UPDATES

ട്രെന്‍ഡിങ്ങ്

കര്‍ദിനാളിനെതിരേ വ്യാജരേഖ ചമയ്ക്കാന്‍ 10 ലക്ഷം; മുന്‍ വൈദിക സമിതിയംഗത്തിന്റെ ആരോപണത്തിനെതിരേ വൈദികന്‍ രംഗത്ത്

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖകള്‍ ചമയ്ക്കാന്‍ 10 ലക്ഷം രൂപ ഫാ. പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ ചെലവിട്ടെന്നായിരുന്നു ഫാ. ആന്റണിയുടെ ആരോപണം

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന സംഭവത്തില്‍ സിറോ മലബാര്‍ സഭ വൈദികര്‍ തമ്മില്‍ തുറന്ന പോര്. വ്യാജരേഖ കേസില്‍ ഒന്നാം പ്രതിയാക്കിയ കെസിബിസി മുന്‍വക്താവായ ഫാ. പോള്‍ തേലക്കാട്ടിനെതിരേ പുതിയ ആരോപണവുമായി മുന്‍ വൈദിക സമിതി അംഗം ഫാ. ആന്റണി പൂതവേലില്‍ രംഗത്തെത്തിയതും ഫാ. ആന്റണിയെ തള്ളിപ്പറഞ്ഞ് ഫാ. ജോസ് പുതുശ്ശേരി മുന്നോട്ടു വന്നിരിക്കുന്നതുമാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. കര്‍ദിനാളിനെതിരേ വ്യാജരേഖകള്‍ ചമയ്ക്കാന്‍ 10 ലക്ഷം രൂപ ഫാ. പോള്‍ തേലക്കാട്ടിന്റെ നേതൃത്വത്തില്‍ ചെലവിട്ടെന്നായിരുന്നു ഫാ. ആന്റണിയുടെ ആരോപണം. ഇക്കാര്യം ഫാ. ജോസ് പുതുശ്ശേരിയാണ് തന്നോട് വെളിപ്പെടുത്തിയതെന്നും ഫാ. ആന്റണി പറഞ്ഞിരുന്നു. വ്യാജരേഖ ഉണ്ടാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് ഫാ. പോള്‍ തേലക്കാട് ആണ്. സഭയിലെ പതിനഞ്ചോളം വൈദികര്‍ ഇതിനു കൂട്ടു നിന്നു. വ്യാജരേഖ സൃഷ്ടിക്കാന്‍ ഫാ. പോള്‍ തേലക്കാട്ടും വിമത വൈദികരും ചേര്‍ന്ന് 10 ലക്ഷം രൂപ ചെലവഴിച്ചു. ഇപ്പോഴുണ്ടായിരിക്കുന്ന കേസ് അട്ടിമറിക്കാന്‍ വിമത വൈദികരുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നിങ്ങനെയാണ് ഫാ. ആന്റണി പൂതവേലിലിന്റെ ആരോപണങ്ങള്‍. ഇവയ്‌ക്കെല്ലാം തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും അന്വേഷണ സംഘത്തിന് അവ കൈമാറുമെന്നും വൈദികന്‍ പറയുന്നു.

എന്നാല്‍ താന്‍ വെളിപ്പെടുത്തിയെന്ന അവകാശവാദത്തോടെ ഫാ. ആന്റണി പൂതവേലില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവിരുദ്ധമാണെന്ന് ആരോപിച്ച് ഫാ. ജോസ് പുതുശ്ശേരിയും രംഗത്തെത്തി. താന്‍ പറയാത്ത കാര്യങ്ങളാണ് പറഞ്ഞൂവെന്ന തരത്തില്‍ വെളിപ്പെടുത്തലാക്കിയിരിക്കുന്നത്. ഇതിന്റെ നിജസ്ഥിതി എല്ലാവരും അറിയണമെന്നും വ്യക്തമാക്കി ഒരു ഫെയ്‌സ്ബുക്ക്് കുറിപ്പ് ഇടുകയാണ് ഫാ. ജോസ് പുതുശ്ശേരി ചെയ്തിരിക്കുന്നത്.

ഭൂമിവിവാദവുമായി ബന്ധപ്പെട്ട രേഖകള്‍ അച്ചന്‍മാര്‍ ശേഖരിക്കുന്നു എന്നു താന്‍ പറഞ്ഞതിനെയാണ് ‘വ്യാജരേഖകള്‍ ശേഖരിക്കുന്നു അല്ലെങ്കില്‍ ചമയ്ക്കുന്നു’ എന്നാക്കി ഫാ. ആന്റണി മാറ്റിയതെന്നാണ് ഫാ. ജോസിന്റെ പരാതി. വിവരാവകാശ നിയമപ്രകാരവും മറ്റും അച്ചന്മാര്‍ ശേഖരിച്ച തെളിവുകളാണ് ഭൂമി വില്പനയിലെ കള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നതെന്നു കൂടി ഫാ. ജോസ് ഇതിനോട് ചേര്‍ത്തു പറയുന്നുണ്ട്. ഇപ്രകാരം തെളിവുകള്‍ അന്വേഷിച്ച് നടക്കുന്നത് സാധാരണക്കാരായ വൈദീകര്‍ക്ക് സാമ്പത്തീകമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞതിനെയാണ് ലക്ഷങ്ങള്‍ മുടക്കി തെളിവുകള്‍ മെനഞ്ഞു എന്ന് അച്ചന്‍ വക്രീകരിച്ച് അവതരിപ്പിച്ചതെന്നും ഫാ. ആന്റണിക്കെതിരേ ഫാ.ജോസ് ആക്ഷേപം ഉയര്‍ത്തുന്നു. താന്‍ ഫാ. ആന്റണിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് 2017 സെപ്തംബറില്‍ ആണെന്നും എന്നാല്‍ കര്‍ദിനാളിനെതിരെയുള്ള വ്യാജരേഖ ആരോപണം ഉണ്ടാകുന്നത് 2019 ജനുവരിയില്‍ ആണെന്നും ഫാ. ജോസ് പുതുശ്ശേരി ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ നിന്നു തന്നെ ഫാ. ആന്റണി തനിക്കെതിരേ പറയുന്ന കാര്യങ്ങള്‍ അസ്വാഭാവികതയുള്ളതാണെന്നു വ്യക്തമാകുമെന്നും ഫാ. ജോസ് പുതുശ്ശേരി പറയുന്നു.

ഫാ. ജോസ് പുതുശ്ശേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വാക്കുകള്‍ വളച്ചൊടിക്കപ്പെടുമ്പോള്‍ രാജാവും അനാഥനാവും…

(ചാനല്‍ ചര്‍ച്ചയില്‍ എന്റെ പേര് പരാമര്‍ശിക്കപ്പെട്ടതില്‍ വിഷമവും, സങ്കടവും തോന്നിയ എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കായി ഒരു കുറിപ്പ് – കൂലി തൊഴിലാളികള്‍ക്കല്ല എന്ന് സാരം)

ഞാന്‍ Fr. ജോസ് പുതുശ്ശേരി. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികനാണ്. 2018 ജനുവരി 26 മുതല്‍ വിദേശത്ത് ഉപരിപഠനത്തിലാണ്. വിദേശത്ത് എത്തി പഠനം ആരംഭിച്ച് ഒന്നേകാല്‍ വര്‍ഷത്തിനു ശേഷം ഇന്ന് ഈ കുറിപ്പെഴുതാനുള്ള കാരണം, കര്‍ദ്ധിനാള്‍ പിതാവിനെതിരെ വ്യാജരേഖ ചമയ്ക്കപ്പെട്ടു എന്ന കേസുമായി ബന്ധപ്പെട്ട്, ബഹു. ആന്റണി പൂതവേലി അച്ചന്‍ ഇന്ന് ചാനലുകള്‍ക്ക് നല്കിയ ഒരു അഭിമുഖമാണ്. എന്റെ പേരും, സ്ഥലവും പരാമര്‍ശിച്ചുകൊണ്ട്, ഞാന്‍ പറഞ്ഞു എന്ന പേരില്‍ അച്ചന്‍ പരാമര്‍ശിച്ച ചില കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തുന്നതിനു വേണ്ടിയാണ്.

ഇവിടേക്ക് വരുന്നതിന് മുമ്പുള്ള ഏതാനും മാസങ്ങള്‍(2017 സെപ്തംബര്‍ മുതല്‍ 2018 ജനുവരി വരെ) ഞാന്‍ സേവനം ചെയ്തത് ബഹു. ആന്റണി പൂതവേലില്‍ അച്ചന്റെ കൂടെ വാഴക്കാല ഇടവകയിലാണ്. അവിടെ ശുശ്രൂഷ ചെയ്തിരുന്ന സമയത്ത് തന്നെയാണ് അതിരൂപതയുടെ ഭൂമിക്രയവിക്രയങ്ങളില്‍ നടന്ന ക്രമക്കേടുകളുടെ നിജസ്ഥിതിയെക്കുറിച്ച് അതിരൂപതയിലെ ബഹു. വൈദീകര്‍ അന്വേഷിച്ചതും, ആലഞ്ചേരി പിതാവുമായി ചര്‍ച്ചകള്‍ നടത്തിയതും.

അതിരൂപതയിലെ മറ്റേതൊരു വൈദീകനേയും പോലെ, ഓരോ ദിവസവും കേള്‍ക്കുന്നതും, അറിയുന്നതുമായ വാര്‍ത്തകളും കാര്യങ്ങളും, ഭക്ഷണമേശയില്‍ അച്ചനുമായി ഞാന്‍ പങ്കുവച്ചിട്ടുണ്ട്. ഒരു പള്ളിമേടയിലെ വികാരിയച്ചനും, കൊച്ചച്ചനും ഒരുമിച്ചിരുന്ന് കഴിക്കുന്ന അത്താഴത്തിന്റെ നന്മയും നേര്‍മ്മയും ഇത് വായിക്കുന്ന കുറെ വൈദീകര്‍ക്കെങ്കിലും മനസ്സിലാവും എന്ന് ഞാന്‍ കരുതുന്നു. അത്തരം ഇടത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ പാടില്ല എന്ന അവകാശവാദമൊന്നും എനിക്കില്ല. പക്ഷേ, പറയുന്നത് സത്യമായിരിക്കണം, വാസ്തവമായിരിക്കണം എന്നത് മാത്രമാണ് ആവശ്യം.

ഇന്ന് (30-04-2019) ആന്റണി അച്ചന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ്. അവ തിരുത്തേണ്ടത് എന്റെ അവകാശവും ബാദ്ധ്യതയുമാണ്.

1. ഭൂമിവിവാദവുമായി ബന്ധപ്പെട്ട രേഖകള്‍ അച്ചന്‍മാര്‍ ശേഖരിക്കുന്നു എന്നു ഞാന്‍ പറഞ്ഞതിനെ ‘വ്യാജരേഖകള്‍ ശേഖരിക്കുന്നു അല്ലെങ്കില്‍ ചമയ്ക്കുന്നു’ എന്നാക്കി അച്ചന്‍ മാറ്റി. (വിവരാവകാശ നിയമപ്രകാരവും മറ്റും അച്ചന്മാര്‍ ശേഖരിച്ച തെളിവുകളാണ് ഭൂമി വില്പനയിലെ കള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നത്).

2. ഇപ്രകാരം തെളിവുകള്‍ അന്വേഷിച്ച് നടക്കുന്നത് സാധാരണക്കാരായ വൈദീകര്‍ക്ക് സാമ്പത്തീകമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നു പറഞ്ഞതിനെയാണ് ലക്ഷങ്ങര്‍ മുടക്കി തെളിവുകള്‍ മെനഞ്ഞു എന്ന് അച്ചന്‍ വക്രീകരിച്ച് അവതരിപ്പിച്ചത്.

സമകാലീനകേരളം ചര്‍ച്ച ചെയ്യുന്ന, കര്‍ദ്ധിനാളിനെതിരെയുള്ള ഈ വ്യാജരേഖാ ആരോപണം പോലും ഉരുത്തിരിയുന്നത് 2019 ജനുവരി മാസത്തിലാണ്. 2017 സെപ്തംമ്പറില്‍ ഞാന്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞു എന്ന് പറയുന്നതില്‍ തന്നെയുള്ള അസ്വാഭാവികത ഇത് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു.

സത്യം എന്നെ സ്വതന്ത്രനാക്കും എന്ന ദൈവവചനമാണ് ഇന്ന് എന്റെ കരുത്ത്.

ഫാ. ജോസ് പുതുശ്ശേരി

അതേസമയം ഫാ. ആന്റണി പൂതവേലില്‍ തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങളോട് തത്കാലം പ്രതികരിക്കുന്നില്ലെന്നാണ് ഫാ. പോള്‍ തേലക്കാട്ടില്‍ വ്യക്തമാക്കുന്നത്. ആരോപണം ഉന്നയിച്ചവര്‍ തന്നെ തെളിവുകളും കൊണ്ടുവരട്ടെയെന്നു പറഞ്ഞ ഫാ. തേലക്കാട്ട്, ഒപ്പം ഉള്ളവര്‍ക്കെതിരേ വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിലവാരത്തകര്‍ച്ചയെക്കുറിച്ച് ദുഃഖം ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍