ജോലി പോകില്ലെന്ന ആരോഗ്യമന്ത്രി വാക്ക് കൊടുത്തവരാണ് ഇപ്പോള്‍ ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ടിരിക്കുന്നത്
കോഴിക്കോട് മെഡിക്കല്‍ കോളജിലെ നിപ്പാ വാര്‍ഡില്‍ ജോലി ചെയ്ത ജീവനക്കാര്‍ അനിശ്ചിതകാല സത്യഗ്രഹമാരംഭിച്ചു. ഡിസംബര്‍ മുപ്പത്തിയൊന്നിന് ജോലിയില്‍ നിന്നും പിരിച്ചുവിട്ട തങ്ങളെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന നിസ്സംഗത തുടരുകയാണെന്നും, നാലു ദിവസത്തിനു ശേഷവും വിഷയം പരിഗണിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നും കാണിച്ചാണ് ജീവനക്കാരുടെ സത്യഗ്രഹം. മുഖ്യമന്ത്രിയും ആരോഗ്യവകുപ്പു മന്ത്രിയുമടക്കമുള്ളവര്‍ തങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കുന്നതു വരെ സത്യഗ്രഹം തുടരാനാണ് തീരുമാനം.
നിപ്പാ വൈറസ് പടര്‍ന്നു പിടിച്ച കാലത്ത് മെഡിക്കല്‍ കോളജിലെ നിപ്പാ വാര്‍ഡില്‍ ജോലി നോക്കിയ നാല്‍പത്തിയഞ്ചു താല്‍ക്കാലിക ജീവനക്കാരെയാണ് ജനുവരി ഒന്നു മുതല്‍ ജോലിക്കെത്തേണ്ടെന്നു നിര്‍ദ്ദേശിച്ച് പറഞ്ഞയയ്ച്ചിരിക്കുന്നത്. 33 ശുചീകരണത്തൊഴിലാളികള്‍. 7 നേഴ്‌സുമാര്‍, 5 നേഴ്‌സിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരാണ് പുറത്താക്കപ്പെട്ടിട്ടുള്ളത്. നിപ്പാക്കാലത്തെ സേവനത്തിന് അഭിനന്ദനവും പ്രശംസയും ഏറ്റുവാങ്ങിയിട്ടുള്ളവരാണ് ഇവരെല്ലാവരും. ഇവര്‍ക്ക് ജോലിയിലെ കാലാവധി നീട്ടി നല്‍കാമെന്ന് നേരത്തേ വാക്കു നല്‍കിയിരുന്നെങ്കിലും ലംഘിക്കപ്പെടുകയായിരുന്നു.
ജീവനക്കാരെ ജോലിയില്‍ നിന്നും ഒഴിവാക്കില്ലെന്ന് ആരോഗ്യമന്ത്രി വാക്കു നല്‍കിയിരുന്നെങ്കിലും അതു സംബന്ധിച്ച നിര്‍ദ്ദേശമടങ്ങുന്ന രേഖകളൊന്നും ലഭിക്കാത്തതിനാല്‍ മറ്റു നിര്‍വാഹമില്ലെന്നായിരുന്നു മെഡിക്കല്‍ കോളേജ് സൂപ്രണ്ടടക്കമുള്ളവരുടെ പക്ഷം. പല രാഷ്ട്രീയപ്പാര്‍ട്ടിക്കാരും നേരിട്ടുപോയി സംസാരിച്ചിട്ടും അവരുടെ നിലപാടില്‍ മാറ്റമുണ്ടായില്ലെന്ന് സമരത്തില്‍ പങ്കെടുക്കുന്ന താല്‍ക്കാലിക ജീവനക്കാരി മിനി പറയുന്നു.
‘നിപ്പാ വാര്‍ഡില്‍ ഒപ്പമുണ്ടായിരുന്ന കുരിയാക്കോസ് ഡോക്ടറടക്കമുള്ളവര്‍ ഞങ്ങളുടെ തൊഴില്‍ സംരക്ഷിക്കണമെന്ന അഭിപ്രായക്കാരാണ്. പക്ഷേ, സൂപ്രണ്ടും പ്രിന്‍സിപ്പാളുമൊക്കെ വിരുദ്ധ നിലപാട് സ്വീകരിക്കുകയാണ്. ജോലി തരുമെന്ന് ആരോഗ്യമന്ത്രി നവംബറില്‍ ഞങ്ങള്‍ക്ക് ഉറപ്പു തന്നിരുന്നതാണല്ലോ. പ്രിന്‍സിപ്പാളും സൂപ്രണ്ടും പറയുന്നത് അവര്‍ക്ക് അത്തരത്തിലൊരു നിര്‍ദ്ദേശം കിട്ടിയിട്ടില്ല, അതുകൊണ്ട് പുറത്തുപോകണമെന്നാണ്. അപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിലപാട് വ്യക്തമാണല്ലോ.’
മെഡിക്കല്‍ കോളജില്‍ സമരപ്പന്തല്‍ കെട്ടി ഇരുപത്തിനാലു മണിക്കൂര്‍ സത്യാഗ്രഹത്തിലാണ് മിനിയടക്കം നാല്‍പത്തിയഞ്ചു ജീവനക്കാരും. പുതുവത്സര ദിനത്തില്‍ ജോലി നഷ്ടപ്പെട്ട തങ്ങള്‍ അന്നു തന്നെ മാധ്യമങ്ങളെ സമീപിക്കാനിരുന്നതായിരുന്നെങ്കിലും വനിതാ മതിലിന്റെ തിരക്കില്‍ പരിഗണിക്കപ്പെടില്ലെന്നു കരുതി കാത്തിരുന്നതായി ഇവര്‍ പറയുന്നു. എന്നാല്‍, അടുത്ത ദിവസം തൊട്ട് ശബരിമല യുവതീപ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതോടെ, മാധ്യമങ്ങളിലും ഇടം ലഭിച്ചില്ലെന്ന് മിനി ചൂണ്ടിക്കാട്ടുന്നു. ‘ഞങ്ങളുടെ വാര്‍ത്തയൊക്കെ ശബരിമല വിഷയത്തില്‍ ഒലിച്ചുപോയി. മാധ്യമങ്ങളിലൊന്നും ഇതുവരെ ഞാന്‍ വാര്‍ത്ത കണ്ടില്ല.’
വാക്കു പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്ന വരെ ഇവിടെത്തന്നെ കിടക്കുമെന്ന് ശുചീകരണത്തൊഴിലാളിയായ സുബ്രഹ്മണ്യനും പറയുന്നു. ജോലി നല്‍കുമെന്ന വാക്കു മറന്ന് ഇവരെ ആദ്യം പിരിച്ചുവിടുന്നത് നവംബര്‍ 15നാണ്. തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധിക്കുകയും വിഷയത്തില്‍ ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ ഇടപെടുകയും ചെയ്തിരുന്നു. ജോലി സ്ഥിരപ്പെടുത്താനാകില്ലെങ്കിലും, പുറത്താക്കാതിരിക്കാന്‍ നടപടികള്‍ കൈക്കൊള്ളാമെന്ന് മന്ത്രി അന്നു വാക്കു തന്നിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, ആ വാക്കിന്റെ ആശ്വാസത്തില്‍ ജോലി ചെയ്തിരുന്ന ഇവരെ യാതൊരു നോട്ടീസുമില്ലാതെ അടുത്ത ദിവസം മുതല്‍ ജോലിക്കെത്തേണ്ടെന്നു പറഞ്ഞ് പുറത്താക്കുകയായിരുന്നു.
നിപ്പാ പനി പടര്‍ന്നു പിടിച്ച ദിവസങ്ങളില്‍ നാട്ടുകാരുടെയും സഹപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിച്ചും വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെയുമാണ് ഇവരില്‍ പലരും ജോലിക്കെത്തിയിരുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഇവരെല്ലാം. പുറത്താക്കപ്പെട്ട ജീവനക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. നവംബറില്‍ പുറത്താക്കപ്പെട്ടപ്പോള്‍ ഒരു ദിവസം കൊണ്ട പരിഹരിക്കപ്പെട്ട തങ്ങളുടെ പ്രശ്‌നം ഇത്തവണ നാളിത്രയായിട്ടും ശ്രദ്ധിക്കപ്പെടാത്തതിന്റെ ആശങ്കയിലാണ് ജീവനക്കാരെല്ലാവരും.