UPDATES

ട്രെന്‍ഡിങ്ങ്

അവധി മാര്‍ക്ക് ചെയ്യിപ്പിച്ചത് കീഴുദ്യോഗസ്ഥനെ കൊണ്ട്, എന്നിട്ടും മാനസികപീഡനം നടന്നിട്ടില്ലെന്ന് വിശദീകരണം; സി ഐ നവാസിന്റെ പ്രശ്‌നം പൊലീസ് ഒതുക്കുമോ?

മേലുദ്യോഗസ്ഥരുടെ മാനസികപീഢനവും അമിതമായ ജോലി സമ്മര്‍ദ്ദവും നവാസിനെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്‌

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസ് മാറി നിന്നത് മേലുദ്യോഗസ്ഥന്റെ മാനസികപീഡനം കൊണ്ടല്ലെന്ന നിലയില്‍ കാര്യങ്ങള്‍ എത്തിക്കാന്‍ ഉന്നതങ്ങളില്‍ ശ്രമം നടക്കുന്നതായി സൂചന. സാമ്പത്തിക പ്രശ്‌നം മൂലമാണ് നവാസ് മാറി നിന്നതെന്നടക്കം പ്രചാരണങ്ങള്‍ ഉന്നത തലത്തില്‍ രൂപപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. നവാസിനെ കണ്ടെത്തിയെങ്കിലും സംഭവത്തില്‍ അന്വേഷണം നടക്കുമെന്ന് കമ്മിഷണര്‍ പറയുന്നുണ്ടെങ്കിലും മേലുദ്യോഗസ്ഥനെ പ്രതികൂട്ടിലാക്കി കൊണ്ട് സി ഐ നവാസിന്റെ വിഷയം പൊലീസ് ചര്‍ച്ചയാക്കില്ലെന്നാണ് സേനയില്‍ നിന്നു തന്നെ കിട്ടുന്ന വിവരം.

അസി. കമ്മീഷണര്‍ പി എസ് സുരേഷില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന അപമാനത്തെ തുടര്‍ന്നാണ് നവാസ് മാറി നിന്നതെന്ന് വ്യക്തമായ സൂചനകള്‍ പുറത്തു വരുമ്പോഴും എസിപിയുടെ ഭാഗത്തു നിന്നും വീഴ്ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത്. നവാസിനെ കാണാതാകുന്നതിനു കാരണായി ബുധനാഴിച്ച രാത്രിയില്‍ ഉണ്ടായ സംഭവങ്ങളെ പറ്റിയുള്ള വിശദാംശങ്ങള്‍ എസിപി സുരേഷില്‍ നിന്നും ചോദിച്ചറിഞ്ഞതായാണ് സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ, അഡീഷണല്‍ കമ്മിഷണര്‍ കെ പി ഫിലിപ്, ഡപ്യൂട്ടി കമ്മിഷണര്‍ ജി പൂങ്കുഴലി എന്നിവര്‍ പറയുന്നത്. സുരേഷിന്റെ ഭാഗം കേട്ടതില്‍ നിന്നും ദൈന്യംദിന കാര്യങ്ങള്‍ മാത്രമാണ് നടന്നതെന്നും കീഴുദ്യോഗസ്ഥനെ പീഡിപ്പിക്കുന്നതോ ദ്രോഹിക്കുന്നതോ ആയ നടപടികള്‍ എസിപിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞു വയ്ക്കുന്നുണ്ട്.

എന്നാല്‍ സി ഐ നവാസിനെ അസി. കമ്മീഷണര്‍ സുരേഷ് അശ്ലീല വാക്കുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ശകാരിച്ചതായാണ് പൊലീസില്‍ നിന്നു തന്നെ കിട്ടുന്ന വിവരം. വയര്‍ലെസ് സെറ്റ് വഴി നടന്ന അസഭ്യം പറച്ചില്‍ മറ്റുള്ളവരും കേ്ള്‍ക്കുകയുണ്ടായിട്ടുണ്ട്. നവാസ് തിരിച്ചും എസിപിയുമായി വാക്കുതര്‍ക്കം നടത്തിയെന്ന് പറയുന്നതില്‍ വാസ്തവമില്ലെന്നും ചില പൊലീസുകാര്‍ പങ്കുവയ്ക്കുന്നുണ്ട്. എസിപിയാണ് സി ഐയെ അസഭ്യം പറഞ്ഞതെന്നാണ് ഇവര്‍ പറയുന്നത്. സാധാരണ ഓട്ടോമാറ്റിക്കായി വയര്‍ലെസ് സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ആകാറുണ്ടെങ്കിലും സി ഐയും എസിപിയും തമ്മില്‍ നടന്ന സംഭാഷണം റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. സാങ്കേതിക തകരാര്‍ മൂലമാണ് ഇതെന്നാണ് പറയുന്നത്.

ഈ വിഷയത്തില്‍ പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്; ഡ്യൂട്ടിയുടെ ഭാഗമായി അന്നത്തെ കാര്യങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ എസിപി കീഴുദ്യോഗസ്ഥരുമായി വയര്‍ലെസ് വഴി ആശവിനിമയം നടത്താറുള്ളത് പതിവാണ്. ഇതനുസരിച്ച് എല്ലാ കീഴുദ്യോഗസ്ഥരും വയര്‍ലെസില്‍ നിശ്ചയിച്ചിരിക്കുന്ന സമയത്ത് ഉണ്ടാകണം. എന്നാല്‍ ബുധനാഴ്ച്ച സി ഐ നവാസിനെ എസിപിക്ക് വയര്‍ലെസില്‍ കിട്ടിയില്ല. തുടര്‍ന്ന് നവാസ് എവിടെയെന്നു തിരക്കുകയും എത്തിയാല്‍ തന്നെ ബന്ധപ്പെടണമെന്നു പറയാനും എസിപി കണ്‍ട്രോള്‍ റൂമിന് നിര്‍ദേശം നല്‍കി. നവാസ് പിന്നീട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്, തന്നെ എസിപി തെറി പറഞ്ഞെന്നാണ്. തുടര്‍ന്ന് എസിപിയും സി ഐയും വയര്‍ലെസില്‍ വന്നു. ഇതിലൂടെ രണ്ടുപേരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഈ തര്‍ക്കം പുലര്‍ച്ചെ വരെ നീണ്ടു നിന്നതായും പറയുന്നു. ഇതിനുശേഷമാണ് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം നവാസ് അപ്രത്യക്ഷമാകുന്നത്.

എന്നാല്‍ ഈ വിഷയത്തിന്റെ മറ്റൊരു വശം പൊലീസില്‍ നിന്നും തന്നെ കേള്‍ക്കുന്നുണ്ട്. സി ഐ നവാസിനെ അസി. കമ്മിഷണറും കമ്മിഷണറും മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയം ഫോണ്‍ എടുക്കാന്‍ സി ഐ ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ആദ്യം അസി. കമ്മിഷണറെ സി ഐ നവാസ് തിരിച്ചു വിളിച്ചെങ്കിലും ആ ഉദ്യോഗസ്ഥന്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് കമ്മിഷണറെ വിളിച്ചു. ഒരു കേസിന്റെ കാര്യം പറയാനായിരുന്നു വിളിച്ചതെന്നും എസിപിയോട് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് കമ്മിഷണര്‍ ഫോണ്‍ വച്ചു. അദ്ദേഹം ശാന്തനായിട്ടായിരുന്നു പ്രതികരിച്ചത്. തുടര്‍ന്ന് സി ഐ നവാസ് 20 തവണയോളം അസി. കമ്മിഷണറെ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നാണ് പറയുന്നത്. പിന്നീട് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്, താന്‍ ഡ്യൂട്ടിയില്‍ ഉണ്ടെന്ന കാര്യം എസിപിയെ അറിയിക്കണമെന്നു നവാസ് പറഞ്ഞു. ഇത് ഇഷ്ടപ്പെടാതെ എസിപി മൊബൈല്‍ ഫോണില്‍ വിളിച്ച് സി ഐയെ അസഭ്യം പറഞ്ഞു. പിന്നീടാണ് വയര്‍ലെസ് വഴിയും ശകാരിച്ചത്.

മേലുദ്യോഗസ്ഥരുടെ മാനസികപീഢനവും അമിതമായ ജോലി സമ്മര്‍ദ്ദവും നവാസിനെ മാനസികമായി തളര്‍ത്തിയതാണ് അദ്ദേഹത്തെ എല്ലാവരില്‍ നിന്നും മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. 25ആം വിവാഹ വാര്‍ഷികവും തന്റെ അമ്പതാം പിറന്നാളും ആയ ദിവസം പോലും നവാസിന് ലീവ് എടുക്കാന്‍ സാധിച്ചിരുന്നില്ല. സെന്‍ട്രല്‍ സ്‌റ്റേഷന്‍ എസ്എച്ച്ഒ ആയ നവാസിന് അവധി കിട്ടാറേയില്ലായിരുന്നുവെന്നാണ് പറയുന്നത്. അസുഖബാധിതയായി കിടപ്പിലായ അമ്മയെ ശുശ്രൂഷിക്കാന്‍ പോലും സമയം കിട്ടാതെ പോകുന്നതും നവാസിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതിനെല്ലാം പുറമെയാണ് അസി. കമ്മിഷണറില്‍ നിന്നും പരസ്യമായ ശകാരം കേള്‍ക്കേണ്ടി വന്നത്. മാത്രമല്ല, സംഭവ ദിവസം 18 മണിക്കൂറോളം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നവാസിന് അസി. കമ്മീഷണറുമായി ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് അബ്‌സെന്റ് ഇട്ടു നല്‍കുകയായിരുന്നു. അതും നവാസിന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥനെ കൊണ്ടാണ് അദ്ദേഹത്തിന് ആബ്‌സന്റ് മാര്‍ക്ക് ചെയ്യിപ്പിച്ചത്. ഇത്തരം അപമാനങ്ങളെല്ലാം ഏല്‍ക്കേണ്ടി വന്നതാണ് ഈ പൊലീസ് ഉദ്യോഗസ്ഥനെ തളര്‍ത്തിയതെന്നാണ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍