UPDATES

നിസഹായരായ പുറമ്പോക്ക് ജീവിതങ്ങള്‍; കുടിയിറക്കിയ ഇവര്‍ എങ്ങോട്ടു പോകും?

കാസര്‍ഗോഡ് നഗരത്തില്‍ നിന്നും നെല്ലിക്കട്ട വഴി പൈക്ക റൂട്ടിലൂടെ 700 മീറ്റര്‍ മുന്നോട്ട്‌ പോയാല്‍ ചൂരി പള്ളത്തെത്താം, അതിനടുത്താണ് സാലത്തടുക്ക

ഒരു ദിവസം പണികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ലീലാമ്മയും അപ്പു മണിയാണിയും അബൂബക്കറുമെല്ലാം ആ കാഴ്ച കണ്ടത്. കൃത്യമായി പ്രവര്‍ത്തിക്കുന്ന ഒരു കുഞ്ഞു മൊബൈല്‍ ഫോണ്‍ പോലും സ്വന്തമായില്ലാത്ത അവര്‍ പണി കഴിഞ്ഞ് തിരികെ വീട്ടിലേക്കെത്തിയപ്പോള്‍ കണ്ട ആ കാഴ്ച; വര്‍ഷങ്ങളായി അന്തിയുറങ്ങുന്ന കൂരകള്‍ പലതും നിലംപരിശായിക്കിടക്കുന്നു. ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയും കടമെടുത്തും കെട്ടിപ്പൊക്കിയ ചുമരുകളും, സുരക്ഷിതമെന്ന് ഒരിക്കല്‍കൂടി ഉറപ്പുവരുത്തി അടച്ച് കുറ്റിയിടാറുള്ള വാതിലുകളുമെല്ലാം നിലത്ത് തകര്‍ന്നു കിടക്കുന്നു. കൂടി നിന്ന ആള്‍ക്കൂട്ടത്തില്‍ ആരോ പറഞ്ഞപ്പോഴാണ് അനധികൃതമായി കൈവശം വെച്ച സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും തങ്ങളെ എന്നെന്നേക്കുമായി കുടിയിറക്കാനുള്ള പദ്ധതികള്‍ നടക്കുന്നുണ്ടെന്ന് പോലും ഇക്കൂട്ടര്‍ അറിയുന്നത്. സര്‍ക്കാരിന്റെ ജെസിബിക്ക് കോളനിയിലെ അഞ്ചോളം കുടുംബങ്ങളുടെ സ്വപ്‌നങ്ങളെ തകര്‍ത്തെറിയാന്‍ നിമിഷ നേരം മതിയായിരുന്നു.

കാസര്‍ഗോഡ് നഗരത്തില്‍ നിന്നും നെല്ലിക്കട്ട വഴി പൈക്ക റൂട്ടിലൂടെ 700 മീറ്റര്‍ മുന്നോട്ട്‌ പോയാല്‍ ചൂരി പള്ളത്തെത്താം, അതിനടുത്താണ് സാലത്തടുക്ക. ഇവിടെ ലീലാമ്മയേയും അപ്പു മണിയാണിയേയും അബൂബക്കറിനേയും പോലെ നാല്‍പതിലേറെ കുടുംബങ്ങള്‍ കൂരകെട്ടി താമസിച്ചു വരികയായിരുന്നു. പത്തുവര്‍ഷത്തകിലധികമായി ഇവിടെ താമസമാക്കിയവര്‍ മുതല്‍ അടുത്തകാലത്ത് ഒപ്പം കൂടിയവര്‍ വരെ കൂട്ടത്തിലുണ്ട്. കയറിത്താമസിക്കാന്‍ ഒരു കൂരയോ ഒരു തുണ്ട് ഭൂമിയോ സ്വന്തമായില്ലാത്ത കുടുംബങ്ങള്‍ അഭയം തേടിയത് ഒരു പാഴ്‌ച്ചെടിപോലും കിളിര്‍ക്കാന്‍ മടിക്കുന്ന സര്‍ക്കാര്‍ ഭൂമിയിലാണ്. തരിശായിക്കിടന്ന ഈ ഭൂമിയില്‍ ഇവര്‍ താമസം തുടങ്ങിയതില്‍ പിന്നെയാണ് അവിടെ പച്ചപ്പ് പോലും വന്നുചേര്‍ന്നത്. പുറം ലോകത്ത് നിന്നും വാഹനങ്ങള്‍ എത്തിത്തുടങ്ങിയത്.

തങ്ങള്‍ പുറമ്പോക്കിലാണ് താമസിക്കുന്നതെന്നും ഈ ഭൂമി തങ്ങളുടെ സ്വന്തമല്ല എന്നും ആരെക്കാളും നന്നായി ഇവര്‍ക്കറിയാം. അതുകൊണ്ടു തന്നെ തങ്ങള്‍ താമസിക്കുന്ന ഭൂമി സ്വന്തമാക്കുവാന്‍ താലൂക്ക്/ വില്ലേജ് തലത്തില്‍ അപേക്ഷയും ഇവര്‍ കൊടുത്തിട്ടുണ്ട്. ഭൂമിയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പതിച്ചുകൊടുത്ത ഭൂമിയോടു ചേര്‍ന്നാണ് പുറമ്പോക്കില്‍ തല ചായ്ക്കാന്‍ ചെറിയ കൂരകള്‍ പണിതിരിക്കുന്നത്. തങ്ങളുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചശേഷം തങ്ങള്‍ക്ക് ലഭിക്കുന്ന ഭൂമി ഇത് തന്നെയാകും എന്നുള്ള പ്രതീക്ഷയിലാണ് ഇവര്‍ ഇവിടെ കഴിയുന്നതും. ചില കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക വീട്ടുനമ്പരും വൈദ്യുത കണക്ഷനും വരെ ലഭ്യമായിട്ടുണ്ട്. ഇവിടെ തന്നെ ഭൂമി ലഭിച്ചില്ല എങ്കില്‍ പകരം സംവിധാനം ഉപയോഗിച്ചുകൊണ്ട് മറ്റെവിടെയെങ്കിലും ഭൂമി ലഭിക്കുന്ന വരെ എങ്കിലും തല ചായ്ക്കാന്‍ ഒരിടം എന്ന നിലയിലാണ് ഈ കുടുംബങ്ങള്‍ ഇതിനെ കണ്ടിരുന്നത്.

സാമ്പത്തികമായി ഒന്നും ഇല്ലാത്ത, തികച്ചും താഴെക്കിടയില്‍ നില്‍ക്കുന്ന ആളുകളാണ് ഈ കോളനിയില്‍ താമസിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ബാധിതയും ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീയും കുട്ടികളും ആരോഗ്യം തീരെയില്ലാത്ത കുറേ മനുഷ്യരും എന്നെങ്കിലും ഒരിക്കല്‍ ഈ മണ്ണ് തങ്ങള്‍ക്ക് സ്വന്തമാകുമെന്ന് കിനാവ് കണ്ടിട്ടുണ്ട്. കൂടെ താമസിക്കുന്നവരില്‍ പലര്‍ക്കും പട്ടയം അനുവദിച്ചപ്പോള്‍ അടുത്ത ഊഴവും കാത്തിരുന്നിട്ടുണ്ട്. ഈ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം ഈ മാസം 25-ാം തീയ്യതിയാണ് അതിനിടെ എങ്ങോട്ട് പോകുമെന്ന് അറിയാതെ ഉഴറുകയാണ് ഈ കുടുംബങ്ങള്‍.

‘പത്ത് പന്ത്രണ്ട് കൊല്ലായി ഇവരെല്ലം ഈടെ കുടിയാക്കീറ്റ്. ഇന്നോളം ഒരു പ്രശ്‌നോം ഇണ്ടായിറ്റ. ജില്ലയില്‍ നിന്ന് തന്നെ റവന്യൂ മന്ത്രി വന്നപ്പോള്‍ ഈ പാവങ്ങള്‍ നിലത്തൊന്നുമല്ലായിരുന്നു. ഇ. ചന്ദ്രശേഖരനില്‍ സകല പ്രതീക്ഷയും വെച്ച് കാത്തിരുന്നു. കാത്തിരിപ്പിനൊടുവില്‍ സര്‍ക്കാര്‍ തന്നെ ഈ പുരകളെല്ലാം തകര്‍ത്തെറിഞ്ഞിരിക്കുന്നു.’ സാമൂഹ്യ പ്രവര്‍ത്തകനും, ജനകീയ സമിതി സംഘാടകനുമായ ഹസ്സന്‍നക്കര പറയുന്നു.

സാലത്തടുക്ക ഉള്‍പ്പെടുന്ന നെക്രാജേ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഒരാഴ്ച മുമ്പ് ജനങ്ങളോട് ഈ ഭൂമിയില്‍ നിന്നും മാറേണ്ടിവരുമെന്ന് വാക്കാല്‍ പറഞ്ഞിരുന്നതായി ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി. എന്നാല്‍ നിയമപ്രകാരം നോട്ടീസ് നല്‍കിയിട്ടില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്. കൈവശരേഖ പോലും കൈയ്യില്‍ ഇല്ല എങ്കില്‍ വൈദ്യുതി ലഭിക്കില്ല എന്ന് വില്ലേജ് ഓഫീസര്‍ സുദര്‍ശന്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. തങ്ങള്‍ പൊളിച്ചത് ആള്‍താമസം ഇല്ലാത്ത വീടുകളും നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീടുകളും ആണെന്നാണ് നെക്രാജേ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സത്യനാരായണന്‍ പറഞ്ഞത്.

ഈ വര്‍ഷം ജനുവരി മുതല്‍ വില്ലേജ് ഓഫീസര്‍ ഇല്ലാതിരുന്ന നെക്രാജേ/പാടി ഗ്രൂപ് വില്ലേജ് ഓഫീസില്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ആണ് സ്ഥാനം വഹിച്ചിരുന്നത്. മുകളില്‍ നിന്നുള്ള ഉത്തരവ് തങ്ങള്‍ നടപ്പാക്കുകയായിരുന്നു എന്ന് ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പുതിയ വില്ലേജ് ഓഫീസര്‍ ഇവിടെ ചുമതലയേല്‍ക്കുന്നത്. ചൂരിപ്പള്ളം- സാലത്തടുക്കയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് തുടര്‍ നടപടികള്‍ ജില്ലാ കളക്ടര്‍ നല്‍കുന്ന നിര്‍ദ്ദേശം അനുസരിച്ചായിരിക്കും മുന്നോട്ട് പോവുക എന്നും, ചുമതലയേറ്റ് കുറച്ച് ദിവസം മാത്രം പിന്നിട്ട താന്‍ ഈ വിഷയത്തെപ്പറ്റി പഠിക്കുന്നതേ ഉള്ളൂ എന്നും വില്ലേജ് ഓഫീസര്‍ സുദര്‍ശന്‍ പറഞ്ഞു.

കയ്യേറ്റം ഒഴിപ്പിക്കല്‍ നടന്ന പ്രദേശം സന്ദര്‍ശിച്ച സ്ഥലം എം.എല്‍.എയായ എന്‍.എ നെല്ലിക്കുന്ന് പ്രദേശവാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും, സ്ഥലത്തെ സംയുക്തസമരസമിതിയുടെ കൂടെ നെക്രാജേ വില്ലേജ് ഓഫീസ് ഉപരോധസമരത്തില്‍ പങ്കെടുക്കുകയും ചെയ്തു. തുടര്‍ന്ന് വില്ലേജ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തിയ എം.എല്‍.എ, ഉന്നതങ്ങളിലെ ഉത്തരവാണ് കീഴുദ്യോഗസ്ഥര്‍ നടപ്പാക്കുന്നത് എങ്കില്‍ താന്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പറഞ്ഞു. “കേരളത്തില്‍ റവന്യൂ ഭൂമി കയ്യേറിയവരില്‍ നിന്നും വിവിധ ജില്ലകളില്‍ നിലവില്‍ ഒഴിപ്പിക്കല്‍ പ്രക്രിയ നടക്കുന്നുണ്ട്. സര്‍ക്കാരിന് വേണ്ടി ഇത് നിര്‍വഹിക്കുന്നത് ഉദ്യോഗസ്ഥരാണ്. എന്നാല്‍, നിയമാനുസൃതം അല്ലാതെ ഉദ്യോഗസ്ഥര്‍ നടത്തുന്ന കയ്യേറ്റം ഒഴിപ്പിക്കലുകള്‍ നിര്‍ത്തിവെക്കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനും മുഖ്യമന്ത്രി തയാറായിട്ടുണ്ട്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള സമാന വിഷയങ്ങളില്‍ ഇത് നമ്മള്‍ കണ്ടതാണ്. ഇത്തരത്തില്‍ ശക്തമായ ഇടപെടല്‍ കാസര്‍കോട് ജില്ലയിലും മുഖ്യമന്ത്രി നടത്തും എന്നാണു കരുതുന്നത്”– കാസറഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് പറയുന്നു.

ഭരണകൂടവും ഉദ്യോഗസ്ഥരും, ആജ്ഞാപിക്കുന്നവരും ആജ്ഞാനുവര്‍ത്തികളുമായി തീരുമ്പോള്‍ നിസ്സഹായരായി തീരുന്നത് ജനങ്ങളാണ്. ഒരുവശത്ത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് കോടികളുടെ പാക്കേജുകള്‍ പ്രഖ്യാപിക്കുമ്പോള്‍, മറുവശത്ത് ഇക്കൂട്ടത്തില്‍പ്പെട്ടവരെക്കൂടി കുടിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍