UPDATES

പ്രളയം 2019

കശുമാവുകള്‍ വെട്ടി റബര്‍ കുഴികള്‍ കുഴിച്ചു, വെള്ളമിറങ്ങി പാറകളെ ഇളക്കി, ദുരന്തം മുന്‍കൂട്ടി കണ്ട ജനം പ്രതിഷേധിച്ചിട്ടും ഫലമുണ്ടായില്ല; ഭൂദാനം ദുരന്തഭൂമിയായത് ഇങ്ങനെ

മുത്തപ്പന്‍ കുന്ന് ഒരിക്കല്‍ ഇടിയുമെന്നു പറഞ്ഞിരുന്ന ഭീതി യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണെന്ന് അന്നേ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു

നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറയില്‍ ഓഗസ്റ്റ് എട്ടാം തീയതി വ്യാഴാഴ്ച്ച രാത്രിയിലാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. വ്യാഴാഴ്ച്ച വൈകുന്നേരം മുതല്‍ കവളപ്പാറ പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടാകുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനു പിന്നാലെയാണ് ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത്. 30-ഓളം വീടുകള്‍ ഇവിടെ മണ്ണിനിടയിലായിപ്പോയി. മുത്തപ്പന്‍കുന്ന് മലയുടെ താഴ്‌വരയായ ഈ പ്രദേശം ഏകദേശം പൂര്‍ണമായി തന്നെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി.

അതേസമയം, കവളപ്പാറയിലെ ദുരന്തത്തിന് മനുഷ്യരും കാരണമാണെന്ന പരാതിയും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ ഇത്തരമൊരു ദുരന്തത്തിന്റെ സൂചന ഉണ്ടായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തവണയത് സംഭവിച്ചു; ‘കരുതിയതിനേക്കാളൊക്കെ അതിഭീകരമായി’.

ഗാന്ധിയനും ഭൂദാനപ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന വിനോബാ ഭാവേ സൗജന്യമായി നല്‍കിയ ഭൂമിയാണ് പിന്നീട് ഭൂദാനം ആയി മാറിയത്. ഭൂദാനത്താണ് മുത്തപ്പന്‍കുന്ന്. ഈ കുന്നിന്റെ ഒരു വശത്ത് കാടും മറ്റ് മൂന്നുവശങ്ങളിലും ജനവാസമേഖലയും. അതില്‍ ഒന്നായിരുന്നു കവളപ്പാറ. മുത്തപ്പന്‍കുന്ന് ഒരിക്കല്‍ ഇടിഞ്ഞുപോരുമെന്ന് പണ്ടുകാലം മുതലേ പറഞ്ഞുവരുന്നതാണെങ്കിലും കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടുകള്‍ക്കിടയിലും അത്തരത്തിലൊരു സൂചനയും മുത്തപ്പന്‍കുന്ന് നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ തവണ വരാന്‍ പോകുന്ന അപകടത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രകൃതി സ്വയം തീരുമാനിച്ചുറപ്പിച്ച അപകടമായിരുന്നില്ലിത്. മനുഷ്യന്‍ വെട്ടിയുണ്ടാക്കിയ ദുരന്തം.

ഇപ്പോള്‍ മണ്ണിടിഞ്ഞു തുടങ്ങിയിടം തരിശ് കിടന്നിരുന്ന ഭൂമിയായിരുന്നു. കശുമാവുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. മഴ പെയ്താലും വെള്ളം ഒഴുകി പോകാന്‍ പാകത്തില്‍ ആ മണ്ണ് കിടന്നു. എന്നാല്‍ സെന്റിന് രണ്ടായിരം രൂപയ്ക്കടുത്ത് നല്‍കി ഏതോ ഒരാള്‍ അത് സ്വകാര്യ ഭൂമിയാക്കി. വലിയ ഹിറ്റാച്ചികള്‍ കുന്നു കയറിയെത്തി. അവയുടെ യന്ത്രക്കൈകള്‍ കശുമാവുകള്‍ പിഴുതെറിഞ്ഞു. പകരം റബര്‍ നടാന്‍ മൂന്നു മീറ്റര്‍ വീതിയിലും രണ്ട് മീറ്റര്‍ ആഴത്തിലും കുഴികള്‍ എടുത്തു. റബര്‍ മരങ്ങള്‍ നടാനുള്ള പ്ലാറ്റ്‌ഫോമുകള്‍ വെട്ടാന്‍ തുടങ്ങിയതോടെ അപകടം മണത്ത് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. അവര്‍ പണി തടസപ്പെടുത്തി. എന്നാല്‍ അധികാര കേന്ദ്രങ്ങളുടെ സഹായത്തോടെ എല്ലാം ‘നിയമപരമാക്കി’ ആ പ്രതിഷേധത്തെ തകര്‍ത്തു. റബര്‍ മരങ്ങള്‍ക്കായി കുഴികള്‍ താഴ്ന്നു.

Also Read: ഒരു ജീപ്പ് കടന്നുപോകാവുന്ന തുരങ്കങ്ങൾ വരെ രൂപപ്പെടാറുണ്ട്; എന്താണ് പുത്തുമല ദുരന്തത്തിന് കാരണമായതായി കരുതുന്ന സോയിൽ പൈപ്പിങ് അഥവാ ‘മണ്ണിന്റെ കാന്‍സര്‍’?

റബര്‍ കുഴികള്‍ വന്നതോടെ വെള്ളത്തിന്റെ സ്വഭാവിക ഒഴുക്ക് തടസപ്പെട്ടു. കശുമാവുകള്‍ ഉണ്ടായിരുന്നപ്പോഴത്തെ അവസ്ഥയില്‍ നിന്നും ഭൂമിയുടെ രൂപം മാറി. ഒഴുകി പോകാന്‍ കഴിയാതെ വന്നതോടെ പെയ്തു വീണ വെള്ളം മണ്ണിനടിയിലേക്ക് ഇറങ്ങി. ഇവിടുത്തെ മണ്ണിന് അധികം ആഴമില്ല, പാറകളാണ്. ആ പാറകളെ ഉറപ്പിച്ച് നിര്‍ത്തുന്ന ഭൂമിക്കടിയിലെ മണ്ണിലേക്ക് ഊര്‍ന്നിറങ്ങിയ വെള്ളം അവയെ ഇളക്കി. അതോടെ പാറകള്‍ക്ക് മണ്ണുമായി ഉണ്ടായ ബന്ധം പതുക്കെ വിടാന്‍ തുടങ്ങി. കഴിഞ്ഞ പ്രളയകാലത്ത് അത്യാവശ്യം മഴയിവിടെയും പെയ്തിരുന്നതാണ്. ആ വെള്ളമെല്ലാം ഇത്തരത്തില്‍ താഴേക്കിറങ്ങി പാറകള്‍ ഇളക്കിയിരുന്നു. അതിന്റെ സൂചനകള്‍ നാട്ടുകാര്‍ കണ്ടതുമാണ്.

ഇവിടെ പണ്ട് മുതല്‍ക്കേ ഉണ്ടായിരുന്ന അരുവികളിലൂടെ കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കുത്തിയൊലിച്ച് പായുകയായിരുന്നു. മുത്തപ്പന്‍ കുന്ന് ഒരിക്കല്‍ ഇടിയുമെന്നു പറഞ്ഞിരുന്ന ഭീതി യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണെന്ന് അന്നേ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും ജനങ്ങള്‍ മുത്തപ്പന്‍ കുന്നിനെ വിശ്വസിച്ചു. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകില്ലെന്നു കരുതിയിരുന്നിടത്ത്, കഴിഞ്ഞവര്‍ഷം കവളപ്പാറയിലെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നിരുന്നുവെങ്കിലും വലിയൊരു ദുരന്തം പൊട്ടിയടര്‍ന്നു തങ്ങളുടെ ജീവനുമേലേക്ക് വരുമെന്ന് അപ്പോഴും കരുതിയില്ല. പക്ഷേ, ആ കരുതലുകളെല്ലാം വെറുതെയാക്കി കൊണ്ട് മറ്റൊരു ഓഗസ്റ്റിലെ രാത്രിയില്‍ മുത്തപ്പന്‍ കുന്നിറങ്ങി മരണം കുതിച്ചെത്തി.

വലിയ ദുരന്തം ഉണ്ടായ ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. അപകടം ഉണ്ടായ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ പോലും ആദ്യ ദിവസങ്ങളില്‍ കഴിഞ്ഞിരുന്നില്ല. ഈ പ്രദേശത്ത് റോഡുകള്‍ തകര്‍ന്നു കിടക്കുന്നതുകൊണ്ട് ഉരുള്‍പൊട്ടല്‍ ഉണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞു മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താന്‍ തന്നെ സാധിച്ചത്. ഇതുമൂലം മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചില്‍ നടത്താന്‍ ആദ്യഘട്ടത്തില്‍ കഴിയാതെയും വന്നു. സൈന്യത്തിന്റെ സേവനവും ഇവിടെ ഉണ്ടായിരുന്നു. മദ്രാസ് റെജിമെന്റിലെ 30 അംഗ സംഘമാണ് ഇവിടെ ഇന്ന് തിരച്ചലിന് എത്തിയിരുന്നു. കനത്ത മഴ തുടര്‍ന്നത് പക്ഷേ തിരച്ചില്‍ ദിവസങ്ങളോളം ബുദ്ധിമുട്ടിലാക്കുകയും ചെയ്തു. വയനാട് മേപ്പാടി പുത്തുമലയില്‍ ഉണ്ടായ വന്‍ ഉരുള്‍പ്പൊട്ടലിനു പിന്നാലെയാണ് നിലമ്പൂരിലെ കവളപ്പാറയിലും ദുരന്തം ഉണ്ടായത്. ഈ പ്രളയകാലത്ത് ഇതുവരെ സംഭവിച്ചതില്‍ ഏറ്റവും വലിയ അപകടങ്ങളാണ് മേപ്പാടിയിലും കവളപ്പാറയിലും നടന്നിരിക്കുന്നത്.

ആറ് വയസുള്ള ഒരു കുട്ടിയും ഏഴു വയസുള്ള രണ്ടു കുട്ടികളും കാണാതായവരിലുണ്ട്. അംഗന്‍വാടി ടീച്ചറായിരുന്ന വാര്‍ഡ് മെംബര്‍ വത്സലയ്ക്ക് സ്വന്തം വാര്‍ഡിലെ പരിചയക്കാരും അടുത്ത സുഹൃത്തുക്കളും നഷ്ടപ്പെട്ട വേദനയ്‌ക്കൊപ്പമാണ് താന്‍ പഠിപ്പിച്ച കുരുന്നുകളും ജീവനോടെ മണ്ണുമൂടിപ്പോയതിന്റെ ആഘാതവും. ഒന്നും വിശ്വാസിക്കാന്‍ ഇതുവരെയായിട്ടും കഴിയുന്നില്ലെന്നാണ് വത്സല പറയുന്നത്. സഹോദരിയുടെ വിവാഹത്തിനായി നാട്ടിലെത്തിയ കരസേന ഉദ്യോഗസ്ഥന്‍ വിഷ്ണുവിന്റെ ശരീരവും കണ്ടെത്താന്‍ ആയിട്ടില്ല. വിഷ്ണുവും കുടുംബവും ഉരുള്‍പൊട്ടലില്‍ പെട്ടിരുന്നു. കരസേനയുടെ ബംഗാള്‍ എഞ്ചിനീയറിംഗ് ഗ്രൂപ്പില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു വിഷ്ണു. വിഷ്ണുവും കുടുംബവും ഉരുള്‍പൊട്ടലില്‍ പെട്ട വിവരം ആദ്യ ദിനങ്ങളില്‍ തന്നെ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ സ്ഥിരീകരിച്ചിരുന്നു.

പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ക്യാമ്പില്‍ പോകാത്ത ജനങ്ങളുടെ ജീവിതം ഇവിടെ ബുദ്ധിമുട്ടില്‍ തുടരുകയാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. വീടിന് നാശനഷ്ടങ്ങള്‍ സംഭവിക്കാത്ത ജനങ്ങളുണ്ട്. അതുകൊണ്ടാണിവര്‍ ക്യാമ്പുകളിലേക്ക് പോകാത്തത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധാനങ്ങളെല്ലാം ലഭിക്കുന്നുണ്ടെങ്കിലും വീടുകളില്‍ തന്നെ തങ്ങുന്നവരുടെ സ്ഥിതി കഷ്ടത്തിലാണെന്ന് പ്രദേശവാസിയായ ദിനൂബ് പറയുന്നുണ്ട്. “കൂടുതലും സാധാരണക്കാരാണിവിടെയുള്ളത്. സാമ്പത്തികമായി അത്രകണ്ട് മെച്ചമല്ലാത്തവര്‍. റബര്‍ ടാപ്പിംഗ് ആണ് പ്രധാന തൊഴില്‍. പാതാര്‍, ഭൂദാനം എന്നിവിടങ്ങളിലായിരുന്നു കൂടുതലും റബര്‍ തോട്ടങ്ങള്‍ ഉണ്ടായിരുന്നത്. ഇവിടങ്ങളില്‍ ഉരുള്‍പൊട്ടി. ബാക്കിയിടങ്ങളില്‍ മഴയും പ്രകൃതിദുരന്തവും കാരണം തൊഴില്‍ നടക്കുന്നുമില്ല. ജോലിക്കു പോകാന്‍ വഴിയില്ലാതായതോടെ കൈയില്‍ കാശ് ഇല്ലാത്ത അവസ്ഥയായി. ഇവിടെയുള്ള ഭൂരിഭാഗം കച്ചവടസ്ഥാപനങ്ങളും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് സാധനങ്ങള്‍ വാങ്ങാനും കഴിയുന്നില്ല. പലരുടെയും പക്കല്‍ അധിക ദിവസത്തേക്കുള്ള സാധനങ്ങള്‍ ഇല്ല. അവ കൂടി തീര്‍ന്നാല്‍ ദുരിതം ഇരട്ടിക്കും”, ദിനൂബ് ചൂണ്ടിക്കാണിക്കുന്നു.

Also Read: കണ്ണടച്ചിരുട്ടാക്കിയിട്ട് കാര്യമില്ല; കേരളത്തിലെ ഓരോ പഞ്ചായത്തിലും ശരാശരി ആറ് ക്വാറികൾ, 56 ശതമാനം പരിസ്ഥിതി ലോല മേഖലയില്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍