UPDATES

കണ്ണൂര്‍ ആക്ടിംഗ് വിസി നെടുമ്പാശേരിയില്‍ നിന്നും ആറ് മാസത്തിനിടെ പറന്നെത്തിയത് 13 തവണ; രാഷ്ട്രീയപ്രേരിതമായ ആരോപണമെന്ന് ഡോ. ബാബു സെബാസ്റ്റ്യന്‍

കോട്ടയത്തും നിന്നും കണ്ണൂരിലേക്ക് ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് ഓടിയെത്തുന്നത്; യാത്ര ചെലവ് അമിതമാകുന്നുവെങ്കില്‍ ശമ്പളത്തില്‍ നിന്നും പിടിച്ചുകൊള്ളാന്‍ അഫിഡിവിറ്റ് നല്‍കിയിട്ടുണ്ടെന്ന് വി.സി

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല വഹിക്കുന്ന എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ വിമാനയാത്രകള്‍ നടത്തി സര്‍വകലാശാലയ്ക്ക് അധികഭാരമുണ്ടാക്കിയെന്ന് ആരോപണം. വി സി കണ്ണൂരിലേക്ക് വരുന്നത് കൊച്ചിയില്‍ നിന്ന് കരിപ്പൂര്‍ വരെ വിമാനമാര്‍ഗമാണെന്നും താമസം പഞ്ചനക്ഷത്ര ഹോട്ടലിലാണെന്നുമാണ് ആരോപണം. എന്നാല്‍ തികച്ചും രാഷ്ട്രീയപ്രേരിതമായ ആരോപണമാണ് തനിക്കെതിരേയുള്ളതെന്നും, നിയമവിരുദ്ധമായി യാതൊന്നും ചെയ്യാത്ത തന്നോട് പക തോന്നിയത് സര്‍വകലാശാലയിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരേ ചട്ടപ്രകാരം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതു മൂലമാണെന്നും ബാബു സെബാസ്റ്റ്യന്‍ അഴിമുഖത്തോട് പ്രതികരിച്ചു .

സാമ്പത്തികമായി ഏറെ പരാധീനതയില്‍ നില്‍ക്കുന്ന കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് വി സി യുടെ വിമാനയാത്രകളും നക്ഷത്ര ഹോട്ടലിലെ താമസവും അധികബാധ്യതയാണ് ഉണ്ടാക്കിവച്ചതെന്നാണ് സര്‍വകലാശാലയില്‍ നിന്നു തന്നെയുള്ള പരാതി.

കഴിഞ്ഞ ആറു മാസത്തിനിടെ ബാബു സെബാസ്റ്റ്യന്‍ കണ്ണൂരിലേക്ക് 13 തവണ വന്നതും പോയതും വിമാനമാര്‍ഗമാണെന്നത് അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തും തന്നെയായി കണക്കാക്കാമെന്നാണ് പരാതി ഉന്നയിക്കുന്നവര്‍ പറയുന്നത്. 2016 ഏപ്രിലില്‍ നിലവിലുണ്ടായിരുന്ന വൈസ് ചാന്‍സലര്‍ വിരമിച്ചതിനു പിന്നാലെയാണ് ഡോ. ബാബു സെബാസ്റ്റ്യന് കണ്ണൂര്‍ സര്‍വകലാശാലയുടെ അധിക ചുമതല കിട്ടുന്നത്. പുതിയ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കുന്ന സേര്‍ച്ച് കമ്മിറ്റിയില്‍ സിന്‍ഡിക്കേറ്റ് മെംബര്‍ ആയ സിപിഎം നേതാവ് പ്രേം പ്രകാശ് ഉള്‍പ്പെട്ടതിനെതിരെ ഹൈക്കോടതിയില്‍ പരാതിയെത്തുകയും തുടര്‍ന്ന് പുതിയ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കുന്ന പ്രകിയ തടസപ്പെടുകയും ചെയ്തതോടെയാണ് എം ജി വി.സിക്ക് കണ്ണൂരിന്റെ അധിക ചുമതല കൂടി ലഭിക്കുന്നത്.

ബാബു സെബാസ്റ്റ്യന്‍ കണ്ണൂരില്‍ ചുമതലയേറ്റെടുക്കാന്‍ വന്നതു മുതലുള്ള സന്ദര്‍ശനങ്ങളൊക്കെ തന്നെ വിമാന മാര്‍ഗമാണെന്നാണ് പറയുന്നത്. കോട്ടയത്തു നിന്ന് നെടുമ്പാശ്ശേരി വരെ കാറില്‍ വന്നശേഷം അവിടെ നിന്ന് കരിപ്പൂരിലേക്ക് വിമാനയാത്ര. മടക്കയാത്രയും ഇതേ വഴി തന്നെ. എന്നാല്‍ കണ്ണൂരിലേക്കുള്ള യാത്ര കൂടുതലും ട്രെയിനിലാണ്. കണ്ണൂരിലെത്തി രണ്ടോ മൂന്നോ ദിവസം ഓഫീസ് ചുമതലകള്‍ നിര്‍വഹിച്ച ശേഷം കരിപ്പൂരിലെത്തും. അവിടെ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വിമാനയാത്രയാണ് പതിവ്. 13 തവണ കണ്ണൂരില്‍ വന്നതില്‍ രണ്ടു തവണ മാത്രമെ അദ്ദേഹം ട്രെയിനില്‍ മടങ്ങിയിട്ടുള്ളു എന്നും ആക്ഷേപമുന്നയിക്കുന്നവര്‍ പറയുന്നു.

ഏപ്രില്‍ 13-നാണ് കണ്ണൂര്‍ വി.സി.യുടെ ചുമലയേറ്റെടുക്കാന്‍ ബാബു സെബാസ്റ്റ്യന്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് കരിപ്പൂരിലേക്ക് വിമാനത്തില്‍ വന്നത്. 15ന് തിരിച്ചുപോയതും ഇതേ വഴി വിമാനത്തിലാണ്. ഏപ്രില്‍ 14-വിമാനം, ഏപ്രില്‍ 15-വിമാനം, ഏപ്രില്‍ 21-ട്രെയിന്‍, ഏപ്രില്‍ 22-വിമാനം, ഏപ്രില്‍ 27-ട്രെയിന്‍, ഏപ്രില്‍ 28-വിമാനം, മേയ് 10-ട്രെയിന്‍, മേയ് 11-വിമാനം, മേയ് 19-ട്രെയിന്‍, മേയ് 20-വിമാനം, മേയ് 26-വിമാനം, മേയ് 28-ട്രെയിന്‍, ജൂണ്‍ 7 -വിമാനം (മംഗളൂരുവില്‍), ജൂണ്‍ 9 -വിമാനം, ജൂലായ് 2 -ട്രെയിന്‍, ജൂലായ് 3- വിമാനം, ജൂലായ് 21 ട്രെയിന്‍, ജൂലായ് 22 വിമാനം, ഓഗസ്റ്റ് 6- ട്രെയിന്‍, ഓഗസ്റ്റ് 7- വിമാനം, ഓഗസ്റ്റ് 18- വിമാനം, ഓഗസ്റ്റ് 20 കാര്‍, സെപ്തംബര്‍ 21- ട്രെയിന്‍, സെപ്തംബര്‍ 23- ട്രെയിന്‍- എന്നിങ്ങനെയാണ് വിസിയുടെ യാത്രകള്‍.

കരിപ്പൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് 2000ത്തിനും 2500 രൂപയ്ക്കും ഇടയിലാണ് വിമാനക്കൂലി. എന്നാല്‍ ട്രെയിനില്‍ കണ്ണൂരിനും കോട്ടയത്തിനുമിടയില്‍ യാത്ര ചെയ്യാന്‍ റ്റു ടയര്‍ എ.സി.ക്ക് 850 രൂപയേ വരൂ. അതായത് കരിപ്പൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാന യാത്രക്കൂലി കണ്ണൂര്‍-കോട്ടയം ട്രെയിന്‍ യാത്രാകൂലിയുടെ മൂന്ന് മടങ്ങ് വരുന്നുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

യാത്രകളെ കുറിച്ചുള്ള പരാതിക്കൊപ്പം വി സി കണ്ണൂരില്‍ എത്തുമ്പോഴുള്ള താമസവും വിമര്‍ശനവിധേയമാണ്. താവക്കരയിലെ സര്‍വകലാശാല ആസ്ഥാന മന്ദിരത്തിന് തൊട്ടടുത്തു തന്നെയുള്ള അക്കാദമിക് സ്റ്റാഫ് കോളേജ് കെട്ടിടത്തില്‍ വൈസ് ചാന്‍സലര്‍ക്ക് താമസിക്കുന്നതിന് പ്രത്യേക മുറിയുണ്ട്. എന്നാല്‍ അവിടെ താമസിക്കാതെയാണ് നാല് തവണ കണ്ണൂരിലെ നക്ഷത്ര ഹോട്ടലില്‍ ബാബു സെബാസ്റ്റ്യന്‍ താമസിച്ചതെന്നാണ് പറയുന്നത്. താവക്കര സെന്‍ട്രല്‍ അവന്യുവിലെ വി സിയുടെ താമസ ചിലവിനെ കുറിച്ചുള്ള വിവരം ഇങ്ങനെയാണ്; ഏപ്രില്‍ 14: 5208 രൂപ, മേയ് 26-മെയ് 27: 11,716 രൂപ, ജൂണ്‍ ഏഴ്-ജൂണ്‍ ഒമ്പത്, ജൂണ്‍ 23-ജൂണ്‍ 24: 15169 രൂപ. ആകെ 32,093 രൂപ ഹോട്ടലില്‍ നല്‍കി. ഇത് വിവാദമായതോടെ താമസം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലേക്ക് മാറ്റിയെന്നും പറയുന്നു. ഖാദര്‍ മാങ്ങാട് വൈസ് ചാന്‍സലറായിരുന്നപ്പോള്‍ സര്‍വകലാശാലയിലെ സ്യൂട്ടില്‍ താമസിച്ചിട്ടുണ്ട്.

എന്നാല്‍, യാത്രയുടെയും താമസത്തിന്റെയും പേരില്‍ തന്നെ അഴിമതിക്കാരാക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നതെന്ന് ബാബു സെബാസ്റ്റ്യന്‍ അഴിമുഖത്തോട് പ്രതികരിക്കുന്നു. വൈസ് ചാന്‍സിലര്‍ ക്ലാസ് വണ്‍ ജീവനക്കാരനാണ്. ചീഫ് സെക്രട്ടറിയുടെ സ്റ്റാറ്റസാണ് വി.സിക്കും. തന്റെ യാത്ര എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ വൈസ് ചാന്‍സിലര്‍ക്ക് അവകാശമുണ്ട്. അവിടെ നിയന്ത്രണങ്ങളില്ല. കോട്ടയത്തും നിന്നും കണ്ണൂരിലേക്ക് ഇല്ലാത്ത സമയം ഉണ്ടാക്കിയാണ് ഓടിയെത്തുന്നത്. തലേദിവസം രാത്രി വരെ എംജി യില്‍ ജോലി നോക്കിശേഷമാണ് കണ്ണൂരിലേക്ക് പിറ്റേ ദിവസം പോകുന്നത്. ഏറ്റവും എളുപ്പത്തില്‍ എത്താനുള്ള യാത്രാ മാര്‍ഗം വിമാനമാണ്. നെടുമ്പാശ്ശേരിയില്‍ നിന്നും കരിപ്പൂരിലെത്താന്‍ രണ്ടായിരത്തോളം രൂപയേ വിമാനക്കൂലി ആകുന്നുള്ളു. വളരെ കുറഞ്ഞ നിരക്കാണിത്. ഞാന്‍ പണം ധൂര്‍ത്തടിക്കുകയാണെന്നു പറയുന്നവര്‍ ഒരു കാര്യം മനസിലാക്കിയിട്ടില്ല. എന്റെ യാത്ര ചെലവ് അമിതമാകുന്നുവെങ്കില്‍ എനിക്കുള്ള ശമ്പളത്തില്‍ നിന്നും അതു പിടിച്ചുകൊള്ളാന്‍ അഫിഡിവിറ്റ് നല്‍കിയിട്ടുണ്ട്. ഗവര്‍ണറോടും ചീഫ് സെക്രട്ടറിയോടും നേരിട്ട് ബോധിപ്പിച്ചിട്ടുള്ള കാര്യമാണ്.

കണ്ണൂരിലെ അധിക ചുമതല വഹിക്കുന്നയിനത്തില്‍ കിട്ടേണ്ട ശമ്പളം ഇപ്പോഴും കിട്ടാനുണ്ട്. ആറു മാസത്തെ കണക്ക് കൂട്ടിയാല്‍ രണ്ട് ലക്ഷത്തോളം. എന്റേത് ധൂര്‍ത്താണെന്ന് തോന്നുകയാണെങ്കില്‍ അധികമായി ഞാന്‍ ചെലവാക്കിയത് പിടിച്ചിട്ട് ബാക്കി തുക തന്നാല്‍ മതി. ആരെയെങ്കിലും പറ്റിച്ചോ തട്ടിപ്പറിച്ചോ ജീവിക്കുന്നയാളല്ല ഞാന്‍. കിട്ടുന്നതുകൊണ്ട് സംതൃപ്തിയോടെയാണ് കഴിയുന്നത്. അലര്‍ജിയുടെ പ്രശ്‌നം ചെറുപ്പം മുതല്‍ അനുഭവിക്കുന്നയാളാണ്. ട്രെയിനില്‍ എ സി കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യാന്‍ എനിക്ക് കഴിയില്ല. ആരോഗ്യപ്രശ്‌നമുണ്ടാകും. കാറിലും മറ്റും കോട്ടയത്തു നിന്നും കണ്ണൂര്‍വരെ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെലവ് കണക്കാക്കിയാല്‍ വിമാന യാത്രയില്‍ വരുന്നത് അധികമാണെന്നു പറയാന്‍ കഴിയില്ല.

മുഴുവന്‍ സമയ വൈസ് ചാന്‍സലര്‍ക്ക് വേണ്ടി ഒരു മാസം രണ്ട് ലക്ഷത്തോളം രൂപ ചെലവാക്കണം. താമസത്തിന് ഫുള്‍ ഫര്‍ണീഷ്ഡ് ആയ വീടോ മറ്റ് താമസ സ്ഥലമോ നല്‍കണം. ഒരു പാചകക്കാരനും പേഴ്‌സണല്‍ അസിസ്റ്റന്റിനെയും നല്‍കണം. ഇതിന്റെ പത്തിലൊന്നു പോലും ആറു മാസത്തിനിടയ്ക്ക് എനിക്ക് വേണ്ടി ചെലവിടേണ്ടി വന്നിട്ടില്ല. കണ്ണൂരില്‍ നിന്നും ഫയലുകള്‍ കോട്ടയത്തേക്ക് വരുത്തിയും മാസത്തില്‍ രണ്ടോ മൂന്നോ തവണ അങ്ങോട്ടു പോയി ജോലി നോക്കുകയുമാണ് ഞാന്‍ ചെയ്തത്. ഈ മാസം 20-ന് പുതിയ വൈസ് ചാന്‍സിലര്‍ ചുമതലയേല്‍ക്കും.

അധിക ചുമതല വഹിച്ച ചെറിയ കാലയളവില്‍ ആ സര്‍വകലാശാലയ്ക്കു വേണ്ടി ഞാന്‍ എന്തൊക്കെ ചെയ്തു എന്നതിനെക്കുറിച്ച് ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്നവര്‍ പറയില്ല. 500 കോടിയുടെ പദ്ധതികള്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഏഴുമാസം കൊണ്ട് 11 സിന്‍ഡിക്കേറ്റ് യോഗങ്ങള്‍ കൂടി. ധാരാളം പ്രോഗ്രാമുകളും പ്രൊജക്റ്റുകളും നടത്തി. കേരളത്തിലെ സര്‍വകലാശാലകളില്‍ ഏറ്റവും പിന്നാക്കം നിന്നിരുന്ന കണ്ണൂര്‍ സര്‍വകലാശാല വരുന്ന ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഒന്നാം നിരയിലേക്ക് ഉയര്‍ത്തപ്പെടുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞെന്ന വിശ്വാസമാണ് എനിക്കുള്ളത്. അതിനിടയിലാണ് ഇല്ലാത്ത ആരോപണങ്ങളുമായി ചിലര്‍ വരുന്നത്.

വൈസ് ചാന്‍സിലറുടെ വ്യാജ സീല്‍ ഉപയോഗിച്ചെന്ന പരാതി പ്രോ വൈസ് ചാന്‍സിലര്‍ക്കെതിരേ ഉയര്‍ന്നപ്പോള്‍ ഗവര്‍ണക്ക് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയെന്നതടക്കമുള്ള കാരണങ്ങളാണ് എനിക്കെതിരേ ഇല്ലാത്ത കഥകള്‍ ഉണ്ടാക്കാനുള്ളതിനു പിന്നില്‍. അച്ചടക്ക നടപടികള്‍ കൈക്കൊണ്ടത് എനിക്ക് പല ശത്രുക്കളേയും ഉണ്ടാക്കി തരികയായിരുന്നു. പക്ഷേ അതൊന്നും ഞാന്‍ വകവയ്ക്കുന്നില്ല. ഏല്‍പ്പിച്ച ജോലി കഴിവിന്റെ പരമാവധി ഭംഗിയാക്കിയിട്ടുണ്ട്. അതില്‍ എന്തെങ്കിലും കുറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാം; ബാബു സെബാസ്റ്റ്യന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍