുത്ത് പഴക്കമുള്ള കെട്ടിടങ്ങള്‍ വരെ അവിടെയുണ്ട്. അവയൊന്നും തന്നെ ഫയര്‍ എന്‍ ഒ സിയുടെ പരിധിയില്‍ പെടുന്നവയുമല്ല. അതുകൊണ്ട് തന്നെ സുരക്ഷ സംവിധാനങ്ങള്‍ ഒന്നും തന്നെ കാണുകയുമില്ല. ഇപ്പോള്‍ അവിടെയുള്ളവയില്‍ വളരെ ചുരുക്കം ചില കെട്ടിടങ്ങള്‍ക്ക് മാത്രമെ ഫയര്‍ എന്‍ ഒ എസി ഉള്ളൂ. എന്‍ ഒ സി കൊടുത്തവയില്‍ പോലും അതിനുശേഷം അനധികൃത നിര്‍മാണങ്ങള്‍ നടത്തുന്നുണ്ട്. അതാണ് അപകടങ്ങള്‍ ഉണ്ടാക്കുന്നത്. നിയമങ്ങള്‍ പാലിക്കണമെന്ന് പറയാനല്ലാതെ, അവ നടപ്പാക്കണമെന്നു നിര്‍ബന്ധം പിടിക്കാന്‍ ഫയര്‍ ആന്‍ഡ് റെസക്യു വിഭാഗത്തിന് അധികാരവുമില്ല. പ്രാദേശിക ഭരണകൂടത്തിന് റിപ്പോര്‍ട്ട് ചെയ്യുക എന്ന വഴിമാത്രമാണ് വഴി. 2016 ല്‍ ബ്രോഡ് വേയുടെ ഓഡിറ്റ് നടത്തി ഫയര്‍ ആന്‍ഡ് റസ്‌ക്യു വിഭാഗം കോര്‍പ്പറേഷന് ലെറ്റര്‍ കൊടുത്തിട്ടുള്ളതാണ്. ബ്രോഡ് വേയിലും പരിസരത്തുമുള്ള കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെയെല്ലാം വയറിംഗ് എല്ലാം പുതുക്കണം. ഇതിലൂടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുള്ള അപകടം ഒഴിവാക്കാം. എല്ലാ കെട്ടിടങ്ങള്‍ക്കും നിയമാനുസൃതമായ ഇല്‍സിബികള്‍ ഉറപ്പാക്കണം. early detection system എല്ലായിടത്തും നിര്‍ബന്ധമാാക്കണം. തിങ്കളാഴ്ച്ച ഉണ്ടായ തീപിടിത്തത്തില്‍ തന്നെ ഒരു ഭാഗം കത്തി കഴിഞ്ഞപ്പോഴാണ് താഴെയുള്ളവര്‍ അറിയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ തീ പടര്‍ന്നു കഴിഞ്ഞെന്നതിനാല്‍ അത് നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. അതേസമയം തീ ഉണ്ടാകുന്ന സമയം തന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ അവിടെയുള്ളവര്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനുവേണ്ടിയാണ് early detection and warning system നടപ്പാക്കണമെന്നു പറയുന്നത്. ബ്രോഡ് വേയുടെ ചുറ്റും ഫയര്‍ പൈപ്പ് ലൈന്‍സ് ഉപയോഗിച്ച് റിംഗ് ലൈനുകള്‍ വച്ച് പില്ലര്‍ ഹൈഡ്രന്റ് സ്ഥാപിക്കണം. മിനിമം അഞ്ചു ലക്ഷത്തിന്റെയെങ്കിലും വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ച് അതില്‍ പമ്പ് സെറ്റ് ചെയ്ത് ബ്രോഡ് വേയുടെ പരിസരപ്രദേശങ്ങളിലെല്ലാം വെള്ളം കിട്ടാനുള്ള മാര്‍ഗം ഉണ്ടാക്കണം. അങ്ങനെയുണ്ടായാല്‍ ഫയര്‍ എഞ്ചിനുകളുടെ ആവശ്യമില്ലാതെ തന്നെ തീയണയ്ക്കാന്‍ കഴിയും. സേനയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ മാത്രം സ്ഥലത്ത് എത്തിയാല്‍ മതിയാകും. അവശ്യമായ പരിശീലനം കൊടുത്താല്‍ കച്ചവട സ്ഥാപനത്തിലുള്ളവര്‍ക്കോ പരിസരത്തുള്ള ചുമട്ടു തൊഴിലാളികള്‍ക്കോ തന്നെ തീയണയ്ക്കാനും കഴിയും. ഇത്തരം പരിശീലനം കൊടുക്കാന്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യു ടീം എപ്പോഴും സന്നദ്ധവുമാണ്. ചെറിയ തീപിടിത്തങ്ങളാണെങ്കില്‍ ആ സമയം തന്നെ അണയ്ക്കാന്‍ ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞാല്‍ സാധിക്കും. ഈ നിര്‍ദേശങ്ങള്‍ അടങ്ങിയ ഓഡിറ്റ് റിപ്പോര്‍ട്ടാണ് മൂന്നു വര്‍ഷങ്ങള്‍ മുന്നേ കോര്‍പ്പറേഷന് നല്‍കിയത്. 

"</p

തിങ്കളാഴ്ച്ച ഉണ്ടായ തീ പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ഈ നിര്‍ദേശങ്ങള്‍ ഫയര്‍ ആന്‍ഡ് റെസക്യു ടീം വീണ്ടും കമ്മിഷണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അടിയന്തിരമായി തന്നെ ഇവയില്‍ ചില നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം ഉണ്ടായിട്ടുള്ളത്. ഒരു മാസത്തിനുള്ളില്‍ തന്നെ ഇവ നടപ്പാക്കുമെന്നും പറയുന്നു. എന്നാല്‍ ഇവകൊണ്ടു മാത്രം കാര്യമാകുന്നില്ല. കൊച്ചി കോര്‍പ്പറേഷന്റെ ആസൂത്രിതമായ ഇടപെടല്‍ വേണ്ടയിടം തന്നെയാണ് ബ്രോഡ് വേയും പരിസരപ്രദശങ്ങളും. ഇവിടുത്തെ പഴയ കെട്ടിടങ്ങള്‍ എല്ലാം നീക്കം ചെയ്ത് പുതിയവ ചട്ടങ്ങള്‍ പാലിച്ച് നിര്‍മിക്കുകയെന്നതാണ് ആദ്യം നടപ്പാക്കേണ്ടത്. ആവശ്യമായ ഗതാഗതസൗകര്യം ഒരുക്കുക, കൃത്യമായ മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക എന്നിവയിലും കോര്‍പ്പറേഷന്റെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. അല്ലാതെ, നികുതി വരവില്‍ മാത്രം ശ്രദ്ധിച്ച് അവഗണന തുടരുകയാണെങ്കില്‍ ഒരു മഹാദുരന്തത്തിന് അവസരമൊരുക്കുകയായിരിക്കും ഭരണകൂടം ചെയ്യുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍