കന്യാസ്ത്രീ പീഡനക്കേസില്‍ സിറോ മലബാര്‍ സഭ നേതൃത്വത്തെ കുറ്റപ്പെടുത്തി രംഗത്തു വന്ന വ്യക്തി കൂടിയാണ് ഫാ. പോള്‍ തേലക്കാട്ട്
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വ്യാജരേഖകള്‍ ഉപയോഗിച്ച് അഴിമതിക്കാരനാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കെസിബിസി മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിനെതിരേ കേസ്. സിറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍നിന്ന് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കത്തോലിക്ക സഭയുടെ മുന്‍ വക്താവും സത്യദീപം ഇംഗ്ലീഷ് വിഭാഗം ചീഫ് എഡിറ്ററുമായ ഫാ. പോള്‍ തേലക്കാട്ടിനെതിരെ തൃക്കാക്കര പോലീസ് കേസെടുത്ത് എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ 2019 ജനുവരി 7 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസ് എന്ന സ്ഥാപനത്തില്‍ നടന്ന സിനഡില്‍ സമര്‍പ്പിച്ചു മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ്, സിറോ മലബാര്‍ സഭ ഐ ടി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മപ്രകാവില്‍ നല്‍കിയ പരാതി പ്രകാരം എടുത്ത കേസിലെ എഫ് ഐ ആറില്‍ ഫാ. തേലക്കാട്ടിനെതതിരേ രേഖപ്പെടുത്തിയിരിക്കുന്നത്.
2019 ജനുവരി എഴിന് കാക്കനാട് സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് ആരംഭിച്ച മെത്രാന്‍ സിനഡിനു മുമ്പാകെയാണ് ആലഞ്ചേരിക്കെതിരേ ഫാ. പോള്‍ തേലക്കാട്ട് വ്യാജരേഖകള്‍ നല്‍കുന്നതെന്നാണ് ഔഗ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.മാര്‍ ആലഞ്ചേരി നഗരത്തിലെ പ്രമുഖ വ്യവസായിക്ക് കോടികള്‍ മറിച്ച് നല്‍കിയതിന്റെ ബാങ്ക് രേഖകളുമായി എത്തി ഫാ. പോള്‍ തേലക്കാട്ട് സഭാതലവന്റെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രമുഖ ബാങ്കിന്റെ രേഖകള്‍ കാണിച്ച് സിനഡിനെ സമ്മര്‍ദ്ദത്തിലാക്കി ആലഞ്ചേരി പിതാവിനെ രാജിവപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും സിറോ മലബാര്‍ സഭ ആസ്ഥാനത്തു നിന്നും അറിയിക്കുന്നു. മാര്‍ ആലഞ്ചേരി ഈ രേഖയിലെ വിവരങ്ങള്‍ നിഷേധിച്ചതിനെ തുടര്‍ന്ന് സിനഡ് നടത്തിയ പരിശോധനയില്‍ രേഖകള്‍ വ്യാജമാണെന്ന് തെളിയുകയായിരുന്നുവെന്നും തുടര്‍ന്നാണ് മാര്‍ ആലഞ്ചേരിക്കും സിനഡിനും വേണ്ടി സിറോ മലബാര്‍ ഇന്റര്‍നെറ്റ് മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മാപ്രക്കാവില്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ കേസ് നല്‍കിയത് എന്നുമാണ് ഈ വിഷയത്തിലെ ഔദ്യോഗിക വിശദീകരണം.
ഫാ. പോള്‍ തേലക്കാട്ടിനെതിരേ കടുത്ത വിമര്‍ശനവും ഔദ്യോഗിക കേന്ദ്രത്തില്‍ നിന്നും ഉണ്ടാകുന്നുണ്ട്. ആര്‍ച്ച് ബിഷപ്പിനെതിരേ നില്‍ക്കുന്നയാളാണ് ഫാ. പോള്‍ തേലക്കാട്ട് എന്നും മാര്‍ ആലഞ്ചേരിയെ പുറത്താക്കാന്‍ സഭയിലെ വിമത സംഘടനകളും വൈദികരും നടത്തുന്ന തന്ത്രങ്ങളുടെ ഭാഗമായാണ് കേസിനാധാരമായ വ്യാജ ബാങ്ക് രേഖകള്‍ ഫാ. പോള്‍ തേലക്കാട് നിര്‍മ്മിച്ചതെന്നുമാണ് ആരോപണം. ഈ കേസ് ഓടുകൂടി, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ പൊതുനിരത്തിലും മാധ്യമങ്ങളിലും പ്രതികരിച്ച വൈദികരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും സിറോ മലബാര്‍ സഭ അധികാരികള്‍ പറയുന്നു. പൊലീസ് അന്വേഷണത്തില്‍ വ്യാജമായി ചമച്ച രേഖകളുടെ ഉറവിടം ഫാ. തേലക്കാട്ടിന് വെളുപ്പെടുത്തേണ്ടി വരുമെന്നും എറണാകുളം രൂപതയിലെ മറ്റു പല വൈദികരിലേക്കും അവരുടെ കൂട്ടാളികളായ ചില വിശ്വാസികളിലേക്കും ഈ അന്വേഷണം നീളുമെന്നും അധികാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍ ഈ കേസ് പ്രതികാരബുദ്ധിയോട് കൂടി ഉണ്ടാക്കിയതാണെന്നാണ് ഫാ. പോള്‍ തേലക്കാട്ടിനോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. ആര്‍ച്ച് ബിഷപ്പിനെതിരേ തന്റെ കൈവശം കിട്ടിയ ചില രേഖകള്‍, നിജസ്ഥിതി എന്താണെന്ന് അറിയണമെന്ന ആഗ്രഹത്തോടെ എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റി അപ്പസ്റ്റോലിക് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് സ്വകാര്യമായി കൈമാറുക മാത്രമാണ് ഫാ. പോള്‍ തേലക്കാട്ട് ചെയ്തത്. സിനഡില്‍ ഈ രേഖകള്‍ കൊണ്ടുപോകുന്നത് ഫാ. പോള്‍ തേലക്കാട്ട് അല്ല, അദ്ദേഹം ആ രേഖകള്‍ എല്‍പ്പിച്ച ബിഷപ്പ് മനത്തോടത്താണ്. യഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെയാണ് ഫാ. പോള്‍ തേലക്കാട്ടിനെതിരേ പരാതി നല്‍കി കേസ് എടുപ്പിച്ചിരിക്കുന്നത്. സഭയിലെ ചില തെറ്റായ നടപടികളെ ചോദ്യം ചെയ്യുകയും മാര്‍ ആലഞ്ചേരിക്കെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിട്ടുള്ളയാളാണ് ഫാ. പോള്‍ തേലക്കാട്ട്. സിറോ മലബാര്‍ സഭയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന ചില കേസുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കോടതിയില്‍ എത്താനുള്ള സാഹചര്യത്തില്‍ കൂടിയാണ് ഫാ. പോള്‍ തേലക്കാട്ടിനെതിരേ ഇത്തരമൊരു കേസ്. തങ്ങളെ മുന്‍കൂട്ടി പ്രതിരോധിക്കാനുള്ള ചില അധികാരികളുടെ ശ്രമമായിട്ടാണ് ഇതിനെ കാണേണ്ടതെന്നും ഫാ. പോള്‍ തേലക്കാട്ടുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.
എറണാകുളത്തെ ചില ബിസനസുകാരുമായി കണക്കില്‍പ്പെടാത്ത കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയിട്ടുണ്ടെന്നു കാണിക്കുന്ന രേഖകളാണ് ഫാ. പോള്‍ തേലക്കാട്ടിന്റെ കൈവശം എത്തിച്ചേര്‍ന്നതെന്നാണ് വിവരം. സഭയിലെ തന്നെ ചില വൈദികരാണ് ഈ രേഖകള്‍ ഫാ. തേലക്കാട്ടിന് നല്‍കിയതെന്നും അറിയുന്നു. എന്നാല്‍ ഈ രേഖകള്‍ വ്യാജമാണോ സത്യമാണോ എന്നതില്‍ തീര്‍ച്ചയില്ലാതിരുന്നതുകൊണ്ട്, തന്റെ കൈവശം കിട്ടിയ രേഖകളെ കുറിച്ച് മാധ്യമങ്ങള്‍ക്കോ മറ്റാര്‍ക്കോ വിവരം നല്‍കാന്‍ ഫാ. പോള്‍ തേലക്കാട്ട് തയ്യാറായില്ല. എന്നാല്‍ ഈ രേഖകള്‍ പറയുന്നതുപോലെ എന്തെങ്കിലും ഉണ്ടോ അതോ വ്യാജ ആരോപണങ്ങള്‍ മാത്രമാണോ എന്നറിയുന്നതിനു വേണ്ടിയാണ് അഡ്മിനിസ്‌ട്രേറ്റീവ് അപ്പസ്റ്റോലിക് ബിഷപ്പ് ജേക്കബ് മാനത്തോടത്തിന് കൈമാറുന്നത്. തുടര്‍ന്നിത് സിനഡിന്റെ മുന്നിലുമെത്തി. തനിക്ക് കിട്ടിയ വിവരങ്ങള്‍ അതിരൂപതയുടെ തലവന് കൈമാറി എന്നല്ലാതെ മറ്റൊരു തരത്തിലും അത് പുറത്തു വിടാന്‍ ഫാ. പോള്‍ തേലക്കാട്ട് ശ്രമിച്ചില്ല. സിനഡ് കഴിഞ്ഞ് മൂന്നു മാസങ്ങളോളം ആകുമ്പോഴാണ് അച്ചനെതിരേ ഇങ്ങനെയൊരു കേസ് വരുന്നത്. കേസുമായി ബന്ധപ്പെട്ട് യാതൊരു വിവരങ്ങളും ഫാ. പോള്‍ തേലക്കാട്ടിനെ അറിയിച്ചുമില്ല. തനിക്ക് കിട്ടിയ പരാതി തേലക്കാട്ട് അച്ചന്‍ പൊതുമധ്യത്തില്‍ വെളിപ്പെടുത്തിയിട്ടില്ല, സഭയുടെ ഉന്നതാധികാര കേന്ദ്രമായ സിനഡിലാണ് പങ്കുവച്ചത്, അതെങ്ങനെയാണ് മാര്‍ ആലഞ്ചേരിയേയും സിനഡിനെയും അപകീര്‍ത്തിപ്പെടുത്തല്‍ ആകുന്നത്; ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരന്‍സി (എഎംടി) പ്രതിനിധികള്‍ ഈ വിഷയത്തെ കുറിച്ച് അഴിമുഖത്തോട് പറഞ്ഞത് ഇതാണ്.
കന്യാസ്ത്രീ പീഡനക്കേസില്‍ സിറോ മലബാര്‍ സഭ നേതൃത്വത്തെ കുറ്റപ്പെടുത്തി രംഗത്തു വന്ന വ്യക്തി കൂടിയാണ് ഫാ. പോള്‍ തേലക്കാട്ട്. കന്യാസ്ത്രീയുടെ പരാതി അന്വേഷിക്കാതിരുന്നത് തെറ്റായിരുന്നുവെന്നാണ് ഫാ. തേലക്കാട്ട് തുറന്നടിച്ചത്. ഭൂമിയിടപാട് വിവാദത്തിലും ആര്‍ച്ച് ബിഷപ്പിനെതിരേ നിലപാട് എടുക്കുകയായിരുന്നു കെസിബിസിയുടെ ഈ മുന്‍ വക്താവ് ചെയ്തത്. എഴുപതാം പിറന്നാള്‍ ആഘോഷിച്ച് രണ്ടു ദിവസം മാത്രം പിന്നിടുമ്പോഴാണ് അദ്ദേഹത്തിനെതിരേ സഭ തന്നെ കേസ് കൊടുത്തിരിക്കുന്നതും.