UPDATES

സണ്ണി എം കപിക്കാട് പറയുന്നു; ഭരണഘടന സംരക്ഷിക്കുക എന്നു പറയുന്നതുപോലും ഇക്കാലത്ത് വിപ്ലവമാണ്‌

ശബരിമല സമരത്തിലൂടെ കീഴ്ജാതിക്കാരോടും സ്ത്രീകളോടുമുള്ള വിരോധവും വെറുപ്പുമാണ് വ്യക്തമാകുന്നത്

പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തില്‍ സംഘര്‍ഷാഭരിതമായ അന്തരീക്ഷമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ജനാധിപത്യപരമായി കോടതി വിധി നടപ്പിലാക്കേണ്ടതിനെ പറ്റിയും സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുകയും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന സാഹചര്യത്തെയും മറികടക്കുന്നതിനായിയുള്ള ബദല്‍ സംവിധാനത്തെപ്പറ്റിയുള്ള ചിന്തകള്‍ പങ്കുവെച്ച് പ്രശസ്ത ദളിത് ചിന്തകനും, സാമൂഹ്യ നിരീക്ഷകനുമായ സണ്ണി.എം.കപിക്കാട് അഴിമുഖത്തോട് സംസാരിക്കുന്നു

ശബരിമല സ്ത്രീപ്രവേശന വിധിയ്ക്ക് ശേഷം അക്രമാസക്തമായ ഒരു സാഹചര്യമാണുള്ളത്. അത്തരത്തിലുള്ള ഒരു മൂവ്‌മെന്റിനെ പ്രതിരോധിക്കേണ്ടത് എങ്ങനെയാണ്?

സംസ്ഥാനത്തിന് ഒരു ഉത്തരവാദിത്വമുണ്ട്. ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ നിയമവാഴ്ച ഉറപ്പുവരുത്തേണ്ടതുണ്ട്. സമാന്തരജനാധിപത്യ മൂവ്‌മെന്റാണ് ഒരു ബദലായി ജനതയെന്ന നിലയില്‍ കെട്ടിപ്പടുക്കേണ്ടത്. നിയോ ബ്രാഹ്മണിക്കല്‍ മൂവ്‌മെന്റിനെതിരെയുള്ള മൂവ്‌മെന്റ് എങ്ങനായിരിക്കണം എന്ന രൂപരേഖ ഇപ്പോള്‍ ആവശ്യമുണ്ട്. ശബരിമല വിധിയെ ആര്‍എസ്എസ് അഖിലേന്ത്യാ ഘടകം സ്വാഗതം ചെയ്തു, ബിജെപി നേതൃത്വം സ്വാഗതം ചെയ്തു. പക്ഷേ കേരളത്തില്‍ അവര്‍ വിധിയെ എതിര്‍ക്കുന്നു. ഇങ്ങനെ വിപരീത നിലപാടുകളാണ് അവര്‍ സ്വീകരിക്കുന്നത്. അത് ഹിന്ദുത്വ ശക്തികളുടെ എല്ലാ കാലത്തെയും തന്ത്രങ്ങളിലൊന്നാണ്. ഒരു കൂട്ടം അനുകൂലിക്കുകയും മറ്റൊരു കൂട്ടം പ്രതികൂലിക്കുകയും ചെയ്യും. അത് അവരുടെ രാഷ്ട്രീയകളിയാണ്.

ഒരു ജനാധിപത്യസമൂഹത്തെ സംബന്ധിച്ചിടത്തോളം ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ഭരണഘടനാ വാഴ്ചയെ ഉറപ്പുവരുത്തുക എന്ന് പറയുന്ന ഒരു ജനാധിപത്യ മൂവ്‌മെന്റിലേക്ക് പ്രതിരോധ പ്രസ്ഥാനമാണ് രൂപീകരിക്കേണ്ടത്. ഭരണഘടനയെ മാറ്റിവെച്ചിട്ട് ഇതിനെ പ്രതിരോധിക്കാന്‍ പറ്റില്ല എന്നാണ് എന്റെ പക്ഷം. കേവലനീതിയല്ല നമ്മള്‍ ആവശ്യപ്പെടേണ്ടത്. കോണ്‍സ്റ്റിറ്റിയൂഷന്‍ നീതി തന്നെ ആവശ്യപ്പെടണം. അതാണ് ഗ്യാരണ്ടീടായിട്ടുള്ള കാര്യം. ഇവര്‍ വെല്ലുവിളിക്കുന്നത് ഭരണഘടനയെയാണ്. ഭരണഘടനയെ കത്തിച്ച് കളയണമെന്നാണ് ആര്‍എസ്എസിന്റെ നേതാവ് പറഞ്ഞത്. ഭരണഘടന കത്തിച്ച് കളഞ്ഞാല്‍ പിന്നെ എന്താണ്? അയാള്‍ക്കൊരു സംശയവും കാണില്ല. അയാള്‍ മനുസ്മൃതിയാണെന്നാകും പറയുക. ഈ ഒരു രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. സേവ് ദ് കോണ്‍സ്റ്റിറ്റിയൂഷന്‍ എന്നു പറയുന്നത് പോലും ഈ സമയത്ത് വലിയൊരു വിപ്ലവമാണ്.

നിപ വൈറസ്, വെള്ളപ്പൊക്കം, തുടങ്ങിയവയിലെല്ലാം കേരളത്തിന്റെ ‘ഒത്തൊരുമ’ എന്ന റൊമാന്റിസൈഷനുണ്ടായിരുന്നു. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ വിലയിരുത്തുന്നു?

ഭയങ്കരമായ ഓവര്‍ എസ്റ്റിമേഷനുള്ള ഒരു സ്ഥലമാണ് കേരളം. വെള്ളപ്പൊക്കം വന്നപ്പോള്‍ ജാതിയും മതവും ഒലിച്ചു പോയെന്നാണ് കേരളം പറഞ്ഞത്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ജാതിയും മതവുമെല്ലാം അവിടെത്തന്നെയുണ്ട്. അങ്ങനെയുള്ള റൊമാന്റിസൈഷനാണ് ഇപ്പോള്‍ നടക്കുന്നത്. ഞങ്ങള്‍ ആരും അത് കണ്ടുപേടിക്കുന്നില്ല. കാരണം നമ്മള്‍ അങ്ങനെയൊന്നും വിചാരിച്ചിട്ടില്ല. കേരളം പ്രബുദ്ധമാണ്. പക്ഷേ ആ പ്രബുദ്ധതയ്ക്ക് ഒരു ഏങ്കോണിപ്പുണ്ട്. അത് ചില സ്ഥലത്ത് മാത്രമേ പ്രവര്‍ത്തിക്കുള്ളൂ. മല്‍സ്യത്തൊഴിലാളി ഓഖി ദുരന്തത്തില്‍ പെടുമ്പോള്‍ ഈ പ്രബുദ്ധത ഉണരില്ല. അതേ സമയം പ്രബല സമുദായങ്ങളും പ്രബല മേഖലകളും വെള്ളത്തിനടിയിലായാല്‍ പ്രബുദ്ധ കേരളം ഉണരും. ആ ഏങ്കോണിപ്പ് നമ്മള്‍ പരിഹരിച്ചെടുക്കേണ്ടതാണ്.

നിയോ ബ്രാഹ്മണിക്കല്‍ മൂവ്‌മെന്റില്‍ തന്നെ ജാതിയാണ് പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ ഈശ്വര്‍ പറഞ്ഞതെന്താണ് ധര്‍മസമരമാണെങ്കില്‍ ഇത് വിജയിക്കും ആ വിജയത്തെ കുറിച്ച് പാണന്മാര്‍ പാടി നടക്കുമെന്നാണ് അയാള്‍ പറഞ്ഞത്. അധികാരശ്രേണി ബോധമാണ് അയാളെ കൊണ്ട് അത് പറയിക്കുന്നത്. നമ്പൂതിരി മുതല്‍ നായാടി വരെയെന്നാണ് പറയുന്നത്. നായാടി മുതല്‍ നമ്പൂതിരി വരെയെന്ന് പറയുന്ന വഴക്കം നമ്മള്‍ക്കില്ലല്ലോ. ഈ മൂവ്‌മെന്റിലൂടെ കീഴ്ജാതിക്കാരോടുള്ള വിരോധവും സ്ത്രീകളോടുള്ള വെറുപ്പുമൊക്കെയാണ് വ്യക്തമാകുന്നത്. കൊല്ലം തുളസിയൊക്കെ പറഞ്ഞത് തന്നെ സ്ത്രീകളെ വലിച്ചു കീറണമെന്നാണ്. അത് കേട്ട് കൈയടിച്ച സ്ത്രീകളെ ചൂണ്ടിക്കാണിച്ചിട്ടാണ് സ്ത്രീകള്‍ ശബരിമല പ്രവേശനം എതിര്‍ക്കുന്നുവെന്നാണ് പറയുന്നത്.

സ്ത്രീകള്‍ക്കായുള്ള വിധിയില്‍ സ്ത്രീകള്‍ തന്നെ എതിര്‍ശബ്ദമായി രംഗത്തെത്തുന്നു. സ്ത്രീകളുടെ വിധേയത്വ നിലപാടിനെ സോഷ്യോളജിക്കലി വിലയിരുത്തേണ്ടതില്ലേ?

ഇന്ത്യ നേരിടുന്ന മര്‍മ്മ പ്രധാനമായ പ്രശ്‌നം ഇന്ത്യയിലുളളത് ഒരു ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കിയാണ്. പാട്രിയാര്‍ക്കിയുടെ യുക്തിക്ക് മാത്രം വഴങ്ങുന്നതല്ല ഇന്ത്യയിലെ പാട്രിയാര്‍ക്കി. ബ്രാഹ്മണിക്കല്‍ ശ്രേണിയോട് സമരസപ്പെട്ടിട്ടാണ് അത് പ്രവര്‍ത്തിക്കുന്നത്. ഓരോ വിഭാഗത്തിലും സ്ത്രീകള്‍ക്കുണ്ടാകുന്ന പീഡനങ്ങളും സ്ത്രീകളുടെ അവസ്ഥയും മാറിമാറിയാണ് ഇരിക്കുന്നത്. അതുകൊണ്ട് ഒരു പൊതുയുക്തിയിലേക്ക് ഇവരെ അടുപ്പിക്കുക എന്ന് പറയുന്നത് അസാധ്യമാണ്. അതുകൊണ്ടാണ് സ്ത്രീകളുടെ പ്രസ്ഥാനങ്ങള്‍ക്ക് പലപ്പോഴും കാര്യമായ മുന്നേറ്റം കഴിയാതെ പോകുന്നത്. ഇന്റേണല്‍ കോണ്‍ഫ്‌ളിക്റ്റുകള്‍ ഇതിനകത്തുണ്ട്. അതുപോലെ തന്നെ ആന്റികാസ്റ്റ് പ്രസ്ഥാനങ്ങള്‍ പാട്രിയാര്‍ക്കിയെ അഡ്രസ് ചെയ്യുന്നില്ല. ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കി എന്ന പൊതുസംഗതിയെ അഡ്രസ് ചെയ്യുവാനും അത് എങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കിയാലും മാത്രമേ ഫലപ്രദമായ ഇടപെടലുകള്‍ക്ക് സാധിക്കുള്ളൂ. സ്ത്രീകളെ സംബന്ധിച്ചിടത്തോളം വീട്ടിലൊക്കെ പെണ്‍കുട്ടികളെ അനൗദ്യോഗികമായി പറഞ്ഞു പരിശീലിപ്പിക്കുന്നത രണ്ട് കാര്യങ്ങള്‍ ഒന്ന് പാട്രിയാര്‍ക്കിയും മറ്റൊന്ന് ബ്രാഹ്മണൈസേഷനുമാണ്. ജാതിയും, ലിംഗവിവേചനവുമാണ് കുട്ടികള്‍ക്ക് നമ്മള്‍ സമൂഹമെന്ന നിലയില്‍ നല്‍കുന്ന പരിശീലനം. ഇതില്‍ നിന്ന് പുറത്തുകടക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

അത്തരത്തിലുള്ള ഷെല്‍ ബ്രേക്കിങ് സാധ്യമാക്കുന്ന വിധിയല്ലേ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്?

അതെ. അതിന് ഉപകരിക്കുന്നതാണ് ഇത്തരത്തിലുള്ള വിധികള്‍. ഈയിടെയായി ഉണ്ടായ സുപ്രീം കോടതി വിധികളെല്ലാം സമൂഹ്യനവോത്ഥാനം എന്ന് വിളിക്കാവുന്ന വിധികളാണ്. 377-ാം വകുപ്പ് റദ്ദ് ചെയ്യുമ്പോള്‍ ശാസ്ത്ര ബോധത്തെയാണ് അടിസ്ഥാനമായി എടുക്കുന്നത്. അതല്ലാതെ മയിലിന്റെ പ്രജനനം നടക്കുന്നത് കണ്ണീര്‍ കൊണ്ടാണെന്നുള്ള യുക്തിയില്ലായ്മയല്ല കോടതി കണക്കിലെടുക്കുന്നത്. സ്വവര്‍ഗ ലൈംഗികതയെക്കുറിച്ച് ശാസ്ത്രം പറയുന്ന കാര്യങ്ങള്‍ വെച്ചാണ് കോടതി വിധിയിലേക്ക് വരുന്നത്. സയന്റിഫിക് ടെമ്പര്‍ ബോധപൂര്‍വം വളര്‍ത്തിയെടുക്കേണ്ടതാണെന്ന് ഇന്ത്യന്‍ ഭരണഘടന പറയുന്നുണ്ട്. അംബേദ്കര്‍ തന്നെ അത് പറയുന്നുണ്ട്. നല്ല മനുഷ്യന്മാര്‍ ഇത് കൈകാര്യം ചെയ്താല്‍ റിസള്‍ട്ട് ഉണ്ടാക്കും മോശം മനുഷ്യന്മാര്‍ കൈകാര്യം ചെയ്താല്‍ ദോഷമുണ്ടാക്കുമെന്ന് അംബേദ്കര്‍ തന്നെ പറയുന്നു.

“ഞാന്‍ മതം പറയുകയല്ല, ക്രിസ്ത്യാനിയായ ഒരു പൊലീസുകാരനാണ് അയ്യപ്പന്മാരെ തല്ലിയത്”: ശ്രീധരന്‍ പിള്ള

ശബരിമല LIVE: സുരക്ഷ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി പോലീസ്; കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ പമ്പയിലേക്ക്, ഹര്‍ത്താലിനിടെ വീണ്ടും അക്രമം

“അവന്മാരാ പെങ്കൊച്ചിനെ അടിച്ച അടി കാണണം, പോലീസുകാരികള്‍ പോലും പേടിച്ചോടുകയായിരുന്നു”; നിലയ്ക്കലില്‍ നടന്നത്

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍