UPDATES

“ഫാ. പോള്‍ തേലക്കാട്ടിനെ ചതിക്കുകയായിരുന്നു..”; ആ രേഖ എങ്ങനെ സിനഡില്‍ എത്തി? സിറോ മലബാര്‍ സഭയിലെ വ്യാജരേഖ കേസ് കൂടുതല്‍ വിവാദങ്ങളിലേക്ക്

സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ തനിക്കെതിരേ കേസ് എടുത്തിരിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ലെന്നാണ് കെസിബിസി മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട്

സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ തനിക്കെതിരേ കേസ് എടുത്തിരിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ലെന്നാണ് കെസിബിസി മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ട് പറയുന്നത്. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ 2019 ജനുവരി 7 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസ് എന്ന സ്ഥാപനത്തില്‍ നടന്ന സിനഡില്‍ സമര്‍പ്പിച്ചു മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ്, സിറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മപ്രകാവില്‍ ഫാ. പോള്‍ തേലക്കാട്ടിലിനെതിരേ നല്‍കിയ പരാതി. ഈ പരാതി പ്രകാരമാണ് തൃക്കാക്കര പൊലീസ് ഫാ. തേലക്കാട്ടിനെതിരേ കേസ് എടുത്തത്. എന്നാല്‍ ഇങ്ങനെയൊരു കേസ് എടുക്കാന്‍ മാത്രം എന്ത് തെറ്റാണ് താന്‍ ചെയ്തതെന്നു മനസിലാകുന്നില്ലെന്നാണ് ഫാ. തേലക്കാട്ട് അഴിമുഖത്തോട് പ്രതികരിച്ചത്. എന്റെ കൈവശം കിട്ടിയ ചില രേഖകള്‍ ഞാന്‍ ചട്ടപ്രകാരം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് ജേക്കബ് മാനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തത്. ഈ രേഖകളുടെ നിജസ്ഥിതി അന്വേഷിച്ച് അറിയുകയെന്നു മാത്രമാണ് പറഞ്ഞത്. സിനഡില്‍ ഈ രേഖകള്‍ കൊണ്ടുപോയത് ഞാനല്ല. അത് പിതാവ് (ബിഷപ്പ് ജേക്കബ് മനത്തോടത്ത്) ആയിരിക്കണം കൊടുത്തത്. എന്തായാലും ഞാന്‍ എന്റെ അഭിഭാഷകനെ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്; ഫാ. പോള്‍ തേലക്കാട്ട് അഴിമുഖത്തോട് പറയുന്നു.

തേലക്കാട്ടച്ചന്‌ കിട്ടയ രേഖ
ഫാ. പോള്‍ തേലക്കാട്ടിന് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്കെതിരായ രേഖകള്‍ ചില വൈദികര്‍ കൈമാറുകയായിരുന്നുവെന്നാണ് വിവരം. എറണാകുളത്തെ ചില ബിസിനസുകാരുമായി ആലഞ്ചേരിക്ക് ബിസിനസ് ഇടപാടുകളുണ്ടെന്നും ഇതിന്റെ മറവില്‍ അനധികൃതമായി കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും അവ തെളിയിക്കുന്ന ആലഞ്ചേരിയുടെ ബാങ്ക് അകൗണ്ട് വിവരങ്ങളാണെന്നും പറഞ്ഞാണ് രേഖകള്‍ ഫാ. തേലക്കാട്ടിന് കൈമാറിയതെന്നാണ് കിട്ടുന്ന വിവരം. ഈ രേഖകള്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യവും നല്‍കിയവര്‍ ഫാ. പോള്‍ തേലക്കാട്ടിനു മുന്നില്‍ അവതരിപ്പിച്ചിരുന്നുവെന്നു കേള്‍ക്കുന്നു. എന്നാല്‍ രേഖകള്‍ മാധ്യമങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ നല്‍കാതെ നേരിട്ട് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേര്‍ക്ക് കൈമാറി അവയുടെ ആധികാരിത പരിശോധിച്ചറിയാനായിരുന്നു ഫാ. പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടത്.

ആ രേഖ എങ്ങനെ സിനഡില്‍ എത്തി?
ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിക്കെതിരേ കിട്ടിയ രേഖയുടെ നിജസ്ഥിതി അറിയണമെന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിന് ഫാ. പോള്‍ തേലക്കാട്ട് സ്വകാര്യമായി കൈമാറിയ രേഖ കക്കനാട് സെന്റ്.തോമസ് മൗണ്ടില്‍ ചേര്‍ന്ന സിനഡില്‍ എത്തുകയാണുണ്ടായത്. ഫാ. തേലക്കാട്ട് തന്നെയാണ് സിനഡില്‍ രേഖകള്‍ എത്തിച്ചതെന്നായിരുന്നു ആദ്യത്തെ ആരോപണം. എന്നാല്‍ രേഖകള്‍ താന്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നു ഫാ. തേലക്കാട് പറയുമ്പോള്‍, ആ രേഖകള്‍ ആര് സിനഡില്‍ എത്തിച്ചെന്നുവെന്നതാണ് ചോദ്യം. ഈ ചോദ്യത്തിന് രണ്ട് ഉത്തരങ്ങളാണ് സഭ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ഫാ. പോള്‍ തേലക്കാട്ട് ബിഷപ്പ് ജേക്കബ് മനത്തോടത്തിനു കൈമാറിയ രേഖ ബിഷപ്പ് മാനത്തോടത്ത് ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിക്ക് കൈമാറുകയും ആലഞ്ചേരി അത് സിനഡിനു മുന്നില്‍ വച്ച് തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുകയുമായിരുന്നുവെന്നാണ് സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി പറയുന്നത്. ചില സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ഒരു രേഖ ഫാ. പോള്‍ തേലക്കാട്ടില്‍ നിന്നും മാനത്തോടത്ത് പിതാവ് വഴി സിനഡില്‍ ലഭിക്കുകയായിരുന്നുവെന്നാണ് എറണാകുളം-അങ്കമാലി അതിരൂപത പിആര്‍ഒ ഫാ. പോള്‍ കരേടന്‍ പറയുന്നത്.

സിനഡിനു വേണ്ടി കേസ് കൊടുക്കുന്നത് ഇന്റര്‍നെറ്റ് മിഷന്‍ എക്‌സി.ഡയറക്ടറോ?ഏതുവിധേനയാണെങ്കിലും സിനഡില്‍ എത്തിയ രേഖ വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. സിനഡിന്റെ തീരുമാനമാണ്. സിനഡ് തീരുമാനങ്ങള്‍ നടത്താന്‍ ഔദ്യോഗിക പദവിയില്‍ ആളുണ്ടെന്നിരിക്കെയാണ് സിറോ മലബാര്‍ ചര്‍ച്ച് ഇന്റര്‍നെറ്റ് മിഷന്‍(എസ്എംസിഐഎം) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തികയില്‍ ഇരിക്കുന്ന ഒരു സാധാരണ വൈദികന്‍ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ പോകുന്നത്. ഐ ടി മിഷന്‍ എക്‌സി. ഡയറക്ടര്‍ ആയ ജോബി ജോസഫ് മപ്രകാവില്‍ എന്തുകൊണ്ട് ഈ കേസിലെ പരാതിക്കാരനായി എന്നു ചോദിക്കുമ്പോഴും ഉത്തരങ്ങള്‍ പലതാണ്. ആലഞ്ചേരിക്കെതിരേ വന്ന രേഖ പരിശോധിച്ചതില്‍ അവ വ്യാജമാണെന്നു സിനഡിന് ബോധ്യം വന്നതിനെ തുടര്‍ന്ന് സിനഡിനും ആലഞ്ചേരിക്കും വേണ്ടി വ്യാജരേഖ ചമച്ചതിന്റെ പേരില്‍ ഫാ. പോള്‍ തേലക്കാട്ടിനെതിരേ പരാതി നല്‍കാന്‍ ജോബി ജോസഫ് മപ്രക്കാവിലിനെ ചുമതലപ്പെടുത്തുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എങ്ങനെ ജോബി മപ്രക്കാവിലിനെ പരാതി ഏല്‍പ്പിച്ചെന്നു ചോദിക്കുമ്പോള്‍, സിനഡ് നേരിട്ട് ഫാ. മപ്രക്കാവിലിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ഒരാള്‍ പറയുമ്പോള്‍, സിനഡ് മീഡിയ കമ്മിഷനെ ഏല്‍പ്പിച്ച പരാതി അവിടെ നിന്നും ഇന്റര്‍നെറ്റ് മിഷന്‍ എക്‌സി.ഡയറക്ടറെ ഏല്‍പ്പിച്ചതെന്നാണ് മറ്റൊരാള്‍ പറയുന്നത്. സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഇറക്കിയ പ്രസ്താവനയില്‍ ഇതിനു നല്‍കുന്ന വിശദീകകരണം ഇങ്ങനെയാണ്; മേജര്‍ ആര്‍ച്ച് ബിഷപ്പിനെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില ഗൂഢശക്തികള്‍ ചമച്ച ഈ വ്യാജരേഖയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സിനഡ് തീരുമാനിക്കുകയും അതിന്റെ നടത്തിപ്പിനായി ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടറായ ഫാ. ജോബി മാപ്രക്കാവിലിനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപത പിആര്‍ഒ ഫാ. പോള്‍ കരോട് പറയുന്നത്; ചില സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ഒരു രേഖ ഫാ. പോള്‍ തേലക്കാട്ടില്‍ നിന്നും മാനത്തോടത്ത് പിതാവ് വഴി സിനഡില്‍ ലഭിച്ചിരുന്നു. രേഖ വ്യാജമാണെന്നാണു മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പ്രതികരണമുണ്ടായത്. വ്യാജമെങ്കില്‍ അതിന്റെ ഉറവിടം കണ്ടെത്തേണ്ടതാണെന്ന വിലയിരുത്തലില്‍ അതിനുള്ള ഉത്തരവാദിത്തം സഭയുടെ മീഡിയ കമ്മീഷനെ സിനഡ് ഏല്‍പിച്ചു. മീഡിയ കമ്മീഷനാണ് ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മാപ്രകാവിലിനെ പോലീസില്‍ പരാതി നല്‍കാനുള്ള ദൗത്യം ഏല്‍പിച്ചത്.

ആലഞ്ചേരിയെ രാജിവയ്പ്പിക്കാന്‍ ശ്രമിക്കുന്നയാളാണ് തേലക്കാട്ടച്ചനെന്നാണ് ആക്ഷേപം
ഫാ. പോള്‍ തേലക്കാട്ടിനെതിരേ ഇപ്പോള്‍ ഇങ്ങനെയൊരു കേസ് ഉണ്ടാക്കുന്നതിനു പിന്നില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന വിവാദമായ ഭൂമിക്കച്ചവടം ആണെന്നും സൂചനയുണ്ട്. അതിരൂപതയ്ക്ക് കീഴിലുള്ള മൂന്നേക്കര്‍ ഭൂമി വില്‍ക്കുന്നതിന് മതിയായ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ വ്യാജ പട്ടയം ചമച്ച് ഈ ഭൂമി വില്‍പ്പന നടത്തിയെന്നാണ് പരാതി. കോടതിയില്‍ എത്തിയിരിക്കുന്ന ഈ പരാതിയിലെ കുറ്റാരോപിതരില്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയുമുണ്ട്. ഇങ്ങനെയൊരു കേസ് വരുന്നതിനെ തടയിടാനെന്നോണമാണ് ഫാ. പോള്‍ തേലക്കാട്ടിനെതിരേ പ്രതികാര നടപടിയെടുത്തിരിക്കുന്നതെന്നാണ് വ്യാജപട്ടയക്കേസിലെ ഹര്‍ജിക്കാരനായ അഡ്വ. പോളച്ചന്‍ പുതുപ്പാറ അഴിമുഖത്തോട് പറയുന്നത്. ഈ കേസ് കോടതി ഫയലില്‍ സ്വീകരിച്ചതിനു തലേദിവസമാണ് ഫാ. പോള്‍ തേലക്കാട്ടിനെതിരേ എഫ് ഐ ആര്‍ ഇട്ട് കേസ് എടുത്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വ്യാജ പട്ടയ കേസ് കോടതി ഇന്ന് ഫയല്‍ സ്വീകരിക്കുമെന്ന സൂചന നേരത്തെ തന്നെ പുറത്തു വന്നിരുന്നതുമാണ്.

വ്യാജ പട്ടയം ചമച്ചു ഭൂമി കച്ചവടം നടത്തിയ ആലഞ്ചേരിക്കും മറ്റും എതിരെ എറണാകുളം സിജെഎം കോടതിയില്‍ ഞാന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കേസ് ഇന്ന് ഫയലില്‍ സ്വീകരിച്ചു മാര്‍ച്ച് 30 ന് എന്റെ മൊഴിയെടുക്കാന്‍ നീട്ടി വെച്ചു .ഈ കേസില്‍ നിന്നും രക്ഷപെടാന്‍ ആവണം ഫാദര്‍ പോള്‍ തേലക്കാട്ടിനെതിരെ ഒരു വൈദികനെക്കൊണ്ട് വ്യാജ രേഖ ഉണ്ടാക്കിയെന്ന് ആരോപിച്ചു കേസ് കൊടുക്കുകയും അതില്‍ പോലീസ് എഫ്‌ഐആര്‍ എടുക്കുകയും ചെയ്തിരിക്കുന്നത്. വ്യാജ പട്ടയം പൊലീസിന് കൊടുത്തു മൂന്നു മാസം കഴിഞ്ഞിട്ടും പോലീസ് കേസ് എടുക്കാത്തത് കൊണ്ടാണ് ഞാന്‍ കോടതിയെ സമീപിച്ചത്; അഡ്വ. പോളച്ചന്‍ പുതുപ്പാറ പറയുന്നു. ഫ. പോള്‍ തേലക്കാട്ടിനെ ചതിക്കുകയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഒരു വൈദികന്‍, ആലഞ്ചേരി പക്ഷം ആകണം ഫാ. തേലക്കാട്ടിനെ സമീപിച്ചു ആലഞ്ചേരിയുടെ കുറെ ബാങ്ക് രേഖകള്‍ കാണിക്കുകയായിരുന്നു. തേലക്കാട്ട് അത് എറണാകുളം-അങ്കമാലി അിരൂപത അപ്പസ്‌റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് ജേക്കബ് മാനത്തോടത്തിനു കൂടുതല്‍ അനേഷണത്തിനായി കൈമാറി. ഇതാണ് തേലക്കാട്ടിനെതിരെയുള്ള കേസിന്റെ അടിസ്ഥാനം. കേസ് നടക്കട്ടെ. സത്യം പുറത്തു വരട്ടെ. പക്ഷേ, വ്യാജ രേഖ ഉണ്ടാക്കിയാല്‍ കേസില്ലാത്തിടത്താണ്, രേഖ കൈമാറിയതിന്റെ പേരില്‍ ഉടനടി കേസെടുത്തിരിക്കുന്നത്. വ്യാജ പട്ടയം ചമച്ച പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് മടിച്ചു നിന്നിട്ടാണ് നേരിട്ട് കോടതിയില്‍ പോയത്. എന്നാല്‍ ഫാ. തേലക്കാട്ടിനെതിരേ പരാതി നല്‍കിയ ഉടനെ എഫ് ഐ ആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സഭാ തലവനെതിരെ ആരോപണം ഉയര്‍ത്തിയാല്‍ ഇങ്ങനെ ചതിവില്‍ പെടുത്തും. കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ലക്ഷങ്ങളുടെ ഓഫറുമായി എന്നെയും ചിലര്‍ സമീപിച്ചിട്ടുണ്ട്. പക്ഷേ, സത്യങ്ങള്‍ പുറത്തു വരുന്നതുവരെ പോരാട്ടം തുടരും; അഡ്വ. പോളച്ചന്‍ അഴിമുഖത്തോട് പറയുന്നു.

2019 ജനുവരി എഴിന് കാക്കനാട് സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് ആരംഭിച്ച മെത്രാന്‍ സിനഡിനു മുമ്പാകെയാണ് ആലഞ്ചേരിക്കെതിരേ ഫാ. പോള്‍ തേലക്കാട്ട് വ്യാജരേഖകള്‍ നല്‍കുന്നതെന്നാണ് ഔഗ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. മാര്‍ ആലഞ്ചേരി നഗരത്തിലെ പ്രമുഖ വ്യവസായിക്ക് കോടികള്‍ മറിച്ച് നല്‍കിയതിന്റെ ബാങ്ക് രേഖകളുമായി എത്തി ഫാ. പോള്‍ തേലക്കാട്ട് സഭാതലവന്റെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രമുഖ ബാങ്കിന്റെ രേഖകള്‍ കാണിച്ച് സിനഡിനെ സമ്മര്‍ദ്ദത്തിലാക്കി ആലഞ്ചേരി പിതാവിനെ രാജിവപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും സിറോ മലബാര്‍ സഭ ആസ്ഥാനത്തു നിന്നും അറിയിക്കുന്നു. മാര്‍ ആലഞ്ചേരി ഈ രേഖയിലെ വിവരങ്ങള്‍ നിഷേധിച്ചതിനെ തുടര്‍ന്ന് സിനഡ് നടത്തിയ പരിശോധനയില്‍ രേഖകള്‍ വ്യാജമാണെന്ന് തെളിയുകയായിരുന്നുവെന്നും തുടര്‍ന്നാണ് മാര്‍ ആലഞ്ചേരിക്കും സിനഡിനും വേണ്ടി സിറോ മലബാര്‍ ഇന്റര്‍നെറ്റ് മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മാപ്രക്കാവില്‍ തൃക്കാക്കര പോലീസ് സ്‌റ്റേഷനില്‍ കേസ് നല്‍കിയത് എന്നുമാണ് ഈ വിഷയത്തിലെ ഔദ്യോഗിക വിശദീകരണം.

ഫാ. പോള്‍ തേലക്കാട്ട് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പുറത്താക്കാന്‍ ശ്രമിക്കുന്നയാളാണെന്നാണ് ആര്‍ച്ച് ബിഷപ്പുമായി അടുത്ത് നില്‍ക്കുന്ന കേന്ദ്രങ്ങളുടെ ആരോപണം. ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീ നീതി ആവശ്യപ്പെട്ട് മാര്‍ ആലഞ്ചേരിയെ സമീപിച്ചപ്പോള്‍ കൈയൊഴിഞ്ഞ സംഭവത്തിലൊക്കെ ശക്തമായ ഭാഷയില്‍ തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ച വൈദികനാണ് ഫ. പോള്‍ തേലക്കാട്ട്. സഭ നേതൃത്വം കന്യാസ്ത്രീയോട് ചെയ്തത് തെറ്റ് തന്നെയാണെന്നാണ് അദ്ദേഹം തുറന്നടിച്ചത്. കന്യാസ്ത്രീയുടെ പരാതി എന്തുകൊണ്ട് അന്വേഷിച്ചില്ല എന്ന ചോദ്യം ഉയര്‍ത്തിയ കത്തോലിക്ക സഭയിലെ അപൂര്‍വം വൈദികരിലെ ഒരാളായിരുന്നു പോള്‍ തേലക്കാട്ടും. കന്യാസ്ത്രീ പീഢനക്കേസില്‍ മാത്രമല്ല, അതിരൂപത ഭൂമിക്കച്ചവടത്തിലും ഫാ. തേലക്കാട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതെല്ലാം കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ ബോധപൂര്‍വം നടത്തുന്ന ശ്രമങ്ങളായിട്ടാണ് എതിര്‍ കേന്ദ്രങ്ങള്‍ കുറ്റപ്പെടുത്തുന്നത്. ആര്‍ച്ച് ബിഷപ്പിനെതിരേ നില്‍ക്കുന്നയാളാണ് ഫാ. പോള്‍ തേലക്കാട്ട് എന്നും മാര്‍ ആലഞ്ചേരിയെ പുറത്താക്കാന്‍ സഭയിലെ വിമത സംഘടനകളും വൈദികരും നടത്തുന്ന തന്ത്രങ്ങളുടെ ഭാഗമായാണ് കേസിനാധാരമായ വ്യാജ ബാങ്ക് രേഖകള്‍ ഫാ. പോള്‍ തേലക്കാട് നിര്‍മ്മിച്ചതെന്നുമുള്ള ആരോപണവും ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. ഈ കേസ് ഓടുകൂടി, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ പൊതുനിരത്തിലും മാധ്യമങ്ങളിലും പ്രതികരിച്ച വൈദികരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും പൊലീസ് അന്വേഷണത്തില്‍ വ്യാജമായി ചമച്ച രേഖകളുടെ ഉറവിടം ഫാ. തേലക്കാട്ടിന് വെളുപ്പെടുത്തേണ്ടി വരുമെന്നും എറണാകുളം രൂപതയിലെ മറ്റു പല വൈദികരിലേക്കും അവരുടെ കൂട്ടാളികളായ ചില വിശ്വാസികളിലേക്കും ഈ അന്വേഷണം നീളുമെന്നും സിറോ മലബാര്‍ സഭ അധികാരികള്‍ മുന്നറിയിപ്പ് നല്‍കുന്നതും അവരുടെ മുന്‍ ആരോപണങ്ങളില്‍ പിടിച്ചുകൊണ്ടാണ്.

തേലക്കാട്ടച്ചനെതിരേ കേസ് കൊടുത്തിട്ടില്ലെന്ന് ഒടുവിലത്തെ ന്യായീകരണം
ഫാ. പോള്‍ തേലക്കാട്ടിനെതിരേ കേസ് എടുത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായതോടെ, പുതിയ ന്യായീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് സിറോ മലബാര്‍ സഭയും എറണാകുളം-അങ്കമാലി അതിരൂപതയും. വ്യാജരേഖയുടെ ഉറവിടം കണ്ടെത്താന്‍ മാത്രമാണ് പരാതി നല്‍കിയതെന്നും തേലക്കാട്ടച്ചനെതിരേ കേസ് കൊടുത്തെന്നത് മാധ്യമങ്ങളുടെ കുപ്രചാരണമാണെന്നുമാണ് മിഡിയ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി പറയുന്നത്. വ്യാജരേഖയുടെ ഉറവിടം കണ്ടെത്താനാണ് പരാതി കൊടുത്തതെന്നും എന്നാല്‍ ഫാ. പോള്‍ തേലക്കാട്ടിനെതിരേ കേസ് കൊടുത്തെന്ന നിലയില്‍ ഇതിനെ മാറ്റിയെഴുതുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നുമാണ് സിറോ മലബാര്‍ മാധ്യമ കമ്മിഷന്റെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നത്. മാധ്യമ വാര്‍ത്തകള്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നാണ് മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഫാ. പോള്‍ തേലക്കാട്ടാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് വ്യാജരേഖ നല്‍കിയതെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ടെന്നത് ശരിയാണെങ്കിലും വ്യാജരേഖയുടെ ഉറവിടം കണ്ടെത്തുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്നുമുള്ളതാണ് സഭയുടെ നിലപാട് എന്നാണ് ബിഷപ്പ് ജോസഫ് പാംപ്ലാനി സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപത പിആര്‍ഒ ഫാ. പോള്‍ കാരോട് പറയുന്നത്, തേലക്കാട്ടച്ചനെതിരേ എഫ് ഐ ആര്‍ ഉണ്ടെങ്കില്‍ അതേക്കുറിച്ച് വിശദീകരണം തേടുമെന്നാണ്. വ്യാജരേഖയുടെ ഉറവിടം കണ്ടെത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് കേസിനെക്കുറിച്ചുള്ള ബിഷപ്പ് ജേക്കബ് മനത്തോടം മനസിലാക്കിയിരുന്നതെന്നും ഫാ.തേലക്കാട്ടിനെതിരായി എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ വിശദീകരണം ബിഷപ് മാര്‍ മനത്തോടത്ത് ബന്ധപ്പെട്ടവരോട് ആരായുമെന്നാണ് ഫാ. പോള്‍ കരേടന്‍ പറയുന്നത്.

വ്യാജരേഖ പരാതി കൊണ്ടുന്നവര്‍ ഉത്തരം തരണമെന്നു വിശ്വാസികള്‍
ഫാ. പോള്‍ തേലക്കാട്ടിനെതിരേ ഇത്തരമൊരു കേസ് ഉണ്ടായതില്‍ വിശ്വാസികളില്‍ ഒരു വിഭാഗവും വലിയ പ്രതിഷേധത്തിലാണ്. ഫാ. തേലക്കാട്ട് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറിയ രേഖകള്‍ എങ്ങനെയാണ് സിറോ മലബാര്‍ സഭ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിലെ ഐ ടി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മപ്രകാവിലിന് കിട്ടിയതെന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്. ബിഷപ്പ് മനത്തോടത്ത് ഇതിനു മറുപടി പറയണമെന്നും ആവശ്യം ഉയരുന്നു. ഫാ. ജോബി മപ്രാകാവിലിനു ഫാ. പോള്‍ തേലക്കാട്ടിനെ പോലുള്ള ഒരു വൈദികനെതിരേ കേസ് കൊടുക്കാന്‍ അനുവാദം കൊടുത്തത് ആരാണ്? ബിഷപ്പ് മാനത്തോടത്തിന്റെ കൈവശം വളരെ രഹസ്യമായി കൊടുത്ത രേഖകള്‍ എങ്ങനെയാണ് ഫാ. മപ്രാകാവിലിനു കിട്ടുന്നത്? ഇതിനു മറുപടി മാനത്തോടത്ത് പിതാവാണ് പറയേണ്ടത്.

ഫാ. പോള്‍ തേലക്കാട്ട് കര്‍ദിനാളിനെ കുറിച്ച് തന്റെ കയ്യില്‍ കിട്ടിയ കുറച്ചു വിവരങ്ങളും രേഖകളും തന്റെ അതിരൂപത അഡ്മിനിസ്‌ട്രേറ്ററെ ഏല്‍പ്പിക്കുക മാത്രമാണ് ചെയ്തത്. ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കുന്നത് നന്നായിരിക്കും എന്നു പറഞ്ഞാണ് രേഖകള്‍ കൈമാറുന്നത്. ഒരു വൈദീകന്‍ ഇങ്ങനെ അല്ലേ ചെയ്യേണ്ടിയിരുന്നത്? പൊതുസമൂഹത്തോടാണ് ചോദ്യം. ആ രേഖ സിനഡില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്യപ്പെടാതിരിക്കുകയോ ചെയ്തിരിക്കാം. സിനഡില്‍ പങ്കെടുക്കാത്ത ഒരു വൈദികന്(ഫാ. ജോബി മപ്രകാവ്) അത് എങ്ങനെ കിട്ടി? അതിനു മറുപടി പറയേണ്ടത് മാനത്തോടത്തു പിതാവാണ്. അതിന്റെ പേരില്‍ പോലീസില്‍ പരാതിപ്പെടുന്നതിന്റെ ഔചിത്യം മനസിലാക്കേണ്ടതുണ്ട്… ഇതിന്റെ പേരില്‍ കേസ് കൊടുക്കാന്‍ സിനഡ് മാപ്രാകാവിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ? അല്ലെങ്കില്‍ ആര്‍ക്ക് വേണ്ടി, ആര് പറഞ്ഞിട്ട് ആണ് കേസ് കൊടുത്തത്?

പോലീസ് ഈ കേസ് അന്വേഷിക്കണം. കൂടാതെ ഫാ. പോള്‍ തേലക്കാട്ട് ഉണ്ടാക്കിയെന്നു പറയുന്ന വ്യാജ രേഖള്‍ ഫാ. മപ്രാകാവില്‍ പുറത്ത് വിടുകയും വേണം. പൊതുസമൂഹവും ജനങ്ങളും മാധ്യമങ്ങളും അത് വിലയിരുത്തട്ടെ. വ്യാജമാണെങ്കില്‍ അത് ഉണ്ടാക്കിയവര്‍ക്ക് എതിരെ നടപടി ഉണ്ടാകണം. എന്തായാലും വിശ്വാസികള്‍ക്ക് സത്യം അറിയണം. അത് കൂടാതെ കൂടുതല്‍ വിശ്വാസ്യത വരുത്താന്‍ കര്‍ദിനാള്‍ സ്വന്തം ബാങ്ക് അക്കൗണ്ട് രേഖകള്‍, ഫോറിന്‍ കറന്‍സി ഇടപാടുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തു വിടാന്‍ ധൈര്യം കാണിക്കുകയും വേണം.

പൊലീസ് സത്യസന്ധമായാണ് കേസ് അന്വേഷിക്കുന്നതെങ്കില്‍ ആ അന്വേഷണം അവസാനിക്കുക മൗണ്ട് സെന്റ് തോമസില്‍(സിറോ മലബാര്‍ സഭ ആസ്ഥാനം) ആയിരിക്കും. അതുവരെ പരാതി പിന്‍വലിക്കാതെ മുന്നോട്ട് പോകാനുള്ള ധൈര്യം കേസ് കൊടുത്തവരും കാണിക്കണം. രേഖ എത്തിച്ചു കൊടുത്തവര്‍ കണക്കുകൂട്ടിയത് പുരോഹിതന്‍ അതുമായി പത്ര സമ്മേളനം വിളിക്കുമെന്നാണ്. അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കൊടുക്കും എന്നാണ്. ഞങ്ങള്‍ ഈ വ്യാജരേഖകള്‍ പുറത്തു വിടാന്‍ മപ്രാകാവിലിനെ വെല്ലുവിളിക്കുന്നു. പൊതുസമൂഹം അറിയട്ടെ എന്താണ് ഈ വ്യാജരേഖകള്‍ എന്ന്; ആര്‍ച്ച് ഡയസിയന്‍ മൂവ്‌മെന്റ് ഓഫ് ട്രാന്‍സ്പരന്‍സി (എഎംടി) പ്രതിനിധികള്‍ ഈ വിഷയത്തില്‍ നടത്തിയ പ്രതികരണമാണിത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍