UPDATES

ട്രെന്‍ഡിങ്ങ്

ഗുരുവായൂര്‍ ഫ്‌ളാറ്റ് തട്ടിപ്പ്; പ്രവാസികള്‍ക്കുള്‍പ്പെടെ വിറ്റ ഫ്ലാറ്റ് കാണിച്ച് കോടികള്‍ വായ്പ എടുത്തതിനു പിന്നില്‍ സഹകരണ ബാങ്കും സംശയനിഴലില്‍

2012-ല്‍ പണി പൂര്‍ത്തിയാക്കി നല്‍കുമെന്ന് പറഞ്ഞ ഫ്ലാറ്റ് ഇപ്പോള്‍ ബാങ്ക് ജപ്തി ചെയ്തിരിക്കുകയാണ്

മുന്‍കൂര്‍ പണമടച്ച് വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്ത് കിട്ടാത്ത പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ വീണ്ടും ചതിക്കപ്പെടുന്നു. തൃശൂര്‍ പൂങ്കുന്നം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാസ്തുഹാര ഡവലപ്പേഴ്സ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ് പ്രതിനിധികള്‍ ജില്ല കളക്ടര്‍ മുന്‍പാകെ എഴുതി നല്‍കിയ ഉറപ്പ് പാലിക്കപ്പെടുമോ എന്നാണ് ഇപ്പോള്‍ ആശങ്ക. പ്രവാസികള്‍ ഉള്‍പ്പെടെ മുന്‍കൂര്‍ പണമടച്ചാണ് വാസ്തുഹാര ഡവലപ്പേഴ്‌സുമായി കരാര്‍ ഉണ്ടാക്കിയത്. ഈ കരാര്‍ അനുസരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിന് കിഴക്കെ നടയിലായി നിര്‍മിക്കുന്ന ഫ്‌ളാറ്റ് 2012 ല്‍ രജിസ്റ്റര്‍ ചെയ്തു കിട്ടേണ്ടതാണ്. എന്നാല്‍ 2019 ആയിട്ടും പണം മുടക്കിയവര്‍ക്ക് ഫ്‌ളാറ്റുകള്‍ കിട്ടിയിട്ടില്ല. ഇതിനെതിരേ പോലീസ് സ്റ്റേഷനിലും കോടതിയിലും പരാതികള്‍ നല്‍കിയിട്ടും ഫലമൊന്നും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ ഈ മാസം ചര്‍ച്ച വച്ചത്. ഈ ചര്‍ച്ചയില്‍ വാസ്തുഹാര പ്രതിനിധികള്‍ എഴുതിയ നല്‍കിയതു പ്രകാരം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഉപഭോക്താക്കള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാക്കുമെന്നായിരുന്നു. എന്നാല്‍ വാസ്തുഹാര ഡവലപ്പേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ വല്‍സന്‍ പണിക്കരുമായി അഴിമുഖം സംസാരിച്ചപ്പോള്‍ കിട്ടിയ മറുപടി പ്രതികൂലമായിരുന്നു. ഇത് സംബന്ധിച്ച് അഴിമുഖം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇവിടെ വായിക്കാം: ഗുരുവായൂര്‍ കിഴക്കേനടയില്‍ ഫ്ലാറ്റ്; മുഴുവന്‍ പണവുമടച്ച പ്രവാസികള്‍ ഉള്‍പ്പെടെയുള്ളര്‍ പെരുവഴിയില്‍, ഫ്ലാറ്റ് ഈടു വച്ച് കോടികള്‍ വായ്പയെടുത്ത് ഉടമകള്‍; തട്ടിപ്പിന്റെ തൃശൂര്‍ മോഡല്‍

നിലവില്‍ ഈ ഫ്‌ളാറ്റ് സമുച്ചയവും അത് നിലനില്‍ക്കുന്ന ഭൂമിയും തൃശൂര്‍ ജില്ല സഹകരണ ബാങ്ക് സര്‍ഫാസി നിയമപ്രകാരം ഏറ്റെടുത്തിരിക്കുകയാണ്. ഉപഭോക്താക്കള്‍ അറിയാതെ നിര്‍മാതാക്കള്‍ പന്ത്രണ്ടുകോടിയോളം രൂപ ഈ ഫ്‌ളാറ്റ് ഈട് വച്ച് വായ്പ്പയെടുത്തിരുന്നു. വായ്പ്പ തിരിച്ചടയ്ക്കാതെ വന്നതിനെ തുടര്‍ന്നാണ് ബാങ്ക് നടപടി സ്വീകരിച്ചത്. ഫ്‌ളാറ്റിനായി പണം മുടക്കിയവര്‍ ഈ വിവരം അറിയുന്നത് അതിനുശേഷമാണ്. തുടര്‍ന്ന് നിര്‍മാതാക്കള്‍ക്കെതിരേ ഹൈക്കോടതിയില്‍ കേസ് നല്‍കി. ജില്ല സഹകരണ ബാങ്കും ഈ വിഷയത്തില്‍ ഉള്‍പ്പെട്ടതിനാല്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെടുകയും ഒരു തീരുമാനം ഇക്കാര്യത്തില്‍ ഉണ്ടാക്കാന്‍ കളക്ടറോട് നിര്‍ദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് 22 ആം തീയതി വാസ്തുഹാര ഡവലപ്പേഴ്‌സ് പ്രതിനിധികള്‍, തൃശൂര്‍ ജില്ല സഹകരണ ബാങ്ക് പ്രതിനിധികള്‍, ഉപഭോക്താക്കളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ ഒത്തുകൂടി ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയിലാണ് വാസ്തുഹാര ഡവലപ്പേഴ്‌സ് എംഡി വല്‍സന്‍ പണിക്കര്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ എല്ലാവരുടെയും പണം തിരികെ നല്‍കാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയത്.

എന്നാല്‍ വല്‍സന്‍ പണിക്കര്‍ ഇപ്പോള്‍ പറയുന്നത്, ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ തീര്‍ക്കാനല്ല രണ്ടാഴ്ച്ചത്തെ സമയം അനുവദിച്ചിരിക്കുന്നതെന്നാണ്. ബാങ്കിലെ വായ്പ അടച്ചു തീര്‍ക്കാന്‍ വേണ്ടിയാണ് അതെന്നാണ്. കമ്പനിയുടെ മറ്റ് ആസ്തികള്‍ ബാങ്കിന് കൈമാറാമെന്നും അതിന്റെ മൂല്യം കണക്കാക്കി തങ്ങള്‍ തിരിച്ചടയ്ക്കാനുള്ള തുക അതിലൂടെ തിരിച്ച് പിടിച്ചുകൊണ്ട് ഫ്‌ളാറ്റിന്റെ മേലുള്ള ജപ്തി നടപടികള്‍ പിന്‍വലിക്കാനും യോഗത്തില്‍ ധാരണയായിരുന്നു. ഇതിനുവേണ്ടി തങ്ങള്‍ക്കുള്ള ആസ്തിയുടെ രേഖകള്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കൈമാറാനാണ് കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്, അല്ലാതെ എല്ലാവര്‍ക്കും പണം തിരിച്ചു കൊടുക്കാനല്ല; വല്‍സന്‍ പണിക്കര്‍ പറയുന്നു.

ബാങ്ക് ജപ്തി ചെയ്തതല്ല ഫ്‌ളാറ്റ് കൈമാറാന്‍ കഴിയാത്തതിനു പിന്നിലെ കാരണമെന്നാണ് വല്‍സന്‍ പണിക്കര്‍ പറയുന്നത്. കമ്പനിയുടെ ഒരു മുന്‍ പാര്‍ട്ണര്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന കേസാണ് രജിസ്‌ട്രേഷന്‍ വൈകിപ്പിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഈ കേസില്‍ വിധി വന്ന്, ആ വിധി പകര്‍പ്പ് ഹാജരാക്കിയാല്‍ മാത്രമേ മുന്‍സിപ്പാലിറ്റിയില്‍ നിന്നും ഫ്‌ളാറ്റിന് രജിസ്‌ട്രേഷന്‍ അനുമതി കിട്ടൂ. എന്നാല്‍ കേസ് നീണ്ടുപോവുകയാണ്. 95 ശതമാനവും നിര്‍മാണം കഴിഞ്ഞിരിക്കുകയാണ്. വൈദ്യുതി കണക്ഷന്‍ ലഭിക്കുകയും ഫര്‍ണിച്ചര്‍ ജോലികള്‍ തീരുകയും ചെയ്താല്‍ താമസയോഗ്യമാകും. പക്ഷേ, കേസ് തീരാതെ രജിസ്‌ട്രേഷന്‍ സാധ്യമല്ലാത്തതുകൊണ്ടാണ് പണം തിരികെ നല്‍കാമെന്ന് അറിയിച്ചത്. കേസ് കഴിയുന്നതുവരെ കാത്തിരിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ഫ്‌ളാറ്റ് നല്‍കും. അല്ലാത്തവര്‍ക്ക് പണം നല്‍കും. ഇതാണ് ഉപഭോക്താക്കള്‍ക്കു മുന്നില്‍ വച്ച നിര്‍ദ്ദേശം. പലരും അവരുടെ പണം തിരികെ കിട്ടിയാല്‍ മതിയെന്നു പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് പണം നല്‍കും. ഇക്കാര്യം കളക്ടറോടും പറഞ്ഞിട്ടുണ്ട്; വല്‍സന്‍ പണിക്കര്‍ പറയുന്നു.

മുഴുവന്‍ പണം മുടക്കി ഫ്‌ളാറ്റ് ബുക്ക് ചെയ്തവര്‍ അറിയാതെ ബാങ്കില്‍ ഇതേ ആസ്തി തന്നെ പണയം വച്ച് വായ്പ്പ എടുത്തതില്‍ അസ്വഭാവികതയൊന്നുമില്ലെന്നാണ് വല്‍സന്‍ പണിക്കര്‍ പറയുന്നത്. എല്ലാ കമ്പനികളും ഇങ്ങനെ ചെയ്യാറുണ്ടെന്നും പറയുന്നു. ഒരു പ്രോജക്ട് കാണിച്ച് വായ്പ്പ എടുക്കുകയും അത് പൂര്‍ത്തിയാക്കി കൈമാറാറാകുമ്പോള്‍ അടുത്ത പ്രൊജക്ടിലേക്ക് ആ വായ്പ്പ മാറ്റിയെടുക്കാറുമാണ് ചെയ്യുന്നത്. അതുകൊണ്ട് പണം മുടക്കിയവര്‍ അറിയാതെ വായ്പ്പ എടുത്തു എന്നുള്ള ആക്ഷേപത്തില്‍ കഴമ്പില്ലെന്നാണ് വാസ്തുഹാര എംഡിയുടെ വാദം. ഈ വായ്പ്പ ഫ്‌ളാറ്റ് രജിസ്‌ട്രേഷനുള്ള തടസമേ ആകുന്നില്ലെന്നും ഹൈക്കോടതിയിലെ കേസ് മാത്രമാണ് ഏക തടസമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.

എന്നാല്‍ വാസ്തുഹാര ബില്‍ഡേഴ്‌സ് വീണ്ടും തങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുകയാണെന്നാണ് വല്‍സന്‍ പണിക്കരുടെ വാദങ്ങള്‍ തള്ളിക്കൊണ്ട് പരാതിക്കാര്‍ പറയുന്നത്. ഓഗസ്റ്റ് 22 ന് കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത വല്‍സന്‍ പണിക്കര്‍ നല്‍കിയ രേഖാമൂലമുള്ള ഉറപ്പ് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഇടപാടുകള്‍ തീര്‍ക്കാം എന്നു തന്നെയായിരുന്നുവെന്ന് പരാതിക്കാരില്‍ ഉള്‍പ്പെട്ട സിന്ധു രാമചന്ദ്രനും ഗോപാലകൃഷ്ണനും പറയുന്നു. അന്നത്തെ യോഗത്തില്‍ വാസ്തുഹാരയുടെ എംഡിയായ വല്‍സന്‍ പണിക്കര്‍, ചെയര്‍മാന്‍ മുഹമ്മദ്, ഡയറക്ടര്‍ ജേക്കബ് സൈമണ്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. തങ്ങളുടെ മുന്‍ പാര്‍ട്ണര്‍ ഹൈക്കോടതിയില്‍ ഒരു കേസ് നല്‍കിയിട്ടുണ്ടെന്നും ആ കേസ് കഴിയാത്തതുകൊണ്ടാണ് ഫ്‌ളാറ്റ് രജിസ്ട്രര്‍ ചെയ്ത് കൊടുക്കാന്‍ കഴിയാത്തതുമെന്നാണ് അവര്‍ കളക്ടറോട് ആദ്യം പറഞ്ഞത്. നോട്ട് നിരോധനം ചില പ്രതിസന്ധികള്‍ സൃഷ്ടിച്ചുവെന്ന കാര്യവും കളക്ടറെ അറിയിച്ചിരുന്നു. എന്നാല്‍ കളക്ടര്‍ തിരിച്ചു ചോദിച്ചത്, 2012 ല്‍ ഫ്‌ളാറ്റ് കൈമാറാമെന്നല്ലേ നിങ്ങള്‍ ഉപഭോക്താക്കളുമായി കരാര്‍ ഉണ്ടാക്കിയത്, 2016 നുശേഷം വന്ന നോട്ട് നിരോധനം പിന്നെയെങ്ങനെയാണ് ഇക്കാര്യത്തില്‍ ബാധിക്കുന്നതെന്നായിരുന്നു. ഇത്തരം വാദങ്ങള്‍ കൊണ്ടുവരേണ്ടെന്നും കളക്ടര്‍ വാസ്തുഹാരക്കാരെ ഓര്‍മിപ്പിച്ചു. പണം മുടക്കിയവര്‍ക്കുവേണ്ടി ഇപ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കളക്ടര്‍ ചോദിച്ചപ്പോള്‍ അവരുടെ മറുപടി വയനാട്ടില്‍ ഉള്‍പ്പെടെ തങ്ങള്‍ക്ക് ആസ്തിയുണ്ടെന്നും അവ വിറ്റുകൊണ്ട് എല്ലാവരുടെയും പണം തിരികെ നല്‍കുമെന്നായിരുന്നു. എത്ര രൂപയാണ് തിരിച്ചു കൊടുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കളക്ടര്‍ ചോദിച്ചു. ഞങ്ങള്‍ കൊടുത്ത അതേ തുക തന്നെ തിരിച്ചു കൊടുക്കാമെന്നായിരുന്നു വല്‍സന്‍ പണിക്കരുടെ മറുപടി. അത് ഞങ്ങള്‍ എതിര്‍ത്തു. അപ്പോള്‍ കളക്ടര്‍ ഇടപെടുകയും നല്‍കിയ പണവും അതിന്റെ പലിശയും ഇതുവരെ ഞങ്ങള്‍ക്കുണ്ടായ ചെലവും എല്ലാം ചേര്‍ത്ത് തുക തിരികെ കൊടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ഇതിനൊപ്പം തന്നെ ഞങ്ങള്‍ മുന്നോട്ടുവച്ച ഒരു നിര്‍ദേശമായിരുന്നു, അവര്‍ ഉണ്ടെന്നു പറഞ്ഞ മറ്റ് ആസ്തികള്‍ ബാങ്കിനു നല്‍കി കൊണ്ട് ജപ്തി നടപടിയൊഴിവാക്കി ഫ്‌ളാറ്റ് ഞങ്ങള്‍ക്ക് തിരിച്ചു കിട്ടാനുള്ള നടപടി സ്വീകരിക്കുകയെന്നത്. ഇക്കാര്യം കളക്ടറും അംഗീകരിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത സഹകരണ ബാങ്ക് പ്രതിനിധികളും ഈ നിര്‍ദേശത്തോട് അനുകൂലമായി സംസാരിച്ചു. വാസ്തുഹാരക്കാര്‍ കൈമാറാമെന്നു പറഞ്ഞ ആസ്തിക്ക് ബാങ്കിന് കിട്ടേണ്ട തുകയ്ക്ക് അനുസരിച്ചുള്ള മൂല്യം ഉണ്ടെന്നു കണ്ടാല്‍ ഫ്‌ളാറ്റിന്റെ ജപ്തി ഒഴിവാക്കി നല്‍കാമെന്ന് അവര്‍ സമ്മതിച്ചു. ഇക്കാര്യത്തില്‍ എത്രയും വേഗം ഒരു തീരുമാനം ഉണ്ടാക്കണമെന്നു സഹകരണ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്നും അതുകൊണ്ടു വളരെ ഗൗരവത്തോടെയാണ് താനീ വിഷയത്തില്‍ ഇടപെടുന്നതെന്നും ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇപ്പോഴുണ്ടായിരിക്കുന്ന തീരുമാനത്തില്‍ നടപടിയുണ്ടാക്കണമെന്നും കളക്ടര്‍ വല്‍സന്‍ പണിക്കരോടും മുഹമ്മദിനോടു ആവശ്യപ്പെട്ടു. രണ്ടാഴ്ച്ച സമയം തങ്ങള്‍ക്ക് തരണമെന്ന് വല്‍സന്‍ പണിക്കര്‍ കളക്ടറോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മറ്റ് ആസ്തികള്‍ ബാങ്കിനു കൈമാറിക്കൊണ്ട് ഫ്‌ളാറ്റിനു മേലുള്ള ജപ്തി നടപടികള്‍ പിന്‍വലിപ്പിച്ച് ഉപഭോക്താക്കളുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ വാസ്തുഹാരക്കാര്‍ക്ക് ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ഇതാണ് ആ യോഗത്തില്‍ നടന്നതെന്നിരിക്കെയാണ് ഇപ്പോള്‍ മറ്റൊരു തരത്തില്‍ വല്‍സന്‍ പണിക്കര്‍ സംസാരിക്കുന്നത്. അതിനര്‍ത്ഥം വീണ്ടും അവര്‍ ഞങ്ങളെ ചതിക്കുകയാണെന്നാണ്; ഗോപാലകൃഷ്ണന്‍ പറയുന്നു.

പ്രവാസികളുടെയടക്കം കൈയില്‍ നിന്നും മുന്‍കൂര്‍ പണം വാങ്ങി വിറ്റ അതേ ഫ്ളാറ്റ് സമുച്ചയം കോടികള്‍ വായ്പ്പയെടുക്കാന്‍ പണയം വച്ചതിനു പിന്നിലും വന്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നു പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2014-ല്‍ ഫ്ളാറ്റിന്റെ 90 ശതമാനവും നിര്‍മാണം പൂര്‍ത്തീകരിച്ച നിര്‍മാതാക്കള്‍ 2015 ജനുവരി ഒമ്പതിന് ഈ വസ്തു കാണിച്ച് തൃശൂര്‍ സഹകരണ ബാങ്കില്‍ നിന്നും ഒരു കോടി 20 ലക്ഷം രൂപ ആദ്യം വായ്പയെടുത്തു. അതേ വര്‍ഷം തന്നെ ഓഗസ്റ്റ് 29-ന് വീണ്ടും പത്തുകോടി രൂപയും വായ്പയെടുത്തു. എന്നാല്‍ ഈ വായ്പ ശരിയാക്കിയെടുക്കുന്നത് ബാങ്ക് അധികൃതരും വാസ്തുഹാര ബില്‍ഡേഴ്സ് ഉടമകളും ചേര്‍ന്ന് നടത്തിയ കള്ളത്തരത്തിലൂടെയായിരുന്നുവെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. വായ്പ നല്‍കുന്നതിനു മുമ്പ് ഈട് വയ്ക്കുന്ന വസ്തുവിനെ കുറിച്ച് ബാങ്കുകള്‍ അന്വേഷിക്കാറുണ്ട്. അങ്ങനെ അന്വേഷണം നടത്തിയാല്‍ ഈ ഫ്ളാറ്റ് മുന്‍കൂറായി വില്‍പ്പന നടത്തിയെന്ന വിവരം അറിയാന്‍ കഴിയും. എല്ലാവരും തന്നെ പൂര്‍ണമായ തുകയും ബില്‍ഡേഴ്സിന് കൈമാറിയിട്ടുള്ളതുമാണ്. മറ്റുള്ളവരുടെ പ്രോപ്പര്‍ട്ടി കാണിച്ച് വായ്പയെടുക്കാന്‍ കഴിയില്ല. ബാങ്ക് അധികൃതര്‍ക്ക് ഈ കള്ളത്തരം പെട്ടെന്ന് കണ്ടുപിടിക്കാവുന്നതുമാണ്. എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായില്ല. യാതൊരു വേരിഫിക്കേഷനും കൂടാതെ ഈട് അംഗീകരിച്ച് വായ്പ അനുവദിക്കുകയായിരുന്നു. കൂടാതെ, വാസ്തുഹാര ബില്‍ഡേഴ്സിന്റെ മുന്‍കാല സാമ്പത്തിക നില പരിശോധിച്ചാല്‍ തന്നെ അവര്‍ക്ക് ഇത്രയും വലിയ തുക വായ്പ നല്‍കാന്‍ സാധാരണ നിലയില്‍ ഒരു ബാങ്കും തയ്യാറാകില്ലാത്തതാണ്. എന്നാല്‍ ഇവിടെ ഇതൊന്നും ഒരു തടസ്സമായില്ലെന്നിടത്താണ് ഇതിനു പിന്നിലെ രാഷ്ട്രീയക്കളി വ്യക്തമാക്കുന്നത്. വായ്പ അനുവദിക്കുന്ന സമയത്ത് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എം കെ അബ്ദുള്‍ സലാം, അന്നത്തെ ജനറല്‍ മാനേജര്‍, മാനേജര്‍ എന്നിവര്‍ കൂട്ടുനിന്ന് നടത്തിയ ചതിയായിരുന്നു 12 കോടിയോളം രൂപ വാസ്തുഹാര ബില്‍ഡേഴ്സ് ഉടമകള്‍ക്ക് വായ്പ അനുവദിക്കുന്നതിനു പിന്നില്‍ നടന്നത് എന്ന് പരാതിക്കാര്‍ പറയുന്നു.

എന്നാല്‍ മുന്‍ ബാങ്ക് പ്രസിഡന്റ് അബ്ദുള്‍ സലാം പറയുന്നത്, വായ്പ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് താന്‍ ഒരു കള്ളത്തരത്തിനും കൂട്ടുനിന്നിട്ടില്ലെന്നാണ്. 2010-ല്‍ ആയിരുന്നു വാസ്തുഹാരക്കാര്‍ വായ്പ്പയ്ക്ക് ബാങ്കിനെ സമീപിക്കുന്നതെന്നും അന്ന് സിപിഎം ആയിരുന്നു ഭരണസമതിയില്‍ എന്നും അബ്ദുള്‍ സലാം പറയുന്നു. അവര്‍ അനുവദിച്ച വായ്പ്പ പുതുക്കി നല്‍കുക മാത്രമായിരുന്നു തങ്ങളുടെ കാലത്ത് ചെയ്തതെന്നും അബ്ദുള്‍ സലാം അഴിമുഖത്തോട് പറഞ്ഞു. കോടികള്‍ വായ്പ്പയെടുത്തിട്ടും പണം തിരികെ അടയ്ക്കാന്‍ വാസ്തുഹാര ബില്‍ഡേഴ്‌സ് തയ്യാറായില്ലെന്നും അതുകൊണ്ടാണ് നിയമാനുസൃതമായ രീതിയില്‍ ബാങ്ക് ജപ്തി നടപടികളിലേക്ക് പോയതെന്നും കൂടി അബ്ദുള്‍ സലാം പറയുന്നു. തന്നെ കേസില്‍ ഉള്‍പ്പെടുത്തേണ്ടെന്ന കാര്യം ഇല്ലെന്നും ഇദ്ദേഹം പറയുമ്പോള്‍, വായ്പ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസില്‍ അബ്ദുള്‍ സലാം ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. 2014-2017 കാലഘട്ടത്തില്‍ തൃശൂര്‍ ജില്ല സഹകരണ ബാങ്കില്‍ നടന്ന വായ്പ്പ വിതരണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടെത്തലിന്റെ പുറത്ത് തൃശൂര്‍ വിജിലന്‍സ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ പ്രസിഡന്റായ അബ്ദുള്‍ സലാം ഉള്‍പ്പെട്ടിരിക്കുന്നത്. വായ്പ്പ ക്രമക്കേടില്‍ അബ്ദുള്‍ സലാമും ഉത്തരവാദിയാണെന്നും വിജിലന്‍സ് ഓഫിസില്‍ നിന്നും വിവരാവകാശ നിയപ്രകാരം കിട്ടിയ മറുപടിയില്‍ കൃത്യമായി പറയുന്നുണ്ട്.

ഗുരുവായൂര്‍ അമ്പലത്തിന്റെ കിഴക്കേ നടയിലായി 2010 അവസാനത്തോടെയാണ് വാസ്തുഹാര ബില്‍ഡേഴ്‌സ് ഫ്ളാറ്റ് നിര്‍മാണം തുടങ്ങിയത്. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവരെ കൂടി ലക്ഷ്യംവച്ച് ദിവസ വാടകയിനത്തില്‍ കൂടി നല്‍കാവുന്ന തരത്തില്‍ സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടെ 96 ഫ്ളാറ്റുകള്‍ ഉള്ള സമുച്ചയമായിരുന്നു നിര്‍മാണം തുടങ്ങിയത്. പത്തുലക്ഷം മുതല്‍ നാല്‍പ്പത് ലക്ഷം വരെയായിരുന്നു വില. ആവശ്യക്കാര്‍ കൂടിയതോടെയായിരുന്നു ഫ്ളാറ്റിന്റെ വിലയും കൂട്ടിയത്. നിര്‍മാണം ആരംഭിച്ചപ്പോള്‍ ഉപഭോക്താക്കളില്‍ നിന്നും നിര്‍മാതാക്കള്‍ തവണകളായി പണം വാങ്ങിയിരുന്നു. 21 മാസത്തെ നിര്‍മാണ കാലവധിയും മൂന്നുമാസത്തെ ഗ്രേസ് പിരീഡും കൂട്ടി രണ്ടു വര്‍ഷത്തിനുള്ളില്‍ ഫ്ളാറ്റ് കൈമാറുമെന്നായിരുന്നു ഉപഭോക്താക്കളുമായി ഉണ്ടാക്കിയ കരാര്‍. പ്രവാസികളായിരുന്നു പണം മുടക്കിയവരില്‍ ഏറെയും. 72 ഫ്ളാറ്റുകള്‍ മുന്‍കൂറായി വില്‍പ്പന നടത്തുകയും ചെയ്തു. ഇവരില്‍ നിന്നും പണം വാങ്ങിക്കൊണ്ട് നടത്തിയ നിര്‍മാണം ആദ്യഘട്ടങ്ങളില്‍ വേഗത്തില്‍ തന്നെ പുരോഗമിച്ചെങ്കിലും വിലയുടെ അവസാന ഗഡുവും സ്വീകരിച്ചതിനു ശേഷം നിര്‍മാണ വേഗം കുറഞ്ഞുവെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

2012 അവസാനത്തോടെ ഫ്ളാറ്റ് കൈമാറുമെന്നായിരുന്നു കരാര്‍ എങ്കിലും പറഞ്ഞ സമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഭൂരിഭാഗം ഉപഭോക്താക്കളും വിദേശത്ത് ആയതിനാല്‍ ഉടമകളോട് ഫോണ്‍ വഴി മാത്രമായിരുന്നു ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നത്. വിളിക്കുന്നവരോടെല്ലാം തൊഴിലാളിക്ഷാമം മൂലമാണ് വൈകുന്നതെന്നും ഉടന്‍ തന്നെ നിര്‍മാണം പൂര്‍ത്തിയാക്കി ഫ്ളാറ്റ് കൈമാറുമെന്നുമായിരുന്നു അറിയിച്ചുകൊണ്ടിരുന്നത്.

എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഫ്ളാറ്റ് കിട്ടാതെ വന്നതോടെയാണ് ഉപഭോക്തക്കള്‍ പരാതിയുമായി രംഗത്തു വരാന്‍ തുടങ്ങി. നാട്ടില്‍ ഉണ്ടായിരുന്നവരായിരുന്നു ആദ്യഘട്ടത്തില്‍ പരാതിക്കാരായി വന്നത്. ഇവര്‍ നിര്‍മാതാക്കള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ വിളിച്ചു വരുത്തിയ നിര്‍മാതാക്കള്‍ എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കി ഫ്ളാറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് എഴുതി ഒപ്പിട്ടു നല്‍കി. എന്നാല്‍ ആ വാഗ്ദാനം പാലിക്കപ്പെടാതെ വന്നതോടെ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് എത്തി. അപ്പോഴും വാസ്തുഹാര ബില്‍ഡേഴ്സിന്റെ പ്രതിനിധികള്‍ പറഞ്ഞുകൊണ്ടിരുന്നത് എത്രയും വേഗം എല്ലാവര്‍ക്കും ഫ്ളാറ്റ് കൈമാറുമെന്നു തന്നെയായിരുന്നു.

2017 ല്‍ ഫ്ളാറ്റിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങിന്റെ ക്ഷണപത്രം ഉപഭോക്താക്കള്‍ക്ക് അയച്ചു നല്‍കുകയുണ്ടായി. ഇതോടെ തങ്ങള്‍ക്ക് ഫ്ളാറ്റ് കിട്ടുമെന്ന വിശ്വാസത്തില്‍ ഉപഭോക്താക്കള്‍ എത്തി. എന്നാല്‍ ആ വിശ്വാസം വെറുതെയായി എന്നാണ് വഞ്ചിക്കപ്പെട്ടവര്‍ പറയുന്നത്. ഫ്ളാറ്റ് നിര്‍മാണത്തിന്റെ തൊണ്ണൂറ്റിയഞ്ച് ശതമാനവും പൂര്‍ത്തിയായിട്ടും എന്തുകൊണ്ട് കൈമാറ്റം നടക്കുന്നില്ലെന്നന്വേഷിച്ചിറങ്ങിയപ്പോഴാണ് വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ഉപഭോക്താക്കള്‍ മനസിലാകുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍