UPDATES

‘കുറച്ചു നേരം കൂടി അങ്ങനെ കിടന്നിരുന്നെങ്കില്‍ ആരും ബാക്കിയുണ്ടാകുമായിരുന്നില്ല’; ജീവനും കൈയില്‍പ്പിടിച്ച് കടലില്‍ പൊങ്ങിക്കിടന്നത് മണിക്കൂറുകള്‍

നടുക്കടലിലകപ്പെടുകയും രക്ഷപ്പെട്ട് തിരികെ നാട്ടിലെത്തുകയും ചെയ്ത അഞ്ചു മത്സ്യത്തൊഴിലാളികള്‍ക്കു പറയാനുള്ളത് ഏതു നിമിഷവും ജീവന്‍ അപകടത്തില്‍പ്പെടാം എന്നറിഞ്ഞുകൊണ്ടു തന്നെ ജോലിക്കു പോകുന്ന ഒരു ജനവിഭാഗത്തെക്കുറിച്ചാണ്.

ശ്രീഷ്മ

ശ്രീഷ്മ

‘രണ്ടു മണിക്കൂറാണ് ജീവനും കൈയില്‍പ്പിടിച്ച് കടലില്‍ പൊങ്ങിക്കിടന്നത്. ചുറ്റിനും കപ്പലോ ബോട്ടുകളോ ഇല്ല. മരിക്കുമെന്നു തന്നെ ഉറപ്പിച്ചു. ഞങ്ങള്‍ സംസാരിച്ചതെല്ലാം മരണത്തെക്കുറിച്ചു മാത്രമായിരുന്നു. കൂട്ടത്തിലുള്ള രണ്ടു പേര്‍ പേടിച്ചു കരയുന്നുണ്ടായിരുന്നു. കുറച്ചു നേരം കൂടി അങ്ങനെ കിടന്നിരുന്നെങ്കില്‍ ആരും ബാക്കിയുണ്ടാകുമായിരുന്നില്ല.’ ഇത് കപ്പല്‍ച്ചേതത്തില്‍പ്പെട്ട നാവികനെക്കുറിച്ചുള്ള നാടോടിക്കഥയല്ല. സംസ്ഥാനത്തെ ചില മത്സ്യത്തൊഴിലാളികള്‍ നേരിടേണ്ടിവന്ന അനുഭവങ്ങളാണ്. ബോട്ടു തകര്‍ന്നും കപ്പലിലിടിച്ചും ദിശ തെറ്റിയുമെല്ലാം മത്സ്യത്തൊഴിലാളികളെ കാണാതാവുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ധാരാളം നടക്കാറുള്ള കാസര്‍കോട് ജില്ലയില്‍ നിന്നുമാണ് ഈ അനുഭവകഥ. ബോട്ടു തകര്‍ന്ന് നടുക്കടലിലകപ്പെടുകയും, രണ്ടു മണിക്കൂറോളം വെള്ളത്തില്‍ പൊങ്ങിക്കിടന്നതിനു ശേഷം രക്ഷപ്പെട്ട് തിരികെ നാട്ടിലെത്തുകയും ചെയ്ത അഞ്ചു മത്സ്യത്തൊഴിലാളികള്‍ക്കു പറയാനുള്ളത് ഏതു നിമിഷവും ജീവന്‍ അപകടത്തില്‍പ്പെടാം എന്നറിഞ്ഞുകൊണ്ടു തന്നെ ജോലിക്കു പോകുന്ന ഒരു ജനവിഭാഗത്തെക്കുറിച്ചാണ്. കപ്പലില്‍ നിന്നും കാണാതായി പത്തു വര്‍ഷമായിട്ടും ഒരു വിവരവുമില്ലാത്ത പ്രദീപ് രാജിന്റെയും, ബോട്ടു മറിഞ്ഞ് കൊല്ലപ്പെട്ട സുനില്‍ കുമാറിന്റെയും നാട്ടുകാരായ ഇവര്‍, കടലില്‍ നിന്നും തിരികെ ജീവിതത്തിലേക്കെത്തിയതു തന്നെ വലിയ അത്ഭുതമായി കരുതുകയാണ്.

മാര്‍ച്ച് നാലിനാണ് കാഞ്ഞങ്ങാട് കടപ്പുറത്തെ ഗുരുജി നഗറിലുള്ള മനോഹരന്‍ തന്റെ ബോട്ടില്‍ മറ്റു നാലു പേര്‍ക്കൊപ്പം കടലിലേക്ക് തിരിക്കുന്നത്. വാസവന്‍, ചന്ദ്രന്‍, സുരേഷ്, സുരേന്ദ്രന്‍ എന്നിവരായിരുന്നു ബോട്ടിലുള്ള മറ്റു മത്സ്യത്തൊഴിലാളികള്‍. പുലര്‍ച്ചെ നാലു മണിയോടെ ചെറുവത്തൂര്‍ തുറമുഖത്തു നിന്നും മറ്റ് 6 ബോട്ടുകള്‍ക്കൊപ്പം ജോലിക്കു തിരിച്ച മനോഹരനും സംഘവും പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ അകലത്തിലാണ് വലയിട്ടുകൊണ്ടിരുന്നത്. ആറു മണിയോടെ വലയിളക്കാനും തുടങ്ങി. വടക്കു ഭാഗത്തുനിന്നുള്ള കാറ്റും അന്ന് പ്രതീക്ഷിക്കാത്തത്ര ശക്തമായി അടിച്ചുകൊണ്ടിരുന്നു. വലയിട്ട് ഏകദേശം മുക്കാല്‍ മണിക്കൂറിനുള്ളില്‍ തിരിച്ചു കയറ്റുന്ന ജോലികള്‍ ആരംഭിക്കുകയായിരുന്നു മനോഹരനും സുഹൃത്തുക്കളും. അതിനിടെയാണ് ഫൈബര്‍ വള്ളത്തിലേക്ക് അമരത്തിനു മുകളിലൂടെ വെള്ളം അടിച്ചു കയറുന്നത്. സമയമെടുത്ത് ബോട്ടിലെ വെള്ളം മാറ്റുകയായിരുന്നു സംഘം ആദ്യം ചെയ്തത്. അകത്തേക്കു വീണ വെള്ളം മാറ്റാനായി ബോട്ടിലെ മണ്ണെണ്ണയും മറ്റും സൂക്ഷിക്കുന്ന അറയുടെ സ്ലാബ് എടുത്തു മാറ്റിയ അവസരത്തിലാണ് രണ്ടാമതും വെള്ളം വലുതായി ബോട്ടിലേക്ക് അടിച്ചു കയറിയത്. ഈ അറയ്ക്കകത്തു കൂടി വെള്ളം കയറിയതോടെ രക്ഷയില്ലാത്ത അവസ്ഥയായി. കാര്യങ്ങള്‍ നിയന്ത്രണ വിധേയമല്ലാതായതോടെ ഫൈബര്‍ വള്ളം മറിഞ്ഞു.

തുടര്‍ന്ന് തങ്ങള്‍ക്കുണ്ടായ ഭീതിദമായ അനുഭവങ്ങളെക്കുറിച്ച് മനോഹരന്‍ തന്നെ പറയുന്നതിങ്ങനെയാണ്: ‘ഏകദേശം അരമുക്കാല്‍ മണിക്കൂറുവരെ ബോട്ട് വെള്ളത്തിനു മേല്‍ മറിഞ്ഞു വീണു കിടന്നിരുന്നു. അതിനു മുകളില്‍ കയറി നിന്ന്, തുണി വീശിക്കാണിച്ച് ഒപ്പമുള്ള തോണിക്കാരെ വിളിക്കാന്‍ ശ്രമിച്ചു നോക്കി. പക്ഷേ അവരാരും കണ്ടില്ല. പ്രതീക്ഷ കൈവിടാതെ പിന്നേയും കുറച്ചു നേരം അവിടെത്തന്നെ നിന്നു നോക്കി. പക്ഷേ കുറച്ചു സമയത്തിനകം എല്ലാ തോണിക്കാരും തിരികെപ്പോയി. കയറെല്ലാം കെട്ടി ഫൈബര്‍ താഴെപ്പോകില്ല എന്നുറപ്പാക്കാനാണ് പിന്നീട് ശ്രമിച്ചത്. മുങ്ങിപ്പോകില്ല എന്നൊരു വിശ്വാസം അപ്പോഴുമുണ്ടായിരുന്നു. കമിഴ്ന്നു കിടക്കുന്ന ബോട്ടില്‍ മുറുകെപ്പിടിച്ച് കുറച്ചു നേരം കഴിഞ്ഞു. പിന്നെ പതിയെ ഫൈബറും വെള്ളത്തില്‍ ആണ്ടു പോകാന്‍ തുടങ്ങി. പടിഞ്ഞാറേ കടലിലായതുകൊണ്ട് തെളിഞ്ഞ വെള്ളമാണ്. ബോട്ട് താഴ്ന്നു താഴ്ന്നു പോകുന്നതൊക്കെ വ്യക്തമായി കാണാനാകുന്നുണ്ട്. അങ്ങനെ ബോട്ടു പൂര്‍ണമായും അടിയിലേക്കു പോയതിനു ശേഷമാണ് അതില്‍ നിന്നും പെട്രോള്‍ നിറയ്ക്കുന്ന ടാങ്ക് മാത്രം പൊങ്ങിവന്നത്. കൂട്ടത്തില്‍ വല്ലാതെ ഭയപ്പെട്ടുപോയ രണ്ടു പേരെ ഈ ടാങ്കിനു മേലെ പിടിച്ചു നിര്‍ത്തിച്ചു. നല്ല തിരയുമുണ്ടായിരുന്നു ആ സമയത്ത്. ബാക്കി മൂന്നു പേര്‍ ബോട്ടിലെ ചെറിയൊരു തണ്ടു പിടിച്ചാണ് നിന്നത്. രണ്ടു മണിക്കൂറോളമാണ് അങ്ങിനെ ഞങ്ങള്‍ കിടന്നത്. എല്ലാവരും മുഖത്തോടു മുഖം നോക്കുന്നുണ്ട്. മരണം ഉറപ്പിക്കുക തന്നെ ചെയ്തു. നടുക്കടലില്‍ രക്ഷിക്കാന്‍ ആരു വരാനാണ്. അങ്ങിനെയുള്ള സംവിധാനങ്ങളൊന്നുമില്ല അവിടെ. ഒരു ചെറിയ തുഴയില്‍ മൂന്നു പേര്‍ പിടിച്ച് പിടഞ്ഞു പിടഞ്ഞ് കുറേ നേരം നിന്നു. ഒന്നേ മുക്കാല്‍ മണിക്കൂറൊക്കെ കഴിഞ്ഞപ്പോഴാണ് വടക്കു പടിഞ്ഞാറു ഭാഗത്തു നിന്നും നേവിയുടെ കപ്പല്‍ വരുന്നതു കണ്ടത്.’

Read: രാഷ്ട്രീയ കുടിപ്പകയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി, സിബിഐ പ്രതിപ്പട്ടികയില്‍; വടകര പിടിക്കാന്‍ സിപിഎം പി. ജയരാജനെ ഇറക്കുമ്പോള്‍

സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാളുടെ ചുവന്ന ഷര്‍ട്ട് ഊരിയെടുത്ത് തണ്ടില്‍ കെട്ടി ഉയര്‍ത്തിക്കാണിച്ചാണ് മനോഹരനും സുഹൃത്തുക്കളും ഐ.എന്‍.എസ് ശാരദ എന്ന കപ്പലിന്റെ ശ്രദ്ധ ക്ഷണിച്ചത്. വെള്ളത്തില്‍ ബാലന്‍സില്ലാതെ പൊങ്ങിക്കിടന്ന് തണ്ടുയര്‍ത്തിക്കാണിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. ഇടയ്ക്കിടെ തണ്ടു പൊക്കിപ്പിടിച്ചും, പറ്റാതെയാകുമ്പോള്‍ താഴ്ത്തിയും വീണ്ടുമുയര്‍ത്തിയും പ്രതീക്ഷ കൈവിടാതെ ഇവര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. പതിനഞ്ചു മിനുട്ടിനകം കപ്പല്‍ അഞ്ചു പേര്‍ക്കുമടുത്തെത്തി. ബോട്ടിറക്കി മത്സ്യത്തൊഴിലാളികളുടെ അടുത്തെത്തിയ നേവിക്കാര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മലയാളികളാണെന്ന് തിരിച്ചറിഞ്ഞതോടെ ഷിപ്പിലുണ്ടായിരുന്ന ഒരു മലയാളി നേരിട്ടാണ് കാര്യങ്ങള്‍ അന്വേഷിച്ചതെന്ന് മനോഹരന്‍ പറയുന്നു. അഞ്ചു പേരും അങ്ങനെ നേവിയുടെ കപ്പലിലെത്തി. ബോട്ടു മറിയുമ്പോള്‍ പരിക്കേറ്റ രണ്ടു പേര്‍ക്ക് നേവി പ്രാഥമിക ശുശ്രൂഷ നല്‍കി. ഭക്ഷണവും വസ്ത്രവും നല്‍കി സഹായിച്ചു. പിറ്റേന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കുകയും ചെയ്തു. ‘തോണിയൊന്നും കാണാതെ ഞങ്ങള്‍ അഞ്ചു പേരെ മാത്രം കണ്ടതില്‍ കപ്പലിലുള്ളവര്‍ക്ക് ചെറിയ ആശങ്കയുണ്ടായിരുന്നു. കരയിലെത്തുമ്പോള്‍ കപ്പലിടിച്ച് തോണി മറിഞ്ഞതാണെന്നെങ്ങാനും ഞങ്ങള്‍ പറഞ്ഞാലോ? അത്തരം സംഭവങ്ങള്‍ ധാരാളം ഉണ്ടാകാറുണ്ടല്ലോ. കപ്പലിന്റെ ക്യാപ്റ്റന്‍ മലയാളിയായിരുന്നു. ജീവന്‍ രക്ഷിച്ച നിങ്ങളെ മരിക്കുന്നതു വരെ മറക്കില്ല, എന്നിട്ടു വേണ്ടേ മാറ്റിപ്പറയാന്‍ എന്നു ഞാനും ചോദിച്ചു. കൊച്ചിയിലെത്തിയ നേവിക്കാരോടും കോസ്റ്റല്‍ പൊലീസിനോടും കാര്യങ്ങളൊക്കെ അറിയിച്ചു. തിരികെ നാട്ടിലെത്തി ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.’

മനോഹരന് ഉണ്ടായിരിക്കുന്നത് ഏകദേശം ആറു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ്. ജോലിക്കിറങ്ങാന്‍ ഇനി ഒന്നും ഇവരുടെ പക്കല്‍ ബാക്കിയില്ല. ബോട്ടും എഞ്ചിനും വലയുമെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഈ ഘട്ടത്തിലാണ് ഫിഷറീസ് വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നുള്ള അനാസ്ഥയുടെ കഥകള്‍ കേരളത്തിലെ മത്സ്യത്തൊഴിലാളിയെ എങ്ങനെ പട്ടിണിയിലേക്ക് തള്ളിവിടുന്നു എന്നതിന് ദൃഷ്ടാന്തം ലഭിക്കുന്നത്. ‘സംഘടനയുടെ ഭാഗത്തു നിന്നും എന്തെങ്കിലും സഹായം കിട്ടിയേക്കുമെന്ന പ്രതീക്ഷ മാത്രമേ ഇപ്പോഴുള്ളൂ. ക്ഷേമനിധിയിലേക്കും മറ്റും കൃത്യമായി പണം പിരിക്കുന്നതല്ലാതെ, നഷ്ടപരിഹാരം ഫിഷറീസ് നല്‍കാറില്ല. ചെറിയ ഫൈബര്‍ തോണിയ്ക്കോ മരത്തിന്റെ ചെറുതോണിക്കോ അപകടം പറ്റിയാല്‍ ഒരു തരത്തിലും ഇവര്‍ നഷ്ടപരിഹാരം നല്‍കാറില്ല. കാഞ്ഞങ്ങാട് ഡെപ്യൂട്ടി ഡയറക്ടറോട് സംസാരിച്ചപ്പോള്‍ അവിടുന്നും പറയുന്നത് ഇതിനുള്ള സ്‌കീമില്ലെന്നാണ്. അപേക്ഷ തന്നു നോക്കൂ എന്നൊക്കെയാണ് പറയുന്നത്. കൊച്ചിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇപ്പോള്‍ കൈയില്‍ കിട്ടിയിട്ടുണ്ട്. ഇനി ഒന്നുകൂടി ശ്രമിച്ചു നോക്കണം.’ ജോലിക്ക് തിരികെ എന്നു പോകാനാകും എന്ന് മനോഹരനും സംഘത്തിനും അറിയില്ല. കടല്‍ കൊടുത്ത ഭീതിയും ഇപ്പോഴും ഇവരെ വിട്ടുമാറിയിട്ടുമില്ല.

ധീവര സഭയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അഡ്വ. ബാലന്‍ പറയുന്നതിങ്ങനെ: ‘നഷ്ടപരിഹാരം കിട്ടിയ കേസുകള്‍ ഒന്നു പോലുമില്ല ഇവിടെ. നമ്മുടെയാളുകള്‍ക്ക് ഇതിനെക്കുറിച്ച് ധാരണയുമില്ല, ഉണ്ടെങ്കില്‍ത്തന്നെ ഇതിനു പുറകേ നടക്കാന്‍ സമയവുമില്ല. ഉള്ള നേരത്ത് ജീവിക്കാനുള്ള വകയുണ്ടാക്കാനല്ലേ നോക്കുക. സുനാമിക്കാലത്തും പിന്നീട് ഓഖി വന്നപ്പോഴും എത്ര കോടി രൂപയാണ് മത്സ്യത്തൊഴിലാളികള്‍ക്കായി വകയിരുത്തപ്പെട്ടത്. അതില്‍ പാതിയെങ്കിലും കൃത്യമായി കാര്യങ്ങള്‍ക്കുപയോഗിച്ചിരുന്നെങ്കില്‍ ഇവരാരും ഇന്ന് ഇങ്ങനെയുള്ള കഷ്ടത നേരിടേണ്ടിവരില്ലായിരുന്നു. നഷ്ടപരിഹാരം എങ്ങനെ കൊടുക്കാതിരിക്കാമെന്നാണ് ഇവരെല്ലാം നോക്കുക. അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മാണം അടക്കമുള്ള പ്രശ്നങ്ങള്‍ കാരണം എത്രയോ പേര്‍ക്ക് നഷ്ടങ്ങളുണ്ടായിട്ടുണ്ട്. കൊട്ടിഘോഷിച്ചുണ്ടാക്കിയ കാസര്‍കോട് ഹാര്‍ബറിലെ മണല്‍ത്തിട്ടയിലിടിച്ച് എട്ടോളം ബോട്ടുകളാണ് തകര്‍ന്ന് തരിപ്പണമായിപ്പോയിട്ടുള്ളത്. അതിലാര്‍ക്കും ഇന്നേവരെ ഒരു പൈസ പോലും കിട്ടിയിട്ടില്ല. അല്ലെങ്കിലും നാല്‍പ്പതു കോടി രൂപ ഹാര്‍ബര്‍ നിര്‍മാണത്തിനും അറുപതു കോടി അതിന്റെ അറ്റകുറ്റപ്പണികള്‍ക്കും വകയിരുത്തേണ്ടിവരുന്ന വകുപ്പ് വേറെയുണ്ടോ?’

നഷ്ടപരിഹാരത്തുക എത്തുന്നില്ല എന്നതു മാത്രമല്ല, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഒരു നയവും സ്വീകരിക്കപ്പെടുന്നില്ല എന്നതും ഏറ്റവും പ്രാധാന്യത്തോടു കൂടിത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പാക്കുമെന്നു വാക്കു നല്‍കിയിട്ടുള്ള ലൈഫ് ബോട്ടോ, ലൈഫ് ബോയിയോ, ഡിങ്കി സൗകര്യങ്ങളോ ഒന്നും തന്നെ ഇവര്‍ക്ക് നാളിതുവരെ ലഭിച്ചിട്ടില്ല. ഇതേക്കുറിച്ച് ധീവര സഭ ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ ദിനകരന് പറയാനുള്ളതിതാണ്. ‘നാല്‍പ്പതിനായിരം മത്സ്യത്തൊഴിലാളികള്‍ക്കാണ് ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലൈഫ് ജാക്കറ്റ് എത്തിക്കുമെന്ന് പറഞ്ഞിട്ടുള്ളത്. അതുണ്ടായിട്ടില്ല. ഇവര്‍ രണ്ടു മണിക്കൂര്‍ പുറം കടലില്‍ വെള്ളത്തില്‍ കിടന്നിട്ടും രക്ഷപ്പെട്ടത് അത്ഭുതമാണ്. അര മണിക്കൂര്‍ കൂടി വെള്ളത്തില്‍ കിടക്കേണ്ടി വന്നിരുന്നെങ്കില്‍ അഞ്ചു പേരേയും നഷ്ടപ്പെട്ടേനെ. ഒരാള്‍ക്കു പോലും ജീവന്‍ സുരക്ഷയ്ക്കായുള്ള ലൈഫ് ജാക്കറ്റ് കൊടുത്തിട്ടില്ല. ഫിഷറീസ് ഡയറക്ടറെ നേരിട്ടു വിളിച്ച് സംസാരിച്ചപ്പോള്‍പ്പോലും നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ പ്രതീക്ഷാവഹമായിരുന്നില്ല മറുപടി.’

അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കൊച്ചിയിലെത്തിയ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാന്‍ ഫിഷറീസ് ഡയറക്ടറടക്കം വന്നിരുന്നെങ്കിലും, എല്ലാം നഷ്ടപ്പെട്ട ഇവര്‍ക്ക് യാത്രാച്ചെലവിനുള്ള തുക പോലും കൊടുക്കാന്‍ സംഘടനാ ഭാരവാഹികള്‍ എത്തേണ്ടിവന്നു. പല കാരണങ്ങളാല്‍ നശിച്ചു പോകുന്ന ചെറുവള്ളങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക ലഭിക്കാനുള്ള നടപടികളുണ്ടായില്ലെങ്കില്‍, കാസര്‍കോട് കേന്ദ്രീകരിച്ച് പ്രക്ഷോഭത്തിന് മുതിരുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ് വിവിധ സംഘടനകള്‍. മത്സ്യബന്ധന നൗകകള്‍ പല തരത്തില്‍ അപകടത്തില്‍പ്പെടുന്നത് കാസര്‍കോട്ട് തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍, സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കേണ്ടതിന്റെ അനിവാര്യതയും ചര്‍ച്ചയാവുകയാണ്. മനോഹരനും സംഘവും നേരിട്ട അപകടത്തിന്റേയും, ഈ അഞ്ചു പേരുടെ അതിജീവനത്തിന്റേയും കഥ കേരളം മുഴുവന്‍ അറിഞ്ഞാലെങ്കിലും, ഈ മേഖലയിലെ അപര്യാപ്തതകള്‍ക്ക് അന്ത്യമാകുമെന്ന് പ്രതീക്ഷ സംഘടനാ ഭാരവാഹികള്‍ക്കുണ്ട്.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍