UPDATES

ട്രെന്‍ഡിങ്ങ്

എറണാകുളം അതിരൂപതയ്ക്ക് അച്ചടക്കലംഘനത്തിന്റെ മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭ

ഫാ. തേലക്കാടിനെയും ബിഷപ്പ് മനത്തോടത്തിനെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാമെന്നു പറഞ്ഞ കര്‍ദിനാള്‍ ആലഞ്ചേരി വാക്കു പാലിച്ചില്ലെന്ന അതിരൂപതയുടെ വിമര്‍ശനം അടിസ്ഥാനരഹിതമെന്നു മീഡിയ കമ്മിഷന്‍

വ്യാജരേഖ കേസില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രവര്‍ത്തികള്‍ അച്ചടക്കലംഘനമാണെന്ന പരോക്ഷ വിമര്‍ശനവുമായി സിറോ മലബാര്‍ സഭ നേതൃത്വം. സഭയുടെ കെട്ടുറപ്പും ഐക്യവും നഷ്ടപ്പെടുത്തുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്ന കുറ്റപ്പെടുത്തലാണ് അതിരൂപതയ്ക്കുള്ള മറുപടിയെന്നോണം സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഉള്ളത്. അതിരൂപത നടത്തിയ വാര്‍ത്തസമ്മേളനവും കഴിഞ്ഞ ഞായറാഴ്ച്ച പള്ളികളില്‍ വായിക്കാന്‍ വിശദീകരണ കുറിപ്പ് പുറത്തിറക്കിയതും പരാമര്‍ശിച്ചാണ് സഭ നേതൃത്വത്തിന്റെ മുന്നറിയിപ്പിന്റെ രൂപത്തിലുള്ള പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.

വ്യാജരേഖ കേസിനു പിന്നില്‍ അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവട വിവാദത്തിനു പങ്കുണ്ടെന്നും ഇപ്പോള്‍ പൊലീസ് നടത്തുന്ന അന്വേഷണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് അനുസരിച്ചാണുള്ളതെന്നും അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് അതിരൂപതയില്‍ അപ്പസ്റ്റോലിക് അഡ്മിനിസ്ട്രറ്ററുടെ നേതൃത്വത്തില്‍ വാര്‍ത്ത സമ്മേളനം നടത്തിയത്. ഫാ. പോള്‍ തേലക്കാടിനെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും വ്യാജരേഖ കേസിന്റെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കാമെന്ന് കര്‍ദിനാള്‍ ജേര്‍ജ് ആലഞ്ചേരി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ആദിത്യ എന്ന യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് വൈദികര്‍ക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുകയാണെന്നും അടക്കം വിശദീകരണങ്ങളുമായാണ് അതിരൂപത പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. വര്‍ഗീസ് പൊട്ടയില്‍ കുറിപ്പ് പുറത്തിറക്കിയത്. ഇത് കഴിഞ്ഞ ഞായറാഴ്ച്ച പള്ളികളില്‍ വായിച്ചിരുന്നു. കര്‍ദിനാളിനെതിരായ സര്‍ക്കുലര്‍ ആയാണ് പ്രൊ-പ്രോട്ടോസിഞ്ചെല്ലൂസിന്റെ വിശദീകരണ കുറപ്പിനെ വിശ്വാസികള്‍ വ്യാഖാനിച്ചത്. സഭ നേതൃത്വത്തെ ചൊടിപ്പിക്കാനുള്ള കാരണവും അതാണെന്നു കരുതുന്നു.

കര്‍ദിനാള്‍ ആലഞ്ചേരി ഉറപ്പ് പാലിച്ചില്ല; വ്യാജ രേഖ കേസില്‍ വിശദീകരണവുമായി എറണാകുളം-അങ്കമാലി അതിരൂപത

വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് എറണാകുളം അതിരൂപത നടത്തിയ പത്രസമ്മേളനവും ഞായറാഴ്ചകളില്‍ പള്ളികളില്‍ വായിക്കാന്‍ നല്‍കിയ വിശദീകരണക്കുറിപ്പും ഉത്തരവാദിത്തപ്പെട്ടവര്‍ വസ്തുനിഷ്ഠമായി വിലയിരുത്തട്ടെ എന്നാണ് സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് അദ്ദേഹം മേലധ്യക്ഷനായിരിക്കുന്ന പള്ളികളില്‍ വിശദീകരണക്കുറിപ്പ് വായിച്ചത് തികച്ചും നിര്‍ഭാഗ്യകരമായിപ്പോയെന്നും മീഡിയ കമ്മിഷന്‍ സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു. ഇത് അച്ചടക്കലംഘനമാണെന്നു വ്യക്തമാക്കാന്‍ വേണ്ടി, 2019 ജനുവരി മാസത്തില്‍ സീറോ മലബാര്‍ സിനഡിന്റെ തീരുമാനം അനുസരിച്ച് മേജര്‍ ആര്‍ച്ചുബിഷപ്പ് നല്‍കിയ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്ന സഭാപരമായ അച്ചടക്കം പാലിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവര്‍ക്കും കടമയുണ്ട് എന്ന കാര്യമാണ് ഫാ. ആന്റണി തലച്ചെല്ലൂര്‍ ഓര്‍മിപ്പിക്കുന്നത്.

ഫാ. പോള്‍ തേലക്കാടിനെയും അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിനെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാമെന്നു പറഞ്ഞ കര്‍ദിനാള്‍ ആലഞ്ചേരി വാക്കു പാലിച്ചില്ലെന്ന അതിരൂപതയുടെ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്നാണ് മീഡിയ കമ്മിഷന്‍ പറയുന്നത്. ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയോ ഫാ. പോള്‍ തേലക്കാട്ടിനെയോ പ്രതിസ്ഥാനത്തു നര്‍ത്തിയല്ല സിനഡിനുവേണ്ടി പരാതി സമര്‍പ്പിച്ചതെന്നും അതിനാലാണ് ഇരുവരുടെയും പേര് പ്രതിസ്ഥാനത്തുനിന്നു നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും വ്യക്തമാക്കുന്ന മീഡിയ കമ്മിഷന്‍ സെക്രട്ടറി തുടര്‍ന്നു വിശദീകരിക്കുന്ന കാര്യം, പരാതി നല്‍കിയ ഫാ. ജോബി മാപ്രകാവിലും മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും ബിഷപ്പ് മനത്തോടത്തിനെയും ഫാ. തേലക്കാടിനെയും പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നു വ്യക്തമാക്കി തങ്ങളുടെ മൊഴികള്‍ യഥാസമയം നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് പോലീസും കോടതിയുമാണെന്നുമാണ്. കര്‍ദിനാള്‍ ആലഞ്ചേരി ഇക്കാര്യത്തില്‍ വാക്കു പാലിച്ചില്ല എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണജനകവുമാണെന്നും മീഡിയ കമ്മിഷന്‍ സെക്രട്ടറി കുറ്റപ്പെടുത്തുന്നു.

വ്യാജരേഖ കേസില്‍ എറണാകളം-അങ്കമാലി അതിരൂപതയുടെ നിലപാട് ശരിയല്ലെന്നും മീഡിയ കമ്മിഷന്‍ സെക്രട്ടറി ഫാ.ആന്റണി തലച്ചെല്ലൂര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പരാമര്‍ശം ഉണ്ട്. പുറത്തു വന്നിരിക്കുന്ന രേഖകള്‍ വ്യാജമാണെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും രേഖാമൂലം പറഞ്ഞുകഴിഞ്ഞതാണെന്നും ആര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ രേഖകള്‍ കൃത്രിമമാണെന്നു തെളിഞ്ഞിട്ടും അവ സത്യമാണെന്ന് ആവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ കൈവശമുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്കു നല്‍കി സഹകരിക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടതെന്നുമാണ് സഭ നേതൃത്വത്തിന്റെ വെല്ലുവിളി. വ്യാജരേഖ കേസിലെ പൊലീസ് അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും ജൂഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ ആണു വേണ്ടതെന്നു അതിരൂപതയും വിശ്വാസി സമൂഹവും ആവര്‍ത്തിക്കുമ്പോഴും ഇപ്പോള്‍ നടക്കുന്നത് സത്യസന്ധമായ അന്വേഷണമാണെന്ന വിലയിരുത്തലാണ് സഭ നേതൃത്വത്തിനുള്ളത്. ഈ അന്വേഷണം തുടരണമെന്നാണ് മീഡിയ കമ്മിഷന്‍ പ്രസ്താവനയിലും പറയുന്നത്. മറ്റ് ഏജന്‍സികളുടെ ആന്വേഷണം ആവശ്യപ്പെടുന്നവര്‍ അതിനുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും നിയമപരമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങളെ ആരാധനയ്ക്കിടയിലെ ചര്‍ച്ചാവിഷയമാക്കുന്നത് ശരിയാണോ എന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ആത്മശോധന ചെയ്യട്ടെയെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

ലൈംഗിക ചൂഷണ ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്ക് തന്നെ വിട്ടുകൊടുത്ത് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍