UPDATES

സിറോ മലബാര്‍ സഭ വ്യാജരേഖ കേസ് പുതിയ വിവാദത്തില്‍; മാര്‍പാപ്പ നിയമിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററും പ്രതി

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന കേസില്‍ കെസിബിസി മുന്‍ വക്താവ് പോള്‍ തേലക്കാട്ടും രണ്ടാം പ്രതി ബിഷപ്പ് ജേക്കബ് മനത്തോടത്തുമാണ്

സിറോ മലബാര്‍ സഭ വ്യാജരേഖ കേസ് പുതിയ വിവാദത്തിലേക്ക്. ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖള്‍ ചമച്ചെന്നു കാണിച്ച് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഫാ. പോള്‍ തേലക്കാട്ടിനെ കൂടാതെ, എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തും പ്രതി. സിറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മപ്രകാവില്‍ നല്‍കിയ പരാതിയില്‍ തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ ആണ് ഒന്നാം പ്രതിയായി പോള്‍ തേലക്കാട്ടിനെയും രണ്ടാം പ്രതിയായി ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും ചേര്‍ത്തിട്ടുള്ളത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററായി മാര്‍പാപ്പ നേരിട്ട് നിയമിച്ച വൈദികനാണ് ബിഷപ്പ് ജേക്കബ് മനത്തോടത്ത്. അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവട വിവാദത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ വ്യാജരേഖ കേസ് വരുന്നത്.

2019 ജനുവരി 7 മുതല്‍ സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് എന്ന സ്ഥാപനത്തില്‍ നടന്ന സിനഡില്‍ മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് ഫാ. ജോബി മപ്രകാവില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്ന കുറ്റം. എറണാകുളത്തെ ചില ബിസിനസുകാരുമായി മാര്‍ ആലഞ്ചേരിക്ക് ഇടപാടുകള്‍ ഉണ്ടെന്നും കോടിക്കണിക്കിന് രൂപയുടെ സാമ്പത്തിക കൈമാറ്റം ഇതിലൂടെ നടന്നിട്ടുണ്ടെന്നതിനും തെളിവായി ആലഞ്ചേരിയുടെ ചില ബാങ്ക് രേഖകളാണ് സിനഡില്‍ അവതരിപ്പിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ഫാ. പോള്‍ തേലക്കാട്ട് നല്‍കിയ ഈ രേഖകള്‍ ബിഷപ്പ് മനത്തോടത്താണ് സിനഡില്‍ സമര്‍പ്പിക്കുന്നത്. എന്നാല്‍ മാര്‍ ആലഞ്ചേരി ഈ രേഖകള്‍ വ്യാജമാണെന്നു പറയുകയും സിനഡ് നടത്തിയ പരിശോധനയില്‍ ആലഞ്ചേരിയുടെ വാദം ശരിയാണെന്നു ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മപ്രക്കാവിലിനെ കേസ് കൊടുക്കാന്‍ നിയോഗിച്ചത്.

കെസിബിസി മുന്‍ വക്താവും കത്തോലിക്ക സഭയിലെ മുതിര്‍ന്ന വൈദികനുമായ ഫാ. പോള്‍ തേലക്കാട്ടിനെ പോലൊരാള്‍ക്കെതിരേ സഭ തന്നെ കേസ് കൊടുത്തതിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി പുറത്തറിക്കിയ പ്രസ്താവനയില്‍ പോള്‍ തേലക്കാട്ടിനെതിരേ പ്രതി ചേര്‍ത്ത് പരാതി നല്‍കിയെന്നത് തെറ്റാണെന്നും മാധ്യമങ്ങള്‍ തെറ്റിദ്ധാരണപരത്തി കാര്യങ്ങള്‍ അവതരിപ്പിക്കുകയാണെന്നും വിശദീകരിച്ചിരുന്നു. വ്യാജരേഖയുടെ ഉറവിടം കണ്ടെത്തുക മാത്രമാണ് പരാതിയുടെ ലക്ഷ്യമെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു. എന്നാല്‍ തൃക്കാക്കര പൊലീസ് തയ്യാറാക്കിയ എഫ് ഐ ആര്‍ വ്യക്തമാക്കുന്നത് പോള്‍ തേലക്കാട്ടിനെ ഒന്നാം പ്രതിയും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് എടുത്തിരിക്കുന്നതെന്നാണ്. ഇത് പരാതിക്കാര്‍ അറിയാതെയല്ല ചെയ്തിരിക്കുന്നതെന്നും വ്യക്തം.

"</p

സിറോ മലബാര്‍സഭയെ ആകെ പ്രതികൂട്ടിലാക്കിയ എറണാകുളം-അങ്കമാലി അതിരൂപയിലെ ഭൂമിക്കച്ചവട വിവാദം വലിയ പ്രതിഷേധങ്ങള്‍ക്കിടയാവുകയും പ്രശ്‌നം മാര്‍പാപ്പയുടെ മുന്നില്‍ എത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിയില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് അധികാരങ്ങള്‍ നീക്കിക്കൊണ്ട് ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ അതിരൂപ ആര്‍ച്ച് ബിഷപ്പ് ആക്കി നിയമിച്ചത്. മാര്‍പാപ്പ നേരിട്ട് നിയമിച്ച അളായതിനാല്‍ സിനഡിനു പോലും നിര്‍ദേശങ്ങളോ നിബന്ധനകളോ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേര്‍ക്കു മുന്നില്‍ വയ്ക്കാന്‍ അധികാരമില്ലെന്നിരിക്കെയാണ്, അതേ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ പ്രതി ചേര്‍ത്ത് കേസ് കൊടുത്തിരിക്കുന്നത്. മാര്‍ ആലഞ്ചേരി കൂടി കുറ്റാരോപിതനായ ഭൂമിക്കച്ചവടത്തെ കുറിച്ച് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ നടത്തി വന്ന അന്വേഷണം പൂര്‍ത്തിയായിരിക്കുകയാണ്. ആ അന്വേഷണ റിപ്പോര്‍ട്ട് മാര്‍പ്പാപ്പയ്ക്ക് സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിനെതിരേ കേസ് വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍