UPDATES

വ്യാജരേഖകളും വ്യാജാരോപണങ്ങളും; എറണാകുളം അതിരൂപതയെ ഒറ്റുകൊടുക്കുന്നതാര്?

ഇത്തരം ഏറ്റമുട്ടലുകളും കുത്സിതപ്രവര്‍ത്തനങ്ങളും കത്തോലിക്ക സഭയെ ആകെ തന്നെയാണ് തകര്‍ക്കുന്നതെന്ന കാര്യം പൗരോഹിത്യ നേതൃത്വം വിസ്മരിക്കരുതെന്ന മുന്നറിയിപ്പാണ് സാധാരണ വിശ്വാസികള്‍ നല്‍കുന്നത്

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ഉണ്ടാക്കാന്‍ ഫാ. പോള്‍ തേലക്കാട്ട് 10 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നതടക്കമുള്ള മുന്‍ വൈദിക സമിതിയംഗവും മറ്റൂര്‍ ഇടവക വികാരിയുമായ ഫാ. ആന്റണി പൂതവേലിയുടെ ആരോപണങ്ങള്‍ ആര്‍ക്കുവേണ്ടി? ഫാ. പൂതവേലിയുടെ ആരോപണങ്ങളില്‍ തരിമ്പും കഴമ്പ് ഇല്ലെന്നു വ്യക്തമാക്കി കൊണ്ട് അതിരൂപതയിലെ വൈദികര്‍ തന്നെയാണ് ഈ ചോദ്യം ഉയര്‍ത്തുന്നത്. ഇത്തരം വ്യാജാരോപണങ്ങളും വ്യാജരേഖകളും വിശ്വാസികള്‍ക്കിടയില്‍ പുരോഹിതരെക്കുറിച്ച് മോശം ധാരണകള്‍ ഉണ്ടാക്കാനും അതുവഴി ലോകത്തിനു മുന്നില്‍ സഭയുടെ സത്പേര് തകരാനും കാരണമാകുമെന്നും വൈദികര്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി വിശ്വാസികളും ഇതേ അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തിര വൈദിക സമിതിയോഗത്തിലും ഫാ. ആന്റണി പൂതവേലിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്്. മാധ്യമങ്ങളിലൂടെ തികച്ചും വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഫാ. ആന്റണി പൂതവേലി ചെയ്തതെന്നാണ് വൈദിക സമിതിയുടെ പ്രധാന ആക്ഷേപം. വ്യാജരേഖ സൃഷ്ടിച്ചത് പോള്‍ തേലക്കാട്ടച്ചന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം വൈദികര്‍ കൂടി കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ നടത്തിയ നീക്കമായിരുന്നുവെന്നും പൂതവേലിയച്ചന്റെ കൂടെ 2017 ല്‍ താമസിച്ചിരുന്ന ഫാ. ജോസ് പുതുശ്ശേരി ഇത്തരം നീക്കത്തിനായി വൈദകര്‍ 10 ലക്ഷം രൂപ ചെലവാക്കിയെന്ന് തന്നോട് വെളിപ്പെടുത്തിയെന്നുമുള്ള ഫാ. പൂതുവേലിയുടെ പ്രസ്താവാന സത്യവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നാണ് വൈദിക സമിതി പറയുന്നത്.

യുവ വൈദികരെ ഒറ്റുകാരാക്കുന്നതെന്തിന്?
ഫാ. ആന്റണി പൂതവേലിയുടെ ആരോപണങ്ങളുയര്‍ത്തി എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏതാനും യുവ വൈദികരെ ‘ ഒറ്റുകാരാക്കി’ ചിത്രീകരിക്കുന്നതിനെതിരേയും വൈദിക സമിതിയോഗത്തില്‍ എതിര്‍പ്പുകളുയര്‍ന്നു. കര്‍ദിനാളിനെതിരായ വ്യാജരേഖയുടെ പിറകില്‍ അതിരൂപതയിലെ ചില യുവ വൈദികരാണെന്നായിരുന്നു പൂതവേലിയുടെ ആരോപണം. നിലവില്‍ വൈദിക സമിതിയില്‍ അംഗമല്ലാത്ത വൈദികന്‍, വൈദിക സമിതിയില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത കാര്യം തന്റെ ഭാവനയനുസരിച്ച് സൃഷ്ടിച്ച് മാധ്യമങ്ങളോട് പറയുകയാണ് ഉണ്ടായതെന്നാണ് പൂതവേലിയെ തള്ളിക്കൊണ്ട് വൈദിക സമിതി പറയുന്നത്. ഇത്തരം നിരുത്തരവാദിത്വപരമായ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ഫാ. ആന്റണി പൂതവേലിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വൈദിക സമിതി സെക്രട്ടറി അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കിയിരുന്നു.

അവഹേളിച്ചത് കര്‍ദിനാളിനെയോ തേലക്കാട്ടച്ചനെയോ?
വ്യാജരേഖ ചമച്ച് കര്‍ദിനാള്‍ ആലഞ്ചേരിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നതാണ് വ്യാജരേഖ കേസിലെ പ്രധാന പരാതിയെങ്കിലും ആ സംഭവത്തില്‍ യഥാര്‍ത്ഥത്തില്‍ സമൂഹത്തിനു മുന്നില്‍ അവഹേളിക്കപ്പെട്ടത് ഫാ. പോള്‍ തേലക്കാട്ട് ആണെന്നാണ് വൈദികരും വിശ്വാസികളും പൊതുവില്‍ പറയുന്നത്. അതിരൂപതയിലെ മുതര്‍ന്ന വൈദികന്‍ എന്ന നിലയില്‍ ഏവരാലും ബഹുമാനിക്കപ്പെടേണ്ടൊരാളായ തേലക്കാട്ടച്ചനെ കേസില്‍ പ്രതിയാക്കി സ്വന്തം സഭ തന്നെ അപമാനിച്ചുവെന്നാണ് വിശ്വാസികളും വൈദികരും ചൂണ്ടിക്കാട്ടുന്നത്. അബദ്ധം പറ്റിയതാണെന്നും എഫ് ഐ ആറില്‍ നിന്നും തേലക്കാട്ടച്ചന്റെ പേര് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ദിനാള്‍ ഉള്‍പ്പെടെ പറഞ്ഞിട്ടും ഇപ്പോഴും വ്യാജരേഖ കേസില്‍ ഫാ. പോള്‍ തേലക്കാട്ട് ഒന്നാം പ്രതിയാണ്. ഇതിനു പിന്നാലെയാണ് കൂടുതല്‍ ആക്ഷേപകരമായ രീതിയില്‍ ആരോപണങ്ങളുമായി ഫാ. ആന്റണി പൂതവേലി പരസ്യമായി രംഗത്തു വന്നതും.

ഫാ. പോള്‍ തേലക്കാട്ടിനു ലഭിച്ച രേഖകള്‍ സ്വകാര്യമായും രഹസ്യമായും അവയുടെ നിജസ്ഥിതി വ്യക്തമല്ല എന്നു പറഞ്ഞുകൊണ്ട് തന്റെ അധികാരിയായ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ ഏല്‍്പ്പിക്കുകയാണ് ഉണ്ടായത്. ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താനായിരുന്നെങ്കില്‍ അതു സഭാധികാരിയെ ഏല്‍പ്പിക്കുമായിരുന്നില്ല. ഒരു സഭാംഗത്തിന്റെ ഉത്തരവാദിത്വം എന്ന വിധത്തിലാണ് ഇതു ചെയ്തത്. ബിഷപ്പ് മനത്തോടത്ത് ഇതു സിനഡില്‍ അവതരിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മേലധികാരിയായ കര്‍ദിനാളിനെ ഏല്‍പ്പിക്കുകയായിരുന്നു. അവിടെ ഈ വിഷയം അവതരിപ്പിച്ചത് സിനഡിന്റെ അധ്യക്ഷനായ കര്‍ദിനാള്‍ തന്നെയാണ്. വളരെ രഹസ്യമായി നടന്ന യോഗത്തില്‍ അവതരിപ്പിച്ചതുവഴി ആരെയും തേജോവധം ചെയ്തു എന്ന പ്രശ്‌നം ഉദിക്കുന്നില്ല എന്ന വൈദിക സമിതിയുടെ വിശദീകരണത്തില്‍ തന്നെ സിറോ മലബാര്‍ സഭയിലെ ചേരിതിരിവ് വ്യക്തമാകുന്നുണ്ട്. ഫാ. ആന്റണി പൂതവേലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നതിന്റെ അടിസ്ഥാന കാരണവും ഫാ. പോള്‍ തേലക്കാട്ടിനെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവന നടത്തിയെന്ന പേരിലാണ്. അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വൈദിക സമിതിയെ അറിയിച്ചത്, തനിക്കെതിരേ വ്യാജ പ്രസ്താവന നടത്തി അവഹേളിച്ചതിനെതിരേ ഫാ. തേലക്കാട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലും സിനഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ ലംഘിച്ചുകൊണ്ട് മാധ്യമങ്ങള്‍ക്ക് പ്രസ്താവന കൊടുത്തതിന്റെ പേരിലും ഫാ. ആന്റണി പൂതവേലിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ്.

ഇവിടെയും ഉയരുന്ന ചോദ്യം സിനഡിനെയും സഭയേയും മൊത്തത്തില്‍ ധിക്കരിക്കുന്ന തരത്തില്‍ സ്വയം തീരുമാനമെടുത്ത് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ഫാ. ആന്റണി പൂതവേലില്‍ തയ്യാറായോ എന്നാണ്. വ്യാജരേഖ കേസില്‍ ഫാ. പോള്‍ തേലക്കാട്ടിനും അപ്പസ്റ്റോലിക് അഡ്മിനിസ്ട്രര്‍ക്കും എതിരായി മൊഴി നല്‍കിയ സിറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മപ്രകാവിലിന്റെ നടപടിയും അബദ്ധമായിരുന്നുവെന്നു പറഞ്ഞ സാഹചര്യവും ഫാ. ആന്റണി പൂതവേലിയുടെ ആരോപണങ്ങളോട് ചേര്‍ത്ത് കാണാവുന്നതാണ്. ഇടവക വികാരിക്കും ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കുമെല്ലാം അതിരൂപത അപ്പസ്‌റ്റോലിക് അ്ഡ്മിനിസ്‌ട്രേറ്റര്‍ക്കും ഉന്നത വ്യക്തിത്വം പുലര്‍ത്തുന്ന സഭയുടെ മുതിര്‍ന്ന വൈദികനുമൊക്കെ എതിരേ കേസ് കൊടുക്കാനും ആരോപണങ്ങള്‍ ഉയര്‍ത്താനും യാതൊന്നും തടസമില്ലാതെ വരുന്നത് യാദൃശ്ചികമാണോ എന്നാണ് വിശ്വാസികള്‍ ചോദിക്കുന്നത്.

ബിഷപ്പും വൈദികനും ഇപ്പോഴും ക്രിമിനല്‍ കേസ് പ്രതികളായി തുടരുന്നതിന് കാരണമാര്?
ഇല്ലാക്കഥകള്‍ പറഞ്ഞും ഇല്ലാത്ത രേഖകള്‍ ഉണ്ടാക്കിയും സഭയുടെ തലവനെയും സഭയെ ആകെയും തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുവെന്ന് കര്‍ദിനാള്‍ ആലഞ്ചേരി പക്ഷം ആരോപിക്കുമ്പോള്‍ തന്നെയാണ് അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന പ്രവര്‍ത്തികളിലെ ഗൂഡലക്ഷ്യങ്ങള്‍ മറുഭാഗവും ചൂണ്ടിക്കാണിക്കുന്നത്. വ്യാജരേഖകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിന് കേസ് കൊടുക്കാന്‍ സിനഡ് ചുമതലപ്പെടുത്തിയ ഫാ. ജോബി മാപ്രകാവിലിന്റെ വക്കീല്‍ ഹൈക്കോടതിയില്‍ വാദത്തിനിടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മെത്രാന്മാര്‍ക്കും സന്ന്യാസശ്രേഷ്ഠന്മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ ഫാ. പോള്‍ തേലക്കാട്ടിനെയും ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും പ്രതികളായി കേസ് കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലയെന്ന വാദം അംഗീകരിക്കുന്നു എന്ന സമ്മതിച്ചിട്ടില്ല. ഇക്കാര്യം വൈദിക സമിതി തന്നെ ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലമാണ് വ്യാജരേഖ കേസിലെ പ്രതിസ്ഥാനത്തു നിന്നും ബിഷപ്പിനെയും ഫാ. തേലക്കാട്ടിനെയും കോടതി ഒഴിവാക്കാതിരുന്നതും.

കര്‍ദിനാളും മീഡിയ കമ്മിഷന്‍ ചെയര്‍മാനും പറഞ്ഞത് വെറും വാക്കോ?
എന്നാല്‍ ഹൈക്കോടതിയില്‍ വക്കീല്‍ പറഞ്ഞതല്ല കര്‍ദിനാള്‍ മെത്രാന്മാര്‍ക്ക് നല്‍കിയ ഉറപ്പും മീഡിയ കമ്മിഷന്‍ പുറത്തു വിട്ട വാര്‍ത്താക്കുറിപ്പും. രണ്ടിലും പറയുന്നത് ഫാ. തേലക്കാട്ടിനെയും ബിഷപ്പ് മനത്തോടത്തെയും പ്രതികളാക്കിയത് സംഭവിച്ചുപോയ തെറ്റാണെന്നായിരുന്നു. വ്യാജരേഖക്കേസില്‍ ബിഷപ്പ് മനത്തോടത്തിനും ഫാ. തേലക്കാട്ടിനുമെതിരായി സിറോ മലബാര്‍ സഭാ സിനഡിനു വേണ്ടി പോലീസില്‍ പരാതി നല്കിയെന്ന വാര്‍ത്തകള്‍ തെറ്റാണ്. ബിഷപ്പ് മനത്തോടത്തോ ഫാ. തേലക്കാട്ടോ വ്യാജരേഖ ഉണ്ടാക്കിയെന്ന് സിനഡിനു വേണ്ടി ഒരു പരാതിയും കൊടുത്തിട്ടില്ല. വിവാദ രേഖകള്‍ ഫാ. തേലക്കാട്ട് ബിഷപ്പ് മനത്തോടത്തിനെ ഏല്‍പ്പിച്ചെന്നും ബിഷപ്പ് അത് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ഏല്‍പ്പിച്ചെന്നും മാത്രമാണ് പറഞ്ഞിട്ടുള്ളത്. വ്യാജരേഖ സൃഷ്ടിച്ചവരെ കണ്ടെത്തി അവര്‍ക്കെതിരെ നിയമാനുസൃതം നടപടിയെടുക്കണമെന്ന് മാത്രമാണ് സിനഡ് ആവശ്യപ്പെട്ടിട്ടുള്ളത്; സഭയ്ക്ക് വേണ്ടി മാധ്യമ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി 2019 മാര്‍ച്ച് 18 ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നത്. മാധ്യമ വാര്‍ത്തകള്‍ യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇനി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ സുപ്പിരിയേഴ്സിനെയും പ്രൊവിന്‍ഷ്യാള്‍സിനെയും സംബോധന ചെയ്ത് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത് എങ്ങനെയാണെന്നു നോക്കാം; ഫാ. ജോബി മപ്രക്കാവില്‍ പൊലീസില്‍ എഴുതി നല്‍കിയ പരാതിയില്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെതിരെയോ ഫാ. പോള്‍ തേലക്കാട്ടിനെതിരെയോ യാതൊരു ആരോപണങ്ങളും ഉന്നയിച്ചിരുന്നില്ലെന്നാണ്. ഫാ.പോള്‍ തേലക്കാട്ട് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറിയ രേഖകള്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിന് നല്‍കുകയും മേജര്‍ ആര്‍ച്ച് ബിഷപ്പ് അത് സിനഡിന് മുന്നില്‍ വയ്ക്കുകയുമായിരുന്നു. പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യാജരേഖ ചമച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പൊലീസ് തയ്യാറാക്കിയ എഫ് ഐ ആറില്‍ എങ്ങനെയോ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയും ഫാ. പോള്‍ തേലക്കാട്ടിന്റെയും പേരുകള്‍ ഉള്‍പ്പെടുകയായിരുന്നു. അവര്‍ ഇരുവരുടെയും പേരുകള്‍ എഫ് ഐ ആറില്‍ കടന്നുകൂടുമെന്ന് തങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. എന്തായാലും ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെയും ഫാ. പോള്‍ തേലക്കാടിന്റെയും പേരുകള്‍ ഒഴിവാക്കി എഫ് ഐ ആറില്‍ സംഭവിച്ച പിഴവ് തിരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

പുറത്തു പറഞ്ഞതും കോടതിയില്‍ പറഞ്ഞതും രണ്ടുതരത്തില്‍ ആയതുകൊണ്ടാണ് മാര്‍പാപ്പ നേരിട്ട് നിയമിച്ച അപ്പസ്റ്റോലിക് അഡിമിനിസ്‌ട്രേറ്ററും സഭയുടെ ആദരണീയനായ വൈദികനും ക്രിമിനല്‍ കേസ് പ്രതികളായി തുടരുന്നത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങളും പ്രസ്താവനകളും വഴി അതിരൂപതയിലെ വൈദികര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനെയും ജനങ്ങളുടെ ഇടയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനെയും വൈദിക സമിതി അപലപിക്കുന്നുണ്ടെങ്കിലും അതിരൂപത ഭൂമിക്കച്ചവടത്തിന്റെ അന്തിമ വിധി വത്തിക്കാനില്‍ നിന്നും ഉടന്‍ തന്നെയുണ്ടാകുമെന്നതിനാല്‍ ഇപ്പോള്‍ നടക്കുന്ന ഏറ്റുമുട്ടല്‍ തുടരാനാണ് സാധ്യത. ഇത്തരം ഏറ്റമുട്ടലുകളും കുത്സിതപ്രവര്‍ത്തനങ്ങളും കത്തോലിക്ക സഭയെ ആകെ തന്നെയാണ് തകര്‍ക്കുന്നതെന്ന കാര്യം പൗരോഹിത്യ നേതൃത്വം വിസ്മരിക്കരുതെന്ന മുന്നറിയിപ്പാണ് സാധാരണ വിശ്വാസികള്‍ നല്‍കുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍