UPDATES

കെഎസ്ആര്‍ടിസിയുടെ പുതിയ ‘കണ്ടക്ടറോ’ട്, ഒരു ദിവസം എറണാകുളം സ്റ്റാന്‍ഡിലേക്കും ഒന്നു വരണം

പുതിയ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിലുണ്ടായ ഗുരുതരമായ അപാകതയുടെ ഉത്തരവാദികള്‍ക്കെതിരേ നടപടിയുണ്ടാകുമോ?

‘അമ്പതു കൊല്ലമെങ്കിലും പഴേതായിരിക്കും ഈ കെട്ടിടം… ഒരു മഴ പെയ്താല്‍ എല്ലാം വെള്ളത്തിലാകും, പൊടിശല്യംകൊണ്ട് നിക്കാനോ ഇരിക്കാനോ പറ്റത്തില്ല, വിശ്രമ മുറിയേ പറ്റിയും ശുചിമുറിയെക്കുറിച്ചും പറയാതിരിക്കുന്നതാണ് നല്ലത്, രാത്രിയായലോ വെട്ടവുമില്ല വെളിച്ചവും ഇല്ല, സുരക്ഷിതത്തിന്റെ കാര്യം പിന്നെ നോക്കണോ?  

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റിനെ കുറിച്ചുള്ള യാത്രക്കാരുടെ പരാതികളാണ്. ജീവനക്കാര്‍ക്കും ഇക്കാര്യത്തില്‍ മറിച്ചൊരഭിപ്രായമില്ല. ഇതിനിടയിലാണ് അകത്തുള്ളവര്‍ തന്നെ എത്രത്തോളം ഈ സ്ഥാപനത്തെ തകര്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന അവരുടെ കെടുകാര്യസ്ഥതയുടെ മറ്റൊരു ഉദ്ദാഹരണവും. കെഎസ്ആര്‍ടിസി സാമ്പത്തിക പരാധീനതയില്‍ ഉഴറുമ്പോഴും എറണാകുളത്ത്‌ പുതിയ ഗ്യാരേജിനായും താത്കാലിക ഓഫീസിനും ലക്ഷങ്ങള്‍ മുടക്കി കെട്ടിടം പണിയിപ്പിച്ചെങ്കിലും  വെള്ളത്തില്‍ വരച്ച വരപോലെ ആയി. പണി പൂര്‍ത്തിയാക്കി റൂഫിംഗ് കഴിഞ്ഞ കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞതോടെ കെട്ടിടം ഉപയോഗ ശൂന്യമായി. നിര്‍മ്മാണത്തിലെ തകരാര്‍ ചൂണ്ടികാട്ടി പൊതു പ്രവര്‍ത്തകര്‍ കരാറുകാരനെതിരെ കേസ് കൊടുത്തതിനെ തുടര്‍ന്ന് വിഷയം വിജിലന്‍സ് അന്വേഷിക്കുകയാണ്.

പ്രതിദിനം 120 ഓളം സര്‍വീസുകളും വിദേശീയരുള്‍പ്പെടെ നിരവധി യാത്രക്കാര്‍ വന്നു പോകുന്നതുമായ കൊച്ചിയിലെ ഈ കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ തലവര എന്നാണിനി നേരെയാകുക? ഒരു വശത്ത് ഗതാഗത കുരുക്കഴിക്കുന്നതിനു കൊച്ചി മെട്രോയും, വാട്ടര്‍ മെട്രോയും കൊണ്ടു വരുന്നു, സ്വകാര്യ ബസ് സ്റ്റാന്റുകള്‍ വൈറ്റില മൊബിലിറ്റി ഹബ്ബ്, കലൂര്‍ ബസ്റ്റാന്റ് തുടങ്ങിയവ വികസന പാതയില്‍ മുന്നേറുമ്പോള്‍ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റ്, ജെട്ടി കെ്‌സ്ആര്‍ടിസി സ്റ്റാന്റ് എന്നിവ അവഗണനയുടെ പട്ടികയിലാണെന്നതാണ് യാഥാര്‍ഥ്യം.കെഎസ്ആര്‍ടിസിക്ക് പുതുജീവന്‍ നല്‍കാന്‍ ശ്രമിക്കുന്ന പുതിയ മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി ഈ കെസ്്ആര്‍ടിസി സ്റ്റാന്‍ഡിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമോ?

പേരിനൊരു വിശ്രമ മുറിയും കണ്ടാല്‍ അറയ്ക്കുന്ന ശുചിമുറിയും 
സ്മാര്‍ട്ട് കൊച്ചി, ക്ലീന്‍ കൊച്ചി…ഈ കെസ്ആര്‍ടിസി സ്റ്റാന്‍ഡ് കണ്ടാല്‍ മതിയല്ലാ…കൊച്ചിയുടെ ക്ലീന്‍ എന്താണെന്ന് മനസിലാക്കാന്‍; ബസ് കാത്ത് നില്‍ക്കുന്ന റീന എന്ന യാത്രക്കാരിയുടെ പരിഹാസം. കാശ് കൊടുത്തു കയറുന്ന ഒരു ശുചിമുറിയുണ്ട്, അതിനകത്ത് കയറുന്നതിന് ഇങ്ങോട്ട് കാശ് തരണം. അത്രക്കും വൃത്തികെട്ട് കെടക്കയാണ്. വിശ്രമ മുറി പേരിന് മാത്രമായിട്ടുള്ളതാണ്. അത്യാവശ്യത്തിനൊന്നു മുഖം കഴുകുന്നതിനോ? പ്രാഥമിക കര്‍മ്മം ചെയ്യുന്നതിനോ അവിടെ സൗകര്യങ്ങളില്ല. കെഎസ്ആര്‍ടിസി കെട്ടിടത്തിനു ചുറ്റും മലിന ജലം പോകുന്നതിനുള്ള ഓടകളുടെ സ്ലാബുകള്‍ തകര്‍ന്ന അവസ്ഥ, പോരാത്തിതിന് സമീപത്തെ കടകളില്‍ നിന്നുള്ള മാലിന്യവും, ഒരു ചായ കുടിക്കാന്‍ പോലും വൃത്തിയുള്ള അന്തരീക്ഷമല്ല ഈ കടകളിലുള്ളത്. അകത്തേക്ക് കയറിയാലോ ഇരുട്ടും. നേരെ പാട്ടിന് എന്തെങ്കിലും കഴിക്കണമെങ്കില്‍ സ്റ്റാന്റിനു പുറത്തിറങ്ങണം. മഴക്കാലത്താണെങ്കില്‍ കൊച്ചിയില്‍ ആദ്യം വെള്ളം കയറുന്ന സ്ഥലങ്ങളിലൊന്ന് ഈ കെഎസ്ആര്‍ടിസി സ്റ്റാന്റാണ്. വര്‍ഷങ്ങളായി യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണിത്; റീന പറയുന്നു.

ആനവണ്ടി കട്ടപ്പുറത്ത്, യാത്രക്കാര്‍ പെരുവഴിയില്‍; നില്‍പ്പ് യാത്ര നിരോധിച്ച കോടതിവിധിയും കീഴാറ്റൂരും തമ്മിലെന്ത്?

തുടക്കത്തിലെ പാളിയ ബസ് ടെര്‍മിനലും ഷോപ്പിംഗ് കോംപ്ലക്‌സും
2011 ലാണ് എറണാകുളത്ത് ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സ് എന്ന ആശയം ഉണ്ടാകുന്നത്. ആര്യാടന്‍ മുഹമ്മദ് മന്ത്രി ആയിരിക്കെ ഇതിനായി ഒരു യോഗവും വിളിച്ചു. യോഗത്തില്‍ റെന്റ് ഡെപ്പോസിറ്റ് സ്‌കീം വഴി പദ്ധതി മുന്നോട്ടു കൊണ്ടു പോകാമെന്നും തീരുമാനിച്ചു. എതെങ്കിലും ഒരു സ്ഥാപനത്തിന് കെഎസ്ആര്‍ടിസിയുടെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഓഫീസ് സ്‌പേസ് വേണമെങ്കില്‍ 25 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങും. ശേഷം കെട്ടിടം പണി കഴിഞ്ഞ് അവരില്‍ നിന്ന് വാടകയും വാങ്ങും. പിന്നീട് ഈ സ്ഥാപനം ഓഫീസ് ഒഴിയുമ്പോള്‍ ഈ തുക പലിശ ഇല്ലാതെ നല്‍കും അതായിരുന്നു റെന്റ് ഡെപ്പോസിറ്റ് സ്‌കീം. ഇങ്ങനെ ടെര്‍മിനലിനും ഷോപ്പിംഗ് കോപ്ലക്‌സിനുമായി രൂപ രേഖയും തയാറാക്കിയിരുന്നു. പിന്നീട് ഇത് അപ്രൂവ് ചെയ്യുകയും ടെന്‍ഡന്‍ ചെയ്യുകയും ചെയ്തു. എംഎല്‍എ ഫണ്ടില്‍ നിന്ന് തുക കൊടുത്താല്‍  താത്കാലികമായി ഗ്യാരേജും, ഡിടിഒയുടെ ഓഫീസ്, ടിക്കറ്റിംഗ് കൗണ്ടര്‍, യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, ടൊയ്‌ലെറ്റ്, ജീവനക്കാര്‍ക്ക് വസ്ത്രം മാറുന്നതിനുള്ള മുറി ഇതെല്ലാം രണ്ട് കോടി ബജറ്റില്‍ പണി കഴിപ്പിച്ചിട്ട് നിലവിലെ കെട്ടിടം പൊളിച്ച് പണിയാനായിരുന്നു പദ്ധതി. 2014 ല്‍ മന്ത്രി വന്ന് തറക്കല്ലിടുകയും ചെയ്തു.

"</p

കെഎസ്ആര്‍ടിസിയുടെ സ്ഥലത്തു താത്കാലിക കെട്ടിടത്തിന്റെ പണി ആരംഭിച്ചപ്പേള്‍ മുതല്‍ അത് ഇഴഞ്ഞാണ് നീങ്ങിയിരുന്നത്. എറണാകുളം പട്ടിമറ്റത്തുള്ള ഒരു കരാറുകാരനാണ് ജോലികള്‍ ഏറ്റെടുത്തത്. കെട്ടിടത്തിന്റെ ഏകദേശം പൂര്‍ത്തീകരണം ആയപ്പോഴേക്കും ഒരു വശം താഴേയ്ക്കിരുന്നു. കെട്ടിടത്തിന്റെ ഭിത്തികള്‍ പൊട്ടി കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. സാധാരണ ഇത്തരം പ്രവൃത്തികളൊക്കെ നടത്തുന്നത് പിഡബ്ല്യുഡി ആണ്. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ ആറര ഏക്കര്‍ സ്ഥലത്ത് കെഎസ്ആര്‍ടിസിയുടെ തന്നെ എന്‍ജിനീയറിംഗ് വിഭാഗമാണ് ഈ പ്രവൃത്തികള്‍ ചെയ്തത്. പൈലിംഗ് മറ്റും കാര്യക്ഷമമായി ചെയ്യാത്തതാണ് കെട്ടിടം താഴ്ന്നതിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലികള്‍ നിരീക്ഷിക്കാന്‍ ഉദ്യോസ്ഥര്‍ക്ക് ചുമതല ഉണ്ടായിരിക്കെ പൂര്‍ത്തീകരിച്ച കെട്ടിടം ചെരിഞ്ഞത് കെഎസ്ആര്‍ടിസി എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ കെടുകാര്യസ്ഥത കാരണമണെന്നാണ് ആക്ഷേപം. കോണ്‍ട്രാക്ടര്‍ക്ക് എംഎല്‍എ ഫണ്ടില്‍ നിന്ന് കൊടുത്ത 65 ലക്ഷം രൂപയും വെറുതെയായി. എന്നാല്‍ കെട്ടിടം തകര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയാറാകുന്നില്ല. അതുകൊണ്ട് കേസ് ഇപ്പോള്‍ വിജിലന്‍സിന്റെ പരിഗണനയിലാണ്. ഇതിനിടയ്ക്ക് കെഎസ്ആര്‍ടിസി എംഡിയും മന്ത്രിയും രണ്ടു തവണ മാറി. ഇങ്ങനെ വര്‍ഷങ്ങളെടുത്തു നടപ്പാക്കാനിരുന്ന പദ്ധതി അതിന്റെ തുടക്കത്തിലെ തന്നെ താളം തെറ്റുകയായിരുന്നു.

സര്‍ക്കാരേ, പെന്‍ഷന്‍ കാശ് കിട്ടീട്ട് സുഖിക്കാനല്ല, ജീവിക്കാനാണ്; ഈ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാര്‍ എന്തു ചെയ്യണം?

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം
കെഎസ്ആര്‍ടിസിക്കായി കെടുകാര്യസ്ഥതയോടെ കെട്ടിടം പണിത കരാറുകാരനെതിരെയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉടന്‍ നടപടിയെടുക്കണമെന്ന് എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു. കെട്ടിട നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എകെ.കെ ശശീന്ദ്രന് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും  ഹൈബി ഈഡന്‍ പറഞ്ഞു. ഏറ്റവും ഒടുവിലായി  2018-19 ബജറ്റില്‍ എറണാകുളത്തിന് ഒരു ബസ് ടെര്‍മിനല്‍ വേണമെന്ന് ധനമന്ത്രി തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് ബജറ്റില്‍ എറണാകുളത്തും ആലപ്പുഴയലും റവന്യു ജനറേറ്റിംഗ് മോഡല്‍ ഉണ്ടാക്കി പുതിയ ബസ് ടെര്‍മിനല്‍ നടപ്പാക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിക്കായി പ്രഖ്യാപിച്ച  പുതിയ പദ്ധതി എത്രയും വേഗം മുന്നോട്ട് കൊണ്ടു പോകുകയും പഴയ പദ്ധതി താറുമാറാക്കിയവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും പദ്ധതിക്കായി അനുവദിച്ച ശേഷിക്കുന്ന ഒന്നേകാല്‍ കോടി രൂപയോളം സര്‍ക്കാരിലേക്ക് തിരിച്ചെടുക്കണമെന്നും ഹൈബി ഈഡന്‍ എംഎല്‍എ ആവശ്യപ്പെട്ടു. അതേസമയം കെഎസ്ആര്‍ടിസിക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടം തകര്‍ന്നത് സംബന്ധിച്ച് വിവരങ്ങള്‍ അറിയാന്‍ കെഎസ്ആര്‍ടിസി ചീഫ് എന്‍ജിനിയറുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വിജിലന്‍സിന്റെ പരിഗണനയിലിരിക്കുന്നതിനാല്‍ ഇതേകുറിച്ചൊന്നും പറയാനില്ലെന്നായിരുന്നു മറുപടി.

കെഎസ്ആര്‍ടിസിക്ക് ചികിത്സ വേണം; നല്ലരീതിയില്‍ നടത്തിയാല്‍ രക്ഷപ്പെടുകയും ചെയ്യും

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍