UPDATES

കേരളത്തെ വെള്ളത്തില്‍ നിന്നുയര്‍ത്തിയെടുത്ത മനുഷ്യര്‍; ‘ഞങ്ങള്‍ ഉള്ളിടത്തോളം നിങ്ങള്‍ പേടിക്കേണ്ട; ഇതൊക്കെ ഞങ്ങള്‍ കുറേ കണ്ടതാണ്’

നാളെ മുതല്‍ ഞങ്ങള്‍ കടലില്‍ പോകും. കടലില്‍ മുങ്ങിയുയര്‍ന്നാല്‍ തീരാവുന്ന രോഗാണുക്കളേ ഈ ഭൂമുഖത്ത്‌ ഉള്ളൂവെന്നാണ്‌ ഞങ്ങളുടെ വിശ്വാസം.”

ഓരോ ജീവനെയും കരുതലോടെ ചേര്‍ത്ത് പിടിച്ച് കരയിലെ ക്യാംപുകളില്‍ എത്തിക്കുന്നവര്‍, കുത്തൊഴുക്കുള്ള മലവെള്ളപ്പാച്ചിലില്‍ ബോട്ടുകള്‍ ചീറിപ്പായിച്ച് ഓരോ തുരുത്തിലും ഓരോ വീട്ടിലും ഇനിയും ആളുകള്‍ ഉണ്ടോ എന്ന് തേടുന്നവര്‍, ജീവനേക്കാള്‍ സ്വത്തിനും സമ്പത്തിനും വില കൊടുത്ത് പ്രളയത്തിലും നിധി കാക്കുന്ന ഭൂതങ്ങളോട് രക്ഷപ്പെടുത്താമെന്ന് കെഞ്ചിപ്പറയുന്നവര്‍, അപ്പോഴും താഴെയിറങ്ങാത്തവര്‍ക്ക് ആവശ്യത്തിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നവര്‍… കേരളാ മുഖ്യമന്ത്രി തന്നെ ‘കേരളത്തിന്റെ സൈന്യം’ എന്ന് വിശേഷിപ്പിച്ചവര്‍. മുഖംമൂടികളില്ലാത്ത നായകരായി മാറിയിരിക്കുകയാണ് കേരളത്തിന്റെ മത്സ്യബന്ധനത്തൊഴിലാളികള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ കേരളമാകെ നെഞ്ചോട് ചേര്‍ക്കുകയാണ് ഈ മനുഷ്യസ്നേഹികളെ.

എത്ര വിദഗ്ദ്ധമായാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഇടപെട്ടത് എന്ന് കണ്ടുപഠിക്കേണ്ടതും ചരിത്രത്തില്‍ എഴുതിവെക്കേണ്ടതുമാണ്. വരും തലമുറയ്ക്ക് രക്ഷാപ്രവര്‍ത്തന കൈപ്പുസ്തകമായി മാറണം ഇവരുടെ പ്രവര്‍ത്തനങ്ങള്‍. കരകാണാകടലില്‍ രക്ഷയ്ക്കായി മറ്റാരെയും പ്രതീക്ഷിക്കാനില്ലാതിരിക്കുമ്പോള്‍ സ്വന്തം ബുദ്ധിയും കായികബലവും കൊണ്ട് നേടിയ അനുഭവങ്ങള്‍ തന്നെയാണ് ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇവരുടെ കൈമുതലായത്.

തിരുവനന്തപുരം തീരത്ത് നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോയ മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ അനുഭവങ്ങള്‍ അഴിമുഖത്തോട് പങ്ക് വയ്ക്കുന്നു.

“മല്‍സ്യത്തൊഴിലാളിയായ ജാക്‌സണ്‍ തുമ്പക്കാരനാണ് ആദ്യമായി ദുരന്തമുഖത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോകാമെന്ന ആശയം എന്നോട് പങ്ക് വെച്ചത്.’ ഫ്രണ്ട്‌സ് ഓഫ് മറൈന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ പറഞ്ഞു തുടങ്ങി.

“അങ്ങനെയാണ് ജില്ലാ കളക്ടറിനെ വിളിച്ച് രക്ഷാപ്രവര്‍ത്തനത്തിന് ഞങ്ങള്‍ തയാറാണെന്ന് അറിയിച്ചത്. കൊല്ലം ജില്ലാ കളക്ടര്‍ കാര്‍ത്തികേയന്‍ സര്‍ പറഞ്ഞിട്ട് അവിടെ നിന്നും ബോട്ടുകള്‍ പോകാന്‍ തുടങ്ങിയിരുന്നു. അപ്പോഴൊന്നും തിരുവനന്തപുരം ജില്ലാ അധികൃതര്‍ ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ അപ്പോഴേക്കും സജ്ജമായിക്കഴിഞ്ഞിരുന്നു. കുറെ തവണ സബ് കളക്ടറെയും ഡെപ്യൂട്ടി കളക്ടറെയും അനുമതിക്കായി വിളിക്കേണ്ടി വന്നു. പിന്നീട് കുടുംബശ്രീയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കിഷോര്‍ ഐഎഎസിനെ വിളിച്ചു. അപ്പോള്‍ അദ്ദേഹമാണ് തിരുവനന്തപുരം ജില്ലാ കളക്ടറോട് ആവശ്യപ്പെടാമെന്ന് അറിയിക്കുന്നത്. ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിക്കുകയും ചെയ്തു. കേരളാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ചെയര്‍മാന്‍ ശേഖര്‍ കുര്യാക്കോസിനോട് സഹായം ആവശ്യമുണ്ടോ എന്നും ചോദിച്ചിരുന്നു. അദ്ദേഹവും ആവശ്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. പക്ഷേ തിരുവനന്തപുരം ജില്ലാ അധികൃതര്‍ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിച്ചില്ല. പക്ഷേ അന്ന് രാത്രിയോടെ തന്നെ അനുമതി നല്‍കാന്‍ തീരുമാനമുണ്ടാവുകയും വാഹനങ്ങള്‍ തയ്യാറാക്കി പുറപ്പെടുകയും ചെയ്തു.

കോസ്റ്റല്‍ വാച്ച് എന്ന സംഘടനയും പൂന്തുറ മല്‍സ്യത്തൊഴിലാളി സംരക്ഷണ സമിതിയും ചേര്‍ന്നാണ് പൂന്തുറയില്‍ നിന്ന് ഒമ്പത് വള്ളവും തുമ്പയില്‍ നിന്ന് ഒരു വള്ളവും പോയത്. ജില്ലാ അധികൃതര്‍ ആവശ്യപ്പെട്ടതോടെ 20 വള്ളങ്ങള്‍ കൂടിപ്പോകാന്‍ തയാറായി എത്തി. അന്ന് രാത്രിയില്‍ തിരുവനന്തപുരത്ത് കനത്ത മഴയുണ്ടായിട്ടും അവര്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം തുടങ്ങുന്ന ദിവസത്തിലെ സ്ഥിതി വളരെ ദയനീയമായിരുന്നു. പത്തനംതിട്ട ജില്ല കേന്ദ്രീകരിച്ചാണ് ഇവര്‍ വന്നത്. പിന്നീടാണ് ചെങ്ങന്നൂരിലോട്ട് വന്നത്. എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന ചിന്തയോടെ ആയിരങ്ങളാണ് നിസഹായരായി പല ഇടങ്ങളിലായി കാത്ത് നിന്നിരുന്നത്. പക്ഷേ ഈ ആളുകളുടെ ഇടയിലും രണ്ട് തരക്കാര്‍ ഉണ്ടായിരുന്നു. വീട് വിട്ടിറങ്ങാതെ ഇതൊന്നും ഒരു പ്രശ്‌നമല്ല, വെള്ളമിറങ്ങും എന്നൊക്കെ പറഞ്ഞ് സഹകരിക്കാതെ നിന്നവരുണ്ട്. അതേസമയം നല്ല സഹകരണത്തോടെ നിന്നവരുമുണ്ട്. യുവാക്കള്‍ വളരെ നല്ല രീതിയിലാണ് രക്ഷാപ്രവര്‍ത്തനങ്ങളോട് സഹകരിച്ചത്, അത് പറയാതിരിക്കാനാകില്ല.

വള്ളം കൊണ്ടുവന്ന് കുറച്ചുപേരെ രക്ഷിച്ചതോടെ ആളുകള്‍ക്കിടയില്‍ വല്ലാത്ത വിശ്വാസം ഉണ്ടായി. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ബോട്ട് ഓടിച്ചു പോകുമ്പോള്‍ ആളുകള്‍ പേടിച്ച് അലമുറയിട്ട് കരഞ്ഞു. ‘ഞങ്ങള്‍ കൂടെയുള്ളിടത്തോളം കാലം നിങ്ങള്‍ പേടിക്കേണ്ട കാര്യമില്ല. ഇതൊക്കെ ഞങ്ങള്‍ കുറെ കണ്ടതാണ്’ എന്നാണ് മത്സ്യത്തൊഴിലാളികള്‍ സമാധാനപ്പെടുത്തിയത്. അങ്ങനൊരു വിശ്വാസം കൊണ്ട് തന്നെയാണ് ഹെലികോപ്റ്ററുകള്‍ വേണ്ട, ബോട്ടുകളില്‍ രക്ഷപ്പെടുത്തൂ എന്ന് ആളുകള്‍ ആവശ്യപ്പെട്ടത്. ഹെലികോപ്ടറുകള്‍ക്ക് ചെയ്യാന്‍ പരിമിതികളുണ്ട്, ഒറ്റപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങളെ ഇവിടെ ഹെലികോപ്ടറുകളുടെ സഹായത്തോടെ നടക്കുകയുള്ളൂ. ഇതുപോലുള്ള വെള്ളപ്പൊക്കദുരന്തങ്ങളില്‍ മത്സ്യബന്ധനത്തൊഴിലാളികളെ ആദ്യം തന്നെ പരിഗണിക്കേണ്ടതാണ്. അങ്ങനെയൊരു പരിഗണന നല്‍കിയാല്‍ കൂടുതല്‍ പേരെ രക്ഷിക്കാനാകും.

വള്ളത്തില്‍ ആളുകളെ രക്ഷിച്ചിട്ട് പോകുമ്പോള്‍ വീടിന്റെ മതിലില്‍ ബോട്ട് ഇടിച്ചുവെന്ന് പരാതി പറഞ്ഞവരുണ്ട്. നിങ്ങള്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യമൊക്കെ കിട്ടും, ഞങ്ങള്‍ക്ക് ഒന്നും കിട്ടില്ല എന്നൊക്കെ പറഞ്ഞവരുമുണ്ട്. അങ്ങനത്തെ രസകരമായ നിരവധി അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

കേരളത്തിന്റെ സേന മത്സ്യബന്ധനത്തൊഴിലാളികളാണ് എന്ന് മുഖ്യമന്ത്രി പറയുന്നത് ഒരു അംഗീകാരവും തിരിച്ചറിവുമാണ്. തിരിച്ചറിവ് എന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്കല്ല, അവര്‍ക്ക്! ഇന്ത്യയിലെ ഒരു നാട്ടുരാജ്യം വിദേശ ആധിപത്യത്തിന് എതിരെ ജയിച്ച ഒരേയൊരു യുദ്ധമാണ് കുളച്ചല്‍ യുദ്ധം. അതിലെ സേന മത്സ്യബന്ധനത്തൊഴിലാളികളാണ്. അതിന്റെ സ്മരണാര്‍ത്ഥം ആഗസ്റ്റ് 15ന് പാച്ചോറ് (പടച്ചോറ്) ഒരുക്കുന്ന ആചാരം മത്സ്യബന്ധന സമൂഹങ്ങളില്‍ ഉണ്ട്. മാര്‍ത്താണ്ഡം തുറയില്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ മരിക്കുന്ന ആളുകളുടെ ശ്മശാനത്തില്‍ കുരിശ് വെക്കാറില്ല. പണ്ട് യുദ്ധത്തില്‍ മരിച്ച ആളുകള്‍ക്ക് കുരിശ് വെക്കാനാകാത്തത് കൊണ്ട് വേറെയാര്‍ക്കും ചെയ്യരുത് എന്ന നിലപാട് ബഹുമാനാര്‍ത്ഥം ഇപ്പോഴും അവിടുള്ളവര്‍ തുടരുന്നു. യഥാര്‍ത്ഥത്തില്‍ കേരളവും ഇന്ത്യയും മത്സ്യത്തൊഴിലാളികളുടെ സേവനങ്ങളെ തിരിച്ചറിഞ്ഞിരുന്നില്ല. അവരുടെ ചരിത്രം പഠിക്കുന്നില്ല. അത് രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് പൊതുസമൂഹം തിരിച്ചറിയുന്നു, അംഗീകരിക്കുന്നു.

മത്സ്യത്തൊഴിലാളികള്‍ ഒന്നും പ്രതീക്ഷിച്ചല്ല രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. മത്സ്യത്തൊഴിലാളിയെ സംബന്ധിച്ചിടത്തോളം ഒരു ജീവന്‍ രക്ഷിക്കുന്നത് തന്നെ ഒരു പുണ്യപ്രവര്‍ത്തിയാണ്. ഇവിടെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയവര്‍ കാശ് പാരിതോഷികമായി നല്‍കാന്‍ എത്തിയിരുന്നു. അവരോട്, ‘ഞങ്ങള്‍ നിങ്ങളെ രക്ഷപ്പെടുത്താനായിട്ടാണ് വന്നത്’ എന്നായിരുന്നു മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്. ഈ സമയങ്ങളില്‍ കടലില്‍ പണിക്ക് പോയവര്‍ക്ക് നിറയെ കണവ മീന്‍ കിട്ടിയിട്ടുണ്ട്. അതില്‍ നിന്ന് കിട്ടുന്ന ലാഭം രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് നല്‍കാന്‍ നാട്ടിലെ പള്ളി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ രക്ഷാപ്രവ്രര്‍ത്തനത്തിന് എത്തി കേടുപാട് പറ്റിയ വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കേണ്ടതാണ്.”

പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോയ മത്സ്യബന്ധനത്തൊഴിലാളികളെ ഏകോപിപ്പിക്കാനായി തിരുവനന്തപുരം കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം എന്ന തീരദേശ വിദ്യാര്‍ത്ഥി കൂട്ടായ്മ, ബ്ലൂ വോളണ്ടിയേഴ്‌സ് എന്ന സംഘം രൂപീകരിച്ചിരുന്നു. മത്സ്യബന്ധനത്തൊഴിലാളികള്‍ ഏത് ഭാഗങ്ങളിലായാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്, അവരുടെ സ്ഥിതിഗതികള്‍, ആവശ്യങ്ങള്‍, പോകേണ്ട വഴികള്‍ എന്നിവ മേല്‍നോട്ടം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതായിരുന്നു ബ്ലൂ വോളണ്ടിയേഴ്‌സ് എന്ന സംഘത്തിന്റെ ലക്ഷ്യം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരണത്തില്‍ ഒതുങ്ങാതെ രക്ഷാപ്രവര്‍ത്തനങ്ങളിലേക്കും വിവിധ സേനകളുടെ സഹായങ്ങളിലേക്കും നീണ്ടിരുന്നു. കോസ്റ്റല്‍ സ്റ്റുഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം സെക്രട്ടറിയും ബ്ലൂ വോളണ്ടിയറുമായ വിപിന്‍ ദാസ് തോട്ടത്തില്‍ അനുഭവങ്ങള്‍ പങ്ക് വെക്കുന്നു.

“തിരുവനന്തപുരം, കൊല്ലം ഭാഗത്ത് നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികള്‍ ആലുവ, പത്തനംതിട്ട, ചെങ്ങന്നൂര്‍, പന്തളം എന്നീ സ്ഥലങ്ങളില്‍ പോയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇവരുമായി ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗങ്ങളുമില്ലായിരുന്നു. റെയ്ഞ്ച് കിട്ടാതെയും ഫോണില്‍ ചാര്‍ജില്ലാതെയും പരസ്പരം വിവരങ്ങള്‍ കൈമാറാനാകാതെ ചിതറിപ്പോകുന്ന ഒരു അവസ്ഥയുണ്ടായി. ഈ മത്സ്യത്തൊഴിലാളികള്‍ ആലപ്പുഴയില്‍ എത്തിയിട്ടാണ് പല വഴിക്ക് പിരിഞ്ഞത്. വള്ളങ്ങളില്‍ കയറിപ്പോയവരുടെ പേര് വിവരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ കൃത്യമായി അവിടെയുണ്ടോ, ക്യാംപില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്നൊന്നും അറിയാനായില്ല. അങ്ങനെ ഒരു സാഹചര്യത്തിലാണ് കോസ്റ്റല്‍ സ്റ്റൂഡന്റ്‌സ് കള്‍ച്ചറല്‍ ഫോറം എന്ന തീരദേശ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ നിന്ന് ബ്ലൂ വോളണ്ടിയേഴ്‌സ് എന്ന 17 പേരടങ്ങുന്ന സംഘത്തെ രൂപീകരിച്ചത്. പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് ഈ കൂട്ടായ്മയില്‍ ഉള്ളത്. വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട മത്സ്യത്തൊഴിലാളികളെ ഏകോപിപ്പിക്കുക എന്നതായിരുന്നു ബ്ലൂ വോളണ്ടിയേഴ്‌സിന്റെ പ്രധാന ഉദ്ദേശലക്ഷ്യം. ആഗസ്റ്റ് 18ാം തീയതി രാവിലെയാണ് ബ്ലൂ വോളണ്ടിയേഴ്‌സ് തിരുവനന്തപുരത്ത് നിന്ന് തിരിച്ചത്.

അടൂരില്‍ നിന്ന് വിവിധ ഇടങ്ങളിലായി രണ്ട് പേരുള്ള ടീമായി പലവഴിക്ക് തിരിയാമെന്നാണ് കരുതിയത്. പക്ഷേ അടൂരില്‍ വെച്ച് ഫോണിന്റെ റെയ്ഞ്ച് നഷ്ടപ്പെട്ടു. അവിടെ നിന്ന് രണ്ട് സംഘമായി തിരിഞ്ഞ് പന്തളത്തിലേക്കും ചെങ്ങന്നൂരിലേക്കും പോയി. ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസില്‍ വെച്ച് കാണാമെന്നായിരുന്നു പറഞ്ഞ് വെച്ചിരുന്നത്. ചെങ്ങന്നൂരില്‍ നിന്ന് ബാക്കിയിടങ്ങളിലേക്ക് പോകാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ചെങ്ങന്നൂര്‍ തന്നെ 10 പഞ്ചായത്തുകളിലായി മത്സ്യബന്ധനത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം ചെയ്യുന്നുണ്ടായിരുന്നു. അപ്പോഴാണ് ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് പാണ്ടനാട്, വെണ്മണി, കല്ലിശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ വോളണ്ടിയേഴ്‌സിനെ വിട്ട് പ്രവര്‍ത്തനം നടത്താമെന്ന് തീരുമാനിച്ചത്. ആലുവയിലോട്ട് പോയവരുടെയും വിവരങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടിയിരുന്നു.

ഇപ്പോഴത്തെ സ്ഥിതിയെന്തെന്നാല്‍ ഞായറാഴ്ച രാവിലെയോട് കൂടി മത്സ്യത്തൊഴിലാളികള്‍ തിരിച്ച് അവരവരുടെ നാട്ടിലേക്ക് വരാന്‍ തുടങ്ങി. വെള്ളമിറങ്ങിയതുകൊണ്ട് ബോട്ട് ഉപയോഗിക്കാന്‍ പറ്റില്ല. കൂടാതെ റോഡിലൊക്കെ ഇടിച്ച് ബോട്ടുകള്‍ക്ക് കേടുപാടുണ്ടായിട്ടുണ്ട്. നാട്ടില്‍ നിന്ന് വന്ന മത്സ്യത്തൊഴിലാളികള്‍ എല്ലാം തിരിച്ച് കയറുന്നുണ്ടോ, ഏതെങ്കിലും ക്യാംപുകളില്‍ മത്സ്യത്തൊഴിലാളികള്‍ ഒറ്റപ്പെട്ടിട്ടുണ്ടോ എന്നൊക്കെയാണ് ബ്ലൂ വോളണ്ടിയേഴ്‌സ് ഇപ്പോള്‍ പ്രധാനമായും അന്വേഷിക്കുന്നത്. ഫോണ്‍ റെയ്ഞ്ച് ഇല്ലാത്തതുകൊണ്ടും പരിചയമില്ലാത്ത സ്ഥലമായതുകൊണ്ടും ഇങ്ങനെയുള്ള വിവരശേഖരണം ബുദ്ധിമുട്ടാണ്.

കൂടാതെ ഞായറാഴ്ച എന്‍ഡിആര്‍എഫിനൊപ്പവും ഒഡീഷ ഫയര്‍ ആന്റ് റെസ്‌ക്യൂ ടീമിനൊപ്പവും റബ്ബര്‍ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ബ്ലൂ വോളണ്ടിയേഴ്‌സ് പോയിരുന്നു. നീന്താനറിയാവുന്ന ആളുകളെ അവര്‍ക്ക് ആവശ്യമായിരുന്നു. ഞങ്ങളുടെ ഇടയില്‍ എല്ലാവര്‍ക്കും നീന്താനറിയാമായിരുന്നു. റോഡില്‍ നിന്ന് ബോട്ടുകള്‍ എടുത്തുകൊണ്ട് പോയി വെള്ളത്തില്‍ ഒറ്റപ്പെട്ടു പോയ തുരുത്തുകളില്‍ ചെന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് മാത്രം 50,000-ത്തിനു മുകളില്‍ ആളുകളെ ഞങ്ങള്‍ രക്ഷപെടുത്തി.

സേനയുടെ റെസ്ക്യു ടീം കടന്നുചെല്ലാനാകാത്ത ഉള്‍പ്രദേശങ്ങളില്‍ ആളുകള്‍ രക്ഷയ്ക്കായി കാത്ത് നില്‍പുണ്ടെന്ന് ഞങ്ങള്‍ക്ക് നിരന്തരം കോളുകള്‍ കിട്ടിക്കൊണ്ടിരുന്നു. പക്ഷേ ഇവിടെ എത്തിയപ്പോള്‍ നിരവധി പേര്‍ വീടുകളില്‍ തന്നെ ഇരിക്കുകയാണ്. കോഴിയും പട്ടിയുമുണ്ട്, സ്വര്‍ണം മോഷണം പോകും, എന്നൊക്കെ പറഞ്ഞാണ് അവര്‍ ഇരുന്നത്. ചിലരോടൊക്കെ വായിലെ വെള്ളം വറ്റുന്നത് പോലെ തന്നെ കെഞ്ചിപ്പറയേണ്ടി വന്നിട്ടും രക്ഷയുണ്ടായില്ല. ഭക്ഷണം മതി, വീട് വിട്ടിറങ്ങാന്‍ പറ്റില്ല എന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്. ചില വയസ്സായവര്‍ മൂന്ന് നില വീടുകളില്‍ ശബ്ദം പുറത്തെടുക്കാനാകാതെ കഴിയുന്നുണ്ടായിരുന്നു. അവരെയൊക്കെ കതക് തുറന്ന് രക്ഷപ്പെടുത്താനായി എന്നത് സന്തോഷം തരുന്നതായിരുന്നു.

ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ സേനയ്ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ തന്നെയായിരുന്നു. അവര്‍ക്ക് ഞങ്ങള്‍ സഹായം ചെയ്തിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് ഒരു സഹകരണവും അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഞങ്ങളുടെ നിരീക്ഷണത്തില്‍ അവര്‍ ഈ പ്രവര്‍ത്തനത്തില്‍ എഫിഷ്യന്റ് അല്ല.

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത് നെറ്റ് ഉണ്ടായിരുന്നത് കൊണ്ട് അറിയാന്‍ പറ്റി. അപ്പോള്‍ ഞാന്‍ കൂടെയുള്ളവരോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞതാണ്, ‘ഞങ്ങള്‍ പൈസ വാങ്ങാനല്ല വന്നത്. ഞങ്ങളുടെ മക്കളുടെ പ്രായമുള്ള മക്കളാണ് ഇവിടെ പെട്ട് കിടക്കുന്നത്. അവരെ രക്ഷിക്കാനാകുന്നത് ഞങ്ങള്‍ക്ക് ഒരു ആവേശമാണ്’ എന്നാണ്. രക്ഷാപ്രവ്രര്‍ത്തനത്തിനായി ഞങ്ങള്‍ എത്തിയത് സ്വന്തം ചിലവിലാണ്. ഇന്ധനം അടിച്ചും മണ്ണെണ്ണ വാങ്ങിയുമാണ് ഞങ്ങള്‍ എത്തിയത്. ഇവിടെ വന്നതിന് ശേഷം ഇന്ധനമൊക്കെ ആവശ്യത്തിന് ലഭിച്ചു. ആ കാശ് ദുരിതാശ്വാസ നിധിയിലേക്ക് എടുക്കട്ടെയെന്നാണ് അവര്‍ പറയുന്നത്. പൊട്ടിയ വള്ളങ്ങള്‍ കണ്ട് ഒരൊറ്റ മത്സ്യത്തൊഴിലാളി പോലും നാട്ടില്‍ ചെന്ന് എന്ത് ചെയ്യുമെന്ന് ചോദിച്ചിട്ടില്ല. അവരുടെ വീട്ടിന്റെ അവസ്ഥകള്‍ പോലും സംസാരത്തില്‍ വന്നിട്ടില്ല. ഇനി എവിടെയൊക്കെ പോയി രക്ഷപ്പെടുത്തണം എന്ന് മാത്രമാണ് അവര്‍ സംസാരിച്ചിരുന്നത്.

ചെങ്ങന്നൂര്‍ എഞ്ചിനീയറിങ് കോളേജില്‍ എട്ടായിരത്തിലധികം ആളുകള്‍ ക്യാംപില്‍ ഉണ്ട്. മുഖ്യമന്ത്രി ഇപ്പോള്‍ പ്രഖ്യാപിച്ച പാരിതോഷികവും അംഗീകാരവും നഷ്ടപരിഹാരവും ഇപ്പോഴായിരുന്നില്ല ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. ഞങ്ങള്‍ക്ക് എല്ലാ സഹായങ്ങളും ആവശ്യമുണ്ടായിരുന്ന സമയമുണ്ടായിരുന്നു. സഹായാഭ്യര്‍ത്ഥനകള്‍ ഞങ്ങള്‍ നടത്തിയിരുന്ന സമയത്ത് ഈ അനുഭാവപൂര്‍വമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിയിരുന്നില്ല. വ്യക്തിപരമായ അഭിപ്രായത്തില്‍ ഇതിലൊക്കെ കൃത്യമായ രാഷ്ട്രീയമുണ്ട്. മുഖ്യമന്ത്രി പറയുന്നത് സര്‍ക്കാര്‍ ഇടപെട്ടിട്ടാണ് മത്സ്യത്തൊഴിലാളികള്‍ വന്നത് എന്നാണ്. എന്നാല്‍ തുടക്കത്തില്‍ ആലപ്പുഴയില്‍ നിന്നൊക്കെ മത്സ്യത്തൊഴിലാളികള്‍ സ്വയമേ എത്തിയതാണ്. പിന്നീടാണ് മത്സ്യത്തൊഴിലാളികള്‍ എഫിഷ്യന്റ് ആണെന്ന് മനസിലാക്കി സര്‍ക്കാര്‍ ആവശ്യവുമായി മുന്നോട്ട് എത്തുന്നത്. 15ാം തീയതി മുതല്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് എത്താന്‍ തുടങ്ങിയിരുന്നു.”

തിരുവന്തപുരത്ത്‌ വലിയവേളിയില്‍ നിന്നും ആറന്മുള പഞ്ചായത്തിലേക്ക്‌ 32 പേരടങ്ങുന്ന 8 ടീമുകളായി പുറപ്പെട്ട മത്സ്യബന്ധനത്തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയ കേരളാ സ്വതന്ത്ര മല്‍സ്യത്തൊഴിലാളി സംഘടന വൈസ്‌ പ്രസിഡന്റ്‌ ആന്റോ ഏലിയാസ്‌ പങ്ക്‌ വെച്ച വിവരങ്ങള്‍.

“മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ ഇറങ്ങണമെന്ന്‌ മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ കേരളാ സ്വതന്ത്ര മല്‍സ്യത്തൊഴിലാളി സംഘടന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രളയബാധിത പ്രദേശത്തേക്ക്‌ പോകാന്‍ ആഹ്വാനം ചെയ്‌തത്‌. 8 വളളങ്ങളിലായി 32 പേരാണ്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ തിരുവനന്തപുരത്ത്‌ നിന്ന്‌ എന്റെ നേതൃത്വത്തില്‍ പുറപ്പെട്ടത്‌. ആറന്മുള പഞ്ചായത്താണ്‌ ഞങ്ങള്‍ക്ക്‌ കിട്ടിയത്‌. ആറന്മുള പഞ്ചായത്തിലെ 1900ലധികം ആളുകളെ രക്ഷപ്പെടുത്താനായി. രണ്ടും മൂന്നും നിലയിലുള്ള വീടുകളുടെ മുകളില്‍ ആളുകള്‍ ഇരിക്കുന്ന കാഴ്‌ചയാണ്‌ ഞങ്ങള്‍ക്ക്‌ അവിടെ കാണാനായത്‌. അവരെ വളരെ സാഹസികമായാണ്‌ രക്ഷപ്പെടുത്തിയത്‌. നേവിയുടെയോ മറ്റു സേനയുടെയോ സഹായങ്ങള്‍ കിട്ടിയിരുന്നില്ല. ഒരു പരിധിയില്‍ കഴിഞ്ഞ്‌ അവര്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നു അവിടെയുണ്ടായിരുന്നത്‌. ജനിച്ച്‌ എട്ട്‌ മണിക്കൂര്‍ മാത്രമായ നവജാതശിശുവിനെയും അമ്മയെയും ഞങ്ങള്‍ക്ക്‌ സുരക്ഷിതമായ കരയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞുവെന്നത്‌ വലിയ സന്തോഷം നല്‍കുന്ന കാര്യമായിരുന്നു.

യാത്രക്കുള്ള ഇന്ധനം എല്ലാം കരുതി, ആര്‍ക്കും ഒരു ബുദ്ധിമുട്ട്‌ ഉണ്ടാക്കാതെയാണ്‌ ഞങ്ങള്‍ അവിടെ പോയിവന്നത്‌. രണ്ട്‌ ദിവസം കൊണ്ടാണ്‌ ആറന്മുള പഞ്ചായത്തിലെ എല്ലാവരെയും രക്ഷപ്പെടുത്തിയത്‌. ചില ഭാഗങ്ങളില്‍ പഞ്ചായത്ത്‌ മെമ്പര്‍മാരോ പോലീസോ ആവശ്യപ്പെട്ടിട്ടും ആളുകള്‍ വള്ളങ്ങളില്‍ കയറാന്‍ തയാറായിരുന്നില്ല. അവര്‍ക്കൊക്കെ ആവശ്യമായ ഭക്ഷണവും വെളളവും എത്തിച്ച്‌ കൊടുത്തു. പഞ്ചായത്തില്‍ നിന്നുള്ള അംഗീകാര പത്രവും വാങ്ങിയാണ്‌ ഞങ്ങള്‍ തിരിച്ചെത്തിയത്‌. ജീവിതത്തില്‍ തന്നെ മറക്കാന്‍ പറ്റാത്ത സംഭവങ്ങളായിരുന്നു. പമ്പയിലും അച്ചന്‍കോവിലാറും യോജിച്ച്‌ ശക്തമായ ഒഴുക്കുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ പമ്പാ ഭാഗങ്ങളില്‍ നിന്ന്‌ മൂന്നര മണിക്കൂര്‍ നേരമെടുത്താണ്‌ ആളുകളെ രക്ഷിച്ചു കൊണ്ടുവന്നത്‌. പലരുടെയും ബന്ധുക്കള്‍ പുറത്ത്‌ നിന്ന്‌ അയച്ചു തന്ന ജിപിഎസ്‌ ലൊക്കേഷന്‍ വെച്ചാണ്‌ ഇത്രയധികം ആളുകളെ രക്ഷിക്കാന്‍ കഴിഞ്ഞത്‌. കാരണം, അവിടെയുള്ളവര്‍ക്ക്‌ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയുമായിരുന്നില്ല.

ആറന്മുളയില്‍ നിന്ന്‌ ദുരിതാശ്വാസ ക്യാംപിലേക്ക്‌ പോകാന്‍ തയാറായിരുന്ന അവസാനത്തെ ആളെയും ഞായറാഴ്ച രാത്രി ഏഴ്‌ മണിയോടെ ക്യാംപില്‍ എത്തിച്ചതിന്‌ ശേഷമാണ്‌ ഞങ്ങള്‍ നാട്ടിലേക്ക്‌ തിരിച്ചെത്തിയത്‌. കെട്ടിടങ്ങളുടെയും പോസ്‌റ്റുകളുടെയും മുകളിലൂടെയാണ്‌ വള്ളം ഓടിച്ചത്‌. അതുകൊണ്ട്‌ ഞങ്ങളുടെ വള്ളങ്ങള്‍ പൊട്ടി കേടുപാടുണ്ടായിട്ടുണ്ട്‌. അപ്പോഴും ഇത്രയും ജീവന്‍ രക്ഷിക്കാനായതിലാണ്‌ ഞങ്ങളുടെ സന്തോഷം. നാട്ടില്‍ വന്നതിന്‌ ശേഷം തുമ്പ പോലീസ്‌ ഞങ്ങള്‍ക്ക്‌ വണ്ടികളില്‍ നിന്ന്‌ വള്ളങ്ങള്‍ ഇറക്കാനുള്ള എല്ലാ സഹായങ്ങളും തന്നിരുന്നു. വീണ ജോര്‍ജ്‌ എംഎല്‍എ ഞങ്ങളുടെ മുന്‍പില്‍ കൈകൂപ്പി നില്‍ക്കുകയായിരുന്നു. കൂടാതെ നിരവധി ഉദ്യോഗസ്ഥര്‍ ഇവിടെ വന്നിട്ടുണ്ടായിരുന്നു. ജനങ്ങളുടെ അംഗീകാരം ഞങ്ങള്‍ക്ക്‌ കിട്ടിയിട്ടുണ്ട്‌.

രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും എലിപ്പനി പോലുള്ള ജലജന്യരോഗങ്ങള്‍ പകരാന്‍ സാധ്യതയുണ്ടെന്ന്‌ പറഞ്ഞിട്ടുണ്ട്‌. നാളെ മുതല്‍ ഞങ്ങള്‍ കടലില്‍ പോകും. കടലില്‍ മുങ്ങിയുയര്‍ന്നാല്‍ തീരാവുന്ന രോഗാണുക്കളേ ഈ ഭൂമുഖത്ത്‌ ഉള്ളൂവെന്നാണ്‌ ഞങ്ങളുടെ വിശ്വാസം.”

കേരളം എന്നും ഈ മനുഷ്യരെ ഓര്‍ത്തിരിക്കണം, കടപ്പെട്ടിരിക്കണം

രണ്ടു ലക്ഷത്തിലധികം നമ്മളെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നവരാണ്…

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍