UPDATES

കേരളം ജല റേഷനിംഗിലേക്ക്…

കേരളം നീങ്ങുന്നത് 115 വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും കടുത്ത വരള്‍ച്ചയിലേക്ക്

കേരളം കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 115 വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും കടുത്ത വരള്‍ച്ചയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. തെക്ക് പടിഞ്ഞാറ് കാലവര്‍ഷവും വടക്ക് പടിഞ്ഞാറന്‍ കാലവര്‍ഷവും ഒരു പോലെ ചതിച്ചതാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയിരിക്കുന്നത്. തല്‍ഫലമായി ജല റേഷനിംഗ് സമ്പ്രദായം നടപ്പിലാക്കുന്നതിനെ കുറിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇടവപ്പാതിയില്‍ സംസ്ഥാനത്ത് ഈ വര്‍ഷം 33.7 ശതമാനം കുറവാണുണ്ടായതെങ്കില്‍ മിക്ക ജില്ലകളിലും തുലാവര്‍ഷം പെയ്തതേയില്ല. അതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുന്നത്. ഐക്യകേരളം രൂപീകൃതമായതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണിത്. തുലാവര്‍ഷത്തില്‍ 61 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം ഉണ്ടായത്. 2012ല്‍ ഉണ്ടായതിനെക്കാള്‍ കടുത്ത വരള്‍ച്ചയാവും ഈ വര്‍ഷം ഉണ്ടാവുകയെന്ന് കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാകോസ് ‘ഫസ്റ്റ് പോസ്റ്റി’നോട് പറഞ്ഞു. മൂന്ന് ജില്ലകളില്‍ ഇതിനകം തന്നെ ജലസേചനം പൂര്‍ണമായും നിര്‍ത്തലാക്കിക്കഴിഞ്ഞു. ഇനി വേനല്‍മഴ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു എന്നിരിക്കെ ഏപ്രില്‍-മേയ് വരെയുള്ള കാലയളവ് വലിയ പരീക്ഷണത്തിന്റെതായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ജലസ്രോതസ്സുകള്‍ വറ്റിവരളുകയും കൃഷിയും പച്ചപ്പും കരിഞ്ഞുണങ്ങുകയും ചെയ്യും. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ഉഷ്ണതരംഗത്തിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വടക്കുപടിഞ്ഞാറ് കാലവര്‍ഷം കേരളത്തില്‍ 20 ശതമാനം കൂടുതലായിരുന്നെങ്കില്‍ ഈ വര്‍ഷം കുത്തനെ ഇടിഞ്ഞതായി സംസ്ഥാന മെറ്റീരിയോളജിക്കല്‍ വകുപ്പ് ഡയറക്ടര്‍ എസ് സുദേവന്‍ പറഞ്ഞു.

ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുത്തനെ ഇടിയുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കും. അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം താണുകൊണ്ടിരിക്കുകയാണ്. ഇനി 100 ദിവസത്തേക്കുള്ള വെള്ളമേ സംഭരണികളില്‍ അവശേഷിക്കുന്നുള്ളൂവെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എ ഷൈനമോള്‍ പറഞ്ഞു. സംഭരണികളില്‍ അവശേഷിക്കുന്ന ജലം ഉപയോഗിക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുത്താന്‍ ഒക്ടോബര്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഗ്രാമ പഞ്ചായത്തുകള്‍ തോറും ജല കിയോസ്‌കുകള്‍ രൂപീകരിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. പൊതുജലവിതരണ സമ്പ്രദായങ്ങളിലുടെ ലഭിക്കുന്ന ശുദ്ധജലം വാഹനങ്ങള്‍ കഴുകുന്നതിനും വ്യവസായ ആവശ്യങ്ങളും ഉപയോഗിക്കുന്നത് മേയ് വരെ നിരോധിച്ചിട്ടുണ്ട്. ഭൂഗര്‍ഭജല ചൂഷണം ചെയ്യുന്ന വ്യവസായങ്ങള്‍ മേയ് വരെ 75 ശതമാനം ഉല്‍പാദനമേ നടത്താവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രൂക്ഷമായ ജലക്ഷാമം സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയിലേക്കും തള്ളിവിടും. പ്രതിവര്‍ഷം 24,000 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തിന് ആവശ്യം. ഇതില്‍ 7,100 ദശലക്ഷം യൂണിറ്റ് ആഭ്യന്തര ഉത്പാദനമാണ്. കൂടുതലും ജലവൈദ്യുതിയെയാണ് കേരളം ആശ്രയിക്കുന്നത്. വരള്‍ച്ച മൂലം ആഭ്യന്തര വൈദ്യുത ഉല്‍പാദനം 5,200 ദശലക്ഷം യൂണിറ്റായി കുറയുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അങ്ങനെ വരികയാണെങ്കില്‍ 2,000 ദശലക്ഷം യൂണിറ്റ് വെളിയില്‍ നിന്നും അധികമായി വാങ്ങേണ്ടി വരും. സംസ്ഥാന വൈദ്യുതി ബോര്‍ഡിന് വലിയ ബാധ്യതയായിരിക്കും ഇത് സൃഷ്ടിക്കുക.



ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി നിരക്കില്‍ വര്‍ദ്ധന വരുത്തണമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിച്ച് കഴിഞ്ഞു. ഫെബ്രുവരി മുതല്‍ സ്ലാബുകളുടെ അടിസ്ഥാനത്തില്‍ യൂണിറ്റിന് പത്തുമുതല്‍ അമ്പത് പൈസവരെ അധികം നല്‍കേണ്ടി വരും.

പുതിയ സര്‍ക്കാരിന്റെ ഹരിത കേരളം പോലെയുള്ള പദ്ധതികളെ പൂര്‍ണമായും തകിടംമറിക്കുന്നതാവും വരള്‍ച്ചയെന്നതും പിണറായി സര്‍ക്കാരിന് വെല്ലുവിളിയാകും. ഭൂഗര്‍ഭജലം ഗണ്യമായി കുറഞ്ഞ പാലക്കാട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ മാത്രമാണ് ഇതുവരെ വരള്‍ച്ച നേരിട്ട് ആക്രമിച്ച് തുടങ്ങിയിട്ടുള്ളത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന രീതിയില്‍ വരള്‍ച്ച രൂക്ഷമാകും. നോട്ട് നിരോധന തീരുമാനം മൂലം സര്‍ക്കാര്‍ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നോട്ട് നിരോധനം മൂലം ഇതുവരെ സംസ്ഥാനത്തിന് 2,000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളായ വിനോദസഞ്ചാരം പോലെയുള്ള മേഖലകളെ ഡിമോണിറ്റൈസേഷന്‍ കടുത്ത രീതിയില്‍ ബാധിച്ചുകഴിഞ്ഞു. അതോടൊപ്പം വരള്‍ച്ച കാര്‍ഷീകമേഖലയെയും രൂക്ഷമായി ബാധിക്കും എന്നിരിക്കെ ഒട്ടും പ്രതീക്ഷാനിര്‍ഭരമായ ദിനങ്ങളല്ല മുന്നിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍