UPDATES

ആ കുട്ടിയെ തേടി കോടതി വരെയെത്തി കൊലവിളി; ഇനിയെങ്കിലും എന്തെങ്കിലും ചെയ്യുമോ മന്ത്രീ?

കുട്ടിയെ രഹസ്യ മൊഴി എടുക്കാന്‍ കാഞ്ഞിരിപ്പള്ളി കോടതിയില്‍ കൊണ്ടു പോവുന്ന വിവരം നിര്‍ഭയക്കാര്‍ക്കും പൊലീസിനും മാത്രം അറിയാവുന്ന കാര്യമാണെന്നിരിക്കെയാണ് കോടതിയില്‍ കുട്ടിയുടെ അച്ഛന്‍ വരുന്നതും ഭീഷണിപ്പെടുത്തുന്നതും

ഒരിക്കല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കുട്ടികള്‍ വീണ്ടും വീണ്ടും ശാരീരികമായും മാനസികമായും കോടതി പരിസരങ്ങളില്‍ വച്ചുപോലും പീഡിപ്പിക്കപ്പടുമ്പോള്‍, ഒരു ഭരണകൂടത്തിന് എങ്ങനെയാണ് ഇത്തരത്തില്‍ മൗനം പാലിക്കാന്‍ സാധിക്കുന്നത്? ലൈംഗിക പീഡനത്തിന്റെ ഇരകളായി സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രങ്ങളില്‍ എത്തുന്ന കുട്ടികളുടെ അവസ്ഥ എത്തരത്തിലാണെന്ന് പലവട്ടം തെളിവുകള്‍ അടക്കം വാര്‍ത്തകള്‍ ആയിട്ടും അതിലൊന്നു പോലും വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി അറിഞ്ഞിട്ടില്ലെന്നാണോ? അതോ, അലംഭാവം കാട്ടുന്നതോ? പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണവര്‍. ഈ ചെറുപ്രായത്തില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നു. അതേത്തുടര്‍ന്ന് ഭീഷണിയുടെയും സ്വാധീനത്തിന്റെയും രൂപത്തില്‍ മനസിക സമ്മര്‍ദ്ദത്തിന് അടിപ്പെടേണ്ടി വരുന്നു, തന്മൂലം തന്നെ ശാരീരികമായ പീഡനത്തിനും ഇരയാകേണ്ടി വരുന്നു; ആ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന ഭീകരത ഏതൊരാള്‍ക്കും മനസിലാകുന്നതാണ്. എന്നിട്ടുമെന്തേ മന്ത്രിയോ സര്‍ക്കാരോ ഒന്നും ചെയ്യാതിരിക്കുന്നത്, അന്യായങ്ങള്‍ നടക്കുന്നത് തുടരാന്‍ അനുവദിക്കുന്നത്?

അഞ്ചു ദിവസങ്ങള്‍ക്കു മുമ്പ് അഴിമുഖം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് ഇത് ആ പെണ്‍കുട്ടിക്ക് അതുതന്നെ സംഭവിച്ചു; ചൂഷണത്തിനിരയായി നിര്‍ഭയയില്‍ കഴിഞ്ഞിരുന്ന 16-കാരിയെ വീട്ടിലേക്കയച്ചവര്‍ അറിഞ്ഞില്ലേ അവള്‍ക്കുണ്ടായ ദുരനുഭവം? . ലൈംഗിക ചൂഷണത്തിന് നിരന്തരമായി ഇരയായി തീര്‍ന്ന ഒരു പതിനാറുകാരിയാണവള്‍. ഒട്ടും സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുണ്ടായിട്ടു കൂടിയാണ് പ്രതിയായ മാതാവിനും പിതാവിനും ഒപ്പം ആ കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടതും അവള്‍ വീണ്ടും ആക്രമിക്കപ്പെട്ടതും. അതിനെല്ലാം ഒത്താശ ചെയ്തവര്‍ ഔദ്യോഗിക പദവിയില്‍ ഇരിക്കുന്നവരുമായിരുന്നു. ഈ വിഷയം പുറത്തു വന്നിട്ടും ഒരന്വേഷണം നടത്തുകയോ ആരോപണവിധേയരായവരില്‍ നിന്നു വിശദീകരണം ചോദിക്കുകയോ വകുപ്പ് മന്ത്രിയോ മറ്റു ബന്ധപ്പെട്ടവരോ ചെയ്തില്ല. ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി ഞങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്. അക്കാര്യത്തിലെങ്കിലും ഇടപെടലോ അന്വേഷണമോ മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചു വരികയായിരുന്ന, ലൈംഗിക ചൂഷണ ഇരയായ ഇടുക്കി സ്വദേശിയായ പതിനാറുകാരിയെ സഹോദരിയുടെ വിവാഹ ചടങ്ങുകളില്‍ സംബന്ധിക്കാനെന്ന പേരില്‍ തിരുവനന്തപുരം ശിശുക്ഷേമ സമിതി മാതാപിതാക്കള്‍ക്കൊപ്പം (ഇതില്‍ മാതാവ് കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ പ്രതിയാണ്) വിട്ടുകൊടുത്തതിനുശേഷം ആ കുട്ടിയെ പ്രധാന പ്രതി ആക്രമിക്കാന്‍ ശ്രമിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയ പരാതിപ്രകാരം മുണ്ടക്കയം പൊലീസ് കേസ് ചാര്‍ജ് ചെയ്തു. 2018 ജൂണ്‍ ആറിന് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ പെണ്‍കുട്ടിയുടെ 164 എടുക്കാന്‍ വേണ്ടി വെള്ളിയാഴ്ച (22-06-2018) കാഞ്ഞിരപ്പിള്ളി കോടതിയില്‍ കൊണ്ടു പോയി. കുട്ടിയുടെ ഉത്തരവാദിത്വമുള്ള നിര്‍ഭയക്കാരാണ് കോടതിയിലേക്ക് കുട്ടിയെ കൊണ്ടുപോയത്. കോടതി പരിസരത്ത് വച്ച് പ്രതികളാലോ, അവരുമായി ബന്ധപ്പെട്ട മാറ്റാരെങ്കിലുമാലോ കുട്ടി സ്വാധീനിക്കപ്പെടാനോ ഭീഷണി നേരിടാനോ സാഹചര്യം ഉണ്ടാകാതിരിക്കാന്‍, രഹസ്യമായും അതേസമയം തന്നെ ബന്ധപ്പെട്ട പൊലീസ് അധികാരികളില്‍ നിന്നും സംരക്ഷണം തേടിയുമാണ് നിര്‍ഭയ പ്രതിനിധികള്‍ കുട്ടിയേയും കൊണ്ട് കാഞ്ഞിരപ്പിള്ളി കോടതിയില്‍ എത്തുന്നത്. അതിനു മുമ്പ് തന്നെ കോട്ടയം എസ് പി യെ വിളിച്ച് വളരെ സെന്‍സിറ്റീവായ ഒരു കേസ് ആണിതെന്നും ആയതിനാല്‍ വേണ്ട സഹകരണം പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കണമെന്നും നിര്‍ഭയയില്‍ നിന്നും അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്‍പ്രകാരം എസ് പി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയെ ബന്ധപ്പെടാന്‍ പറയുകയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എല്ലാ സംരക്ഷണത്തിനുമായി കാഞ്ഞിരപ്പള്ളി എസ് ഐ സമീപിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എസ് ഐ എല്ലാകാര്യങ്ങള്‍ക്കും സഹായം വാഗ്ദാനം ചെയ്യുകയും കുട്ടിക്ക് പൂര്‍ണ സംരക്ഷണം ഉറപ്പ് നല്‍കുകയും ചെയ്തു. എസ് ഐയുടെ നമ്പര്‍ നിര്‍ഭയയില്‍ നിന്നു വരുന്നവര്‍ക്കും അവരുടെ നമ്പര്‍ എസ് ഐക്കും കൈമാറി എല്ലാം പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ മാതാപിതാക്കളില്‍ ആരെങ്കിലുമോ അല്ലെങ്കില്‍ പ്രതിയുടെ ആരെങ്കിലുമോ കോടതിയില്‍ എത്തിയേക്കാമെന്നുള്ള അപായസൂചന ഉള്ളതുകൊണ്ടായിരുന്നു നിര്‍ഭയക്കാര്‍ ഇത്തരത്തില്‍ മുന്‍കരുതല്‍ എടുത്തത്.

എന്നാല്‍, കോടതിയില്‍ എത്തിയപ്പോള്‍ അവര്‍ എന്താണോ ഭയന്നത് അതു തന്നെ നടക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ അവിടെയുണ്ട്. അയാള്‍ കുട്ടിയെ കണ്ടയുടനെ പുറകെ വന്നു. ഇതോടെ സുരക്ഷാ പ്രശ്‌നം ഉണ്ടെന്ന് നിര്‍ഭയയില്‍ നിന്നുള്ളവര്‍ പറയുകയും അതുപ്രകാരം പൊലീസ് കോടതയിലെ ഒരു മുറിയിലേക്ക് കുട്ടിയെ മാറ്റാന്‍ നടപടിയെടുക്കുകയും ചെയ്തു. ഈ സമയത്ത് അച്ഛന്‍ പിറകില്‍ നിന്നും കുട്ടിയെ പിടിച്ചുവലിച്ച്, നീ മൊഴി മാറ്റിപ്പറയണം, നിര്‍ഭയക്കാര്‍ ഉണ്ടാക്കിയ കള്ളക്കേസ് ആണിതെന്നു കോടതിയില്‍ പറയണം, നമ്മുടെ കുടുംബം നശിപ്പിക്കരുതെന്നൊക്കെ പറഞ്ഞു. മൊഴി മാറ്റിയില്ലെങ്കില്‍ നിന്നെയും നിന്റെ ചേട്ടനേയും കൊന്നു കളയുമെന്നു ഭീഷണി മുഴക്കാനും ആ അച്ഛന്‍ ധൈര്യം കാണിച്ചു.

മജിസ്‌ട്രേറ്റിന് മുന്നില്‍ കുട്ടിയെ ഹാജരാക്കിയപ്പോള്‍ ഈ വിവരം കുട്ടിയും നിര്‍ഭയയില്‍ നിന്നു വന്നവരും അറിയിച്ചിരുന്നു. മജിസ്‌ട്രേറ്റിനും ചോദിക്കാനുണ്ടായിരുന്നത് കുട്ടിയെ ഇവിടെ കൊണ്ടുവരുന്ന കാര്യം അച്ഛന്‍ എങ്ങനെ അറിഞ്ഞെന്നായിരുന്നു. പിന്നീട് പൊന്‍കുന്നം പൊലീസിനെ വിളിച്ചു വരുത്തി കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു കൊണ്ടു പോവുകയായിരുന്നു. ഇയാള്‍ക്കെതിരേ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

കുട്ടിയെ രഹസ്യ മൊഴി എടുക്കാന്‍ കാഞ്ഞിരിപ്പള്ളി കോടതിയില്‍ കൊണ്ടു പോവുന്ന വിവരം നിര്‍ഭയക്കാര്‍ക്കും പൊലീസിനും മാത്രം അറിയാവുന്ന കാര്യമാണെന്നിരിക്കെയാണ് കോടതിയില്‍ കുട്ടിയുടെ അച്ഛന്‍ വരുന്നതും ഭീഷണിപ്പെടുത്തുന്നതും. കുട്ടിയെ കോടതിയില്‍ ഹാജരാക്കുന്നുവെന്ന വിവരം (ഏതു കോടതിയില്‍ ആണെന്നതടക്കം) ആ പിതാവിന് എങ്ങനെ ചോര്‍ന്നു കിട്ടിയതെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമൊന്നും അല്ല. നിര്‍ഭയക്കാര്‍ വിവരം പുറത്തിവിടില്ലെന്നിരിക്കെ, പിന്നെ ഇക്കാര്യം അറിയാവുന്ന പോലീസുകാര്‍ക്ക് അതിനുള്ള ഉത്തരം നല്‍കാന്‍ കഴിയുമല്ലോ. അപ്പോള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയസ്വാധീനവും അത്ര ചെറുതല്ല എന്നുറപ്പ്.

2015 മുതല്‍ ഇരയായ ഈ പെണ്‍കുട്ടി അവളുടെ ജീവിതത്തിലെ ദുരിതങ്ങളുമായി അലയുകയാണ്. ഭീഷണിയും സമ്മര്‍ദ്ദങ്ങളും കൊണ്ട് അവളുടെ ജീവിതം നശിപ്പിച്ചവര്‍ തന്നെ വീണ്ടും വീണ്ടും വേട്ടയാടുന്നു. അവര്‍ക്ക് വേണ്ട സഹായവും പിന്തുണയും നല്‍കി വരുന്നവരാകട്ടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും. കോടതി പരിസരത്ത് കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ തന്നെ കുട്ടിയെ മാനസികമായി ഒരുപാട് തകര്‍ത്തിട്ടുണ്ട്. മദ്യപാനിയായ ആ പിതാവിനെ (ഇയാള്‍ കോടതി പരിസരത്ത് വന്നപ്പോഴും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് പറയുന്നത്). പെണ്‍കുട്ടി ഇടുക്കി ശിശുക്ഷേമ സമിതിയുടെ കീഴില്‍ ആയിരുന്ന സമയത്ത് ഇതേ അച്ഛന്റെ കൂടെ ഒരു ഓണക്കാലത്ത് വിട്ടിരുന്നു. അന്ന് കുട്ടിയെ പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഒരു കോണ്‍വെന്റില്‍ കൊണ്ടുപോയി കള്ളക്കേസ് ആണെന്നും നിര്‍ഭയക്കാര്‍ക്കെതിരേ മൊഴി നല്‍കണമെന്നുമൊക്കെ ആവശ്യപ്പെട്ട് നിര്‍ബന്ധപൂര്‍വം പരാതി എഴുതിപ്പിച്ചു വാങ്ങാനും ശ്രമം നടന്നതാണ്. അന്ന് ഈ കുട്ടി ആത്മഹത്യ ശ്രമം നടത്തുകയും ഉണ്ടായി. ഇതോടെ ശിശുക്ഷേമ സമിതി കുട്ടിയുടെ അച്ഛനെ failed parent ആയി രേഖപ്പെടുത്തി. (കുട്ടിയെ അച്ഛന്റെ സംരക്ഷണത്തില്‍ വിടരുതെന്നാണ് failed parent എന്നു രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞാല്‍ ചെയ്യേണ്ടത്). കുട്ടിയെ വീട്ടില്‍ വിട്ട നടപടി ജില്ല കളക്ടര്‍ ചലഞ്ച് ചെയ്യുകയും കുട്ടിയെ ഏറ്റെടുത്ത് തിരുവനന്തപുരം ശിശുക്ഷേമ സമിതിക്ക് കൈമാറുകയുമായിരുന്നു. അവിടെ നിന്നാണ് നിര്‍ഭയയിലേക്ക് കുട്ടിയെ അയയ്ക്കുന്നതും അവര്‍ സംരക്ഷിച്ചുപോരുകയും ചെയ്യുന്നത്. അച്ഛന്‍ failed parent ആയിട്ടുപോലും തിരുവനന്തപുരം ശിശുക്ഷേമ സമിതി ഇത്തവണ കുട്ടിയെ വിട്ടിലേക്ക് വിട്ടത് അതേ അച്ഛനും പ്രതിയായ അമ്മയ്ക്കും ഒപ്പമാണ്. 19 വയസുകാരനായ സഹോദരന്റെ പേരിലാണ് കുട്ടിയെ വിട്ടുനല്‍കാനുള്ള അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഈ സഹോദരന്‍ ഇപ്പോള്‍ മാതാപിതാക്കളില്‍ നിന്നും മാറി മറ്റൊരിടത്താണ് താമസിക്കുന്നത്. ഇയാള്‍ക്കെതിരേയും കൂടിയാണ് കഴിഞ്ഞ ദിവസം അച്ഛന്‍ വധഭീഷണി മുഴക്കിയതും.

ഈ കാര്യങ്ങളൊക്കെ ശിശുക്ഷേമ സമിതിക്കും ബാലാവാകാശ കമ്മിഷനുമൊക്കെ അറിവുള്ള കാര്യങ്ങളാണ്. എന്നിരിക്കെ തന്നെയാണ് വീട്ടില്‍ പോകാന്‍ കുട്ടിക്ക് താത്പര്യമില്ലെന്ന് അറിയിച്ചിട്ടും മഹിള സമഖ്യക്കാര്‍ കുട്ടിയുടെ സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടിയിട്ടും കുട്ടിയെ വിട്ടുകിട്ടാന്‍ വേണ്ടി ബാലാവകാശ കമ്മിഷന്‍ അംഗമായ കന്യാസ്ത്രീ ഉള്‍പ്പെടെ ഇടപെട്ടത്. വീട്ടില്‍ എത്തപ്പെട്ട കുട്ടി പിന്നീട് പ്രധാന പ്രതിയാല്‍ ആക്രമിക്കപ്പെടുകയും ചെയ്തു. ഈ കേസിലാണ് കാഞ്ഞിരപ്പള്ളി കോടതിയില്‍ 164 എടുക്കാന്‍ പോയത്.

കുട്ടി നല്‍കിയ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ അംഗമായ കന്യാസ്ത്രീക്കെതിരേ മൊഴിയുണ്ട്. പരാതിയോ കേസുകളോ ഉള്ളവരെ ബാലാവകാശ കമ്മിഷനില്‍ അംഗമാക്കരുതെന്നാണ്. പുതിയ കമ്മിഷനിലേക്ക് വയനാട്ടില്‍ നിന്നും സുരേഷ് എന്നയാളെ നോമിനേറ്റ് ചെയ്തപ്പോള്‍ അയാള്‍ക്കെതിരേ കേസുകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടി വലിയ വിവിദങ്ങള്‍ ഉയരുകയും അതിനെ തുടര്‍ന്ന് സുരേഷിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇവിടെ കന്യാസ്ത്രീയായ ബാലാവകാശ കമ്മിഷനംഗത്തിനെതിരേ കുട്ടിയുടെ മൊഴിയുണ്ട്. അവര്‍ക്കെതിരേ കേസ് വരികയും ചെയ്യും. അങ്ങനെയെങ്കില്‍ ഈ കന്യാസ്ത്രീയെ ബാലാവകാശ കമ്മിഷനില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നൊരു ചോദ്യം കൂടി മന്ത്രിക്കു മുന്‍പില്‍ ഉയര്‍ത്തുകയാണ്. ഏറ്റവും കുറഞ്ഞത്, ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ ആ കന്യാസ്ത്രീയില്‍ നിന്നും ഒരു വിശദീകരണം ചോദിക്കാനെങ്കിലും ആരെങ്കിലും തയ്യാറാകുമോ?

തുടര്‍ച്ചയായി മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും ശാരീരിക ഭീഷണികള്‍ക്കും വിധേയയാകേണ്ടി വരുന്ന ആ പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഇനിയും നിശബ്ദത പാലിക്കാരുതെന്നാണ് മന്ത്രിയോടുള്ള അപേക്ഷ. ആ കുട്ടി ഒരൊറ്റപ്പെട്ട വിഷയം അല്ലെന്നു കൂടി ഓര്‍മിപ്പിക്കുന്നു. ഇതുപോലെ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന നിരവധി കുട്ടികള്‍ കേരളത്തില്‍ ഉണ്ട്. അതുകൊണ്ട് സര്‍ക്കാരിന്റെയും മന്ത്രിയുടെയും ശ്രദ്ധ അടിയന്തിരമായി ഇവരില്‍ എല്ലാവരിലും പതിയണം. ഒരു ജീവന്‍ നഷ്ടപ്പെട്ടിട്ട് നടപടികളും വാദങ്ങളും നടത്തിയിട്ട് എന്തുകാര്യം?

ആ പെണ്‍കുട്ടിക്ക് അതുതന്നെ സംഭവിച്ചു; ചൂഷണത്തിനിരയായി നിര്‍ഭയയില്‍ കഴിഞ്ഞിരുന്ന 16-കാരിയെ വീട്ടിലേക്കയച്ചവര്‍ അറിഞ്ഞില്ലേ അവള്‍ക്കുണ്ടായ ദുരനുഭവം?

ഇത്തരം ‘ശിശുക്ഷേമ’ക്കാരോട് കടക്ക് പുറത്തെന്നു പറയാന്‍ ശൈലജ ടീച്ചര്‍ ആര്‍ജ്ജവം കാണിക്കുമോ?

ആ കുഞ്ഞുങ്ങള്‍ക്ക് നാളെ എന്തെങ്കിലും സംഭവിച്ചാലോ? മലപ്പുറം ശിശുക്ഷേമ സമിതിയുടെ നടപടി എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടണം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍