UPDATES

10,000 കോടിയിലേറെ ആസ്തി, 3000 കോടി ബാധ്യത; പലിശ കൊടുത്ത് മുടിയുന്ന കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി തുടങ്ങിയ സ്ഥാപനമാണ് കെടിഡിഎഫ്‌സി. കെഎസ്ആര്‍ടിസിയുടെ സഹോദര സ്ഥാപനം. എന്നാല്‍ ഇപ്പോള്‍ കോര്‍പ്പറേഷനം പരമാവധി ഊറ്റി അവര്‍ കൊഴുക്കുകയാണ്

പ്രതിമാസം ഇരുന്നൂറ് കോടിയിലധികം രൂപ വരുമാനം നേടുമ്പോഴും പെന്‍ഷന്‍ കുടിശ്ശികയും ശമ്പളവും നല്‍കാന്‍ പകുതിയോളം ഡിപ്പോകളും പണയപ്പെടുത്തി കെഎസ്ആര്‍ടിസി. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് താത്ക്കാലികമെങ്കിലും തലയൂരാന്‍ പുതിയ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നതില്‍ പരാജയപ്പെട്ട കെഎസ്ആര്‍ടിസി, മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്ത ശേഷവും രണ്ട് ഡിപ്പോകള്‍ കൂടി പണയപ്പെടുത്തി. അഞ്ച് മാസത്തെ കുടിശിക നിലനില്‍ക്കെ ക്രിസ്മസിന് മുന്നെ ഒരു മാസത്തെ പെന്‍ഷനെങ്കിലും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അമ്പത്തിരണ്ട് കോടി രൂപയ്ക്ക് കായംകുളം, ഏറ്റുമാനൂര്‍ ഡിപ്പോകള്‍ കൊല്ലം ജില്ലാ സഹകരണ ബാങ്കില്‍ പണയത്തില്‍ വച്ചത്. വരുമാനത്തിന്റെ മുക്കാല്‍ പങ്കും പലിശകൊടുത്ത് മുടിയുന്ന കെഎസ്ആര്‍ടിസി ദിവസേന കൂടുതല്‍ സാമ്പത്തിക പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുകയാണ്.

കെഎസ്ആര്‍ടിസി കടത്തില്‍ നിന്ന് കരകയറാതിരിക്കാനുള്ള പ്രധാന കാരണമായി മാനേജ്‌മെന്റ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ബാധ്യത നിലനിര്‍ത്തിക്കൊണ്ട് തന്നെ വരുമാനത്തിന്റെ നല്ലൊരുഭാഗവും പലിശയടക്കാനായി വിനിയോഗിക്കുന്ന അശാസ്ത്രീയ സമീപനമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആത്മഹത്യ ചെയ്ത കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ എണ്ണം 26. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒന്നര വര്‍ഷം തികയുന്നതിനിടെ നാല് പെന്‍ഷന്‍കാരും ശമ്പളം വൈകിയതോടെ പ്രതിസന്ധിയിലായ ഒരു കെഎസ്ആര്‍ടിസി ജീവനക്കാരനും ജീവനൊടുക്കി. എന്നാല്‍ ഇത്രയും ജീവനുകള്‍ പൊലിഞ്ഞപ്പോഴും പെന്‍ഷനും വേതനവും വിതരണം ചെയ്യുന്ന സംവിധാനങ്ങളില്‍ കെഎസ്ആര്‍ടിസി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നാല് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഇപ്പോഴും ബാക്കിയാണ്. നിലവില്‍ സര്‍വീസുകളെല്ലാം കോര്‍പ്പറേഷന് ലാഭകരമാണ്. എന്നാല്‍ ലഭിക്കുന്നതില്‍ നല്ലൊരു ശതമാനം തുകയും സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ നിന്നെടുത്തിട്ടുള്ള വായ്പാ തുക തിരിച്ചടക്കാനാണ് വിനിയോഗിക്കുന്നത്. അതിനാല്‍ ശമ്പളവും പെന്‍ഷനും കൊടുക്കണമെങ്കില്‍ വീണ്ടും വായ്പയെടുക്കുകയല്ലാതെ കോര്‍പ്പറേഷന് മുന്നില്‍ മറ്റ് വഴികളില്ല.

സര്‍ക്കാരേ, പെന്‍ഷന്‍ കാശ് കിട്ടീട്ട് സുഖിക്കാനല്ല, ജീവിക്കാനാണ്; ഈ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാര്‍ എന്തു ചെയ്യണം?

പണയം വച്ചിട്ട് വര്‍ഷങ്ങളായിട്ടും തിരിച്ചെടുക്കാത്ത ഡിപ്പോകള്‍ ഉണ്ട്. സഹകരണ ബാങ്കുകളില്‍ നിന്നും മറ്റും കൊള്ളപ്പലിശയ്ക്കാണ് പലപ്പോഴും വായ്പയെടുക്കുന്നത്. മിക്കപ്പോഴും അടയ്ക്കുന്ന തുക മുഴുവന്‍ പലിശയിനത്തിലാണ് വകയിരുത്തപ്പെടുന്നത്. മുതല്‍ പിന്നേയും ബാക്കിയാവുന്നു. ഇതിനിടയിലാണ് പിന്നേയും മറ്റ് ഡിപ്പോകള്‍ പണയത്തില്‍ വെക്കേണ്ടി വരുന്നത്. ബാങ്കില്‍ വളരെ കൃത്യമായി തന്നെ കോര്‍പ്പറേഷന്‍ പണം തിരികെയടക്കാറുണ്ട്. അതിനാല്‍ വായ്പ ലഭിക്കാന്‍ ബുദ്ധിമുട്ട് വരാറില്ല. പക്ഷെ അപ്പോള്‍ പ്രതിസന്ധിയിലാവുന്നത് മറ്റ് കാര്യങ്ങളാണ്. ഇരുപതാം തീയതി കഴിഞ്ഞാണ് പലപ്പോഴും താത്കാലിക ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നത്. പെന്‍ഷന്‍കാരുടെ കാര്യമാണ് വലിയ കഷ്ടം. 52 കോടി രൂപയാണ് പെന്‍ഷന്‍ നല്‍കാന്‍ മാത്രം കോര്‍പ്പറേഷന് ചെലവ് വരുന്നത്. പെന്‍ഷന്‍ സെസ് അഥവാ ടിക്കറ്റ് സെസ് ഏര്‍പ്പെടുത്തിയതിന് ശേഷം 25 രൂപയ്ക്ക് മുകളിലെ എല്ലാ ടിക്കറ്റില്‍ നിന്നും ഒരു നിശ്ചിത സംഖ്യ പെന്‍ഷന്‍ ഫണ്ടിലേക്കെത്തുന്നുണ്ട്. അതുകൂടാതെ ആകെ വരുമാനത്തിന്റെ പത്ത് ശതമാനവും സര്‍ക്കാര്‍ നല്‍കുന്ന വിഹിതവും ചേര്‍ത്താല്‍ പെന്‍ഷന്‍ മുടങ്ങാതെ കൊടുക്കാവുന്നതേയുള്ളൂ. എഴുപത് കോടിയെങ്കിലും ഈ ഇനത്തില്‍ പെന്‍ഷന്‍ഫണ്ടിലേക്കെത്തുന്നുണ്ട്. എന്നിട്ടും പെന്‍ഷന്‍ കൊടുക്കാനാവാത്തത് ഈ പണം ബാങ്കില്‍ തിരിച്ചടവിന് എടുക്കുന്നതുകൊണ്ടാണ്.” കോര്‍പ്പറേഷനിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.

“അച്ഛാ.. എനിക്ക് പുതിയ ബാഗും ഉടുപ്പും വേണ്ട”; ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മകള്‍ക്ക് പറയാനുള്ളത്

കെഎസ്ആര്‍ടിസിയുടെ സഹോദര സ്ഥാപനമായ കെടിഡിഎഫ്‌സിയുടേത് പരമാവധി ചൂഷണം ചെയ്യുന്ന സമീപനമാണെന്നും അദ്ദേഹം പറയുന്നു, “കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി തുടങ്ങിയ സ്ഥാപനമാണ് കെടിഡിഎഫ്‌സി. കെഎസ്ആര്‍ടിസിയുടെ സഹോദര സ്ഥാപനം. എന്നാല്‍ ഇപ്പോള്‍ കോര്‍പ്പറേഷന്‍ പരമാവധി ഊറ്റി അവര്‍ കൊഴുക്കുകയാണ്. കെഎസ്ആര്‍ടിസിക്ക് നേരിട്ട് ബാങ്കില്‍ നിന്ന് പണം വായ്പയെടുക്കാനാവില്ല. അതിനാല്‍ കെടിഡിഎഫ്‌സി വഴിയാണ് വായ്പ ലഭിക്കുന്നത്. ബാങ്കുകള്‍ നിശ്ചയിക്കുന്ന പലിശയേക്കാള്‍ ചുരുങ്ങിയത് മൂന്നോ നാലോ ശതമാനം കൂട്ടിയാണ് കോര്‍പ്പറേഷനില്‍ നിന്ന് കെടിഡിഎഫ്‌സി ഈടാക്കുന്നത്. അത് അവരുടെ ലാഭമായി എടുക്കുകയാണ്. ഇത് വര്‍ഷങ്ങളായി തുടരുന്നു. സഹോദരസ്ഥാപനം എന്ന നിലക്ക് പരമാവധി സഹായം ചെയ്യേണ്ടതിന് പകരം കൊള്ളപ്പലിശ ഈടാക്കി കോര്‍പ്പറേഷനെ കൂടുതല്‍ കടക്കെണിയിലാക്കുകയാണ് അവര്‍ ചെയ്യുന്നത്. കോര്‍പ്പറേഷന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് കോഴിക്കോട്,തിരുവനന്തപുരം പോലുള്ള ഡിപ്പോകള്‍. തിരുവല്ല, അങ്കമാലി, കോഴിക്കോട്, തിരുവനന്തപുരം പോലുള്ള ഡിപ്പോകളുടെ നവീകരണ പ്രവര്‍ത്തനം ചെയ്തത് കെടിഡിഎഫ്‌സിയാണ്. അതിനാല്‍ ആ ഡിപ്പോകള്‍ അവര്‍ക്ക് കോര്‍പ്പറേഷന്‍ പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. കേവലം ബസ് പാര്‍ക്ക് ചെയ്യുക എന്ന ഒരു സൗകര്യം മാത്രമേ ആ ഡിപ്പോകളില്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിട്ടുള്ളൂ. എന്തായാലും കെടിഡിഎഫ്‌സി വഴിയുള്ള ബാങ്ക് വായ്പകളുടെ നഷ്ടം കോര്‍പ്പറേഷനും സര്‍ക്കാരിനും ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇനി മുതല്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുക്കാനാണ് നീക്കം. അതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കോര്‍പ്പറേഷന് നേരിട്ട് വായ്പയെടുക്കാനാവും.”

കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിനും പെന്‍ഷനും പണമില്ലെങ്കിലും സ്വകാര്യ ടാങ്കര്‍ ലോറി മാഫിയകളെ സഹായിക്കാന്‍ ഒരു തടസവുമില്ല

കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും പെന്‍ഷന്‍ തുക യഥാസമയം നല്‍കാനും സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണെന്ന് കെഎസ്ആര്‍ടിസി എംഡി ഹേമചന്ദ്രന്‍ ഐപിഎസ് പറഞ്ഞു. കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുക്കാനുള്ള സൗകര്യം ഉണ്ടായിവരുന്നതോടെ പ്രശ്‌നങ്ങള്‍ ചെറിയ ശതമാനമെങ്കിലും പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. “ഡിപ്പോകള്‍ പണയപ്പെടുത്തി എന്ന് പറയാനാവില്ല. ബാങ്കുകളില്‍ ഡിപ്പോകളുടെ ആസ്തി കാണിച്ച് വായ്പയെടുക്കുകയാണ് ചെയ്യുന്നത്. ആ ഡിപ്പോകളിലെ വരവില്‍ നിന്നും തിരിച്ചടവ് എന്ന ഉറപ്പാണ് ബാങ്കുകള്‍ക്ക് നല്‍കുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ മൊത്ത വരുമാനത്തിന്റെ നല്ലൊരു ശതമാനം ബാങ്കുകളിലേക്കാണ് പോവുന്നതെന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ട് തന്നെയാണ് പെന്‍ഷന്‍തുക കൊടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രതിസന്ധിയുണ്ടാവുന്നത്. വലിയ പലിശയ്ക്കാണ് നിലവില്‍ വായ്പകളെടുക്കുന്നത്. അതൊഴിവാക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാരും കോര്‍പ്പറേഷനും നീങ്ങിക്കൊണ്ടിരിക്കുകയാണ്. ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കോര്‍പ്പറേഷന്‍ നേരിട്ട് വായ്പയെടുക്കാനുള്ള സംവിധാനമാണ് ആലോചിക്കുന്നത്. അതാവുമ്പോള്‍ വായ്പ തിരിച്ചടക്കാനുള്ള കാലയളവ് നീട്ടിക്കിട്ടും. പ്രതിമാസ അടവിലും നല്ല കുറവ് വരും. എന്നാല്‍ അതുകൊണ്ടും കോര്‍പ്പറേഷന്റെ പ്രശ്‌നങ്ങള്‍ തീരുന്നില്ല. പെന്‍ഷന്‍ തുക കൃത്യമായി കൊടുക്കുന്ന കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണ്. വായ്പയുടെ കാര്യത്തില്‍ മാറ്റം വരുത്തുന്നതോടെ ചെറിയ തോതില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. എന്നാല്‍ ശാശ്വത പരിഹാരം സര്‍ക്കാരില്‍ നിന്നുണ്ടാവേണ്ടതാണ്.”

നിലവില്‍ കെഎസ്ആര്‍ടിസിക്ക് 3,000 കോടിയിലേറെ രൂപയുടെ ബാധ്യതയാണുള്ളത്. ആകെ ആസ്തി പതിനായിരം കോടിയിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ആസ്തി ഇതേവരെ നിര്‍ണ്ണയിച്ചിട്ടില്ല.

കെഎസ്ആര്‍ടിസിക്കെന്താ കൊമ്പുണ്ടോ? ആനവണ്ടിയുടെ ഫോട്ടോ എടുത്ത ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറെ കുറ്റവാളിയാക്കി ഉദ്യോഗസ്ഥര്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍