UPDATES

ഈഴവരുടെ പ്രതിസന്ധികള്‍; ശബരിമലയില്‍ എസ്എന്‍ഡിപി പിണറായിക്കൊപ്പമോ അമിത് ഷായ്ക്കൊപ്പമോ?

ഒരു ഞാണിന്മേല്‍ കളിയാണ് ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപി യോഗം സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിവിധ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. 

ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങള്‍ സവര്‍ണ സമരങ്ങളാണെന്നാണ് പറയപ്പെടുന്നത്. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഭക്തജന സമരങ്ങളിലും പ്രതിഷേധങ്ങളിലും അവര്‍ണ സമുദായങ്ങള്‍ക്ക് പങ്കില്ല എന്നും പറയപ്പെടുന്നു. സമരത്തെ എസ്എന്‍ഡിപിയും കെപിഎംഎസും ഉള്‍പ്പെടെയുള്ളവര്‍ പൂര്‍ണമായും തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്. വിശ്വാസപാലനത്തിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ തങ്ങള്‍ക്ക് പിന്തുണയോ പങ്കാളിത്തമോ ഇല്ലെന്ന നിലപാടും ഇരുസംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ നിലപാട് എസ്എന്‍ഡിപി യൂണിയന്റെ പുരോഗമന കാഴ്ചപ്പാടില്‍ നിന്നുണ്ടായതാണെന്ന പ്രതീക്ഷ ആരിലെങ്കിലുമുണ്ടെങ്കില്‍, അത് അങ്ങനെയല്ല എന്ന കാര്യമാണ് എസ്എന്‍ഡിപി പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പങ്കുവയ്ക്കുന്നത്.

വിശ്വാസികള്‍ക്കൊപ്പം, എന്നാല്‍ സമരത്തിനിറങ്ങി ചാവേറാവാനില്ല

ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കണമെന്നാണ് അഭിപ്രായം. സുപ്രീംകോടതി വിധിയോട് വിയോജിപ്പുണ്ട്. വിശ്വാസ സമൂഹത്തിന് ഒപ്പമാണ്. എന്നാല്‍ സമരത്തിനിറങ്ങില്ല; ഇതാണ് എസ്എന്‍ഡിപി നിലപാട്. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഈഴവ സമൂഹത്തില്‍ നിന്ന് ഇനി ചാവേറുകളെ സൃഷ്ടിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ മാത്രം സമരമുഖത്തേക്കിറങ്ങില്ല എന്ന് പറയുന്നു. എന്നാല്‍ ‘അയ്യപ്പകോപമുണ്ടാവും എന്നുറപ്പു’ള്ളതിനാല്‍ സുപ്രീംകോടതി വിധിയേയും സര്‍ക്കാര്‍ സമീപനത്തേയും എതിര്‍ക്കുന്നവരാണ് എസ്എന്‍ഡിപി യൂണിയന്‍ പ്രവര്‍ത്തകര്‍ കൂടിയായ അടിത്തട്ട് ജനത. എസ്എന്‍ഡിപി യോഗത്തിന്റെ ബാനറില്‍ സമരത്തിനിറങ്ങരുതെന്ന നിര്‍ദ്ദേശം ശാഖായോഗങ്ങള്‍ക്കുള്‍പ്പെടെ കൈമാറിയിട്ടുണ്ടെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ അത്തരത്തില്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കണമെന്നോ പങ്കെടുക്കരുതെന്നോ ഉള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സമരത്തിനിറങ്ങി രക്തസാക്ഷികളാവരുതെന്ന സന്ദേശങ്ങള്‍ വാട്‌സ്ആപ് വഴിയും മറ്റും പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ശാഖായോഗങ്ങളിലെ പ്രവര്‍ത്തകര്‍ പറയുന്നു.

നടന്ന, ഇനി നടക്കാനിരിക്കുന്ന സമരങ്ങളില്‍, പ്രതിഷേധങ്ങളില്‍ എന്താണ് എസ്എന്‍ഡിപിയുടെ നിലപാട് എന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒറ്റ ഉത്തരമേയുള്ളൂ: “വിശ്വാസിസമൂഹത്തോട് ചേര്‍ന്ന് തന്നെയാണ് ഞങ്ങള്‍. അവരോടൊപ്പമാണ്. പക്ഷെ പ്രത്യക്ഷ സമരമില്ല”. സമരത്തിനിറങ്ങിയവരുടെ നിലപാടുകള്‍ തന്നെ സ്വീകരിക്കുമ്പോഴും എന്തുകൊണ്ട് സമരത്തോട് മാത്രം വിയോജിക്കുന്നു? അതിനുള്ള ഉത്തരം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു: “ശശികലയും മറ്റുള്ളവരും സമരം ഏറ്റെടുക്കുമ്പോള്‍ കാണിച്ച മര്യാദ എന്നുപറഞ്ഞാല്‍ അവര്‍ എല്ലാ സമുദായ നേതാക്കളേയും കണ്ട് അനുഗ്രഹവും ആശിര്‍വാദവും വാങ്ങി എന്നതാണ്. എന്നെയും കണ്ടിരുന്നു. പക്ഷെ ഞാന്‍ വളരെ വ്യക്തമായ നിലപാടാണ് അവരോട് അറിയിച്ചത്. ഈ വിഷയത്തില്‍ എസ്എന്‍ഡിപി യോഗത്തിന് നിലപാടുണ്ട്. സ്ത്രീകളുടെ പ്രവേശനത്തില്‍ തര്‍ക്കം നില്‍ക്കുകയാണ്. ഞങ്ങള്‍ ഭക്തരോടൊപ്പമാണ്. ഞങ്ങളുടെ സമുദായത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ പോവാതിരിക്കും എന്നാണ് എന്റെ വിശ്വാസം. മാത്രമല്ല സുപ്രീംകോടതി വിധിയെ മറികടക്കാന്‍ വഴികളുണ്ട് എന്നാണ് ഞാന്‍ അവരെ അറിയിച്ചത്. പിന്നീട് യോഗത്തിന്റെ പരമോന്നത തീരുമാനവും ഇത്തരത്തിലായിരുന്നു. യോഗത്തിന്റെ നിലപാട് മാറ്റേണ്ട സാഹചര്യമില്ല. ഞങ്ങള്‍ എപ്പോഴും ഭക്തരോടൊപ്പമുണ്ട്. എന്നാല്‍ ഭക്തിയുടെ പേരില്‍ തെരുവിലറങ്ങി എന്തെങ്കിലും വിപത്തുണ്ടായാല്‍, അതിനായി സമുദായാംഗങ്ങളെ വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. മരിക്കാനും ചോര ചിന്താനും മാത്രമായല്ല ഞങ്ങളുടെ സമുദായാംഗങ്ങള്‍. പലപ്പോഴും അറിയാതെയും അറിഞ്ഞും രാഷ്ട്രീയക്കാരും സവര്‍ണസമുദായവും ബലിയാടാക്കിയ സമൂഹമാണ് ഞങ്ങളുടേത്. നിവര്‍ത്തന പ്രക്ഷോഭത്തിലും മലയാളി മെമ്മോറിയലിലും വിമോചന സമരത്തിലും വരെ അത് ഞങ്ങള്‍ കണ്ടതാണ്. ഈഴവ മെമ്മോറിയലിന് ശേഷം എന്താണ് നടന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഞങ്ങള്‍ക്ക് ജോലികിട്ടുമെന്ന് പറഞ്ഞിട്ട് എന്തായി? ഒന്നുമുണ്ടായില്ല. വിമോചന സമരത്തില്‍ നേതൃനിരയിലുണ്ടായിരുന്ന ആര്‍ ശങ്കര്‍, അദ്ദേഹം അന്ന് അതിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ അറിയാം. എന്നിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പട്ടംതാണുപിള്ളയെ മുഖ്യമന്ത്രിയാക്കി. എന്നും ഉപയോഗിക്കാന്‍ വേണ്ടി മാത്രമുള്ളവരായി ഈഴവസമുദായക്കാര്‍. വേട്ടയാടപ്പെട്ട മൃഗങ്ങളാണ് എക്കാലവും. രക്തസാക്ഷിയാവാന്‍ ഞങ്ങളും അധികാരം മറ്റുള്ളവര്‍ക്കും. പുന്നപ്ര-വയലാര്‍ സമരത്തിലും രക്തസാക്ഷികളായതില്‍ ഭൂരിഭാഗവും ഞങ്ങളാണ്. ജി സുധാകരന്‍ ദേവസ്വം മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം ദേവസ്വം ബോര്‍ഡ് ബില്‍ കൊണ്ടുവന്നു. ഗവര്‍ണര്‍ ഒപ്പിട്ട ബില്‍ നിയമസഭയില്‍ വച്ച ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. പിന്നീട് അത് കണ്ടിട്ടില്ലല്ലോ? കടന്നപ്പള്ളി രാമചന്ദ്രന്‍ ആ വകുപ്പ് വാങ്ങിച്ചിട്ട് ചങ്ങനാശേരിയില്‍ പോയി ആ ബില്‍ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കി. ഇപ്പോഴത്തെ സര്‍ക്കാരും ചങ്ങനാശേരിക്കാര്‍ക്ക് വേണ്ടി സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയായിരുന്നു. സാമ്പത്തിക സംവരണം യാതൊരു ആലോചനയുമില്ലാതെ നടപ്പാക്കിയതാണ് അവര്‍. അതുകൊണ്ട് അത്തരത്തില്‍ ഒഴിവാക്കലിനും രക്തസാക്ഷിത്തത്തിനും മാത്രമായി ഞങ്ങള്‍ ഇനി തെരുവില്‍ ഇറങ്ങില്ല. ഞങ്ങള്‍ സത്യത്തിന്റേയും ധര്‍മ്മത്തിന്റേയും കൂടെ നില്‍ക്കും. സര്‍ക്കാരിന് ഇത് കുറേയെല്ലാമുണ്ട്. ഇപ്പോള്‍ അവര്‍ക്ക് അമ്മയേയും പട്ടിയേയും മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് എനിക്ക് തോന്നുന്നു.”

സമരത്തിന് എസ്എന്‍ഡിപിയില്ല, പക്ഷെ സമുദായക്കാര്‍ ബിഡിജെഎസിനൊപ്പം സമരത്തിനിറങ്ങും

എന്നാല്‍ എസ്എന്‍ഡിപി യോഗത്തിലെ എല്ലാവര്‍ക്കും വിശ്വാസ സമൂഹത്തോട് യോജിപ്പുണ്ടെങ്കിലും രാഷ്ട്രീയ സംഘടനയല്ലാത്തതിനാല്‍ യോഗം സമരത്തിനിറങ്ങുന്നില്ല എന്നാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്. സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന രഥയാത്ര നയിക്കുന്നത് തുഷാര്‍ വെള്ളാപ്പള്ളിയാണ്. എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരായ എല്ലാ ബിഡിജെസ് അംഗങ്ങളും പ്രക്ഷോഭപരിപാടികളില്‍ ഇറങ്ങുമെന്ന പ്രതീക്ഷയാണ് തുഷാര്‍ പങ്കുവയ്ക്കുന്നത്. എസ്എന്‍ഡിപി യോഗത്തിന് സമുദായ സംഘടനയായിരിക്കെ പ്രത്യക്ഷ സമരത്തിനിറങ്ങുന്നതിന് നിരവധി തടസ്സങ്ങളുണ്ടെന്നും സമരത്തിനിറങ്ങുന്നില്ല എന്നതുകൊണ്ട് അവര്‍ വിശ്വാസി സമൂഹത്തോടൊപ്പമല്ലെന്ന് ധരിക്കരുതെന്നുമാണ് തുഷാര്‍ പറയുന്നത്: “എസ്എന്‍ഡിപി യോഗം നേരിട്ട് സമരത്തിനിറങ്ങുന്നില്ല എന്ന് മാത്രം. എന്‍എസ്എസ് ആണെങ്കിലും ഇതേവരെ നേരിട്ട് സമരത്തിനിറങ്ങിയിട്ടില്ല. അവരാണ് സമരത്തിന് പിന്നില്‍ ഉള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇതേവരെ ഒരിടത്തും എന്‍എസ്എസിന്റെ ബാനറില്‍ നാമജപപ്രതിഷേധങ്ങള്‍ നടന്നിട്ടില്ല. സമുദായ സംഘടന എന്ന നിലയില്‍ എസ്എന്‍ഡിപിക്ക് സമരത്തിനിറങ്ങണമെങ്കില്‍ അത് ഹിന്ദുസമുദായത്തിലെ മറ്റ് വിഭാഗങ്ങളുമായിക്കൂടി ആലോചിച്ച്, ഒത്തൊരുമിച്ച് ഒരു നേതൃത്വത്തിന് കീഴിലേ ഇറങ്ങാന്‍ കഴിയൂ. പക്ഷെ അതിനാണല്ലോ ബിഡിജെഎസ്. രാഷ്ട്രീയ പാര്‍ട്ടി ആയിരിക്കേ ബിഡിജെഎസിന് സമരത്തിലിറങ്ങാം. എസ്എന്‍ഡിപി കൗണ്‍സില്‍, യൂണിയന്‍ സെക്രട്ടറിമാരുടേയും യോഗം ചേര്‍ന്നാണ് യോഗം സമരത്തിലേക്ക് പോവണ്ടെന്ന് തീരുമാനിച്ചത്. എന്‍ഡിഎ സമരമല്ലാതെ വ്യക്തമായ നേതൃത്വത്തോടെ ഇവിടെ ഒരു സമരവും നടന്നിട്ടില്ല. നേതൃത്വമില്ലാത്ത സമരത്തിലേക്ക് എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരെ ഇറക്കിവിട്ടാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരം പറയും? വ്യക്തമായ ധാരണയും നേതൃത്വവുമില്ലാത്ത സമരത്തിന് എസ്എന്‍ഡിപി പ്രവര്‍ത്തകരെ വിട്ടുകൊടുക്കാന്‍ കഴിയില്ലായിരുന്നു. പക്ഷെ ഞാന്‍ നയിക്കുന്ന സമരത്തില്‍ ശാഖകളിലെ സജീവ പ്രവര്‍ത്തകരടക്കം ഇറങ്ങും എന്നതില്‍ സംശയമില്ല. വിവിധ യൂണിയന്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉള്‍പ്പെടെ ബിഡിജെഎസ് എന്ന നിലയില്‍ പ്രക്ഷോഭരംഗത്തുണ്ടാവും. സമുദായ സംഘടനയെന്ന നിലയില്‍ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ തന്നെ യോഗം എന്നും എപ്പോഴും വിശ്വാസികള്‍ക്കൊപ്പമാണ്. കേരളത്തിലെ 99 ശതമാനം വരുന്ന വിശ്വാസികളായ ജനത സുപ്രീംകോടതി വിധിക്കെതിരാണ്. അവരെല്ലാവരും നേരിട്ടും അല്ലാതെയും വിശ്വാസിസമൂഹത്തിനൊപ്പം നില്‍ക്കുന്നവരുമാണ്. ഞങ്ങള്‍ എന്‍ഡിഎ യോഗത്തില്‍ തീരുമാനിച്ചത് പോലെ വീടുവീടാന്തരം കയറി പ്രചരണങ്ങള്‍ നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. സവര്‍ണന്‍-അവര്‍ണന്‍ എന്ന് പറഞ്ഞ് അയ്യപ്പ വിശ്വാസികളെ തരംതിരിക്കേണ്ട കാര്യമില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടായി വരുന്നതിന് മുന്നെ നവോത്ഥാന പോരാട്ടങ്ങള്‍ ആരംഭിച്ച നാടാണിത്. എസ്എന്‍ഡിപി യോഗം പോലും അത്തരത്തില്‍ ഉയര്‍ന്ന് വന്ന പ്രസ്ഥാനമാണ്. അതുകൊണ്ട് ആരും നവോത്ഥാനത്തിന്റെ പിതാക്കന്‍മാരാവാന്‍ നോക്കണ്ട”.

പ്രവര്‍ത്തകരുടെ പ്രതിസന്ധി

വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും പറയുന്ന കാര്യങ്ങള്‍ വ്യക്തമാണെങ്കിലും സമരത്തിനിറങ്ങണോ, സര്‍ക്കാരിനൊപ്പം നില്‍ക്കണോ, അതോ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുകയും സമരത്തിനിറങ്ങാതിരിക്കുകയും ചെയ്യണോ എന്ന എത്തുംപിടിയും കിട്ടാത്ത അവസ്ഥ ശാഖായോഗം പ്രവര്‍ത്തകരില്‍ കണ്ടു. നേരിട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ ബിഡിജെഎസിനൊപ്പം ചേര്‍ന്ന് യോഗം പ്രവര്‍ത്തകര്‍ സമരരംഗത്തിറങ്ങിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ സമരത്തിനിറങ്ങി സവര്‍ണരുടെ ആയുധങ്ങളാവരുതെന്ന വെള്ളാപ്പള്ളിയുടേതെന്ന പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ ചിലര്‍ക്കെങ്കിലും സന്ദേഹങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ സംസാരിച്ചവര്‍ എല്ലാവരും തന്നെ പങ്കുവച്ച കാര്യങ്ങളില്‍ സുപ്രീം കോടതി വിധിയോടുള്ള വിയോജിപ്പും, സര്‍ക്കാര്‍ ആ വിധി നടപ്പാക്കിയ രീതിയോടുള്ള എതിര്‍പ്പുമാണ് പ്രധാനം. പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ആലപ്പുഴ ജില്ലയിലെ ഒരു ശാഖായോഗം സെക്രട്ടറി പറഞ്ഞതിങ്ങനെ: “എസ്എന്‍ഡിപി നിലപാട് എന്താണെന്ന് ചോദിച്ചാല്‍ സത്യത്തില്‍ ഞങ്ങള്‍ക്കും അറിയില്ല. വ്യക്തമായ അറിയിപ്പോ സര്‍ക്കുലറോ ഒന്നും കിട്ടിയിട്ടില്ല. ബിഡിജെഎസിനൊപ്പം സമരത്തിനിറങ്ങിയില്ലെങ്കില്‍ കൂടി വിശ്വാസി സമൂഹത്തോടൊപ്പം നില്‍ക്കുന്നവരാണ് ശാഖകളിലെ ഭൂരിഭാഗം പേരും. പല രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്നത് കൊണ്ട് മാത്രം ചിലര്‍ സംരത്തിന് നേരിട്ട് പോവുന്നില്ല. വെള്ളാപ്പള്ളിയുടെ പേരില്‍ വാട്‌സ്ആപ് സന്ദേശങ്ങള്‍ ലഭിക്കുന്നത് യോഗം പ്രവര്‍ത്തകരില്‍ വലിയ ചര്‍ച്ചയാവുന്നുണ്ട്. അതിലും വിശ്വാസി സമൂഹത്തോടൊപ്പം നില്‍ക്കരുതെന്നോ സമരത്തിനിറങ്ങരുതെന്നോ ഇല്ല. പക്ഷെ പറ്റിക്കപ്പെടാന്‍ ഇനി പോവരുതെന്ന സന്ദേശമാണ്. വെള്ളാപ്പള്ളിയുടെ നിര്‍ദ്ദേശം വാട്‌സാപ്പില്‍ കൂടി കിട്ടിയെന്ന് പറഞ്ഞ് സമരത്തിനിറങ്ങാന്‍ മടിച്ച് നില്‍ക്കുന്ന ബിഡിജെഎസ് പ്രവര്‍ത്തകരുമുണ്ട്. മറ്റൊരു വിഭാഗം സിപിഎം അനുഭാവികളായ ഈഴവരാണ്. സര്‍ക്കാര്‍ നടപടിയിലും വിധിയിലും എല്ലാം മുറുമുറുപ്പുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ ഇറങ്ങാന്‍ ചിലര്‍ക്കെങ്കിലും മടിയുണ്ട്. പക്ഷെ അവര്‍ പോലും അയ്യപ്പകോപമുണ്ടാവും എന്ന് വിശ്വസിക്കുന്നവരുമാണ്. ശാഖയില്‍ നിന്നെല്ലാം ധാരാളം ജനങ്ങള്‍ സമരങ്ങള്‍ക്ക് പോയിട്ടുമുണ്ട്”.

ക്ഷേത്രസംരക്ഷണ സമിതി അംഗങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വ്യക്തിപരമായും സമരത്തോടൊപ്പം ചേരുന്നതില്‍ പ്രശ്‌നമില്ല എന്ന നിലപാടാണ് എസ്എന്‍ഡിപി യോഗം എടുത്തിരിക്കുന്നതെന്ന് ചേര്‍ത്തല യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്‍ പറയുന്നു. എസ്എന്‍ഡിപി വിശ്വാസികള്‍ക്കൊപ്പമാണെന്ന് അദ്ദേഹവും ആവര്‍ത്തിക്കുന്നു. സുപ്രീംകോടതി വിധി കാര്യങ്ങള്‍ പഠിക്കാതെ പുറപ്പെടുവിച്ചതാണെന്നും വൈകാരികമായ ഒരു വിഷയത്തില്‍ വിധി പുറപ്പെടുവിക്കുമ്പോള്‍ അതിന്റെ അനന്തരഫലങ്ങള്‍ നോക്കാതെ എടുത്ത് ചാടി അത് നടപ്പാക്കാനൊരുങ്ങിയ സര്‍ക്കാരിനെതിരെയും യോഗത്തിന് വിയോജിപ്പുണ്ട് എന്നും അദ്ദേഹം പറയുന്നു. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇത്തരത്തിലൊരു വിധി നടപ്പാക്കുമ്പോള്‍ കാണിക്കേണ്ട പക്വത സര്‍ക്കാര്‍ കാണിച്ചില്ലെന്നും ജനങ്ങളെ ഭിന്നിപ്പിക്കാതെ ഭരിക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും ആ ഉത്തരവാദിത്തം കാണിക്കാത്തതില്‍ വിശ്വാസികളായ സമുദായാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും എന്നാല്‍ എസ്എന്‍ഡിപി ബാനറില്‍ സമുദായാംഗങ്ങള്‍ സമരത്തിനിറങ്ങില്ലെന്നും അദ്ദേഹം പറയുന്നു: “എസ്എന്‍ഡിപി ബാനറില്‍ സമരത്തിനിറങ്ങണ്ട എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. യോഗം പ്രവര്‍ത്തകരായവര്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളുടേയോ, ക്ഷേത്രസംരക്ഷണസമിതി, ദേവസ്വം ബോര്‍ഡ് ഉപദേശക സമിതി അംഗങ്ങളെല്ലാം ആ രീതിയില്‍ സമരത്തിനിറങ്ങുന്നുമുണ്ട്. വിധിയും എതിര്‍ക്കപ്പെടേണ്ടതാണ്, സര്‍ക്കാര്‍ സമീപനവും എതിര്‍ക്കപ്പെടേണ്ടതാണ്. പക്ഷെ തെരുവിലിറങ്ങിയുള്ള കലാപ സമരത്തിന് യോഗം യോജിപ്പല്ല. ഇവിടുത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് സമയമെങ്കിലും ആവശ്യപ്പെടാമായിരുന്നു. പരമാവധി ഭിന്നിപ്പുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പക്ഷെ അതുകൊണ്ട് അവര്‍ണസമുദായാംഗങ്ങളുടെയെല്ലാം വോട്ട് കിട്ടുമെന്ന് പ്രതീക്ഷ വേണ്ട. വിശ്വാസി സമൂഹം എന്നും വിശ്വാസങ്ങള്‍ക്കൊപ്പം തന്നെയാണ്.”

അമിത് ഷായ്ക്കും പിണറായിക്കുമൊപ്പം 

അതേ സമയം, അമിത്ഷായ്‌ക്കൊപ്പം നില്‍ക്കുക എന്ന മകന്റെ നിലപാടും പിണറായി വിജയനൊപ്പം നില്‍ക്കുക എന്ന അച്ഛന്റെ നിലപാടും മാത്രമാണ് ഇതില്‍ കാണാനാവുക എന്നാണ് എസ്ന്‍ഡിപി മുന്‍ യോഗം പ്രസിഡന്റ് വിദ്യാസാഗര്‍ അഭിപ്രായപ്പെട്ടത്. “അച്ഛനും മകനും ചേര്‍ന്നുള്ള ചക്കളത്തിപ്പോരാണ് കാണുന്നത്. സമരത്തിനും പേക്കൂത്തിനുമില്ല എന്ന അച്ഛന്റെ നിലപാടിനെ ഞാന്‍ അംഗീകരിക്കുന്നു. സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. അത് ചരിത്രപ്രാധാന്യമുള്ള വിധിയാണ് എന്ന് പറയാന്‍ ബാധ്യസ്ഥതയുള്ളയാളാണ് ജനറല്‍ സെക്രട്ടറിയുടെ കസേരയിലിരിക്കുന്ന വെള്ളാപ്പള്ളി. പക്ഷെ അദ്ദേഹം അത് പറയുന്നില്ല. കുറേ ഫയലുകള്‍ അവിടെയും ഇവിടെയും എല്ലാം കിടക്കുമ്പോള്‍ പിണറായിയോടും അമിത് ഷായോടും ചേര്‍ന്ന് നിന്നേ മതിയാകൂ അവര്‍ക്ക്. ശബരിമല യുവതീ പ്രവേശനത്തോടും സമരങ്ങളോടും നയിക്കുന്നവര്‍ക്ക് ഒരു വ്യക്തമായ നിലപാടില്ല. ആകെ ആശയക്കുഴപ്പങ്ങളാണ്. പിന്നെയെങ്ങനെ അടിത്തട്ടിലുള്ളവര്‍ക്ക് അതില്ലാതിരിക്കും.”

വെള്ളാപ്പള്ളിയുടെ നിലപാടിനെ മറ്റുള്ളവര്‍ കാണുന്നത്

അമിത് ഷായുടെ ശിവഗിരി സന്ദര്‍ശനവും, എസ്എന്‍ഡിപിയുമായി ചേര്‍ന്ന് സമരം നയിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസംഗവുമാണ് ഏറ്റവുമൊടുവില്‍ ചര്‍ച്ചയായിരിക്കുകയാണ്. അമിത് ഷായ്ക്ക് നാവ് പിഴ പറ്റിയതാണെന്ന് വെള്ളാപ്പള്ളി വിശദീകരണം നല്‍കിയെങ്കിലും കൂടിയാലോചനകളും സഹായസഹകരണങ്ങളും രഹസ്യമായെങ്കിലും ലഭ്യമാവും എന്ന സംസാരവും ശാഖായോഗം പ്രവര്‍ത്തകരിലുണ്ട്. “തൂണും ചാരി നിന്നവന്‍ പെണ്ണുംകൊണ്ട് പോകും അവസാനം ഞങ്ങള്‍ വഴിയാധാരമാകും. അതുകൊണ്ട് ഒരു കാരണവശാലും എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങരുതെന്നും സമരം ചെയ്യരുതെന്നുമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. അത് കുറെ മുമ്പെടുത്തതാണ്, അതിന് മാറ്റമില്ലെ“ന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവനയെക്കുറിച്ച് വെള്ളാപ്പള്ളി പറഞ്ഞത്.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോള്‍ ഉണ്ടായ പ്രതിഷേധ പരിപാടികളോട് എസ്എന്‍ഡിപി നേതൃത്വത്തിന്റെ സമീപനം എന്തായിരുന്നു? സംഘപരിവാര്‍ നേതൃത്വത്തില്‍ 41 ഹിന്ദു സംഘടനകളെ ചേര്‍ത്ത് ശബരിമല കര്‍മ സമിതി രൂപീകരിച്ച ശേഷം സമിതി നേതാക്കള്‍ വെള്ളാപ്പള്ളിയെ കണ്ടിരുന്നു. ആ കൂടിക്കാഴ്ചയെ കുറിച്ച് അയ്യപ്പസേവാ സമാജം അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്: “കര്‍മ്മ സമിതി രൂപീകരിച്ചതിന് ശേഷം ഞാനും ശശികലയും ഉള്‍പ്പെടെയുള്ളവര്‍ സാമുദായിക സംഘടനാ നേതാക്കളെ നേരില്‍ ചെന്നു കണ്ടു. എല്ലാവരും ഞങ്ങള്‍ക്ക് പിന്തുണയറിയിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും കണ്ടിരുന്നു. പ്രത്യക്ഷത്തില്‍ വരാന്‍ പറ്റില്ലെങ്കിലും ആവശ്യത്തിന് സഹായങ്ങള്‍ എല്ലാം ചെയ്യാമെന്ന് അദ്ദേഹവും ഏറ്റു. എന്‍എസ്എസ് സമരത്തില്‍ ആക്ടീവ് ആയി നില്‍ക്കുന്നത് കൊണ്ട് അവരുമായുള്ള എന്തോ ആശയക്കുഴപ്പമുള്ളതിനാല്‍ അദ്ദേഹത്തിന് പ്രത്യക്ഷത്തില്‍ വരാന്‍ പറ്റില്ല എന്നാണ് അറിയിച്ചത്. എന്തായാലും യോഗം കഴിഞ്ഞതോടെ ലക്ഷ്യത്തെക്കുറിച്ചുള്ള ബോധം എല്ലാവരിലും ഉണ്ടായി. ഒന്നിച്ച് നില്‍ക്കുകയും ചെയ്തു.”

കര്‍മ സമിതിയുടെ നേതൃത്വത്തിലുള്ള സമരത്തോട് വെള്ളാപ്പള്ളിയുടെയും എസ്എന്‍ഡിപിയുടെയും സമീപനത്തെക്കുറിച്ച് ആര്‍എസ്എസ് സംസ്ഥാന തലവന്‍ (പ്രാന്ത കാര്യവാഹക്) ഗോപാലന്‍ കുട്ടി മാസ്റ്റര്‍ അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെ: പന്തളം  രാജകൊട്ടാരം പ്രതിനിധികളുമായും ആചാര്യന്‍മാരുമായും തന്ത്രികളുമായുമെല്ലാം ചര്‍ച്ച ചെയ്ത് വിധി നടപ്പാക്കിയിരുന്നെങ്കില്‍ വിധി വന്നത് പോലൊരു വിഷമം ഭക്തര്‍ക്ക് ഉണ്ടാവില്ലായിരുന്നു. അതില്ലാതായ സാഹചര്യത്തിലാണ് കര്‍മ്മ സമിതി രൂപീകരിക്കുന്നത്. അതിന് മുമ്പ് അങ്ങനെയൊരു സമിതി ഉണ്ടായിരുന്നില്ല. നാമജപ ഘോഷയാത്രകള്‍ മാത്രമായിരുന്നു. പുലയര്‍മഹാസഭയും യോഗക്ഷേമസഭയും എന്‍എസ്എസും എസ്എന്‍ഡിപിയുമെല്ലാം ഞങ്ങളോട് പിന്തുണ പ്രഖ്യാപിച്ചു. 200 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിച്ചു. അമ്മമാരുടെ നാമജപ സമരം നിലയ്ക്കലും എരുമേലിയിലും എല്ലാം പ്ലാന്‍ ചെയ്തതും കര്‍മ്മസമിതിയാണ്. എന്‍എസ്എസ് സംഘടന ആദ്യം മുതല്‍ സമരത്തിനൊപ്പമാണ്. വെള്ളാപ്പള്ളി ആദ്യം ഉണ്ടായിരുന്നു, പിന്നീട് മാറി. മൈക്രോഫിനാന്‍സിന്റെ കേസ് പറഞ്ഞ് മുഖ്യമന്ത്രി വിളിച്ചുകാണും. എന്നാല്‍ അത് കഴിഞ്ഞ് നേരിട്ട് ഇറങ്ങിയില്ലെങ്കിലും സമരത്തിന് ഇറങ്ങുന്നയാളുകളെ തടയില്ലെന്നും ഭക്തര്‍ക്ക് സമരങ്ങളില്‍ പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി”- (ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം)

ശബരിമല പ്രതിഷേധത്തെ കുറിച്ച് കര്‍മ സമിതി വര്‍ക്കിംഗ് പ്രസിഡന്റ്റ് കൂടിയായ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല പറഞ്ഞത് ഇങ്ങനെ: “ഒരു സമുദായ സംഘടനയും ഈ പ്രതിഷേധ സമരത്തില്‍ നിന്നും പിന്‍വലിഞ്ഞുപോകില്ല. സമുദായ നേതാക്കന്മാര്‍ പറയുന്നത് അംഗങ്ങള്‍ അനുസരിക്കുമായിരിക്കും, എല്ലാം അങ്ങനെയാവണമെന്നുമില്ല. ഇത് വിശ്വാസത്തിന്റെ കാര്യമാണ്. എസ്എന്‍ഡിപി യോഗമോ കെപിഎംഎസ്സോ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കില്ലെന്ന ആഗ്രഹവുമൊന്നും ആര്‍ക്കും വേണ്ട. നടേശന്‍ ചേട്ടനേയും പ്രീതി ചേച്ചിയും ഞങ്ങള്‍ നേരില്‍ കണ്ട് സംസാരിച്ചതാണ്. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെടരുതെന്നും അവ സംരക്ഷിക്കപ്പെടണമെന്നുമാണവര്‍ പറഞ്ഞത്”- (“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി)

ചുരുക്കത്തില്‍ ഒരു ഞാണിന്മേല്‍ കളിയാണ് ശബരിമല വിഷയത്തില്‍ എസ്എന്‍ഡിപി യോഗം സ്വീകരിച്ചിരിക്കുന്നത് എന്നാണ് വിവിധ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.

‘ഈഴവ മുഖ്യനെ സവര്‍ണ കുഷ്ഠങ്ങള്‍ക്ക് സഹിക്കുന്നില്ല’; മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

‘തൂണും ചാരി നിന്നവന്‍ പെണ്ണ് കൊണ്ടുപോകുന്ന’ രാഷ്ട്രീയകളിക്ക് വെള്ളാപ്പള്ളിയില്ല?

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

ശബരിമലയുടെ പേരില്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്ന ഈഴവരോടാണ്; ആരാണ് ലളിത എന്നറിയാമോ?

ശബരിമലയില്‍ അവകാശമുണ്ടായിരുന്ന ഈഴവ കുടുംബത്തിന് സംഭവിച്ചത് ഇതാണ്; വിശ്വാസ സംരക്ഷകര്‍ ഓര്‍ക്കേണ്ട ചരിത്രം

“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി

ശബരിമല: രാഹുല്‍ ഈശ്വറിനേയും പ്രതീഷ് വിശ്വനാഥനേയും സംഘപരിവാറും കര്‍മസമിതിയും തള്ളിപ്പറയുന്നതിന് പിന്നില്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍