UPDATES

എങ്ങും ശവം കത്തിക്കുന്ന ദുര്‍ഗന്ധം, കുഴിച്ചിട്ടാല്‍ കിണറ്റില്‍ ശരീരത്തിലെ നെയ്യ്; ഒരു ദളിത്‌ കോളനി അനുഭവിക്കുന്നത്

കേരളത്തിലെ രണ്ടാമത്തെ ഹരിജന്‍ കോളനിയും പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഹരിജന്‍ കോളനിയുമാണ് എഴിക്കാട്.

“വര്‍ഷത്തില്‍ മിക്കവാറും ദിവസങ്ങളില്‍ ഇവിടെ മൃതദേഹം കത്തിക്കാറുണ്ട്. പച്ചമാംസം കത്തുന്ന മണം കാരണം ഇവിടെ കുട്ടികള്‍ക്ക് മിക്കപ്പോഴും ഛര്‍ദ്ദിയാണ്. മൃതദേഹം മോര്‍ച്ചറിയില്‍ വെക്കാനുള്ള സാമ്പത്തികമൊന്നും ഞങ്ങള്‍ക്കില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് പറ്റുമോ അത്രയും പെട്ടെന്ന് അടക്കാനുള്ള പരിപാടികളാണ് ചെയ്യുക. മഴയുള്ള സമയങ്ങളില്‍ കുറച്ച് കുഴിയെടുക്കുമ്പോള്‍ തന്നെ വെള്ളം പൊങ്ങും. പിന്നെ വാഴപ്പിണ്ടി വെട്ടിയിട്ട് അതിന്റെ മുകളിലാണ് മൃതദേഹം മൂടുന്നത്. മൃതദേഹം അടക്കാത്ത ഒരിഞ്ച് മണ്ണുപോലും ഇവിടില്ല”, പത്തനംതിട്ട ജില്ലയിലെ എഴിക്കാട് നിവാസിയായ ഷൈബി അവരുടെ നിസഹായവസ്ഥ പറഞ്ഞു തുടങ്ങി.

എഴിക്കാട് കോളനി നിവാസികള്‍ ഒരു ഇലക്ട്രിക് ശ്മശാനം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. 453 കുടുംബങ്ങള്‍ ഉള്ള എഴിക്കാട് കോളനിയില്‍ ആകെയുള്ളത് ഒരേയൊരു ശ്മശാനമാണ്. കോളനിക്കാര്‍ക്കായി ഉണ്ടാക്കിയതാണ് ഈ പൊതുശ്മശാനം. ശ്മശാനത്തിന് അടുത്ത് തന്നെ പതിനഞ്ചോളം കുടുംബങ്ങള്‍ താമസമുണ്ട്. മൃതദേഹം കുഴിച്ചിടുകയോ കത്തിക്കുകയോയാണ് ഇവിടെ സാധാരണ ചെയ്തുവന്നിരുന്നത്. എന്നാല്‍ പൊതുശ്മശാനം താഴ്ന്ന പ്രദേശത്തായതു കൊണ്ടും ചുറ്റിലും ആളുകള്‍ പാര്‍ക്കുന്നത് കൊണ്ടും ഒട്ടേറെ പ്രശ്‌നങ്ങളാണ് ഇവിടെയെന്ന് പ്രദേശവാസികള്‍ പറയുന്നു. ശ്മശാനത്തിന്റെ വാതിലുകള്‍ തകര്‍ന്ന അവസ്ഥയിലാണ് ഉള്ളത്. ശ്മശാനത്തിലേക്കുള്ള വഴിയിലേക്കോ ശ്മശാനത്തിന് ഉള്ളിലോ വെളിച്ചവുമില്ല.

“മൃതദേഹം കത്തിക്കുമ്പോഴുണ്ടാകുന്ന ദുര്‍ഗന്ധവും പുകയും കാരണം വീടിനുള്ളില്‍ ഇരിക്കാന്‍ പറ്റില്ല. സംസ്‌കരണം ഉള്ള ദിവസമാണെങ്കില്‍ അന്ന് മുഴുവന്‍ ഭക്ഷണം പോലും കഴിക്കാനാകില്ല. എട്ട് ഒമ്പത് മണിക്കൂറോളം വേണ്ടിവരും മൃതദേഹം എരിഞ്ഞടങ്ങാന്‍. അതുവരെ ഉയരുന്ന പുകയും ദുര്‍ഗന്ധവും വല്ലാത്ത പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക. ചിലപ്പോഴൊക്കെ മൃതദേഹം ഇവിടെ കുഴിച്ചിടാറുമുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ തൊട്ടടുത്തുള്ള വീട്ടുകളിലെ കിണറുകളില്‍ മനുഷ്യ ശരീരത്തിന്റെ നെയ്യ് പൊങ്ങും.” കോളനി നിവാസിയായ ചന്ദ്രന്‍ പറയുന്നു.

“മൃതശരീരം ദഹിപ്പിക്കാനാണെന്നറിയുമ്പോള്‍ ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്ന വീട്ടുകാരും ഇവിടെ ഉണ്ട്. അടുത്തുള്ള ട്യൂഷന്‍ സെന്ററില്‍ ചന്ദനത്തിരിയും കുന്തിരിക്കവും പുകച്ചുവെച്ചാണ് കുട്ടികള്‍ പഠിക്കുന്നത്.ശ്മശാനത്തിന്റെ ഭാഗങ്ങളില്‍ വഴിവിളക്ക് പോലുമില്ല. പഞ്ചായത്ത് മെമ്പറിനോടായി പലവട്ടം ഇക്കാര്യം പരാതിപ്പെട്ടതാണ്. കഴിഞ്ഞയാഴ്ച രാത്രി പത്ത് മണിയോടെ ഇവിടെ നിന്നും ഒരു പെരുമ്പാമ്പിനെ പിടിച്ചു. കൂടാതെ രാത്രികാലങ്ങളില്‍ മദ്യപാനസംഘവും എത്താറുണ്ട്. അടുത്തുള്ള വീടുകളില്‍ പെണ്‍കുട്ടികള്‍ ഉണ്ട്. സാമൂഹ്യവിരുദ്ധര്‍ ഇവിടെ വന്നുപോകുന്നത് കൊണ്ട് അവര്‍ക്ക് പുറത്തിറങ്ങാന്‍ പോലും പേടിയാണ്. നമുക്കും ജീവിക്കാനുള്ള അവകാശമില്ലേ?” ശ്മശാനത്തിനടുത്ത് താമസിക്കുന്ന സുനിത ചോദിക്കുന്നു. അധികാരികളോട് ആവശ്യം ഉന്നയിക്കുമ്പോള്‍ നിങ്ങള്‍ എങ്ങോട്ടെങ്കിലും മാറിത്താമസിക്കൂവെന്ന ഉത്തരമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയതൊക്കെ വിട്ട് എങ്ങോട്ട് പോകണമെന്ന് ഇവര്‍ക്ക് അറിയില്ല.

ശ്മശാനം വൃത്തിയാക്കാനായി വരുന്ന അയല്‍ക്കൂട്ടത്തിലെ ആളുകള്‍ക്കും ഇവിടേക്ക് കടക്കാന്‍ പേടിയാണ്. അതുകൊണ്ട് നാട്ടുകാര്‍ തന്നെയാണ് ശ്മശാനത്തിലെ പുല്ലുകള്‍ വെട്ടിവൃത്തിയാക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ ഹരിജന്‍ കോളനിയും പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഹരിജന്‍ കോളനിയുമാണ് എഴിക്കാട് കോളനി. കഴിഞ്ഞ പ്രളയത്തില്‍ കോളനിയില്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ശ്മശാനം മൂലം കാലങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാത്ത അധികൃതര്‍ എങ്ങനെയാണ് പ്രളയക്കെടുതികള്‍ തീര്‍പ്പാക്കുക എന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്.

Also Read: ദളിത്‌ അതിജീവനത്തിന്റെ ഇന്ത്യന്‍ അവസ്ഥയില്‍ ശരണ്‍ കുമാര്‍ ലിംബാളെ നമ്മോട് പറയുന്നത്

ശ്മശാനം പ്രവര്‍ത്തിക്കുന്നതിന് കോളനിയില്‍ ആര്‍ക്കും പരാതിയില്ല. പക്ഷേ കുടിവെള്ളത്തെയും വായുവിനെയും ബാധിക്കാത്ത തരത്തിലുള്ള ഇലക്ട്രിക് ശ്മശാനങ്ങളാണ് ഇവര്‍ ആവശ്യപ്പെടുന്നത്. തങ്ങള്‍ക്ക് ജനിച്ച് വളര്‍ന്ന മണ്ണില്‍ തന്നെ ജീവിച്ച് മരിക്കണമെന്ന് കോളനി നിവാസികള്‍ പറയുന്നു. പഞ്ചായത്ത് മെമ്പറിനോട് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചാലും വേണ്ട നടപടികള്‍ അവര്‍ കൈക്കൊള്ളുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ പ്രളയത്തില്‍ മുങ്ങിയ എഴിക്കാട് കോളനിയുടെ നവീകരണ ചര്‍ച്ചകളിലും ശ്മശാനത്തിന്റെ വിഷയം സൂചിപ്പിച്ചിട്ടുണ്ടെന്ന് വാര്‍ഡ് മെമ്പറും പരിസരവാസിയുമായ സൂസന്‍ അഭിപ്രായപ്പെട്ടു. “പ്രളയത്തിന് ശേഷമുള്ള നവീകരണ ചര്‍ച്ചകളില്‍ കോളിനയിലെ ശ്മശാനത്തെക്കുറിച്ച് ആറന്മുള എംഎല്‍എ വീണ ജോര്‍ജിനോട് വിവരങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പണിപൂര്‍ത്തിയാക്കി നല്‍കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്”, സൂസന്‍ പറഞ്ഞു.

ഭൂരാഹിത്യം – മേവാനി നമ്മോട് പറയുന്നത്

ദളിത്‌ അതിജീവനത്തിന്റെ ഇന്ത്യന്‍ അവസ്ഥയില്‍ ശരണ്‍ കുമാര്‍ ലിംബാളെ നമ്മോട് പറയുന്നത്

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍