UPDATES

‘അമ്പതിനായിരം രൂപ നല്‍കിയാല്‍ എസ്ഡിപിഐക്കാര്‍ അവനെ കൊന്ന് തരാം എന്ന് പറഞ്ഞിട്ടുണ്ട്’; ഉമ്മ ഇങ്ങനെ ഭീഷണിപ്പെടുത്തിയെന്ന് നസ്‌ല

ഏര്‍വാടിയില്‍ ഒരു ലോഡ്ജില്‍ മുറിയെടുത്ത ശേഷം തന്നെ മാനസിക രോഗിയാക്കാനുള്ള ശ്രമങ്ങളാണ് ഉമ്മയും മാമനും ചേര്‍ന്ന് നടത്തിയതെന്ന് നസ്‌ല

‘ഒളിച്ച് ജീവിക്കുകയാണ്. ഇവിടെ നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. പേടിച്ചിട്ടാണ്. ഇവിടുന്നിറങ്ങിയാല്‍ അവര്‍ എന്നെ പിടിച്ചുകൊണ്ടു പോയാലോ? എന്റെ ഭര്‍ത്താവിനെ കൊന്നാലോ? പേടിച്ചിട്ട് പഠിക്കാന്‍ പോലും പോവാന്‍ പറ്റുന്നില്ല.’ നസ്‌ലയുടെ വാക്കുകളിലെല്ലാം ഭയം മാത്രമായിരുന്നു. ഏത് നിമിഷവും താന്‍ വീട്ടുകാരുടെ തടങ്കലിലാവുമെന്നും ഭര്‍ത്താവ് വിവേക് കൊല്ലപ്പെടുമെന്നും നസ്‌ല ഭയക്കുന്നു. ഒരാഴ്ച മുമ്പ് തന്നെ പിടിച്ചുകൊണ്ടുപോയ ഉമ്മയും ബന്ധുക്കളും ഇനിയും എത്തുമെന്ന ഭയത്തില്‍ പുറത്ത് പോലും ഇറങ്ങാതെ ഒളിവ് ജീവിതത്തിലാണ് ഇവര്‍. ഇതര മതത്തില്‍ വിശ്വസിക്കുന്ന ഒരാളെ വിവാഹം ചെയ്തതോടെയാണ് നസ്‌ലയുടെ ജീവിതത്തിലെ ദുരിത ദിനങ്ങള്‍ ആരംഭിക്കുന്നത്. ഭര്‍ത്താവായ വിവേകിന്റെ ബന്ധുവീട്ടില്‍ ഒരാഴ്ചയിലധികമായി താമസിക്കുന്ന ഇവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകണം, പഠിക്കണം, ജീവനായിക്കണ്ട് സ്‌നേഹിക്കുന്ന ഭര്‍ത്താവിനൊപ്പം ജീവിക്കണം, ഇത്രയും ആഗ്രഹങ്ങളേയുള്ളൂ. പക്ഷെ തന്റെ ഉപ്പയും ഉമ്മും തന്റെ ജീവിതത്തിലെ സന്തോഷങ്ങള്‍ തല്ലിക്കെടുത്താനാണ് നോക്കുന്നതെന്ന ആരോപണമാണ് നസ്‌ല ഉന്നയിക്കുന്നത്.

മലപ്പുറം വേങ്ങര ഊരകം സ്വദേശികളാണ് നസ്‌ലയും വിവേകും. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ പ്രണയത്തിലായി. പ്രണയമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വീട്ടില്‍ ഇക്കാര്യം അറിഞ്ഞു. അന്ന് നസ്‌ലയെ വിവേകുമായുള്ള പ്രണയ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചു. അതിന്റെ ഭാഗമായി നസ്‌ലയുടെ ബന്ധുക്കള്‍ വിവേകിനെ വിളിച്ച് സംസാരിക്കുകയും ചെയ്തു. ‘ഈ ബന്ധം അറിഞ്ഞപ്പോള്‍ വീട്ടില്‍ നല്ല പുകിലായിരുന്നു. വീട്ടീന്ന് വിവേകിനെ വിളിച്ച് സംസാരിച്ച് ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നെയും കുറേ ഉപദേശിച്ചു. അതോടെ ഞങ്ങളുടെ ബന്ധം അവസാനിച്ചു എന്നാണ് വീട്ടുകാര്‍ കരുതിയത്. അതോടെ തല്‍ക്കാലത്തേക്ക് പ്രശ്‌നങ്ങള്‍ ഒഴിവായി. പക്ഷെ ശരിക്കും ഞങ്ങള്‍ ഒന്നും നിര്‍ത്തിയിട്ടില്ലായിരുന്നു.’ നസ്‌ല പറയുന്നു.

‘ഞങ്ങളുടെ രണ്ടാളുടേയും ബസ് സ്റ്റോപ്പ് ഒന്നാണ്. ഞങ്ങള്‍ പ്രണയത്തിലാണെനന കാര്യം ആ നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാമായിരുന്നു. വീട്ടില്‍ മാത്രം അറിയില്ല. ഇതിനിടെ ഞാന് എല്‍എല്‍ബി പഠിക്കാന്‍ ചേര്‍ന്നു. രാമനാട്ടുകര ഭവന്‍സ് കോളേജിലാണ് എല്‍എല്‍ബിക്ക് ചേര്‍ന്നത്. വീട്ടില്‍ നിന്നായിരുന്നു ക്ലാസ്സില്‍ പോയിക്കൊണ്ടിരുന്നത്. സാധാരണ ദിവസം പോലെ വീട്ടില്‍ നിന്ന് കോളേജിലേക്ക് പോന്ന ഒരു ദിവസമാണ് എനിക്ക് വീട്ടില്‍ നിന്ന് എന്നന്നേക്കുമായി ഇറങ്ങേണ്ടി വന്നത്. ഞാനും വിവേകും പ്രണയത്തിലാണെന്ന കാര്യം വീട്ടിുകാര്‍ വീണ്ടും അറിഞ്ഞു. നാട്ടില്‍ നിന്ന് എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു. വീട്ടില്‍ ഈ ബന്ധം അറിഞ്ഞ് ആകെ പ്രശ്‌നമായിട്ടുണ്ടെന്ന് വിവരം കിട്ടി. അതോടെ വീട്ടിലേക്ക് തിരിച്ചപ പോവേണ്ട എന്ന തീരുമാനം ഞാനെടുത്തു. വിവേകിനൊപ്പം പോയി.’

തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍12ന് കോഴിക്കോട് വൈരാഗിമഠം ക്ഷേത്രത്തില്‍ വച്ച് നസ്‌ലയും വിവേകും വിവാഹിതരായി. ഒന്നിച്ച് ജീവിതമാരംഭിച്ചു. എന്നാല്‍ ഒരു ദിവസം പോലും സമാധാനത്തോടെ ജീവിക്കാന്‍ തന്റെ വീട്ടുകാല്‍ അനുവദിച്ചിട്ടില്ലെന്ന് നസ്‌ല പറയുന്നു. ‘ഞങ്ങള്‍ രണ്ടാളും മതം മാറില്ല എന്നുറപ്പിച്ചിരുന്നു. വൈരാഗി മഠത്തില്‍ വച്ചാണ് വിവാഹം കഴിക്കുന്നത്. നാട്ടില്‍ പോയി വിവേകിന്റെ കുടുംബത്തോടൊപ്പം ജീവിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ തൊട്ടടുത്ത് തന്നെ താമസിച്ച് വീട്ടുകാര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നോര്‍ത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയ്ക്ക് സമീപം ഒരു വീട് വാടകയ്‌ക്കെടുത്ത് ഞങ്ങള്‍ ഒന്നിച്ച ജീവിക്കാന്‍ തുടങ്ങി. പക്ഷെ വീട് തേടി കണ്ടുപിടിച്ച എന്റെ ഉമ്മയും ബന്ധുക്കളും ആ വീട്ടില്‍ വന്ന് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കി. ഭീഷണിപ്പെടുത്തി. ഒടുവില്‍ ഇത്രയും പ്രശ്‌നങ്ങളുള്ള ഞങ്ങളെ വീ്ട്ടില്‍ താമസിപ്പിക്കാനാവില്ല എന്ന് വീട്ടുടമസ്ഥന്‍ അറിയിച്ചു. പിന്നീട് ഞങ്ങള്‍ യൂണിവേഴ്‌സിറ്റ് അടുത്ത് തന്നെയുള്ള ഉള്‍ പ്രദേശത്തെ ഒരു വീട്ടിലേക്ക് താമസം മാറി. പക്ഷെ അവിടെയും ബന്ധുക്കള്‍ സ്ഥിരമായി എത്തി ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എന്റെ ഭര്‍ത്താവിനെ കൊല്ലുമെന്നും ഞങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ആയിരുന്നു അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനില്‍ സംരക്ഷണമാവശ്യപ്പെട്ട് ഞങ്ങള്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് സംരക്ഷണം ഉറപ്പ് നല്‍കി. എന്നാല്‍ പിന്നീടും വീട്ടുകാരുടെ ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നു.

എന്റെ ഭര്‍ത്താവാണ് എന്നെ കോളേജില്‍ ദിവസവും കൊണ്ടാക്കിയിരുന്നത്. രണ്ടാഴ്ച മുമ്പ് ഒരു ദിവസം വിവേക് എന്നെ അവിടെ ഇറക്കിയിട്ട് തിരികെ പോയി. ഉടനെ എന്റെ വീട്ടുകാര്‍ വന്ന് എന്നെ വലിച്ച് കാറിലേക്ക് ഇട്ട് കടത്തിക്കൊണ്ടുപോയി. കാറില്‍ എന്റഎ മാമനും ഉമ്മയും ചേച്ചിയും അനുജത്തിയും ഉണ്ടായിരുന്നു. എങ്ങോട്ടാണ് കൊണ്ടുപോവുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ കരഞ്ഞ് നിലവിളിച്ചപ്പോള്‍ ‘ നീ നെലവിളിക്കണ്ട, ഈ ഒരു ദിവസം നീ ഞങ്ങളുടെ കൂടെ വേണം. നിന്റെ ഭര്‍ത്താവിനെ ഒന്ന് പേടിപ്പിക്കാനാണ്. ഇന്ന് തന്നെ തിരിച്ച് കൊണ്ടയാക്കും’ എന്നാണ് ഉമ്മ എന്നോട് പറഞ്ഞത്. കാറ് നേരെ തൊടുപുഴയിലേക്കാണ് പോയത്. അവിടെ അല്‍അസ്ഹര്‍ മെഡിക്കല്‍ കോളേജിലാണ് ചേച്ചി പടിക്കുന്ന്ത്. ചേച്ചിയെ കോളേജില്‍ വിട്ട് തിരികെ പോരും എന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത്. പക്ഷെ ചേച്ചിയെ ഇറക്കിയ ശേഷം എന്നെയും കൊണ്ട് ഏര്‍വാടിയിലേക്കാണ് പോയത്.’

ഏര്‍വാടിയില്‍ ഒരു ലോഡ്ജില്‍ മുറിയെടുത്ത ശേഷം തന്നെ മാനസിക രോഗിയാക്കാനുള്ള ശ്രമങ്ങളാണ് ഉമ്മയും മാമനും ചേര്‍ന്ന് നടത്തിയതെന്ന് നസ്‌ല ആരോപിക്കുന്നു. ‘ഏര്‍വാടിയില്‍ എത്തിയതോടെ കഥ മാറുകയായിരുന്നു. മുസ്ലിം സമുദായക്കാര്‍ പ്രാര്‍ഥനക്കെത്തുന്ന പള്ളി എന്നതിലുപരിയായി അവിടെ മാനസിക രോഗികളെ ചികിത്സിക്കാനും എത്തിക്കാറുണ്ട്. മാനസികമായി ബുദ്ധിമുട്ടുള്ളവരെ ബന്ധുക്കള്‍ അവിടെ വിട്ടിട്ട് പോരാറുമുണ്ട്. അവിടെ നിന്ന് അസുഖം ഭേദമാവുമെന്നാണ് വിശ്വാസം. എന്നെയും അതുപോലെ മാനസികരോഗിയാക്കി അവിടെ താമസിപ്പിക്കാനായിരുന്നു നീക്കം. തിരിച്ച് പോവണം എന്ന് ഞാന്‍ നിലവിളിക്കുമ്പോള്‍ ഉമ്മയും മാമനും എനിക്ക് ഭ്രാന്താണെന്നാണ് അവിടെയുള്ളവരെ വിശ്വസിപ്പിച്ചു. ഒരിക്കല്‍ രക്ഷപെടാനായി ഇറങ്ങിയോടാന്‍ ശ്രമിക്കുമ്പോള്‍ അവിടെയുള്‌ളവരെല്ലാം ചേര്‍ന്ന് എനിക്ക് മാനസികരോഗമാണെന്ന രീതിയില്‍ തടഞ്ഞുവച്ചു.’

‘പിന്നീട് പോലീസ് ആണ് രക്ഷക്കെത്തിയത്. എന്റെ ഭര്‍ത്താവ് എന്നെ കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കി. പലവിധം അന്വേഷിച്ച് അവസാനം എന്റെ ചേച്ചിയുടെ അരികില്‍ പോലീസെത്തി. അവളെ കോളേജില്‍ വിടുന്നത് വരെയുള്ള കാര്യങ്ങളേ ചേച്ചിക്ക് അറിയുമായിരുന്നുള്ളൂ. പക്ഷെ പോലീസ് ചേച്ചിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് ഉമ്മയേയും മാമനേയും ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും രണ്ട് പേരുടേയും ഫോണ്‍ ഓഫ് ചെയ്തിരിക്കുകയായിരുന്നു. ലോഡ്ജ് ഉടമയുടെ ഫോണില്‍ നിന്നാണ് അവര്‍ ഉപ്പയെയും മറ്റ് ബന്ധുക്കളെയുമെല്ലാം ബന്ധപ്പെട്ടിരുന്നത്. പോലീസുകാര്‍ എന്റെ ഉപ്പയെ വിളിച്ച് , ചേച്ചി പോലീസ് കസ്റ്റഡിയിലാണെന്നും എന്നെ വിട്ടുകിട്ടിയാല്‍ മാത്രമേ ചേച്ചിയെ വിടുകയുള്ളൂ എന്നും അറിയിച്ചു. ഇക്കാര്യം ലോഡ്ജ് ഉടമയുടെ ഫോണിലേക്ക് വിളിച്ച് ഉപ്പ ഉമ്മയെ അറിയിച്ചു. അതോടെ ഗത്യന്തരമില്ലാതെ എന്നെ അവര്‍ വിട്ടു. അതില്ലായിരുന്നെങ്കില്‍ എന്നെ അവിടെ ഒളിവില്‍ പാര്‍പ്പിക്കാന്‍ തന്നെയായിരുന്നു അവരുടെ ഉദ്ദേശം. കുറെ ദിവസം താമസിക്കാനുള്ള ലഗേജ് എല്ലാം എടുത്താണ് അവര്‍ വന്നതും. വിവേക് മതം മാറി ചെന്നാല്‍ മാത്രമേ എന്നെ വിടൂ എന്നാണ് ഉമ്മ എന്റയടുത്ത് പറഞ്ഞത്.’

‘എന്നാല്‍ വിടുന്ന സമയത്തും ഉമ്മ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് ഓര്‍മ്മയുണ്ട്. ‘നീ ഇപ്പോള്‍ പൊയ്‌ക്കോ. പക്ഷെ ഇതുകൊണ്ടൊന്നും ഒന്നും അവസാനിക്കുന്നില്ല. അവനെ കൊല്ലും.. അമ്പതിനായിരം രൂപ നല്‍കിയാല്‍ എസ്ഡിപിഐക്കാര്‍ അവനെ കൊന്ന് തരാം എന്ന് പറഞ്ഞിട്ടുണ്ട്. കൊല്ലണ്ട, ഒന്ന് നോക്കട്ടെ എന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. അത് ചെയ്യും. ഒരു ദിവസം പോലും നിങ്ങളെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ല.’ എന്നാണ് എന്റെ ഉമ്മ എന്നോട് പറഞ്ഞത്. മാമനും താത്പര്യമുണ്ടായിട്ടല്ല. പതിനയ്യായിരം രൂപ തരാമെന്ന് പറഞ്ഞ് ഉമ്മ വിളിച്ചുകൊണ്ട് വന്നതാണ്. ഇതെല്ലാം ഉമ്മ പറയുന്നത് ഞാന്‍ കേട്ടതാണ്.

അതുപോലെയാണ് ഉപ്പയുടെ വധഭീഷണിയും. ഇടയ്ക്ക് ഫോണ്‍ ചെയത് ഭീഷണിപ്പെടുത്തലായിരുന്നു. പിന്നെ വാട്‌സ്ആപ് വഴി മെസ്സേജ് അയച്ചും ഭീഷണിപ്പെടുത്തും. എന്നെ പിടിച്ചുകൊണ്ട് പോവുന്നതിന്റെ തലേദിവസം വിവേകിന്റെ അച്ഛനെ വിളിച്ച് അച്ഛനേയും വിവേകിനേയും കൊല്ലുമെന്ന് ഉപ്പ ഭീഷണിപ്പെടുത്തിയിരുന്നു. ഉപ്പ നാട്ടില്‍ വരുന്നുണ്ടെന്നും, വിവേകിനെ കൊല്ലും എന്നാണ് പറയുന്നതെന്നുമുള്ള സന്ദേശങ്ങളാണ് നാട്ടില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടുന്നത്.

വിവേകിന്റെ വീട്ടില്‍ ആദ്യം വിലക്കുണ്ടായിരുന്നെങ്കിലും പിന്നീട് അത് ശരിയായി. എന്റെ വീട്ടുകാര്‍ക്കും മൂന്നാല് മാസം ദേഷ്യം ഉണ്ടാവും, പിന്നീട് ശരിയാവും എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടല്‍. പക്ഷെ ഇപ്പോള്‍ ആറ് മാസത്തോളം ആവുന്നു. അവരുടെ ദേഷ്യം കൂടിവരുന്നതായാണ് തോന്നുന്നത്. ഇനിയിപ്പോള്‍ വേറെ എവിടെയും മാറിത്താമസിക്കണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. ഇപ്പോള്‍ താമസിക്കുന്ന ബന്ധുവീട്ടില്‍ നിന്ന് നാട്ടിലേക്ക് തന്നെ തിരിച്ച് പോവണമെന്ന് കരുതുന്നു. പേടിച്ച് എത്രകാലം ജീവിക്കും? ‘

സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായിരുന്ന വിവേകിന് പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ ജോലി പോയി. ഇപ്പോള്‍ മറ്റൊരു സ്വകാര്യ ബാങ്കില്‍ ജോലി കിട്ടി. എന്നാല്‍ പുറത്തുപോയി ആ ജോലിക്ക് ചേരാന്‍ കഴിയാത്ത അവസ്ഥയിലാണ് വിവേക്. നാട്ടിലേക്ക് തിരികെ പോയി ജോലി ചെയ്ത് ജീവിക്കണമെന്നതാണ് വിവേകിന്റെയും നസ്‌ലയുടേയും ആഗ്രഹം. നസ്‌ലയ്ക്ക് 19 വയസ്സാണ്. വിവേകിന് 24ഉും. തന്റെ എല്‍എല്‍ബി പഠനം പൂര്‍ത്തീകരിക്കണമെന്നാണ് നസ്‌ല കരുതുന്നത്. എന്നാല്‍ രണ്ടാഴ്ചയായി കോളേജില്‍ പോവാന്‍ കഴിഞ്ഞിട്ടില്ല. എത്രയും വേഗം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് തന്റെ പഠനം തുടരണമെന്ന ആഗ്രഹം നിലനില്‍ക്കുമ്പോഴും നസ്‌ലയ്ക്ക് ഭയം വിവേകിന്റെ ജീവനെക്കുറിച്ചാണ്. ‘ഒരു മകളോട് സംസാരിക്കാന്‍ പാടില്ലാത്ത തരത്തിലാണ് എന്റെ ഉമ്മ എന്നോട് പറഞ്ഞത്. എന്നെ വിവേകിന്റെ കൂടി ജീവിക്കാന്‍ അനുവദിക്കില്ല എന്ന അവരുടെ വാക്കുകള്‍ എന്നെ ഭയപ്പെടുത്തുന്നുണ്ട്. അവര്‍ ഏത് സമയവും വിവേകിനെ കൊല്ലാനെത്താം. എന്നെ പിടിച്ചുകൊണ്ട് പോവാനും. ഇനി എന്നെ പിടിച്ചുകൊണ്ട് പോയാല്‍ പിന്നെ, ഒരു രക്ഷപെടലിന് പോലും സാധ്യതയുണ്ടാവില്ല. ആരും കാണാത്ത ഒരിടത്ത് എന്നെ അവര്‍ ഒതുക്കും.’ നസ്‌ല പറഞ്ഞവസാനിപ്പിച്ചു, അന്തമില്ലാത്ത ഭയത്തോടെയും അനിശ്ചിതത്വത്തോടെയും തന്നെ.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍