UPDATES

കാക്കനാട് അരക്കോടിയോളം മുടക്കി ഫ്ലാറ്റ് വാങ്ങിയവരോട് ജെയിന്‍ കണ്‍സ്ട്രക്ഷന്‍സിന്റെ ക്രൂരത; ലിഫ്റ്റ് ഓഫ് ചെയ്യും വൈദ്യുതിയുംകുടിവെള്ളവും മുട്ടിക്കും

കരാര്‍ പ്രകാരമുള്ള ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല എന്നതിനു പുറമെ മെയിന്റനന്‍സ് ഫീസ് നല്‍കുന്നില്ലെന്നാരോപിച്ച് കമ്പനി ഉടമകള്‍ ഭീഷണിപ്പെടുത്തുകയാണ് എന്നു കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഫ്ലാറ്റ്  നിര്‍മാതാക്കളാല്‍ വഞ്ചിക്കപ്പെടുന്നതിന്റെ മറ്റൊരു പരാതി കൂടി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയിന്‍ ഹൗസിംഗ് കണ്‍സ്ട്രക്ഷന്റെ എറണാകുളം കാക്കനാട് സ്ഥിതി ചെയ്യുന്ന ജെയിന്‍ ടഫ്‌നെല്‍ ഗാര്‍ഡന്‍സ് ഫ്ലാറ്റ് സമുച്ചയത്തിലെ ഉടമകളാണ് പരാതിക്കാര്‍. തങ്ങളെ വഞ്ചിച്ചെന്നാരോപിച്ച് കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിരിക്കുന്നതിനു പിന്നാലെ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ്. കരാര്‍ പ്രകാരമുള്ള ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല എന്നതിനു പുറമെ മെയിന്റനന്‍സ് ഫീസ് നല്‍കുന്നില്ലെന്നാരോപിച്ച് ദ്രോഹിക്കുകയാണ് കമ്പനി എന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

മെയിന്റനന്‍സ് ഫീസ് നല്‍കുന്നില്ലെന്നാരോപിച്ച് പത്തൊമ്പത് നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിലെ ലിഫ്റ്റുകള്‍ ഓഫ് ചെയ്തതും വൈദ്യുതി ബന്ധവും ജലവിതരണവും വിച്ഛേദിക്കുമെന്നു ഭീഷണി മുഴക്കുകയും ചെയ്തതോടെ കമ്പനിക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് ഉടമകള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അരക്കോടിയോളം രൂപ മുടക്കി ഫ്ലാറ്റുകള്‍ വാങ്ങിയവരാണ് തങ്ങള്‍ നേരിടുന്ന വഞ്ചനയ്ക്കെതിരേ രംഗത്തു വന്നിരിക്കുന്നത്.

ലോകോത്തര നിലവാരത്തില്‍ ഒരു ടൗണ്‍ഷിപ്പ് എന്ന വാഗ്ദാനവുമായാണ് എട്ട് ഏക്കറിലായി ജെയിന്‍ കണ്‍സ്ട്രക്ഷന്‍ കാക്കനാട് ഈ പദ്ധതി ആരംഭിച്ചതെന്നാണ് താമസക്കാര്‍ പറയുന്നത്. എട്ട് ബ്ലോക്കുകളിലായി 152 ഹൗസിംഗ് യൂണിറ്റുകളായിരുന്നു കമ്പനിയുടെ വാഗ്ദാനം. 2008 ല്‍ ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച്  കൈമാറുമെന്നായിരുന്നു കരാര്‍. പത്തുവര്‍ഷം കഴിയുമ്പോഴും പൂര്‍ണ സജ്ജമല്ലെങ്കിലും താമസിക്കാന്‍ കഴിയുമെന്നു പറയാവുന്ന ഒരു സമുച്ചയം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നതെന്നു താമസക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ബാക്കി സമുച്ചയങ്ങള്‍ എല്ലാം പാതിവഴിയിലാണ്. തങ്ങള്‍ക്ക് നല്‍കിയ എല്ലാ ഉറപ്പുകളും ലംഘിച്ച കമ്പനി ഈ പദ്ധതി ഉപേക്ഷിച്ചെന്നാണ് അവരുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നതെന്നും പരാതിക്കാര്‍ പറയുന്നു.

മുഴുവന്‍ പണവും നല്‍കിയശേഷം  ഫ്ലാറ്റ് കൈമാറി കിട്ടാന്‍ കാത്തിരുന്നു മടുത്തവരാണ്, താമസിക്കാന്‍ മറ്റൊരിടം ഇല്ലാത്ത അവസ്ഥ വരികയും വാടക കൊടുക്കാന്‍ പ്രയാസവുമേറിയപ്പോള്‍ പൂര്‍ണമായി നിര്‍മാണം നടക്കാത്ത ഫ്ലാറ്റ് സമുച്ചയത്തിലേക്ക് താമസിക്കാന്‍ എത്തിയതെന്നാണ് ഇവര്‍ പറയുന്നത്. ഫ്ലാറ്റ് വാങ്ങാനായി ലോണ്‍ എടുത്ത തുകയ്ക്ക് മാസാമാസം പലിശ അടയക്കേണ്ടി വരുമ്പോഴും തങ്ങള്‍ക്ക് കിട്ടിയത് അസൗകര്യങ്ങള്‍ നിറഞ്ഞ താമസസ്ഥലമാണെന്നും പരാതിക്കാര്‍ മുഖ്യമന്ത്രിയെ ബോധിപ്പിക്കുന്നു.

നിരന്തരമായി തങ്ങള്‍ പരാതികള്‍ അറിയിച്ചതിനെ തുടര്‍ന്ന് കമ്പനിയുടെ രണ്ട് ഡയറക്ടര്‍ ഇവിടെ വരികയും എല്ലാവരുമായി കൂടിക്കാഴ്ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും പൂര്‍ത്തായാകാത്ത നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം തീര്‍ക്കാമെന്ന് ഉറപ്പു നല്‍കുകയുമുണ്ടായി. എന്നാല്‍ അവര്‍ വന്നുപോയിട്ട് ഇപ്പോള്‍ അഞ്ചുമാസം കഴിയുമ്പോഴും പറഞ്ഞതുപോലെ ഒന്നും നടന്നില്ലെന്നും ഒരിക്കല്‍ കൂടി തങ്ങളെ വാക്ക് പറഞ്ഞു വഞ്ചിക്കുകയാണ് ഉണ്ടായതെന്നും താമസക്കാര്‍ കുറ്റപ്പെടുത്തുന്നു.

പാതിവഴിയില്‍ നിര്‍മാണം നിര്‍ത്തിയിരിക്കുന്ന കെട്ടിടങ്ങള്‍ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും ഇതു തങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്നും ഇവര്‍ പരാതിപ്പെടുന്നു. ഏറ്റവും വലിയ ചതി തങ്ങളോട് ചെയ്തിരിക്കുന്നത് ഫ്ലാറ്റ് ഔദ്യോഗികമായി കൈമാറിയിട്ടില്ലാത്തതിനാല്‍ ഈ വിലാസം വച്ച് തങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് പോലുളള ഔദ്യോഗിക രേഖകള്‍ക്ക് അപേക്ഷിക്കാന്‍ പോലും സാധിക്കുന്നില്ലെന്നതാണെന്ന് ഇവര്‍ പറയുന്നു.

"</p "</p

സ്വിമ്മിംഗ് പൂള്‍, ക്ലബ്ബ് ഹൗസ്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, പ്രത്യേകമായി രൂപകല്‍പ്പന ചെയ്യുന്ന ലോബി തുടങ്ങി പല വാഗ്ദാനങ്ങളും ഈ പ്രൊജക്ടിനെ കുറിച്ച് തങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കിലും ഇവയില്‍ ഒന്നുപോലും യാഥാര്‍ത്ഥ്യമായിട്ടില്ല. പരിസരപ്രദേശം കാടുപിടിച്ച് കിടക്കുന്നതിനാല്‍ ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ക്കുപോലും താമസക്കാര്‍ വിധേയരാവുകയാണ്. പൂര്‍ണമായി വൈദ്യതി സംവിധാനം പോലും ലഭ്യമാക്കിയിട്ടില്ല. പലയിടങ്ങളും ഇരുട്ടിലാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷിതല്ലാത്തൊരു അന്തരീക്ഷമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. ഈ ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്രധാന കവാടത്തില്‍ ലോക്കിംഗ് സൗകര്യമില്ല. ഏതുസമയവും തുറന്നു കിടക്കുന്ന നിലയില്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും കയറിവരാന്‍ കഴിയുന്ന സ്ഥതി. ആകെയുള്ളത് ഒരേയൊരു സെക്യൂരിറ്റി; ഇത്തരം നിരവധി പരാതികളാണ് താമസക്കാര്‍ ഉന്നയിക്കുന്നത്.

എട്ട് ബ്ലോക്കുകളില്‍ പൂര്‍ണമായല്ലെങ്കിലും പൂര്‍ത്തിയായി എന്നു പറയാവുന്ന നാലാം ബ്ലോക്കില്‍ 19 നിലകളിലായാണ് ഫ്ലാറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇവിടെ മൂന്നു ലിഫ്റ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടെണ്ണം മാത്രമെ ഉപയോഗിക്കാന്‍ കഴിയുന്നുള്ളൂ. ഇതില്‍ സര്‍വീസ് ലിഫ്റ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ബാക്കിയുള്ള രണ്ടെണ്ണത്തില്‍ ഒന്നിനെ ഫയര്‍ ലിഫ്റ്റ് ആക്കി മാറ്റിയിരിക്കുകയാണ്. ഫയര്‍ സെക്യൂരിറ്റി സംവിധാനങ്ങളൊന്നും തന്നെ ഒരുക്കിയിട്ടില്ലാത്തിടത്താണ് ഫയര്‍ ലിഫ്റ്റ് ഉള്ളതും! പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത്രയും അസൗകര്യങ്ങള്‍ക്കിടയില്‍ താമസിക്കേണ്ടി വരുന്നതിനിടയിലാണ് മെയിന്റനന്‍സ് ഫീസ് ആവശ്യം കമ്പനി ഉയര്‍ത്തുന്നത്. തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തവരാണ് മെയിന്റനന്‍സ് ഫീസ് ചോദിക്കുന്നതെന്നു പരാതിക്കാര്‍. രണ്ടു മാസത്തെ മെയിന്റനന്‍സ് ഫീസ് മുന്‍കൂറായി നല്‍കിയിട്ടുള്ളവരാണ് തങ്ങളെന്നും എന്നിട്ടും വീണ്ടും തുക ചോദിക്കുന്നത് എന്ത് നിയമം ആണെന്നും ഇവര്‍ ചോദിക്കുന്നു. അതു കിട്ടാന്‍ വേണ്ടി നിരന്തരം ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. ഇതിനു വഴങ്ങാതെ വന്നതോടെ കമ്പനി ഭീഷണിയുടെസ്വരമുയര്‍ത്തി. അവര്‍ നിശ്ചയിച്ചിരിക്കുന്ന മെയിന്റന്‍സ് ഫീസ് നല്‍കാത്ത പക്ഷം ലിഫ്റ്റ് പ്രവര്‍ത്തനം നിര്‍ത്തുമെന്നും വെള്ളത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത ഇല്ലാതാക്കുമെന്നാണ് ഭീഷണി. ലിഫ്റ്റ് ഓപ്പറേഷന്‍ അവര്‍ മുടക്കുകയും ചെയ്തു. പണം കൊടുത്ത് ഫ്ലാറ്റ് വാങ്ങിയവരോടാണ് ഇത്തരത്തില്‍ ക്രൂരത. ഇതില്‍ നിന്നും തങ്ങളെ സംരക്ഷിച്ച് അവകാശങ്ങള്‍ സംരക്ഷിക്കണം എന്നാണ് പരാതിക്കാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

"</p

മകന്റെ പേരില്‍ ഇവിടെ ഫ്ലാറ്റ് വാങ്ങിയ കൃഷ്ണന്‍ തങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും വിശ്വാസവഞ്ചനകളെയും കുറിച്ച് പറയുന്നത് ഇപ്രകാരമാണ്; 2008 മേയിലാണ് ഞാന്‍ ഫ്ലാറ്റ് ബുക്ക് ചെയ്യുന്നത്. മുഴുവന്‍ തുക നല്‍കുകയും ചെയ്തു. തുക നല്‍കുമ്പോള്‍ മൂന്നു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി ഫ്ലാറ്റ് കൈമാറുമെന്നായിരുന്നു കരാര്‍. പക്ഷേ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും കരാര്‍ പ്രകാരമുള്ള കാര്യങ്ങളൊന്നും നടന്നില്ല. ടവര്‍ 4 മാത്രം 97 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കി. 2015 ല്‍ അതില്‍ ഒരു ഫ്ലാറ്റ് ഞാന്‍ രജിസ്റ്റര്‍ ചെയ്തു വാങ്ങിച്ചു. പക്ഷേ താമസം തുടങ്ങിയില്ല. കാരണം, നമ്പരോ വാട്ടര്‍ കണക്ഷനോ ഫയര്‍ സര്‍വീസ് അനുമതിയോ ഒന്നും ശരിയായില്ലായിരുന്നു. വൈദ്യുതി കണക്ഷനും ഇല്ലായിരുന്നു. ഒരു മാസം മുമ്പാണ് വൈദ്യതി/വെള്ള കണക്ഷനുകള്‍ കിട്ടിയത്. പക്ഷേ അതില്‍ പോലും പ്രത്യേകം മീറ്ററുകളോ വാട്ടര്‍ കണക്ഷനുകളോ ഇല്ല. നമ്പര്‍ കിട്ടാത്തിടത്തോളം ഇതൊരു അനധികൃത കെട്ടിടം ആണെന്നേ പറയാന്‍ കഴിയൂ. അതിനാല്‍ തന്നെയാണ് താമസിക്കാന്‍ ഞങ്ങള്‍ ഭയപ്പെടുന്നത്. അനധികൃതമായ താമസമായി അതു മാറും. എന്നിട്ടുപോലും മറ്റ് നിവൃത്തിയില്ലാതെ വന്ന ചിലര്‍ ഇത്രയും ബുദ്ധിമുട്ടുകള്‍ സഹിച്ചുകൊണ്ടും ഇവിടെ താമസം തുടങ്ങിയിട്ടുണ്ട്. കമ്പനി ഇപ്പോള്‍ ഈ പദ്ധതി പൂര്‍ണമായി അവഗണിച്ചിരിക്കുന്ന അവസ്ഥയാണ്. നിര്‍മാണങ്ങളൊന്നും കാര്യമായി നടക്കുന്നില്ല. ഒന്നോ രണ്ടോ പേരാണ് കമ്പനി പ്രതിനിധികളായി ഇവിടുത്തെ ഓഫിസിലുള്ളത്. 2018 ജൂലൈയില്‍ ചെന്നൈ ഓഫിസില്‍ നിന്നും രണ്ടുപേര്‍ ഇവിടെ വന്ന് ടവര്‍ 4 ന്റെ ബാക്കിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി തരാം, മറ്റ് ബ്ലോക്കുകളുടെ ജോലികളൊക്കെ കഴിവതും വേഗം തീര്‍ക്കാം എന്ന് ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ പറഞ്ഞിട്ടു പോയതല്ലാതെ ഒന്നും നടന്നിട്ടില്ല. ഇത്രയും അസൗകര്യങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴും കരാര്‍ പ്രകാരമുള്ള വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല എന്നുമിരിക്കെയാണ് മെയിന്റനന്‍സ് ഫീസ് ആവശ്യപ്പെട്ട് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഞങ്ങളെല്ലാവരും തന്നെ രണ്ടു മാസത്തെ മെയിന്റനന്‍സ് ഫീസ് മുന്‍കൂര്‍ ആയി തന്നെ നല്‍കിയിട്ടുള്ളതാണ്. കരാര്‍ പ്രകാരം പറയുന്നത്, ഫ്ലാറ്റ് ഞങ്ങള്‍ക്ക് കൈമാറി രണ്ടുവര്‍ഷം കഴിഞ്ഞു മാത്രമെ മെയിന്റനന്‍സ് ഫീസ് ആവശ്യപ്പെടൂ എന്നാണ്. കൈമാറ്റം കഴിഞ്ഞ് രണ്ട് വര്‍ഷം വരെ മെയിന്റനന്‍സ് വര്‍ക്കുകള്‍ കമ്പനിയാണ് നടത്തേണ്ടത്. ഇത് പാലിക്കാതെയാണ് ഇപ്പോള്‍ ഞങ്ങളോട് മെയിന്റനന്‍സ് ഫീസ് ചോദിക്കുന്നത്. ഇതിന്റെ പേരില്‍ പലതരത്തിലാണ് ബുദ്ധിമുട്ടിക്കുന്നത്. ഒരു ദിവസം ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാതിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ല. പരമാവധി ഞങ്ങളെ മാനസികമായി ബുദ്ധിമുട്ടിക്കുകയാണവര്‍ ചെയ്യുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍