UPDATES

ട്രെന്‍ഡിങ്ങ്

വിളവെടുപ്പുകള്‍ ആഘോഷമാക്കുന്ന സര്‍ക്കാരിന്റെ ശ്രദ്ധയ്ക്ക്; ഇടുക്കിയിലെ മാത്രമല്ല, വയനാട്ടിലെ കര്‍ഷകരും ആത്മഹത്യ മുനമ്പിലാണ്

പ്രളയത്തിനു ശേഷം ആറുമാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞപ്പോഴും വയനാട്ടിലെ കാര്‍ഷിക മേഖല തിരിച്ചുവരവിന്റെ പാതയിലെത്തിയിട്ടില്ലെന്നതാണ് വാസ്തവം

ശ്രീഷ്മ

ശ്രീഷ്മ

ഇടുക്കിയിലെ തുടര്‍ച്ചയായ കര്‍ഷക ആത്മഹത്യകള്‍ വീണ്ടും കേരളത്തിന്റെ കാര്‍ഷിക മേഖലയിലേക്ക് പൊതുജനശ്രദ്ധയെത്തിച്ചിരിക്കുകയാണ്. പ്രളയത്തോടനുബന്ധിച്ച വിളനഷ്ടവും, വെള്ളം കയറി കൃഷിയും വീടും നശിച്ചപ്പോഴുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതകളും മൂലമാണ് കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കൂട്ടത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ആത്മഹത്യകള്‍ എല്ലാം തന്നെ കാര്‍ഷിക മേഖലയിലെ തകര്‍ച്ച മൂലമുണ്ടായതാണെന്ന് അടിവരയിട്ടു പറയാന്‍ സാധിക്കില്ലെങ്കിലും, പ്രളയാനന്തര കേരളത്തില്‍ പലയിടത്തും കൃഷിനാശങ്ങള്‍ മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇപ്പോഴും വേണ്ടരീതിയില്‍ പരിഹാരം കാണാന്‍ സാധിക്കുന്നില്ലെന്നത് വാസ്തവമാണ്. പ്രളയം തകര്‍ത്തെറിഞ്ഞ കുട്ടനാട്ടിലടക്കം പുതിയ കൃഷിയുടെ വിളവെടുപ്പും മറ്റും ആഘോഷമായി നടക്കുന്നുണ്ടെങ്കിലും, ഇത് സാധ്യമായിട്ടില്ലാത്തയിടങ്ങളും കേരളത്തിലുണ്ട്.

സര്‍ക്കാര്‍ കണക്കുകളും പ്രളയബാധിതരുടെ അനുഭവങ്ങളും തമ്മിലുള്ള വൈരുദ്ധ്യം കണക്കിലെടുക്കുമ്പോള്‍ത്തന്നെ, കാര്‍ഷിക മേഖലയിലെ പുനര്‍നിര്‍മാണത്തിനായി ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള പദ്ധതികളെക്കുറിച്ചും സംസാരിക്കേണ്ടതുണ്ട്. എങ്കിലും, വ്യാപക കൃഷിനഷ്ടങ്ങളുണ്ടായിട്ടുള്ള വയനാട് ജില്ല ഇപ്പോഴും കരകയറാനുള്ള തത്രപ്പാടിലാണ്. കോടികളുടെ നഷ്ടമാണ് ജില്ലയിലെ കാര്‍ഷികമേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രളയത്തിനു ശേഷം ആറു മാസം പിന്നിടുമ്പോള്‍, ഈ നഷ്ടങ്ങളില്‍ ഏതെല്ലാം തിരികെ പിടിച്ചുകഴിഞ്ഞു എന്ന് പരിശോധിക്കേണ്ടതുണ്ട്. വന്‍കിട-ചെറുകിട എന്ന ഭേദമില്ലാതെ വയനാട് ജില്ലയിലെ ഒട്ടുമിക്ക കര്‍ഷകരും ഇന്ന് കൃഷിനാശത്തിന്റെ ഇരകളാണ്. വ്യക്തിഗതമായ നാശനഷ്ടങ്ങളുടെ കണക്കുവിവരങ്ങള്‍ കൃത്യമായി ലഭ്യമല്ലെങ്കിലും, വയനാട്ടിലെ കൃഷിനാശവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ലാ ഭരണകൂടം തിട്ടപ്പെടുത്തിയിട്ടുണ്ട്.

1008.65 കോടി രൂപയാണ് ജില്ലയില്‍ മാത്രം കഴിഞ്ഞ പ്രളയകാലത്തെ കൃഷിനാശത്തിന്റെ മൂല്യം. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളം കയറിയും പുഴകള്‍ ഗതിമാറിയൊഴുകിയുമെല്ലാം നശിച്ച കൃഷിയുടെ കണക്കാണിത്. ഇതില്‍ത്തന്നെ 224.5 കോടിയുടേത് പൂര്‍ണമായ വിളനാശമാണെന്നാണ് കണക്കുകള്‍. 784.15 കോടി രൂപയുടെ ഭാഗിക നഷ്ടവും വിളകള്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇതിനു പുറമേ മണ്ണിടിച്ചിലില്‍ മാത്രം 5.53 കോടി രൂപയുടെ നഷ്ടം കൃഷിയോഗ്യമായ സ്ഥലങ്ങള്‍ക്കുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. പമ്പു സെറ്റ് പോലുള്ള കാര്‍ഷിക യന്ത്രങ്ങള്‍ക്കുണ്ടായിട്ടുള്ള നഷ്ടമാകട്ടെ, 74 ലക്ഷമാണ്. ഇത്രയേറെ നഷ്ടങ്ങള്‍ രേഖപ്പെടുത്തിയ മേഖലയായിട്ടുകൂടി, ചെറുകിട കര്‍ഷകര്‍ക്ക് വയനാട്ടില്‍ കാര്യമായ ധനസഹായങ്ങളൊന്നും എത്തിയിട്ടില്ലെന്നതാണ് വാസ്തവം. മാനന്തവാടിയിലും പരിസരപ്രദേശങ്ങളിലുമുള്ള കര്‍ഷകരില്‍ പലര്‍ക്കും പറയാനുള്ളത് ഏക്കറുകണക്കിന് കൃഷിഭൂമി പൂര്‍ണമായും മണ്ണടിഞ്ഞ് പൂര്‍ണമായും നശിച്ചുപോയ കഥയാണ്.

വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന തൃശ്ശിലേരിയിലെ പഞ്ചാരക്കൊല്ലിയില്‍ വാഴ, ഇഞ്ചി, കുരുമുളക് എന്നിവ വ്യാപകമായി കൃഷിചെയ്തിരുന്നവര്‍ക്കെല്ലാം സമ്പൂര്‍ണ നഷ്ടമാണുണ്ടായിരിക്കുന്നത്. സീസണുകളില്‍ എഴുപതും എണ്‍പതും കിലോ കുരുമുളക് വിളവെടുത്തിരുന്നവര്‍ക്ക് ഇത്തവണ ലഭിച്ചത് ഒന്നോ രണ്ടോ പിടി മാത്രമാണ്. കൃഷിസ്ഥലങ്ങള്‍ മണ്ണിടിച്ചിലില്‍ പാടേ നശിച്ചും, ബാക്കിയായ കൃഷിയെല്ലാം വെള്ളപ്പാച്ചിലിലും നോട്ടമെത്താതെയും വേരുപിടിക്കാതെ പോയും മുന്നോട്ടുള്ള ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയില്‍ ധാരാളം കുടുംബങ്ങളുണ്ടിവിടെ. ചെറുകിട കാപ്പി കര്‍ഷകരുടെയും നെല്‍കൃഷി ചെയ്തിരുന്നവരുടെയും സ്ഥിതി മറ്റൊന്നല്ല. തൃശ്ശിലേരി പോലെ കൃഷി പ്രധാന ഉപജീവനമാര്‍ഗമാക്കിയ ധാരാളം പേരുള്ളയിടങ്ങളില്‍ ഇനിയെന്ത് എന്നറിയാതെ നില്‍ക്കുന്ന അനേകം പേരാണുള്ളത്. കൃഷിസ്ഥലത്തിനൊപ്പം വീടും നഷ്ടപ്പെട്ടവരാണ് പലരും. തലചായ്ക്കാനുള്ള ഇടമന്വേഷിച്ചുള്ള ഓട്ടം ഇപ്പോഴും നിലയ്ക്കാത്തതിനാല്‍ കൃഷിയിടത്തിന് രണ്ടാം സ്ഥാനം മാത്രമേ ഇവരെല്ലാം നല്‍കുന്നുള്ളൂ.

രേഖപ്പെടുത്തിയിട്ടുള്ള കൃഷിനാശത്തെക്കാളേറെ അപകടകരമായത് കഴിഞ്ഞ പ്രളയകാലം വയനാട്ടില്‍ ബാക്കിയാക്കിയ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രതിബന്ധങ്ങളാണ്. അതിശക്തമായ മഴ പെയ്തതോടെ വയനാട്ടിലെ മണ്ണിന്റെ സ്വഭാവം തന്നെ പാടേ മാറിപ്പോയിട്ടുള്ളതായി ഗവേഷകരും ഉദ്യോഗസ്ഥരും പറയുന്നു. പൊതുവേ ദുര്‍ബലമായ ഭൂപ്രകൃതിയായി കണക്കാക്കപ്പെടുന്ന വയനാട്ടില്‍ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചിരുന്ന ആഘാതത്തിനൊപ്പം അപ്രതീക്ഷിതമായി കനത്ത മഴ കൂടിയെത്തിയതോടെ ദുരന്തം തീവ്രമാകുകയായിരുന്നു എന്നാണ് ഇവരുടെ നിരീക്ഷണം. പതിവിലധികം ജലം മണ്ണിലേക്കിറങ്ങിയത് മണ്ണിന്റെ ജലാഗിരണശേഷിയെയും ഉത്പാദനക്ഷമതയേയും പ്രതികൂലമായി ബാധിച്ചുകഴിഞ്ഞിട്ടുള്ളതായി കാര്‍ഷികമേഖലയില്‍ ഗവേഷണം ചെയ്യുന്നവര്‍ പറയുന്നു. അതുകൊണ്ടുതന്നെ, കഴിഞ്ഞ പ്രളയകാലത്തുണ്ടായ കൃഷിനാശത്തേക്കാള്‍ ദൂരവ്യാപകമായിരിക്കും ഇനി വരാനിരിക്കുന്ന അതിന്റെ പ്രത്യാഘാതങ്ങള്‍.

179488 ഹെക്ടര്‍ കൃഷിഭൂമിയാണ് വയനാട്ടില്‍ ആകെയുള്ളതെന്നാണ് കണക്കുകള്‍. അതില്‍ 100060 ഹെക്ടര്‍ ഭൂമി പ്രളയത്താല്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. ഇത്രയും കൃഷിഭൂമിയില്‍ ഇനി ഇത്തരം ഉത്പാദനക്ഷമതയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ നേരിടേണ്ടതായിവരും. വെള്ളത്തില്‍ പാടേ മുങ്ങിപ്പോകുകയും, പുഴകളും തോടുകളും വഴിമാറിയൊഴുകിയതില്‍പ്പെട്ടുപോകുകയും ചെയ്ത കൃഷിയിടങ്ങളില്‍ എക്കല്‍ മണ്ണും മണലും അടിഞ്ഞുകൂടിയതാണ് മറ്റൊരു പ്രധാന വിഷയം. എക്കല്‍ മണ്ണ് ഉറച്ചുപോയതിനാലും ഏക്കറു കണക്കിന് കൃഷിയിടം ഉപയോഗശൂന്യമായിട്ടുണ്ട്. വെള്ളം നിറഞ്ഞ് ചതുപ്പു സ്വഭാവത്തിലേക്ക് തിരിച്ചെത്തുകയും അതേത്തുടര്‍ന്ന് വായു സഞ്ചാരം കുറഞ്ഞു പോകുകയും ചെയ്ത മണ്ണില്‍, ചെടികളുടെ വേരുകള്‍ക്ക് വരള്‍ച്ച മുരടിച്ചതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മണ്ണിനടിയില്‍ വായുസഞ്ചാരത്തിനായുള്ള സുഷിരങ്ങളില്‍ വെള്ളം കയറി പൈപ്പിംഗ് എന്ന പ്രതിഭാസമുണ്ടായതായി ജില്ലാ മണ്ണു സംരക്ഷണ വകുപ്പ് മേധാവി ദാസ് വിശദീകരിക്കുന്നു. ചതുപ്പു നികത്തിയുണ്ടാക്കിയ വയലുകളില്‍ പലതിലേയും മണ്ണ് തിരികെ ചതുപ്പിനു സമാനമായ സ്വഭാവത്തലേക്ക് തിരിച്ചുപോയിട്ടുമുണ്ട്.

Read More: പോകാന്‍ മറ്റൊരിടമില്ല; വിണ്ടുകീറിയ ഭൂമിയില്‍ തന്നെ പേടിച്ചു ജീവിക്കുന്ന തച്ചിറക്കൊല്ലിക്കാര്‍

മഴ വര്‍ദ്ധിച്ചതോടെ ചെടികളുടെ വേരുകള്‍ അഴുകിപ്പോയതു മാത്രമല്ല, മറ്റു പല കാരണത്താലും ചെറുകിട കര്‍ഷകര്‍ മറ്റു ജോലികള്‍ തേടാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. തൃശ്ശിലേരിയില്‍ മണ്ണില്‍ വിള്ളലുകളുണ്ടായിടങ്ങളിലെല്ലാം കൃഷിയും വ്യാപകമായി ബാധിക്കപ്പെട്ടിട്ടുണ്ട്. കുരുമുളകു കൃഷി ചെയ്യുന്ന തൃശ്ശിലേരിയിലെ സാധാരണക്കാരായ കര്‍ഷകരെല്ലാം വലിയ കൃഷി നഷ്ടമാണ് നേരിട്ടത്. വിള്ളല്‍ വീണ് ഇളകിപ്പോയ മണ്ണില്‍ വേരുപിടിക്കാതെ വാടി വീഴുകയാണ് കൊടികളെല്ലാം. മരങ്ങളും ചെടികളുമൊന്നും വേരുപിടിക്കാത്ത അവസ്ഥയിലേക്കാണ് തൃശ്ശിലേരിയിലെ ഭൂമിയുടെ ഘടന തന്നെ മാറിപ്പോയത്. വര്‍ഷങ്ങളായി കൃഷി ചെയതു ജീവിച്ചിരുന്നവരില്‍ പലര്‍ക്കും ഇനി തങ്ങളുടെ സ്ഥലത്ത് കൃഷിയുമായി മുന്നോട്ടു പോകാനാകില്ല. കൃഷിയുപേക്ഷിച്ച് കൂലിപ്പണിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് മിക്കപേരും.

കൃഷിയ്‌ക്കൊപ്പം മൃഗങ്ങളെ വളര്‍ത്തി വരുമാനം കണ്ടെത്തിയിരുന്നവര്‍ക്കും തിരിച്ചടിയാണുണ്ടായിട്ടുള്ളത്. 8.24 കോടിയുടെ നഷ്ടമാണ് മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. 116 പശുക്കളും 9 കാളകളും 6 പശുക്കുട്ടികളും ചത്തൊടുങ്ങിയും കാണാതായും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. പോത്ത്, പന്നി, ആട്, കോഴി, താറാവ്, കാട, മുയല്‍ എന്നിങ്ങനെ മറ്റു ജന്തുക്കളും ധാരാളമായി ചത്തൊടുങ്ങിയിട്ടുണ്ട്. തീറ്റപ്പുല്ല് നശിച്ചതിനാല്‍ മൃഗങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും വ്യാപകമായിരുന്നു. ഇതിനു പുറമേ, നോക്കിവളര്‍ത്താനാകാതെയും ദുരിതാശ്വാസ ക്യാമ്പുകളില്‍വച്ച് പരിപാലിക്കാനുള്ള പരിമിതി മൂലവും ചെറുകിട കര്‍ഷകര്‍ നഷ്ടം സഹിച്ച് കന്നുകാലികളെ വിറ്റഴിക്കുകയും ചെയ്തിട്ടുണ്ട്. സ്വമേധയാ വിറ്റഴിച്ചതിനാല്‍ മറ്റു സാമ്പത്തിക സഹായങ്ങളും ഇക്കാര്യത്തില്‍ ഇവര്‍ക്കു ലഭ്യമാകുന്നില്ല.

പ്രളയത്തിനു ശേഷം ആറുമാസങ്ങള്‍ പിന്നിട്ടു കഴിഞ്ഞപ്പോഴും വയനാട്ടിലെ കാര്‍ഷിക മേഖല തിരിച്ചുവരവിന്റെ പാതയിലെത്തിയിട്ടില്ലെന്നതാണ് വാസ്തവം. വീടുകളും മറ്റും തകര്‍ന്നവര്‍ക്കുള്ള പുനരധിവാസത്തിന് പ്രാഥമിക പരിഗണന നല്‍കിയതിനാല്‍ കൃഷി നശിച്ചവര്‍ക്കുള്ള ധനസഹായവും മറ്റും കൃത്യമായി ലഭിച്ചുവരാന്‍ വീണ്ടും സമയമെടുത്തിരുന്നതായും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തീര്‍ത്തും ഉപയോഗശൂന്യമായി മാറിയ കൃഷിഭൂമിയുടെ ചിത്രങ്ങളെടുത്തു പോയ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പിന്നീട് തിരിഞ്ഞു നോക്കാതിരുന്ന കഥകളും, രേഖകളൊന്നും വേണ്ട, ഫോട്ടോയുമായി വന്നാല്‍ ധനസഹായം കിട്ടുമെന്നു പറഞ്ഞു കബളിപ്പിക്കപ്പെട്ട സംഭവങ്ങളുമാണ് മാനന്തവാടിയിലെ പല കര്‍ഷകര്‍ക്കും പറയാനുള്ളത്. മറ്റിടങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കാര്‍ഷിക മേഖലയിലുണ്ടായ സ്ഥലമായിട്ടും, മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റം കണക്കിലെടുത്താല്‍ ഇനി കൃഷിയിടങ്ങളുടെ ഭാവിയെന്ത് എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്ന പ്രദേശമായിട്ടും, വയനാട്ടിലെ കര്‍ഷകര്‍ക്ക് പ്രത്യേക ശ്രദ്ധ കിട്ടാന്‍ ഇനിയുമെത്രനാള്‍ കാത്തിരിക്കേണ്ടവരും എന്നാണ് ഇവരുടെ ചോദ്യം.

Read More: പേരിലെ മധുരം ഇപ്പോള്‍ പഞ്ചാരക്കൊല്ലിയിലെ ജീവിതങ്ങള്‍ക്കില്ല; മണ്ണിടിച്ചിലില്‍പ്പെട്ട് ഛിന്നഭിന്നമായിപ്പോയ ഒരു ജനതയ്ക്ക് പറയാനുള്ളത്

Photo Credit: The News Minute

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍