UPDATES

‘മങ്ങിയ കാഴ്ചകള്‍’ കാണാന്‍ ഇത്ര പത്രാസുള്ള കണ്ണട വേണോ സഖാക്കളെ?

തൊട്ടതിനും പിടിച്ചതിനുമൊക്കെ എതിരാളികൾ പാർട്ടിക്കെതിരെ പ്രധാന ആയുധമാക്കുന്നത് പാലക്കാട് പ്ലീന തീരുമാനങ്ങളാണ്

കെ എ ആന്റണി

കെ എ ആന്റണി

മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തിട്ടാണോ അതോ പഴയ കണ്ണടയ്ക്ക് പത്രാസ് പോരെന്നു തോന്നിയതുകൊണ്ടാണോ സ്പീക്കർ ശ്രീരാമകൃഷ്ണൻ പുതിയ കണ്ണട വാങ്ങിയതെന്നറിയില്ല. സംഗതി എന്തായാലും സ്പീക്കർ ഒരു പുതുപുത്തൻ കണ്ണട വാങ്ങി. അതും ഇത്തിരി മുന്തിയ ഒന്ന്. വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി ബി ബിനുവിന് ലഭിച്ച രേഖയനുസരിച്ച് സ്പീക്കർ വാങ്ങിയ പുതിയ കണ്ണടയുടെ വില അര ലക്ഷം രൂപയോളം വരും. കൃത്യമായി പറഞ്ഞാൽ 49,990 രൂപ. ഫ്രെയിം, ലെൻസ് എന്നിങ്ങനെ തരം തിരിച്ചു വില പരിശോധിച്ചാൽ ഫ്രെയിമിന് 4990 രൂപയും ലെൻസിന് 45,000 രൂപയും ചിലവായി. ഈ പണം പൊതു ഖജനാവിൽ നിന്നാണ് എന്നതിനാൽ വിവാദങ്ങൾക്കു ഒട്ടുമേ പഞ്ഞമില്ലാത്ത കേരളത്തിൽ ഒരു പുതിയ വിവാദത്തിനുകൂടി തുടക്കമാവുകയായിരുന്നു.

കേരളത്തിൽ നിയമസഭാ സാമാജികർ കണ്ണട വാങ്ങുമ്പോൾ അതിന്റെ ഫ്രെയിമിന് 5000 രൂപ വരെയേ പൊതുഖജനാവിൽ നിന്നും അനുവദിക്കാൻ വകുപ്പുള്ളൂ. ഇത് സ്‌പീക്കർക്കും ബാധകമാണ്. ഫ്രെയിമിന്റെ വിലയുടെ കാര്യമേ നിയമത്തിൽ പറയുന്നുള്ളു . ഫ്രെയിം മാത്രമായാൽ കണ്ണടയാവില്ലല്ലോ, അതിനു ലെൻസുകൂടി വേണം. ലെൻസിന്റെ പരമാവധി വില എത്രവരെ ആകാമെന്ന് നിയമത്തിൽ പറയുന്നില്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ എത്ര തുകയും എഴുതി വാങ്ങാം. സ്പീക്കർ കണ്ണട വാങ്ങിയപ്പോൾ ഈ തന്ത്രം പയറ്റിയെന്നാണ് ഇപ്പോൾ വിമർശകർ ഉന്നയിക്കുന്ന ആക്ഷേപം.

കണ്ണട ഇടതു മുന്നണിക്ക് പാരയാവുന്നത് ഇതാദ്യമായല്ല. നേരത്തെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ 28,000 രൂപയുടെ കണ്ണട വാങ്ങി വിവാദത്തിൽ പെട്ടിരുന്നു. ആ ക്ഷീണം ഇനിയും തീർന്നിട്ടില്ല. മുരുകൻ കാട്ടാക്കടയുടെ ‘കണ്ണട’ എന്ന കവിത ഏറ്റെടുത്ത് പാർട്ടി സമ്മേളന വേദികളെ പുളകം കൊള്ളിക്കുമ്പോഴൊന്നും ഭാവിയിൽ കണ്ണട ഒരു തലവേദനയായി മാറുമെന്ന് നമ്മുടെ സഖാക്കൾ കരുതിയിട്ടുണ്ടാവില്ല. ഏതായാലും ഇനിയിപ്പോൾ മുരുകനെ ശപിച്ചിട്ടു കാര്യമില്ല. കാലം തങ്ങൾക്കുവേണ്ടി കരുതിവെച്ച ഒന്നായി മുരുകന്റെ കണ്ണട കവിതയെ കണ്ടാൽ മതി.

കണ്ണട വേണം, മുരുകന്‍ കാട്ടാക്കടയ്ക്ക് മാത്രമല്ല; ബ്രിട്ടാസിനും ശ്രീകണ്ഠന്‍ നായര്‍ക്കുമെല്ലാം

മുരുകൻ കാട്ടാക്കടയുടെ കണ്ണട കവിതപോലെ തന്നെ സിപിഎമ്മിന് പാരയായി മാറിയ മറ്റൊന്നുകൂടിയുണ്ട്. 2013 നവംബറിൽ പാലക്കാട് ചേർന്ന പാർട്ടി പ്ലീനം. ഇപ്പോൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ എതിരാളികൾ പാർട്ടിക്കെതിരെ പ്രധാന ആയുധമാക്കുന്നത് പാലക്കാട് പ്ലീന തീരുമാനങ്ങളാണ്. കണ്ണട പ്രശനം ആയാലും, ബന്ധു നിയമന പ്രശ്നമായാലും, കോടിയേരിയുടെ മിനി കൂപ്പറിലെ യാത്രയാലും, കോടിയേരിയുടെ തന്നെ മകൻ ഉൾപ്പെട്ട പണമിടപാട് കേസായാലും കെ സുരേന്ദ്രൻ അടക്കമുള്ള എതിരാളികൾ പ്ലീനത്തിൽ പിടിച്ചാണ് ആക്രമണം നടത്തുന്നത്. പാലക്കാട് പോയി വെറുതെ പ്ലീനിക്കേണ്ടിയിരുന്നില്ലെന്നു ചില സഖാക്കൾക്കെങ്കിലും ഇപ്പോൾ തോന്നുന്നുണ്ടാവണം.

കോടിയേരിയും മൂളിപ്പറക്കുന്ന അറബിയും അഥവാ തവളയും കൊതുകും; ഒരു ദൃഷ്ടാന്ത കഥ

അടുത്തകാലത്തായി സഖാക്കൾ ഇടക്കിടെ ഉച്ചരിക്കുന്ന ഒന്നാണ് ‘ജാഗ്രതക്കുറവ്’ എന്ന വാക്ക്. പോയിപ്പോയി വിമർശനത്തിന് ഇട നൽകുന്ന എന്ത് പ്രവർത്തിച്ചാലും ജാഗ്രതക്കുറവ് സംഭവിച്ചുവെന്ന് പറഞ്ഞാൽ എല്ലാം ശരിയായി എന്ന് വന്നിരിക്കുന്നു. സഖാക്കളുടെ ഈ അടവ് ഇപ്പോൾ ചില ഘടക കക്ഷി നേതാക്കളും ഏറ്റെടുത്തിട്ടുണ്ട്. ഫോൺ കെണിയിൽ പെട്ട മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞത് തനിക്കു ജാഗ്രതക്കുറവുണ്ടായി എന്നാണ്. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം എന്നാണല്ലോ. അപ്പോൾ പിന്നെ പ്ലീനം, തെറ്റുതിരുത്തൽ എന്നിത്യാദി കാര്യങ്ങളൊന്നും തനിക്കോ തന്റെ പാർട്ടിക്കോ ബാധകമല്ലെങ്കിലും ജാഗ്രതക്കുറവ് പറഞ്ഞു ശശീന്ദ്രനും തടി തപ്പാം.

മിനി കൂപ്പര്‍, ഓഡി കാര്‍, ചാക്ക്, രവി പിള്ള, ഫാരിസ്, സാന്‍ഡിയാഗോ… ഇനിയുമെന്തിന് കോണ്‍ഗ്രസ് വിരോധം?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍