UPDATES

ട്രെന്‍ഡിങ്ങ്

പിതാവും സംഘവും ആക്രമിച്ച് പിടിച്ചുകൊണ്ടുപോയി; ഭിന്നശേഷിക്കാരനായ ദളിത് യുവാവിനെ വിവാഹം കഴിച്ച യുവതി ഒരുമാസമായി വീട്ടു തടങ്കലില്‍

ഒന്നും ചെയ്യാതെ പൊലീസ്

ഭിന്നശേഷിക്കാരനും ദളിതനുമായ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവതിയെ വീട്ടു തടങ്കലില്‍ ആക്കിയ സംഭവത്തില്‍ ഒന്നും ചെയ്യാതെ പൊലീസ്. പാലക്കാട് സ്വദേശി രാജന്‍ വിവാഹം കഴിച്ച പെണ്‍കുട്ടിയെയാണ് വീട്ടുകാര്‍ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ടു പോയതും രഹസ്യസ്ഥലത്ത് തടങ്കലില്‍ വച്ചിരിക്കുന്നതും. മേയ് എട്ടിന് നടന്ന സംഭവത്തില്‍ ഇതുവരെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി. സംഭവം വാര്‍ത്തയായതോടെ വനിത കമ്മിഷന്‍ സ്വമേധയ കേസ് എടുത്തിട്ടുണ്ട്. പാലക്കാട് എസ് പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് വനിത കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞിരിക്കുന്നത്.

രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് മലപ്പുറം സ്വദേശിയായ യുവതിയും രാജനുമായി വിവാഹം കഴിക്കുന്നത്. പട്ടാമ്പി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് മേയ് മാസം രണ്ടാം തീയതിയായിരുന്നു വിവാഹം. പ്രായം തെളിയിക്കുന്നത് ഉള്‍പ്പെടെയുള്ള രേഖകള്‍ ക്ഷേത്രത്തില്‍ ഹാജരാക്കി നിയമപ്രകാരമായിരുന്നു വിവാഹം. മറ്റ് നിയമ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാന്‍ വിവാഹശേഷം രാജനും യുവതിയും രാജന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന തൃത്താല സ്റ്റേഷനില്‍ ഹാജരായി വിവാഹരേഖകളും ചിത്രങ്ങളും ഇരുവരുടെയും പ്രായം തെളിയിക്കുന്നത് ഉള്‍പ്പെടൈയുള്ള മറ്റുള്ള രേഖകളും സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് തൃത്താല സ്റ്റേഷനില്‍ നിന്നും പെണ്‍കുട്ടിയുടെ വീട്ടുകാരെ ബന്ധപ്പെടുകയും ഇവരുടെ വിവാഹം കഴിഞ്ഞ കാര്യം അറിയിക്കുകയും ചെയ്തു. അതിനുശേഷമാണ് പെണ്‍കുട്ടിയുമായി രാജന്‍ തന്റെ വീട്ടിലേക്ക് പോയത്.

അന്നേ ദിവസം വൈകിട്ട് ആറുമണിയോടെ പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന കൊളത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും രാജന് ഫോണ്‍ വന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സ്റ്റേഷനില്‍ ബന്ധപ്പട്ടിരുന്നുവെന്നും അവര്‍ക്ക് പരാതിയൊന്നുമില്ലെന്നും പെണ്‍കുട്ടിയെ ഒന്നും കാണണമെന്നുമായിരുന്നു സ്റ്റേഷനില്‍ നിന്നും അറിയിച്ചത്. ഇതിനു പിന്നാലെ ഇതേ ആവശ്യവുമായി തൃത്താല സ്റ്റേഷനില്‍ നിന്നും രാജനെ വിളിച്ചു. ഇതനുസരിച്ച് പെണ്‍കുട്ടിയേയും കൂട്ടി രാജന്‍ തൃത്താല സ്റ്റേഷനില്‍ എത്തി.

അവിടെ പെണ്‍കുട്ടിയുടെ അമ്മയും മറ്റു ബന്ധുക്കളും എത്തിയിരുന്നു. അച്ഛന്‍ ഗള്‍ഫില്‍ ആണ്. സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയോട് വീട്ടുകാര്‍ സംസാരിക്കുകയും തിരികെ വരാന്‍ പറയുകയും ചെയ്തു. എന്നാല്‍ താന്‍ രാജനൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വീട്ടുകാര്‍ക്കൊപ്പം പോകുന്നില്ലെന്നും പെണ്‍കുട്ടി സ്റ്റേഷനില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കി. ഇതിനുശേഷം രാജനും പെണ്‍കുട്ടിയും തിരിച്ചു പോയി.

അന്ന് രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് ഒരു സംഘം ആളുകള്‍ രാജന്റെ വീട് തേടിയെത്തി. അവര്‍ വീട് ആക്രമിച്ച് അകത്ത് കയറുകയും രാജന്റെ അമ്മയേയും പെങ്ങളെയും ഉള്‍പ്പെടെ ഉപദ്രവിച്ച് പെണ്‍കുട്ടിയെ പിടിച്ചു കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ എത്തി. വിവരം പൊലീസിനെ വിളിച്ച് അറിയിച്ചു. പൊലീസ് എത്തി വീടാക്രമിച്ചവരെ കസ്റ്റഡിയില്‍ എടുത്തു കൊണ്ടു പോയി. പരിക്കേറ്റ രാജന്റെ അമ്മയേയും പെങ്ങളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വന്തം വീട് ആക്രമിക്കപ്പെടുകയും അമ്മയ്ക്കും പെങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്‌തെങ്കിലും സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരേ നടപടിയൊന്നും വേണ്ടെന്നു രാജന്‍ പൊലീസില്‍ അറിയിച്ചു. അപ്പോഴത്തെ ഒരു വികാരത്തിന്റെ പേരില്‍ സംഭവിച്ചു പോയതായിരിക്കുമെന്നും തന്റെ ഭാര്യയുടെ വീട്ടുകാരെ കേസില്‍ പ്രതികളാക്കുന്നത് ശരിയല്ലെന്നും തോന്നിയാണ് അങ്ങനെയൊരു നിലപാട് എടുത്തതെന്നു രാജന്‍ പറയുന്നു. പൊലീസും അങ്ങനെയൊരു നിലപാട് എടുക്കാനാണ് പറഞ്ഞതെന്നും രാജന്‍ പറയുന്നുണ്ട്. എങ്കിലും ഇനിയും ഇവിടെ നിന്നാല്‍ ഇത്തരം അക്രമം ഉണ്ടായേക്കാമെന്ന ഭയത്തില്‍ പെണ്‍കുട്ടിയേയും കൂട്ടി വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസമായ മേയ് മൂന്നിന് കൊല്ലത്തുള്ള ബന്ധു വീട്ടിലേക്ക് രാജന്‍ പോയി.

മേയ് ഏഴാം തീയതി സഹോദരന്‍ രാജനെ വിളിക്കുകയും പെണ്‍കുട്ടിയുടെ അച്ഛന്‍ ഗള്‍ഫില്‍ നിന്നും വന്നിട്ടുണ്ടെന്നും അദ്ദേഹത്തിന് പെണ്‍കുട്ടിയെ കാണണമെന്നു പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചിരുന്ന കാര്യം പറഞ്ഞു. ഇതനുസരിച്ച് മേയ് എട്ടിന് രാജനും പെണ്‍കുട്ടിയും കൊല്ലത്തു നിന്നും തിരിച്ചെത്തി. വീണ്ടും പെണ്‍കുട്ടിയേയും കൂട്ടി രാജന്‍ സ്റ്റേഷനില്‍ എത്തി. അച്ഛനും പെണ്‍കുട്ടിയെ തിരിച്ചു ചെല്ലാന്‍ നിര്‍ബന്ധിച്ചു. രാജനെ ഉപേക്ഷിച്ചു ചെന്നാല്‍ മറ്റൊരു വിവാഹം നടത്തിക്കൊടുക്കാമെന്നും പറഞ്ഞു. എന്നാല്‍ തനിക്ക് രാജനൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്നും മറ്റെങ്ങോട്ടും വരുന്നില്ലെന്നും പെണ്‍കുട്ടി തന്റെ നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെ കോപാകുലനായ പിതാവ് പെണ്‍കുട്ടിയോട് വീട്ടില്‍ നിന്നും പോരുമ്പോള്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ എല്ലാം തിരികെ തരാന്‍ ആവശ്യപ്പെട്ടു. ഇനി തങ്ങളുമായി യാതൊരു ബന്ധവും ഉണ്ടാകില്ലെന്നും ഭീഷണി മുഴക്കിയാണ് അയാള്‍ പോയത്.

പൊലീസ് സ്റ്റേഷനില്‍ നിന്നും രാജനും പെണ്‍കുട്ടിയും വീട്ടിലേക്ക് മടങ്ങി. എന്നാല്‍ പാതി വഴിയില്‍ വച്ച് അവരെത്തേടി ഒരു വാഹനം എത്തി. അതില്‍ നിന്നും വടിവാള്‍, ഹോക്കി സ്റ്റിക്ക് തുടങ്ങിയ ആയുധങ്ങളുമായി പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ള ഒരു സംഘം ഇറങ്ങുകയും രാജനെ ആക്രമിച്ച് പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയെ പിടിച്ചു കൊണ്ടു പോയതിനു പിന്നാല രാജന്‍ ഈ വിവരം കാണിച്ച് തൃത്താല സ്റ്റേഷനില്‍ പരാതി നല്‍കി. വീട്ടുകാരാണ് കുട്ടിയെ കടത്തിക്കൊണ്ടു പോയതെന്നും രാജന്‍ മൊഴി കൊടുത്തു. ഉടനടി പെണ്‍കുട്ടിയെ കണ്ടു പിടിച്ചു തരാമെന്നു പറഞ്ഞാണ് രാജനെ സ്റ്റേഷനില്‍ നിന്നും മടക്കി അയച്ചത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. രാജന്‍ സ്റ്റേഷനില്‍ തിരക്കുമ്പോള്‍ അന്വേഷിക്കുകയാണ് വേഗം കണ്ടെത്താമെന്ന മറുപടിയാണ് കിട്ടിക്കൊണ്ടിരുന്നത്. സ്വന്തം വീട്ടില്‍ പെണ്‍കുട്ടി ഇല്ലെന്നും മറ്റെങ്ങോട്ടോ മാറ്റിയിരിക്കാമെന്നുമാണ് പൊലീസ് ഇതിനിടയില്‍ പറയുന്നത്. മേയ് എട്ടിന് നടന്ന സംഭവം ഇപ്പോള്‍ ഒരു മാസം ആകാന്‍ പോകുന്നു. പൊലീസ് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. വീട്ടുകാരാണ് കുട്ടിയെ കൊണ്ടുപോയതെന്ന് അറിഞ്ഞിട്ടും അവരെ ചോദ്യം ചെയ്താല്‍ എവിടെയാണ് കുട്ടിയെ മാറ്റിയിരിക്കുമെന്ന കാര്യം അറിയാം കഴിയുമെന്നിരിക്കെയാണ് പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നതെന്നാണ് രാജന്റെ പരാതി.

കുട്ടിക്കാലത്ത് പോളിയോ ബാധിച്ചൊരാളാണ് ഞാന്‍. എന്റെ ശാരീരികാവശത അറിഞ്ഞ് മനസിലാക്കിയാണ് അവളെന്റെ ജീവിതത്തിലേക്ക് വന്നത്. ഒരുമിച്ച് ജീവിക്കണമെന്ന തീരുമാനത്തിലാണ് ഞങ്ങള്‍ വിവാഹം കഴിച്ചത്. പ്രായപൂര്‍ത്തിയായ രണ്ടു പേരാണ് ഞങ്ങള്‍. പക്ഷേ, ജാതി, സാമ്പത്തികം ഇതൊക്കെയാണ് മറ്റുള്ളവര്‍ പ്രശ്‌നമാക്കുന്നത്. ഞാനൊരു ദളിതനാണ്, അവള്‍ തീയ വിഭാഗത്തില്‍പ്പെട്ടത്. എന്റെ ജാതിയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പ്രധാന പ്രശ്‌നം. കൂടാതെ ഞാനൊരു ഭിന്നശേഷിക്കാരനും. ഒരു പാവപ്പെട്ട കുടുംബവുമാണ് എന്റേത്. അവളുടെ വീട്ടില്‍ സാമ്പത്തികമുണ്ട്. അച്ഛന്‍ ഗള്‍ഫിലാണ്. പരസ്പരം സ്‌നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത രണ്ടു പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ തടസമായത് ഇതൊക്കെയാണ്. മേയ് എട്ടാം തീയതി അച്ഛനെ കാണാന്‍ ഞങ്ങള്‍ പോകാന്‍ ഇറങ്ങിയപ്പോഴും അവള്‍ എന്നോട് പറഞ്ഞത്, ആരൊക്കെ വന്നു വിളിച്ചാലും എന്തൊക്കെ പറഞ്ഞാലും ഞാന്‍ പോകില്ല, നമ്മള്‍ ഒരുമിച്ച് ജീവിക്കും എന്നാണ്. അങ്ങനെ എന്നെ സ്‌നേഹിച്ച ഒരു പെണ്‍കുട്ടിയെയാണ് അവര്‍ കടത്തിക്കൊണ്ടു പോയത്. അവള്‍ ഇപ്പോള്‍ എവിടെയാണെന്നു പോലും എനിക്കറിയില്ല. ഗള്‍ഫിലേക്ക് കൊണ്ടുപോയെന്നു ചിലര്‍ പറയുന്നു. എനിക്കൊന്നും അറിയില്ല. എന്റെയീ ബുദ്ധിമുട്ടകളും വച്ച് ഞാന്‍ എവിടെപ്പോയി അന്വേഷിക്കാനാണ്. പൊലീസിനെ വിശ്വസിച്ചു. പക്ഷേ, അവരും എനിക്ക് നീതി ചെയ്യുന്നില്ലെന്നാണ് തോന്നുന്നത്. ഒരുമാസമാകുന്നു എനിക്ക് എന്റെ ഭാര്യയെ നഷ്ടപ്പെട്ടിട്ട്. ഞങ്ങള്‍ നിയമപ്രകാരം വിവാഹം കഴിച്ചവരാണ്. ഒരേ ജാതിയും മതവും സാമ്പത്തികവുമൊക്കെ വേണം പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുന്നതിന് എന്നല്ലല്ലോ നിയമം. എന്നിട്ടും ഞങ്ങള്‍ക്കെന്താണ് നീതി കിട്ടാത്തത്?; രാജന്റെ ചോദ്യമാണ്.

Read More: ഊരുവിലക്കിനെ തോല്‍പ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍; അവരുടെ പോരാട്ടം പഠിക്കാന്‍ വേണ്ടിയായിരുന്നു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍