ഒരിക്കല്‍ രക്ഷപ്പെടാനായി അവിടെ നിന്നുമിറങ്ങി ഒരു ഓട്ടോയില്‍ കയറിയെങ്കിലും, മന്ത്രവാദിയും സഹായികളും പിറകെ ഓടിവന്ന് പിടിച്ചിറക്കുകയായിരുന്നു. ഫിറോസിനു മാനസികരോഗമാണെന്നാണ് അവര്‍ അന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞത്.
‘ഒരു മരുന്നു പോലും കുടിക്കാന്‍ അവര്‍ സമ്മതിച്ചിട്ടില്ല. മുസ്ലിങ്ങള്‍ക്ക് ഇവിടുത്തെ മരുന്ന് കുടിക്കാന്‍ പറ്റില്ല എന്നൊക്കെയാണ് പറഞ്ഞത്. എന്റെ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ച് ചതിക്കുകയായിരുന്നു സര്‍. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം. എന്റെ അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത്. എന്റെ വാപ്പയും ഉമ്മയും ഇട്ട ഒരു പേരുണ്ട് സര്‍. ‘ശൈത്താന്‍’ എന്നുമാത്രമാണ് എന്നെ അവര്‍ വിളിച്ചുകൊണ്ടിരുന്നത്. ഇതിനുള്ള ശിക്ഷ അവര്‍ അനുഭവിക്കണം സര്‍.’ സമൂഹമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പില്‍ നിന്നുള്ള ഒരു ഭാഗമാണിത്. മഞ്ചേരിയിലെ ഒരു പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ നിന്നും താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ തുറന്നു പറയുന്ന ഓഡിയോ ക്ലിപ്പിലെ ശബ്ദത്തിനുടമയായ നിലമ്പൂര്‍ കരുളായി സ്വദേശി ഫിറോസ് നാലു ദിവസങ്ങള്‍ക്കു മുന്‍പ് മരിച്ചു. ലിവര്‍ സിറോസിസ് ബാധിച്ച് ചികിത്സയിലായിരുന്ന ഫിറോസിന്റെ രോഗം മന്ത്രവാദത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഭേദമാക്കാമെന്ന് ബന്ധുക്കള്‍ക്ക് വാഗ്ദാനം നല്‍കി മഞ്ചേരി ചെരണിയിലുള്ള സംഘം ഇരുപത്തിയാറു ദിവസത്തോളം ചികിത്സ നിഷേധിച്ച് പൂട്ടിയിട്ടിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ കേന്ദ്രത്തില്‍ നിന്നും പുറത്തെത്തിയ ശേഷം, താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് വിവരിച്ചുകൊണ്ട് പൊലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനായി ഫിറോസ് റെക്കോര്‍ഡു ചെയ്ത ഓഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഗള്‍ഫില്‍ ജോലി നോക്കുകയായിരുന്ന ഫിറോസിന് പിത്താശയത്തില്‍ കല്ലുണ്ടായിരുന്നതായും, അതിന്റെ ചികിത്സയ്ക്കായി ഹോമിയോ മരുന്നുകള്‍ കഴിച്ചിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു. ഹോമിയോ മരുന്ന് വര്‍ഷങ്ങളോളം തുടര്‍ച്ചയായി കഴിച്ചതിന്റെ ഫലമായി ലിവര്‍ സിറോസിസ് ബാധിച്ചുവെന്നാണ് സുഹൃത്തുക്കളുടെ സംശയം. ലിവര്‍ സിറോസിസ് ഭേദമാകാനും ആദ്യ ഘട്ടത്തില്‍ ഹോമിയോ മരുന്നുകള്‍ പരീക്ഷിച്ച ശേഷം ആയുര്‍വേദ ചികിത്സയിലേക്ക് മാറിയിരുന്നു. എറണാകുളത്തെ ഡോക്ടറുടെ ചികിത്സയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയ ശേഷമാണ് ഫിറോസ് മഞ്ചേരിയിലെ മന്ത്രവാദ കേന്ദ്രത്തിലെത്തുന്നത്. ഫിറോസിനെ ‘ശൈത്താന്‍’ ബാധിച്ചിരിക്കുകയാണെന്നും, അനിസ്ലാമികമായ മരുന്നുകള്‍ കഴിക്കരുതെന്നും മറ്റും കുടുംബാംഗങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷമാണ് സംഘത്തിലെയാളുകള്‍ മഞ്ചേരിയിലെ കേന്ദ്രത്തിലെത്തിക്കുന്നതും, മരുന്നുകള്‍ തുടരാനനുവദിക്കാതെ പൂട്ടിയിടുന്നതും.
ഫിറോസിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളും കരുളായി വാര്‍ഡ് മെംബറുമായ സുനീര്‍ പറയുന്നതിങ്ങനെ ‘ജിന്നിലും പിശാചിലുമൊക്കെ വിശ്വസിക്കുന്ന സമുദായ സംഘടനയുണ്ട്. അതേ സമുദായത്തില്‍പ്പെട്ട, ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വിഭാഗത്തിലുള്ളയാളായിരുന്നു ഫിറോസ്. പക്ഷേ, ബന്ധുക്കളെല്ലാം ഇതില്‍ വിശ്വാസമുള്ള കൂട്ടത്തിലാണ്. ഇയാളുടെ ശരീരത്തില്‍ പ്രേതബാധയാണെന്നും ചരണിയിലുള്ള തങ്ങന്മാര്‍ക്ക് അതു മാറ്റിയെടുക്കാന്‍ സാധിക്കുമെന്നും ഈ സംഘടനയില്‍പ്പെട്ടവരാണ് കുടുംബാംഗങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചത്. പിന്തുടര്‍ന്നു പോന്നിരുന്ന മരുന്നുകള്‍ കഴിക്കാന്‍ സമ്മതിക്കാതെ, തേനില്‍ മഞ്ഞള്‍ കലര്‍ത്തിക്കൊടുത്തും ഖുര്‍ആനില്‍ അനുശാസിക്കുന്ന ചികിത്സാരീതി എന്ന് അവകാശപ്പെടുന്ന രീതികള്‍ വഴിയുമായിരുന്നു അവിടത്തെ ചികിത്സ. അവിടെ നിന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല.
ഒരിക്കല്‍ രക്ഷപ്പെടാനായി അവിടെ നിന്നുമിറങ്ങി ഒരു ഓട്ടോയില്‍ കയറിയെങ്കിലും, മന്ത്രവാദിയും സഹായികളും പിറകെ ഓടിവന്ന് പിടിച്ചിറക്കുകയായിരുന്നു. ഫിറോസിനു മാനസികരോഗമാണെന്നാണ് അവര്‍ അന്ന് ഓട്ടോ ഡ്രൈവറോട് പറഞ്ഞത്. അതിനിടെ ഫിറോസ് എവിടെ എന്ന് അന്വേഷിച്ചെത്തിയ ബന്ധുക്കളും സുഹൃത്തക്കളും ഇരുപത്തിയാറു ദിവസങ്ങള്‍ക്കു ശേഷമാണ് മഞ്ചേരിയില്‍ നിന്നും കണ്ടെത്തുന്നത്. അപ്പോഴേക്കും രോഗം വല്ലാതെ മൂര്‍ച്ഛിച്ചിരുന്നു. മഞ്ചേരിയില്‍ നിന്നും ഞങ്ങള്‍ കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും, പ്രതീക്ഷ വേണ്ടെന്നു പറഞ്ഞ് അവര്‍ തിരിച്ചയച്ചു. എറണാകുളത്തെ ഡോക്ടറുടെയടുക്കല്‍ കൊണ്ടുപോയി ചികിത്സയും പുനരാരംഭിച്ചു. ഞങ്ങള്‍ മുഖാന്തിരം ഫിറോസിന്റെ വോയ്‌സ് ക്ലിപ്പും ചേര്‍ത്ത് പരാതിയൊക്കെ കൊടുത്തിരുന്നു. സഹോദരനും ഉപ്പയും ഉമ്മയും പ്രതികളാകും എന്നു വന്നതോടെയാണ് പിന്‍വാങ്ങുന്നത്. അന്ന് അവനെ നോക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. ഒരു പുരുഷായുസ്സു മുതല്‍ ഇത്തരം അനാചാരങ്ങള്‍ക്കു വേണ്ടി പോരാടിയയാളാണ്. അതാണ് ഏറ്റവും സങ്കടം.’
ചികിത്സ നടത്തിയ മന്ത്രവാദസംഘത്തിന് മഞ്ചേരിയില്‍ മാത്രം മൂന്നു കേന്ദ്രങ്ങളാണുള്ളത്. ഒരു വീടും വാടകയ്‌ക്കെടുത്ത മൂന്നു ക്വാര്‍ട്ടേഴ്‌സുകളുമായാണ് ചെരണിയിലെ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ജിന്നും ശൈത്താനും പോലുള്ളവയില്‍ വിശ്വസിക്കുന്ന സമുദായാംഗങ്ങളാണ് ഇത്തരം ചികിത്സാകേന്ദ്രങ്ങളുടെ നടത്തിപ്പിനു പിന്നില്‍. രോഗശാന്തി പ്രതീക്ഷിച്ച് നിരവധി പേരാണ് ഈ കേന്ദ്രങ്ങളിലെല്ലാം ദിവസേന എത്തിച്ചേരുന്നത്. സമുദായത്തില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരുമായ ആളുകള്‍ രോഗത്തിന് ശമനമുണ്ടാകുമെന്ന വാക്കു വിശ്വസിച്ചാണ് കൂട്ടമായെത്തുന്നത്. ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പിനു പിറകിലുള്ളതും വിശ്വസിച്ച് എത്തിച്ചേരുന്നതും ചെറുപ്പക്കാരായ ആളുകളാണെന്നതും നിരാശാജനകമാണെന്ന് സമീപവാസികള്‍ പറയുന്നു.
മഞ്ചേരിയില്‍ വിഷയം ജനകീയപ്രക്ഷേഭമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രവാദികളിലൊരാളെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്താന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ ജാമ്യവും ലഭിച്ചിട്ടുണ്ട്. തെറ്റായ മരുന്നുകള്‍ കൊടുത്തിട്ടില്ലെന്നും, പ്രാര്‍ത്ഥന മാത്രമാണ് പിന്തുടര്‍ന്നതെന്നും, രോഗി സ്വയം ചികിത്സ ആവശ്യപ്പെട്ടെത്തിയതാണെന്നുമുള്ള വാദങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നതെന്നാണ് പ്രദേശവാസികളുടെ പക്ഷം.
ചികിത്സാച്ചെലവിലേക്കായി പ്രതിദിനം പതിനായിരം രൂപയാണ് തന്റെ കുടുംബാംഗങ്ങളില്‍ നിന്നും വാങ്ങുന്നതെന്നും ഇതില്‍ക്കൂടുതല്‍ തുക കൊടുത്തിട്ടുണ്ടോ എന്നറിയില്ലെന്നും ഫിറോസിന്റെ ഓഡിയോ ക്ലിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘എനിക്ക് ലിവര്‍ സിറോസിസ് ഇല്ല, എന്റെ വയറിന്റെ ഉള്ളില്‍ ഗണപതിയാണ് എന്നാണ് അവര്‍ പറഞ്ഞത്. ഈ ചികിത്സയ്ക്കു ശേഷം ശാരീരികമായി ആകെ തളര്‍ന്നു. നടക്കാനും കിടക്കാനും വയ്യ. ശരീരം ആകെ ക്ഷീണിച്ചു. ഭക്ഷണം കഴിക്കാന്‍ പോലും വയ്യ. കഫക്കെട്ടു പിടിച്ചിട്ട് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. ഒരു മരുന്നു പോലും തന്നില്ല. ഇതൊന്നും നേരിട്ടുവന്നു പറയാന്‍ കഴിയാത്ത അവസ്ഥയാണ് എനിക്ക്. നാട്ടുകാരറിഞ്ഞാലുള്ള മാനക്കേടൊക്കെ എന്റെ കുടുംബാംഗങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ഒരു നടപടിയുണ്ടാകണം.’ ഫിറോസ് അവസാനമായി റെക്കോര്‍ഡു ചെയ്ത ശബ്ദരേഖയില്‍ പറയുന്നു. മുജാഹിദീന്‍ വിഭാഗത്തിലെ കെ.എന്‍.എമ്മിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫിറോസ്, ചുറ്റുവട്ടത്തു പ്രചരിച്ചിരുന്ന ഇത്തരം അനാചരാങ്ങള്‍ക്കെതിരെ പ്രതികരിക്കുകയും അവ പൂര്‍ണമായും ഇല്ലാതെയാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നയാളായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. തന്റെ നാട്ടുകാരെ അന്ധവിശ്വാസത്തില്‍നിന്നും പുറത്തെത്തിക്കാന്‍ ശ്രമിച്ച ഫിറോസിനെ, പിശാചു ബാധിച്ചെന്ന പേരില്‍ ചികിത്സ നിഷേധിച്ച് മരണത്തിലേക്ക് തള്ളിവിട്ടതിനെതിരായ പ്രതിഷേധത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും.
ഇത്തരം വിശ്വാസങ്ങളുമായി മുന്നോട്ടു പോയിരുന്ന ഫിറോസിന്റെ ഇളയ സഹോദരനും ഇയാളുടെ ഭാര്യാപിതാവും ചേര്‍ന്നാണ് ഫിറോസിനെ മന്ത്രവാദകേന്ദ്രത്തിലെത്തിച്ചതെന്ന് സുനീര്‍ പറയുന്നു. ‘നല്ല വിദ്യാഭ്യാസവും ജോലിയുമുള്ള ഫിറോസിന്റെ ഈ സഹോദരനാണ് ഈ ചികിത്സാകേന്ദ്രത്തിലേക്ക് ഫിറോസിനെ എത്തിക്കുന്നത്. അവന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ഫിറോസിനെ പിശാചു ബാധിച്ചിരുന്നുവെന്നും, ഫിറോസിന്റെ മരണത്തോടെ അവന്റെ കുടുംബത്തിലെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്നുമാണ്. ഇയാളുടെ ഭാര്യാപിതാവാണ് നേരത്തേ അറസ്റ്റു ചെയ്ത മന്ത്രവാദിയെ ജാമ്യത്തിലെടുക്കാന്‍ പോയത്. അത്രയ്ക്ക് അന്ധമായ വിശ്വാസമാണ്. അവരോട് എത്ര പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചിട്ടും തിരിച്ചറിയാന്‍ അവര്‍ക്കു സാധിക്കുന്നില്ല. ഇപ്പോള്‍ ഈ മന്ത്രവാദികളെ അനുകൂലിച്ചുകൊണ്ട് അനവധി ചെറുപ്പക്കാരാണ് സോഷ്യല്‍ മീഡിയയിലൊക്കെ രംഗത്തെത്തുന്നത്.’ ഫിറോസിന്റെ മരണത്തോടെയെങ്കിലും ഇത്തരം അന്ധവിശ്വാസങ്ങളെ തങ്ങളുടെ പ്രദേശത്തുനിന്നും തുടച്ചുനീക്കണം എന്ന നിശ്ചയദാര്‍ഢ്യത്തിലാണ് സുഹൃത്തുക്കള്‍.