UPDATES

ട്രെന്‍ഡിങ്ങ്

സി പി എം Vs സി പി ഐ; തലസ്ഥാനത്തെ ഭൂകമ്പത്തിന്റെ ആദ്യ പ്രകമ്പനം മൂന്നാറില്‍

കോട്ടക്കാമ്പൂരിലെ പട്ടയം റദ്ദാക്കലും എല്‍ഡിഎഫിലെ കോളിളക്കവും

ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കൊട്ടക്കാമ്പൂരില്‍ ജോയ്സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും കൈവശംവച്ചിരുന്ന ഭൂമിയുടെ പട്ടയം കഴിഞ്ഞ ദിവസമാണ് ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയത്. എംപിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള 20 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ തരിശുഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. 2014ലെ ലോക്‌സഭ തെരഞ്ഞെയുപ്പില്‍ ജോയ്‌സ് ജോര്‍ജ്ജ് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിനും കുടുംബത്തിനുമെതിരെ ഭൂമി തട്ടിപ്പ് ആരോപണമുയര്‍ന്നത്. 2015ല്‍ ഈ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.

കൊട്ടക്കാമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് 58ലെ 1893 ഹെക്ടര്‍ വിസ്തീര്‍ണം വരുന്ന ഭൂമിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഇതില്‍ 60 ഹെക്ടറോളം ഭൂമി പത്തുനൂറ് വര്‍ഷം മുമ്പ് ഇവിടെ കുടിയേറിയ തമിഴ് കര്‍ഷകരുടേതാണ്. ബാക്കിയുള്ള കയ്യേറ്റങ്ങളാകട്ടെ 90കള്‍ക്ക് ശേഷം നടന്നതും. ഇതൊന്നും കോട്ടക്കാമ്പൂരിലോ വട്ടവടയിലോ പോലുമുള്ളവരുടെ കൈവശമല്ല. വട്ടവടയെ യൂക്കാലിപ്റ്റസ് മേഖലയാക്കി മാറ്റിയത് ഈ കയ്യേറ്റമാണ്. നേരത്തെ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിനെ തുടര്‍ന്ന് സിപിഎം ഇവിടെ നിന്നും ഓടിച്ച ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് പകരക്കാരനായി വന്ന വിആര്‍ പ്രേംകുമാര്‍ ആണ് എംപിയുടെയും കുടുംബാംഗങ്ങളുടെയും കയ്യേറ്റം ഒഴിപ്പിച്ചതെന്നത് ചരിത്രത്തിന്റെ പകരംവീട്ടലാകാം. 1900 മുതലുള്ള രാജഭരണ-ബ്രിട്ടീഷ് ആധിപത്യ കാലത്തേതുള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് കയ്യേറ്റം റദ്ദാക്കുന്ന നടപടി സ്വീകരിച്ചത്. അതായത് ഭൂതകാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തികച്ചും പഴുതടച്ച ഒരു നടപടി. റവന്യൂ വകുപ്പിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഈ കയ്യേറ്റ റദ്ദാക്കല്‍ നടന്നതെന്നത് വ്യക്തമാണ്.

കൊട്ടക്കാമ്പൂര്‍ ഭൂമിതട്ടിപ്പ്; ഈ ‘ഇടതു സ്വതന്ത്രന്‍’ സിപിഎമ്മിന് ഭാരം

കോട്ടക്കാമ്പൂരില്‍ റദ്ദാക്കപ്പെട്ട ഏഴ് പട്ടയങ്ങളില്‍ അഞ്ചെണ്ണമാണ് ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെയും ബന്ധുക്കളുടെയും പേരിലുള്ളത്. മൂന്നാര്‍ സ്വദേശിയുടെയും കൊല്ലം സ്വദേശിയുടെയുമാണ് റദ്ദാക്കപ്പെട്ട രണ്ട് പട്ടയങ്ങള്‍. 1964ലെ ഭൂമി ചട്ടപ്രകാരം കൈവശഭൂമിയ്ക്ക് നല്‍കുന്ന പട്ടയം കൂടാതെ കൃഷിക്കും താമസത്തിനുമായി ഭൂരഹിതര്‍ക്കും പട്ടയം നല്‍കാം. ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്ന പട്ടയങ്ങള്‍ കൈവശഭൂമിക്കുള്ള പട്ടയങ്ങളാണ്. എന്നാല്‍ പ്രസ്തുത ഭൂമി 1971ന് മുമ്പ് കൈവശമെത്തിയതാണെങ്കില്‍ മാത്രമാണെങ്കില്‍ മാത്രമേ പ്രസ്തുത ചട്ടപ്രകാരം പട്ടയം നല്‍കാനാകൂ. 1974 മുതല്‍ ഈ പ്രദേശത്ത് നടത്തിയ റീസര്‍വേ അനുസരിച്ചുള്ള ലാന്‍ഡ് രജിസ്റ്ററില്‍ ബ്ലോക്ക് 58ല്‍ ആര്‍ക്കും കൈവശാവകാശമില്ലാത്ത തരിശ് ഭൂമിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ഏഴ് പട്ടയങ്ങളും റദ്ദാക്കിയത്. ഇതില്‍ എംപിയുടെയും ബന്ധുക്കളുടെയും പേരിലുള്ള അഞ്ച് പട്ടയങ്ങളിലായി 20 ഏക്കര്‍ സ്ഥലമാണ് ഉള്ളത്. ശ്രീറാം വെങ്കിട്ടരാമനെ ദേവികുളം സബ് കളക്ടര്‍ സ്ഥാനത്തു നിന്നും സര്‍ക്കാര്‍ മാറ്റിയത് കയ്യേറ്റക്കാര്‍ക്കു വേണ്ടിയാണെന്നും ശ്രീറാം പോകുന്നതോടെ മൂന്നാറില്‍ വീണ്ടും കയ്യേറ്റങ്ങള്‍ വ്യാപകമാകുമെന്നും സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനിടയിലാണ് പ്രേംകുമാര്‍ പകരക്കാരനായി എത്തുന്നത്. ഉദ്യോഗസ്ഥനാരായാലും ചെയ്യുന്ന പ്രവര്‍ത്തികള്‍ അനുസരിച്ചാണ് വിലയിരുത്തേണ്ടതെന്ന റവന്യു മന്ത്രി ചന്ദ്രശേഖരന്റെ നയം ശരിവയ്ക്കുന്നതുപോലെയാണ് പ്രേംകുമാറിന്റെ പ്രവര്‍ത്തനങ്ങളും.

മാധ്യമങ്ങള്‍ക്ക് ‘കയ്യേറാന്‍’ കഴിയാത്ത ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേം കുമാര്‍ ഐഎഎസ്‌

അതേസമയം കോട്ടക്കാമ്പൂരിലെ പട്ടയം റദ്ദക്കാലിന്റെ കോളിളക്കം ഇടുക്കിയിലാണെങ്കിലും എല്‍ഡിഎഫ് മുന്നണിയിലാണ് അതിന്റെ അടിയൊഴുക്കുകള്‍ നടക്കുന്നത്. കോട്ടക്കാമ്പൂരിലെ ഭൂമികയ്യേറ്റമൊഴിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നാര്‍ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ് സിപിഎം. എന്നാല്‍ സിപിഎമ്മിന്റെ സമരത്തെ പരസ്യമായി തന്നെ തള്ളിക്കള്ളഞ്ഞ് സിപിഐയും രംഗത്തെത്തി. സിപിഎം സമരമിതിയുമായി സഹകരിക്കില്ലെന്നാണ് സിപിഐ ജില്ലാ സെക്രട്ടറി പറയുന്നത്. ഹര്‍ത്താലും സമരവും ആര്‍ക്ക് വേണമെങ്കിലും നടത്താമെന്നും റവന്യു വകുപ്പ് കര്‍ഷക വിരുദ്ധ നടപടിയെടുക്കില്ലെന്നും മന്ത്രി പറയുന്നു. മൂന്നാറില്‍ അന്നത്തെ ദേവികുളം സബ്കളക്ടര്‍ ശ്രാറാം വെങ്കിട്ടരാമന്‍ ഭൂമികയ്യേറ്റങ്ങള്‍ക്കെതിരെ എടുത്ത നിലപാടുകളില്‍ ആരംഭിച്ചതാണ് ഭൂമികയ്യേറ്റ വിഷയത്തിലെ സിപിഐ-സിപിഎം യുദ്ധം. സിപിഐ ഒന്നടങ്കം സബ്കളക്ടര്‍ക്കൊപ്പം നിന്നപ്പോള്‍ അദ്ദേഹത്തെ സ്ഥലംമാറ്റിയാണ് സിപിഎം പ്രതികരിച്ചത്. മുമ്പ് ലോ അക്കാദമി ഭൂമിയിലുണ്ടായ തര്‍ക്കത്തിലും പിന്നീട് തോമസ് ചാണ്ടി വിഷയത്തിലും ഇരു പാര്‍ട്ടികളും രണ്ട് ചേരികളിലായിരുന്നു. തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടുനിന്ന് അസാധാരണമായ ഒരു നടപടി സിപിഐ മന്ത്രിമാര്‍ കൈക്കൊള്ളുകയും ചെയ്തു. ഇന്നലെ തന്നെ ചാണ്ടിയുടെ രാജി സാധ്യമാക്കിയത് സിപിഐയുടെ ഈ നിസഹകരണമാണ്. കോട്ടക്കാമ്പൂരിലെ പട്ടയം റദ്ദാക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുന്നതോടെ വരുംദിവസങ്ങള്‍ എല്‍ഡിഎഫിനെ സംബന്ധിച്ച് സംഘര്‍ഷഭരിതമാകും.

ദേവികുളം സബ് കലക്ടറുടെ ‘തോന്ന്യാസങ്ങള്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍