UPDATES

ദുരിതാശ്വാസം: ‘ഓമനക്കുട്ടന്റെ’ ക്യാമ്പിലേക്ക് ആദ്യത്തെ ലോഡ് സാധനങ്ങളുമായി അവരെത്തി

ക്യാമ്പിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളാണ് ആദ്യ ലോഡിലെ സാധനങ്ങൾ ഏറ്റുവാങ്ങിയത്.

ആലപ്പുഴ കുറുപ്പന്‍ കുളങ്ങരയിലെ കണ്ണികാട് താമസിക്കുന്നവരുടെ പ്രളയ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കാറുള്ള സ്ഥലത്തേക്ക് ആളും മനുഷ്യനും എത്തിനോക്കിയിരുന്നില്ല കഴിഞ്ഞ 35 വർഷക്കാലവും. അന്തേവാസികൾക്കൊപ്പം പാർട്ടി പ്രവർത്തകർ മാത്രമാണ് ഈ ക്യാമ്പിന് തുണയായി ഉണ്ടായിരുന്നത്. ഈ സ്ഥിതിക്ക് മാറ്റം വന്നിരിക്കുകയാണ് ഇന്നത്തെ സംഭവവികാസങ്ങളോടെ. ഓമനക്കുട്ടൻ എന്ന സിപിഎം ലോക്കൽ കമ്മറ്റിയംഗം അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രവർത്തനം നടന്നു വന്നിരുന്ന ക്യാമ്പിലേക്ക് ദുരിതാശ്വാസ സാധനങ്ങളുമായി ആദ്യത്തെ ലോഡ് വന്നുവെന്നാണ് വിവരം. ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആദ്യ ലോഡ് എത്തിച്ചേർന്നത്. അരി, പലവ്യഞ്ജനം, പായ, ബ്ലീച്ചിങ് പൌഡർ തുടങ്ങിയവയാണ് ഇതിലുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സാധനങ്ങളെത്തിക്കാമെന്ന വാഗ്ദാനങ്ങൾ വന്നിട്ടുണ്ട്.

ക്യാമ്പിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളാണ് ആദ്യ ലോഡിലെ സാധനങ്ങൾ ഏറ്റുവാങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നടന്ന ഒരു വ്യാജ പ്രചാരണത്തിനു ശേഷമാണ് ഈ ക്യാമ്പിലേക്ക് ശ്രദ്ധയെത്തിയത്. സിപിഎം ഏരിയാ സെക്രട്ടറിയായ ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തുന്നുവെന്നതായിരുന്നു വീഡിയോ സഹിതമുള്ള സോഷ്യൽ മീഡിയ പ്രചാരണം. സത്യാവസ്ഥ ശരിയായി മനസ്സിലാക്കാതെ മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തതോടെ ഓമനക്കുട്ടനെതിരെ പാർട്ടി നടപടിയും പൊലീസ് കേസുമെല്ലാം വന്നു. പിന്നീടാണ് വസ്തുകൾ പുറത്തുവന്നത്.

ഇന്നലെ ഉച്ചയോടെയാണ് ഓമനക്കുട്ടന്‍ ദുരിതാശ്വാസ ക്യാമ്പില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയ വാര്‍ത്ത ദൃശ്യങ്ങള്‍ സഹിതം ഒരു ചാനല്‍ ആദ്യം സംപ്രേഷണം ചെയതത്. ഒരു ബിജെപി പ്രവർത്തകൻ പ്രചരിപ്പിച്ച വീഡിയോയെ അതേപടി വാർത്തയാക്കുകയായിരുന്നു ചാനൽ.

ആരോപണവുമായെത്തിയ എതിർ പാർട്ടിക്കാരുടെ നിലപാടുകളെ ശരിവെയ്ക്കുന്ന തരത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ ആദ്യ പ്രതികരണം. ഇക്കാര്യത്തില്‍ ചേര്‍ത്തല താഹസില്‍ദാര്‍ അഴിമുഖത്തോട് പ്രതികരിച്ചതും ഇത്തരത്തിലായിരുന്നു. ‘ദുരിതാശ്വാസ ക്യാമ്പ് നടത്തിപ്പിന്റെ ചുമതല അതാത് വില്ലേജ് ഓഫിസര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. വ്യക്തികളെയോ രാഷ്ട്രീയ നേതാക്കളെയോ ജനപ്രതിനിധികളെയോ ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ല.’ അധികാരപ്പെട്ടവര്‍ ആരും തന്നെ അറിയാതെയാണ് ഓമനക്കുട്ടന്‍ ക്യാമ്പില്‍ അനധികൃതമായി പണം പിരിച്ചതെന്നുമാണ് താഹസില്‍ദാര്‍ അഴിമുഖത്തോട് പറഞ്ഞത്.

“ക്യാമ്പംഗങ്ങള്‍ പിരിവെടുത്ത് ക്യാമ്പ് നടത്തേണ്ട യാതൊരു സാഹചര്യവും നിലവില്‍ ഇല്ല. പ്രൈവറ്റ് കറന്റ് ആണ് എടുക്കുന്നത്, അതിന് ക്യാമ്പ് അംഗങ്ങള്‍ പണം നല്‍കണമെന്ന പ്രചാരണവും തെറ്റാണ്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വൈദ്യുതി ഇല്ലെന്നത് വാസ്തവമാണ്. എന്നാല്‍ ക്യാമ്പ് തുടങ്ങിയതോടെ അടുത്ത വീട്ടില്‍ നിന്നും വാര്‍ഡ് മെംബര്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ച് വൈദ്യുതി കണക്ഷന്‍ ക്യാമ്പിലേക്ക് എടുപ്പിച്ചിരുന്നു. ക്യാമ്പ് കഴിയുമ്പോള്‍ അതുവരെയുള്ള എല്ലാ ചെലവുകളുടെയും ഇടപാടുകള്‍ തീര്‍ക്കുന്നതിനൊപ്പം വൈദ്യുതി ചാര്‍ജും സര്‍ക്കാര്‍ തന്നെ നല്‍കും. ഇതുവരെയും ഇതിനൊന്നിനുമായി ക്യാമ്പില്‍ കഴിയുന്നവരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. പ്രസ്തുത വ്യക്തി, ഉത്തരവാദിത്വപ്പെട്ടവര്‍ ആരും തന്നെ അറിയാതെ സ്വന്തം നിലയ്ക്ക് പണം പിരിക്കുകയാണ് ചെയ്തത്. ഇതിനേതിരേ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും”   ഇതായിരുന്നു താഹസിൽദാരുടെ പ്രതികരണം.

എന്നാൽ ഇതൊന്നുമല്ല വസ്തുകളെന്ന് പിന്നീട് തെളിയുകയായിരുന്നു. റവന്യൂ അധികൃതർ കാലങ്ങളായി പ്രവർത്തിക്കുന്ന ഈ ദുരിതാശ്വാസ ക്യാമ്പിലേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന കാര്യം മാധ്യമങ്ങളിലൂടെ വെളിച്ചത്തു വന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍