UPDATES

എറണാകുളം സെന്‍ട്രല്‍ സി ഐ നവാസിന്റെ തിരോധനത്തിനു പിന്നില്‍ ‘ആല്‍ഫ 2’ വയര്‍ലസ് സെറ്റിലൂടെ നടത്തിയ പരസ്യ ശകാരം?

നവാസിന്റെ തിരോധാനത്തെ കുറിച്ച് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണം ആരംഭിച്ചു

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ ആരിഫ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതലാണ് നവാസിനെ കാണാതാകുന്നതെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്. എങ്ങോട്ട് പോയതെന്നിനെ കുറിച്ച് ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ല. ഒരു യാത്ര പോകുവാണെന്ന് ഭാര്യയ്ക്ക് മെസേജ് അയച്ചതുമാത്രമാണ് നവാസിന്റെ ഭാഗത്ത് നിന്നും ഏറ്റവും ഒടുവില്‍ ഉണ്ടായ ആശയവിനിമയം.

അതേസമയം മേലുദ്യോഗസ്ഥനില്‍ നിന്നും നവാസിന് കഴിഞ്ഞ ദിവസം അപമാനം നേരിട്ടതായി വിവരമുണ്ട്. വയര്‍ലസ് വഴി പൊലീസ് ഉദ്യോഗസ്ഥന്മാര്‍ തമ്മില്‍ നടക്കുന്ന കമ്യൂണിക്കേഷനില്‍, ആല്‍ഫ 2 വില്‍ നിന്നും വന്ന സന്ദേശത്തോട് പ്രതികരിക്കാന്‍ വൈകിയതിന്റെ പേരിലാണ് നവാസ് അപമാനിക്കപ്പെട്ടതെന്നാണ് വിവരം. ആല്‍ഫ 2 എന്നത് എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ആണെന്നാണ് പറയുന്നത്. ഈ ഉദ്യോഗസ്ഥന്റെ സന്ദേശത്തോട് പ്രതികരിക്കാന്‍ വൈകിയതിന്റെ പേരില്‍ വയര്‍ലസ് വഴി നവാസിനെ ശകാരിക്കുകയുണ്ടായത്രേ. വയര്‍ലസ് സെറ്റ് വഴിയിലുള്ള സംസാരം കൊച്ചിയിലെ എല്ലാ പൊലീസുകാര്‍ക്കും കേള്‍ക്കാന്‍ കഴിയുമെന്നും ഇത് നവാസിന് മാനസികവിഷമം ഉണ്ടാക്കിയെന്നും ചില പൊലീസുകാര്‍ പറയുന്നുണ്ട്. അസി.കമ്മിഷണര്‍ ശകാരം തുടര്‍ന്നപ്പോള്‍ നവാസ് തിരിച്ചു പ്രതികരിക്കുകയും ഇത് രണ്ടുപേരും തമ്മിലുള്ള തര്‍ക്കത്തിലേക്കും വാഗ്വാദങ്ങളിലേക്കും എത്തിയെന്നും പറയുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും രണ്ടുപേരെയും ശാന്തരാക്കുകയുമായിരുന്നു. എന്നാല്‍ ഈ സംഭവത്തിനു പിന്നാലെ അസി. കമ്മിഷണര്‍ സി ഐ നവാസിനെ വെല്ലുവിളിക്കുകയും ജോലി കളയിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പറയുന്നുണ്ട്.

ഇതിനു പിന്നാലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയ സി ഐ നവാസ് വയര്‍ലസ് സെറ്റും ഔദ്യോഗിക വാഹനവും ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കാര്‍ഡ് അവിടെയുണ്ടായിരുന്ന കീഴുദ്യോഗസ്ഥനെ ഏല്‍പ്പിച്ചെന്നും അതിനുശേഷമാണ് ഭാര്യക്ക് മെസേജ് അയച്ചിട്ട് പോകുന്നതെന്നുമാണ് പൊലീസില്‍ നിന്നു തന്നെ കിട്ടുന്ന വിവരം. സി ഐ നവാസ് തന്റെ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞിട്ടാണ് പോയതെന്നും ഇതിനിടയില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഒന്നുമില്ല. മേലുദ്യോഗസ്ഥനും നവാസും തമ്മില്‍ മുന്നേ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഒരു കേസില്‍ മേലുദ്യോഗസ്ഥരുടെ ഉത്തരവ് പ്രകാരം നടപടിയെടുത്തതിന്റെ പേരില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായപ്പോള്‍ നവാസിനെ അതേ ഉദ്യോഗസ്ഥന്മാര്‍ തന്നെ കൈയൊഴിഞ്ഞെന്നും ഇത് നവാസിനെ മാനസികമായി തളര്‍ത്തിയെന്നും പറയുന്നു.

നവാസിന്റെ തിരോധാനത്തെ കുറിച്ച് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടിയ ഉദ്യോഗസ്ഥനാണ് ചേര്‍ത്തല കുത്തിയതോട് സ്വദേശിയായ വി എസ് നവാസ്. സഹപ്രവര്‍ത്തകരും ഇദ്ദേഹത്തെ കുറിച്ച് ന്ല്ലവാക്കുകളാണ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍