UPDATES

പുറത്തിറങ്ങിയാല്‍ തല പഴുക്കും, കൊടുംചൂടില്‍ വെന്ത് കേരളം

രണ്ടാഴ്ചയ്ക്കിടെ കേരളത്തില്‍ കൂടിയത് 1.5 ഡിഗ്രി സെല്‍ഷ്യസ് ചൂട്

“എന്തോ ചൂടാ. സഹിക്കാന്‍ ഒക്കത്തില്ല. പത്ത് ലിറ്റര്‍ കന്നാസില്‍ വെള്ളം നിറച്ചോണ്ടാണ് പണിക്കിറങ്ങുന്നത്. എന്നാലും നിക്കാന്‍ പറ്റത്തില്ല. പാടത്തിറങ്ങി തിരിച്ച് കയറി വരുമ്പോള്‍ ദേഹം മുഴുവന്‍ പൊള്ളിക്കരിയും. മുണ്ടും ബ്ലൗസും തോര്‍ത്തും തന്നെയായിരുന്നു ഇത്രേം കാലം പാടപ്പണിക്ക്. ഇപ്പ ദേണ്ടേ, ചെലപ്പ ചുരുദാറിന്റെ കാല് ഇട്ടോണ്ട് പോവും. ഫുള്‍ കൈ ഷര്‍ട്ടും ഇടും. തോര്‍ത്തെടുത്ത് ചുറ്റിയാലും തലപഴുക്കും. ചുട്ടുപഴുത്ത ഇരുമ്പും കഷ്ണം കണക്കിനിരിക്കും ദേഹം. ഇപ്പഴേ ഇങ്ങനെയാണേല്‍ ഇനി മാര്‍ച്ചും ഏപ്രിലുമൊക്കെ എന്താവും. ഹോ, ആലോചിച്ചിട്ട് തന്നെ ഒരു രൂപവുമില്ല”, കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളിയായ രമണിയുടെ വാക്കുകള്‍. ചൂട് പിടിച്ചു വരുന്ന കുംഭമാസത്തില്‍ ഈ വാക്കുകളില്‍ അതിശയോക്തി തോന്നുമെങ്കിലും ഇത് ഇന്ന് കേരളം അനുഭവിക്കുന്ന യാഥാര്‍ഥ്യമാണ്. ആലപ്പുഴയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ കൂടിയത് 2.5 ഡിഗ്രി ചൂട്. പ്രളയത്തിനും, സാധാരണത്തേതിലും തണുപ്പിച്ച മഞ്ഞുകാലത്തിനും ശേഷം കേരളം ചുട്ടുപൊള്ളുന്നു. രണ്ടാഴ്ചയ്ക്കിടെ കേരളത്തില്‍ ശരാശരി 1.5 ഡിഗ്രിയിലധികം ചൂട് വര്‍ധിച്ചു. ഫെബ്രുവരി മാസത്തെ ശരാശരി ചൂടില്‍ നിന്നുള്ള ഏറ്റത്തെ കാലാവസ്ഥാ നിരീക്ഷകര്‍ ആശങ്കയോടെയാണ് കാണുന്നത്.

സംസ്ഥാനത്ത് പലയിടത്തും 35 മുതല്‍ 38 ഡിഗ്രി വരെ ചൂട് ഇന്നലെ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം 38.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി. അന്നേ ദിവസം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ താപനിലയായി അത് രേഖപ്പെടുത്തപ്പെട്ടു. പാലക്കാട് ചിലയിടങ്ങളില്‍ 36-ഉും 39-ഉും ഡിഗ്രി ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. മഴകുറവുണ്ടായിരുന്ന കോഴിക്കോട്, ആലപ്പുഴ ജില്ലകളെയാണ് ഏറ്റവും കൂടുതല്‍ ചൂട് ബാധിച്ചിട്ടുള്ളത്. രണ്ടാഴ്ചകളായി 32 ഡിഗ്രിയില്‍ കൂടിയ താപനിലയാണ് ജില്ലകളിലെല്ലാം രേഖപ്പെടുത്തുന്നത്. ഫെബ്രുവരി മാസത്തില്‍ ഇത്രയും ഉയര്‍ന്ന താപനില അസാധാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നു.

കേരളം വരള്‍ച്ചയുടെ വറുതിയിലേക്കാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു- പേടിക്കണം; കേരളത്തെ കാത്തിരിക്കുന്നത് കുടിക്കാന്‍ പോലും വെള്ളമില്ലാത്ത അതികഠിന വരള്‍ച്ച

ഫെബ്രുവരി മാസത്തില്‍ 0.3 മുതല്‍ 3.1 ഡിഗ്രി ചൂടാണ് കേരളത്തില്‍ വര്‍ധിച്ചിരിക്കുന്നത്. ഏറ്റവും ചൂട് കൂടിയിരിക്കുന്ന ജില്ലകള്‍ ആലപ്പുഴയും കോഴിക്കോടുമാണ്. കോഴിക്കോട് 3.1 ഡിഗ്രി ചൂട് ഏറിയപ്പോള്‍ ആലപ്പുഴയില്‍ 2.5 ഡിഗ്രി ചൂടും കൂടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു. പാലക്കാട് പലയിടത്തും 39 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയെങ്കിലും ജില്ലയില്‍ എല്ലായിടത്തും ആ വ്യത്യാസമില്ല എന്നാണ് അധികൃതര്‍ പറയുന്നത്.

ചൂട് കൂടി-എത്ര?

ഫെബ്രുവരി ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏറിയ ചൂടിന്റെ കണക്ക് ഡിഗ്രി സെല്‍ഷ്യസിലും ഇങ്ങനെ (അവലംബം- കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം)

തിരുവനന്തപുരം-1.4, പുനലൂര്‍- 0.5, ആലപ്പുഴ- 2.5, കോട്ടയം- 1.4, കൊച്ചി- 0.1, പാലക്കാട്- 0.1, കരിപ്പൂര്‍- 0.3, കോഴിക്കോട്- 3.1, കണ്ണൂര്‍-0.9

കാരണം?

കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ലോകം മുഴുവന്‍ വരുന്ന മാറ്റത്തിന്റെ ഭാഗമാണ് ചൂടേറ്റവും എന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രമാതീതമായി ചൂട് വര്‍ധിച്ചു വരുകയാണ്. ഇത്തവണ അത് തീക്ഷ്ണമാവാനുള്ള സാധ്യതയുള്ളതായും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. തുലാമഴയിലെ വലിയ കുറവും കടല്‍ക്കാറ്റില്‍ വന്ന വ്യത്യാസവുമാണ് ഇത്ര നേരത്തെ കനത്ത ചൂടിലേക്ക് കേരളത്തെ തള്ളിവിട്ടതെന്ന് ഇവര്‍ പറയുന്നു. തുലാമഴയില്‍ പത്ത് ശതമാനം കുറവ് വന്നതിന് പിന്നാലെ ജനുവരി മുതല്‍ ഒറ്റയ്ക്കും തുടര്‍ച്ചയായും ലഭിക്കേണ്ട മഴയിലും 27 ശതമാനത്തിന്റെ കുറവുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ മഴ ഒട്ടും തന്നെ ലഭിച്ചിട്ടില്ല എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നു. തൊട്ടുതാഴെ ആലപ്പുഴ ജില്ലയാണ്. 91 ശതമാനം കുറവ് മഴയാണ് ആലപ്പുഴയില്‍ ലഭിച്ചത്. തിരുവനന്തപുരത്ത് 63, കൊല്ലത്ത് 52, കോട്ടയം 44, എറണാകുളം 73, തൃശൂര്‍-42, പാലക്കാട്-32, മലപ്പുറം-86 ശതമാനം മഴ കുറവ് ലഭിച്ചതായാണ് കണക്കുകള്‍. ഇടുക്കിയിലും പത്തനംതിട്ടയിലും വയനാടും സാധാരണത്തേതിലും അധികം മഴയും ലഭിച്ചു. അതിനാല്‍ അവിടങ്ങളില്‍ താപനിലയില്‍ വലിയ ഉയര്‍ച്ചയുണ്ടായിട്ടില്ല.

പൊള്ളുന്നത് എന്തുകൊണ്ട്?

ചൂട് കൂടുക മാത്രമല്ല ചൂടിന്റെ കാഠിന്യം അനുഭവപ്പെടുക കൂടി ചെയ്യുന്നുണ്ട്. അതിന്റെ കാരണം ആര്‍ദ്രത കുറഞ്ഞ് നില്‍ക്കുന്നതാണെന്ന് ഭൗമശാസ്ത്രജ്ഞനായ ഡോ. ശ്രീകുമാര്‍ പറയുന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പം 71 ശതമാനമാണ് നിലവില്‍ കണക്കാക്കുന്നത്. കടല്‍ താപനില 25 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന് നില്‍ക്കുന്നു. ഇവ രണ്ടും ശരാശരിയിലും ഉയര്‍ന്ന് നില്‍ക്കുന്നതാണ് ചൂടിന്റെ പൊള്ളല്‍ അനുഭവപ്പെടാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു. കാറ്റിന്റെ വേഗതയിലും കുറവ് വന്നിട്ടുണ്ട്. വരും മാസങ്ങളില്‍ കേരളം അനുഭവിച്ചിട്ടില്ലാത്ത വിധം ചൂട് ഏറാനുള്ള സാധ്യതയാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എല്‍-നിനോ പ്രതിഭാസം പ്രതീക്ഷിക്കുന്നത് പോലെ രാജ്യത്തെ ബാധിച്ചാല്‍ അത് കൂടുതല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ചൂട് കൂടുതലാവുകയും മണ്‍സൂണ്‍ വളരെ കുറവ് ലഭിക്കുകയും ചെയ്ത 2015ലെ എല്‍-നിനോ കാലത്തിലും കനത്ത പ്രഹരം ഇത്തവണയുണ്ടായേക്കുമെന്നതാണ് കാലാവസ്ഥാ നിരീക്ഷകരുടെ ആശങ്ക.

Also Read: കേരളത്തിന്‌ തണുക്കുന്നു, കാരണമുണ്ട്; ഒപ്പം, മറ്റൊരു ദുരന്തവും കാത്തിരിക്കുന്നു

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍