UPDATES

പ്രളയം 2019

ചുരം കയറിയത് 66 ലോഡുകള്‍, 15 ലോഡ് സാധനങ്ങള്‍ ഇനിയും അയക്കാനുണ്ട്, കൈ മെയ് മറന്ന് ഒരു ‘മേയര്‍ ബ്രോ’യും 2800 വൊളണ്ടിയര്‍മാരും; ‘ഈയാ ഹുവാ ട്രിവാന്‍ഡ്രം…’

ചിലര്‍ നടത്തിയ തെക്കന്‍, വടക്കന്‍ വിദ്വേഷ പ്രചരണങ്ങളെയാണ് തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ അമ്പേ പരാജയപ്പെടുത്തിയത്‌

‘ടട്ടഡട്ട ടട്ടട്ട.. ഈയാ ഹുവാ ട്രിവാന്‍ഡ്രം…’; പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ ആദ്യ കളക്ഷന്‍ പോയിന്റ് ആരംഭിച്ച തിരുവനന്തപുരം നഗരസഭയുടെ ഓഫീസ് വളപ്പില്‍ നിന്നും 59-ാമത്തെ ലോഡും പുറത്തേക്ക് പോകുകയാണ്. അതിന്റെ ആരവങ്ങളും ആര്‍പ്പുവിളികളുമാണ് ഉയരുന്നത്. വയനാട്ടിലേക്കുള്ള ലോഡാണ് ഇന്നലെ രാത്രി ഇവിടെ നിന്നും തിരിച്ചത്. അതും ഒരുമിച്ച് മൂന്ന് ലോഡ്. തിരുവനന്തപുരത്തിന് ആര്‍പ്പോ വിളിക്കുന്നത് കേട്ട് ഈ ചെറുപ്പക്കാരെല്ലാം തിരുവനന്തപുരംകാരാണെന്ന് തെറ്റിദ്ധരിക്കരുത്. ഇടുക്കി സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ ടി സി രാജേഷ് മുതല്‍ വയനാട് സ്വദേശിയും തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയുമായ ഫഹദ് വരെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തിലാണ് ഈ ചെറുപ്പക്കാര്‍ അണിനിരക്കുന്നത്.

ഉരുള്‍പൊട്ടലുണ്ടായ ഓഗസ്റ്റ് എട്ടിനാണ് തിരുവനന്തപുരം നഗരസഭയില്‍ കളക്ഷന്‍ പോയിന്റ് ആരംഭിച്ചത്. 2800ലേറെ വൊളണ്ടിയര്‍മാരാണ് സാധനങ്ങള്‍ ശേഖരിക്കാനും ലോറികളില്‍ കയറ്റി ദുരിതബാധിതരുടെ കൈകളില്‍ എത്തിക്കാനും കയ്യും മെയ്യും മറന്ന് ഇവിടെ രാപകലില്ലാതെ ജോലി ചെയ്യുന്നത്. കഴിഞ്ഞ പ്രളയസമയത്ത് തിരുവനന്തപുരം നഗരസഭ നടത്തിയ വിജയകരമായ പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തിലാണ് ഇത്തവണയും ഇത്തരത്തിലൊരു ക്യാമ്പ് സംഘടിപ്പിച്ചതെന്ന് മേയര്‍ വി കെ പ്രശാന്ത് അഴിമുഖത്തോട് പറഞ്ഞു. “അന്ന് വളരെ പെട്ടെന്ന് തന്നെ വൊളണ്ടിയര്‍ ടീമിനെ സജ്ജമാക്കി ദുരിതബാധിത പ്രദേശങ്ങളിലേക്ക് നേരിട്ട് തന്നെ അയച്ചു. അന്ന് ആദ്യമായി അത്തരമൊരു ക്യാമ്പ് രൂപീകരിച്ചത് തിരുവനന്തപുരം നഗരസഭയാണ്. 450 പേരടങ്ങുന്ന ഒരു വലിയ സംഘം റാന്നി, ആറന്മുള, ചെങ്ങന്നൂര്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോയി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും വീടുകള്‍ വൃത്തിയാക്കുകയുമൊക്കെ ചെയ്തിരുന്നു. റാന്നി ടൗണ്‍ മുഴുവനായും വൃത്തിയാക്കിയ ശേഷമാണ് ഈ സംഘം മടങ്ങിവന്നത്. അതിന് ശേഷമാണ് വിവിധ സംഘടനകളും മറ്റും ടീമുകളായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിച്ചത്. ആ ഒരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ദുരിതത്തില്‍പ്പെട്ടവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ മൂന്നൂറോളം വരുന്ന ചെറുപ്പക്കാര്‍ ആദ്യദിവസം തന്നെ രംഗത്ത് വന്നത്. രണ്ടാം ദിവസം അത് 1200 ആയി. നിലവില്‍ 2800ഓളം വൊളണ്ടിയര്‍മാരാണ് ഈ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ തലമുറയില്‍ പാരിസ്ഥിതിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നഗരസഭ ഗ്രീന്‍ ആര്‍മി എന്നൊരു പദ്ധതി നടപ്പാക്കിയിട്ടുണ്ട്. അതിലൂടെ തന്നെ യുവാക്കളുടെ ഒരു സംഘത്തെ ഏത് സമയത്തും സജ്ജമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗ്രീന്‍ ആര്‍മിയുടെ യൂണിറ്റുകള്‍ സ്‌കൂളുകളിലും കോളേജുകളിലും പൊതുഇടങ്ങളിലുമെല്ലാം രൂപീകരിച്ചിട്ടുണ്ട്. സമൂഹത്തിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഹരിത നഗരോത്സവം എന്ന പേരില്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഹരിത നഗരോത്സവം നടത്തിയത് തന്നെ കഴിഞ്ഞ പ്രളയകാലത്തെ മേഖലകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ്. അവര്‍ ആ പ്രളയത്തെ അതിജീവിച്ചതെങ്ങനെയാണെന്നത് അടക്കമുള്ള പങ്കുവയ്ക്കലാണ് നടത്തിയത്. അതിന്റെയെല്ലാം വലിയൊരു അനുഭവം ഈ ചെറുപ്പക്കാര്‍ക്കുണ്ടായിരുന്നു. അതാണ് വളരെ കൃത്യമായി തന്നെ ഇത്തവണത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സഹായിച്ചതെന്നും മേയര്‍ പറഞ്ഞു. ഇത് എന്റെ വിജയമായാണ് പലരും വിശേഷിപ്പിക്കുന്നത്. എന്നാല്‍ ജോലി ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ഊര്‍ജ്ജവും ഉത്സാഹവുമാണ് ഈ പദ്ധതി വിജയിക്കാന്‍ കാരണം.” ഞാന്‍ അവര്‍ക്ക് നേതൃത്വം നല്‍കുന്നുവെന്ന് മാത്രമേയുള്ളൂ. ഇത് യഥാര്‍ത്ഥത്തില്‍ അവരുടെ വിജയമാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

ശേഖരണം ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ വളരെ മന്ദഗതിയിലായിരുന്നുവെന്ന് കളക്ഷന്‍ പോയിന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രകാശ് പറയുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞതോടെ കൂടുതല്‍ വൊളണ്ടിയര്‍മാര്‍ ഇതില്‍ പങ്കാളികളാകുകയും സാധനങ്ങള്‍ കൂടുതലായി എത്താന്‍ ആരംഭിക്കുകയും ചെയ്തു. ആദ്യദിവസങ്ങളിലെ മന്ദഗതിക്ക് പ്രധാന കാരണം തിരുവനന്തപുരം കളക്ടര്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റായിരുന്നെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസത്തിന് സാധനങ്ങളൊന്നും ആവശ്യമില്ലെന്നും ആവശ്യമുള്ളപ്പോള്‍ ഔദ്യോഗികമായി അറിയിക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. അല്ലാതെ തന്നെയുണ്ടായിരുന്ന രാഷ്ട്രീയപരമായ വിദ്വേഷ പ്രചരണങ്ങള്‍ക്കിടയില്‍ ഇതുകൂടിയായപ്പോള്‍ പലരും ആദ്യദിവസങ്ങളില്‍ മുഖംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ആദ്യ അഞ്ച് ദിവസങ്ങളില്‍ വീടുകള്‍ കയറി സാധനങ്ങള്‍ ശേഖരിക്കാന്‍ വൊളണ്ടിയര്‍മാരെ വിടുന്നുണ്ടായിരുന്നു. ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ കളക്ടറുടെ ഈ പോസ്റ്റ് കാരണം പലരും സഹകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ മൂന്നാം ദിവസം മുതല്‍ സ്ഥിതിഗതികളില്‍ മാറ്റം വന്നു. വൊളന്റിയര്‍മാരില്‍ പലരും പുലര്‍ച്ചെ വന്നിട്ട് രാത്രി രണ്ട് മണി വരെയും മൂന്ന് വരെയും ജോലി ചെയ്യുന്നവരാണെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ആണ്‍-പെണ്‍-ട്രാൻസ്ജെൻഡർ വ്യത്യാസമില്ലാതെ കളക്ഷന്‍ സെന്ററില്‍ സജീവമായുണ്ട്. ഗ്രീന്‍ ആര്‍മിയുടെ വൊളണ്ടിയര്‍മാരാണ് ഇവരില്‍ ഭൂരിഭാഗവും. കഴിഞ്ഞതവണ പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ അടുത്തുള്ള ജില്ലകളിലേക്കാണ് പോയിരുന്നതെന്നതിനാല്‍ വളരെ പെട്ടെന്ന് തന്നെ തിരിച്ചെത്താനും വീണ്ടും പോകാനും സാധിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ അകലെയുള്ള ജില്ലകളിലേക്കും പോകുന്നതിനാല്‍ വാഹനങ്ങളുടെ ദൗര്‍ലഭ്യം നേരിടുണ്ട്.

തെക്ക് വടക്ക് എന്ന വിധത്തിലുള്ള വിദ്വേഷ പ്രചരണങ്ങള്‍ തുടക്കത്തില്‍ കേട്ടിരുന്നു. എന്നാല്‍ ഇത് പ്രചരിപ്പിച്ചത് വടക്കുള്ളവരല്ലെന്ന് പ്രകാശ് പറയുന്നു. ചിലരുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. കഴിഞ്ഞ തവണ പ്രളയം നടന്നപ്പോള്‍ ജാതിയുടെ പേരില്‍ വേര്‍തിരിക്കാനുള്ള ശ്രമം നടന്നിരുന്നു. ആ ശ്രമം നടത്തിയവര്‍ അത് പരാജയപ്പെട്ടതിനാല്‍ ഇത്തവണ തെക്ക്, വടക്ക് എന്ന വിവേചനവുമായി രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഇവിടുത്തെ കളക്ഷന്‍ പോയിന്റില്‍ എല്ലാ ജില്ലകളില്‍ നിന്നുള്ളവരുമുണ്ട്. അതിനാല്‍ തന്നെ അത്തരം പ്രചരണങ്ങളെ തുടക്കത്തില്‍ തന്നെ പരാജയപ്പെടുത്താന്‍ സാധിച്ചതായും പ്രകാശ് പറയുന്നു. ഓരോ സ്ഥലങ്ങളിലും എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്ന് നോക്കിയാണ് കയറ്റിയയ്ക്കുന്നത്. ആദ്യ ദിവസങ്ങളില്‍ വെള്ളമായിരുന്നു അയച്ചുകൊണ്ടിരുന്നത്. പിന്നീട് വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവയും അയയ്ക്കാന്‍ തുടങ്ങി. ഇപ്പോള്‍ മരുന്നുകളും കന്നുകാലികള്‍ക്കുള്ള ഭക്ഷണവുമെല്ലാം കയറ്റിയയ്ക്കുന്നുണ്ട്. ആളുകള്‍ വീടുകളിലേക്ക് മടങ്ങിപ്പോയി തുടങ്ങിയിരിക്കുന്നതിനാല്‍ ചൂലുകളും ശുചീകരണത്തിനുള്ള സാമഗ്രികളുമെല്ലാം ഇപ്പോള്‍ കയറ്റിയയ്ക്കുന്നുണ്ട്. വ്യക്തികളെ കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും സംഘടനകളുമെല്ലാം എത്തിക്കുന്ന സാമഗ്രികളാണ് ഇവിടെ നിന്നും പാക്ക് ചെയ്ത് കയറ്റി വിടുന്നത്.

പന്ത്രണ്ടാം തിയതി അമ്മയോടൊപ്പം മ്യൂസിയത്തില്‍ വന്നിരുന്നപ്പോഴാണ് ഏഴാം ക്ലാസുകാരന്‍ ഗോപാലകൃഷ്ണന് കളക്ഷന്‍ പോയിന്റുമായി സഹകരിക്കണമെന്ന ആഗ്രഹം തോന്നിയത്. പിറ്റേന്ന് മുതല്‍ രാവിലെ മുതല്‍ രാത്രി വരെ ഗോപാലകൃഷ്ണന്‍ ഇവിടെ സജീവമാണ്. വണ്ടിയില്‍ എത്തുന്ന സാധനങ്ങള്‍ കളക്ഷന്‍ സെന്ററിലേക്ക് കൊണ്ടുപോകുകയാണ് ഗോപാലകൃഷ്ണന്‍ ചെയ്യുന്ന ജോലി. വെള്ളമെടുത്ത് വയ്ക്കുക തുടങ്ങിയ ജോലികളും ഗോപാലകൃഷ്ണന്‍ ചെയ്യുന്നുണ്ട്. പോലീസ് കായിക പരീക്ഷയ്ക്കിടെ വീണ് പരിക്കേറ്റ് ശസ്ത്രക്രിയ വേണ്ടി വന്ന കയ്യുമായാണ് എംഎസ് യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ വിനു ജി വിജയന്‍ കളക്ഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. നാല് ദിവസമായി ഇദ്ദേഹം ഇവിടെ സജീവമാണ്. സുഹൃത്തുക്കള്‍ വഴി ഇതിനെക്കുറിച്ച് അറിഞ്ഞാണ് എത്തിയത്. മേയര്‍ ബ്രോയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തങ്ങളുടെ സ്‌നേഹം കയറ്റിയയ്ക്കുകയാണെന്നാണ് വിനു പറയുന്നത്. ഫോണ്‍കോളുകളിലൂടെയും മറ്റും ആ സ്‌നേഹം നമുക്ക് തിരിച്ചുകിട്ടുന്നുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നമ്മുടെ കൂടപ്പിറപ്പുകള്‍ക്ക് നമുക്ക് ചെയ്യാന്‍ സാധിക്കുന്ന സഹായം എത്തിക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ സെന്ററില്‍ നില്‍ക്കുന്നതെന്നും വിനു വ്യക്തമാക്കി.

ആദ്യത്തെ രണ്ട് ദിവസവും ഇവിടെ ധാരാളം ജോലികളുണ്ടായിരുന്നു. വയനാട്ടിലേക്ക് രണ്ടാമത്തെ ലോഡ് പോകുന്ന സമയത്ത് ഡ്രൈവര്‍ക്ക് വഴിയറിയാത്തതിനാലാണ് തന്നോട് കൂടെ പോകാന്‍ ആവശ്യപ്പെട്ടതെന്ന് ഫഹദ് വ്യക്തമാക്കി. കളക്ഷന്‍ സെന്റര്‍ ആരംഭിച്ച അന്ന് ഒമ്പത് മണിയോടെ ആദ്യ ലോഡ് അയച്ചിരുന്നു. കുടിവെള്ളത്തിന്റെ ആവശ്യം ഉന്നയിച്ചാണ് പലരും വിളിച്ചിരുന്നതെന്നും ദുരിതാശ്വാസ സാമഗ്രികളുമായി വാഹനത്തില്‍ പോയ വൊളണ്ടിയര്‍മാരില്‍ ഒരാളായ ഫഹദ് പറയുന്നു. വെള്ളം ആവശ്യമുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കിലും മറ്റും ലൈവ് ഇട്ടതോടെയാണ് ധാരാളം വെള്ളം വന്നത്. അങ്ങനെ ആദ്യ ദിവസം തന്നെ ഒരു ലോഡ് വെള്ളം വയനാട്ടിലേക്ക് അയച്ചു. എറണാകുളം, തൃശൂര്‍ ഭാഗങ്ങളിലൊന്നും യാതൊരു കുഴപ്പവുമില്ലായിരുന്നു. എന്നാല്‍ മലപ്പുറം എത്തിയതോടെ ചെറുതായി മഴ പെയ്യാന്‍ തുടങ്ങി. ദേശീയപാതയിലേക്ക് കടക്കാന്‍ തിരൂരങ്ങാടി വഴി കടന്നുപോകുമ്പോള്‍ ഏകദേശം ഒന്നരകിലോമിറ്ററോളം വെള്ളം നിറഞ്ഞ വഴിയിലൂടെയാണ് യാത്ര ചെയ്യേണ്ടി വന്നത്. ട്രക്കിന്റെ ടയറിന്റെ പകുതിക്ക് മുകളിലായിരുന്നു അവിടെ വെള്ളം പൊങ്ങിക്കിടന്നിരുന്നത്. പലപ്പോഴും വെള്ളം വണ്ടിയുടെ ഉള്ളില്‍ കയറുന്ന സാഹചര്യവുമുണ്ടായിരുന്നതായി ഫഹദ് പറയുന്നു. ഒരു തോട് അതിലൂടെ ഒഴുകുന്നുണ്ടായിരുന്നു. റോഡും തോടും കാണാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ദുരിതാശ്വാസ സാമഗ്രികളുമായി പോകുന്ന വാഹനമാണെന്ന് കണ്ട് നാട്ടുകാര്‍ വഴി കാണിച്ച് തന്നതുകൊണ്ടാണ് ആ ഒന്നര കിലോമീറ്റര്‍ ദൂരം അപകടമൊന്നും പറ്റാതെ കടന്നുപോകാന്‍ സാധിച്ചത്. ഡ്രൈവറുടെ മിടുക്കില്ലായിരുന്നെങ്കില്‍ ആദ്യ ട്രിപ്പുകളില്‍ തന്നെ ഇത് പരാജയപ്പെട്ടേനെയെന്നാണ് ഫഹദ് ചൂണ്ടിക്കാട്ടുന്നത്. അതൊരു വലിയ അനുഭവമായിരുന്നു. കാരണം ഒന്നു തെറ്റിയാല്‍ വാഹനവും ഞങ്ങളും പാടത്തേക്ക് പോകുമായിരുന്നുവെന്ന് പറയുമ്പോള്‍ ഫഹദിന്റെ മുഖത്ത് ഭീതിയല്ല, ഒരു നന്മ ചെയ്തതിന്റെ ചാരിതാര്‍ത്ഥ്യം മാത്രം.

സ്മാര്‍ട്ട് ട്രിവാന്‍ഡ്രം എന്ന മൊബൈല്‍ ആപ്പ് വഴിയാണ് വൊളണ്ടിയര്‍മാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ആ വൊളണ്ടിയര്‍മാരുടെ മുഴുവന്‍ വിവരങ്ങളും കോര്‍പ്പറേഷനിലുണ്ട്. അതുവച്ചാണ് കളക്ഷന്‍ പോയിന്റ് പ്രവര്‍ത്തിക്കുന്നതെന്ന് ടി സി രാജേഷ് അഴിമുഖത്തോട് പറഞ്ഞു. രാജേഷും കുടുംബവും കളക്ഷന്‍ പോയിന്റ് തുടങ്ങിയ അന്ന് മുതല്‍ പകലും രാത്രിയും ഇവിടെ തന്നെയാണ്. ഇവിടെ എത്തുന്ന സാധനങ്ങള്‍ ആദ്യം കളക്ഷന്‍ സെന്ററില്‍ തരംതിരിക്കുകയാണ് ചെയ്യുന്നത്. അളവും എണ്ണവും ഉള്‍പ്പെടെ രേഖപ്പെടുത്തിയാണ് ഓരോ സാധനങ്ങളും തരംതിരിക്കുന്നത്. സാധനങ്ങള്‍ എത്തിക്കുന്ന എല്ലാവര്‍ക്കും മേയര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് നല്‍കും. ഓരോ സാധനങ്ങള്‍ക്കും പ്രത്യേകമുള്ള പാക്കിംഗ് സെന്ററുകളില്‍ വച്ച് പെട്ടികളില്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്. അവിടെയും ഇത് രേഖപ്പെടുത്തിയ ശേഷം മാത്രമേ ലോറികളിലേക്ക് കയറ്റൂ. ലോറിയിലേക്ക് കയറ്റുമ്പോഴും ആ സാധനങ്ങളുടെ വിവരങ്ങള്‍ അതില്‍ സൂക്ഷിച്ചിരിക്കുന്ന രെജിസ്റ്ററില്‍ രേഖപ്പെടുത്തും. ഓരോ ലോഡിലും എന്തുമാത്രം സാധനങ്ങളാണ് എന്തൊക്കെ സാധനങ്ങളാണ് കയറ്റിവിടുന്നതെന്നതിന് രേഖകളുണ്ട്. തരംതിരിച്ച് പെട്ടിയിലാക്കുമ്പോള്‍ പെട്ടികള്‍ക്ക് നമ്പര്‍ ഇടുന്നുണ്ട്. ആ നമ്പര്‍ ഉള്ള പെട്ടിയ്ക്കുള്ളില്‍ എന്തൊക്കെ സാധനങ്ങളാണുള്ളതെന്നാണ് രേഖപ്പെടുത്തി വയ്ക്കുന്നത്. ലോറികള്‍ പോകുന്നത് എവിടേക്കാണെന്നതും രേഖപ്പെടുത്തി വയ്ക്കുന്നതിനാല്‍ ഓരോ സ്ഥലത്തേക്കും എന്തുമാത്രം സാധനങ്ങളാണ്, എന്തൊക്കെ സാധനങ്ങളാണ് പോയിരിക്കുന്നതെന്നത് അറിയാനാകും. ആലപ്പുഴ, കോട്ടയം, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് തുടങ്ങീ വിവിധ ജില്ലകളിലേക്കാണ് ഈ ലോഡുകള്‍ പോകുന്നത്.

കൂടാതെ പോകുന്ന വാഹനത്തിനുള്ളില്‍ ഇവിടെ നിന്നുള്ള ഒരു വൊളണ്ടിയറിനെയും അയയ്ക്കുന്നുണ്ടെന്നും രാജേഷ് വ്യക്തമാക്കി. ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ആവശ്യപ്പെടുന്ന സാധനങ്ങള്‍ മാത്രമാണ് അയയ്ക്കുന്നത്. തങ്ങളെ ബന്ധപ്പെട്ട ആളുകളുടെ അടുക്കല്‍ തന്നെ ഇത് എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഒരു വൊളണ്ടിയറെ വാഹനത്തിനൊപ്പം അയയ്ക്കുന്നത്. നഗരസഭയുടെ അഞ്ച് ലോറികള്‍ വൃത്തിയാക്കിയെടുത്താണ് മിഷന്‍ ആരംഭിച്ചത്. എന്നാലിപ്പോള്‍ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം നല്‍കിയ വാഹനങ്ങള്‍ ഇതിനായി ഓടുന്നുണ്ട്. അതേസമയം ആവശ്യത്തിന് ലോറികളുണ്ടായിരുന്നെങ്കില്‍ രണ്ട് ദിവസം മുമ്പ് തന്നെ അറുപത് ലോഡ് ഇവിടെ നിന്നും പോകുമായിരുന്നെന്ന് മേയറുടെ പിഎ ജിന്‍രാജ് പറയുന്നു. സ്വകാര്യവ്യക്തികള്‍ നല്‍കിയ വണ്ടികളില്‍ ചിലതെല്ലാം വലിയ വണ്ടികളാണ്. കണ്ടയിനര്‍ ലോറികള്‍ പോലും സാധനങ്ങള്‍ എത്തിക്കാനായി ഓടിയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. അത്തരം വാഹനങ്ങളില്‍ പോകുന്നത് സാധാരണ ലോഡിനേക്കാള്‍ വലിയ ലോഡുകളായിരിക്കും. ഇതുവരെ 66 ലോഡുകളാണ് കയ്യറ്റിയയച്ചത്. പതിനഞ്ച് ലോഡിനുള്ള സാധനങ്ങളെങ്കിലും ഇപ്പോഴും നഗരസഭയിലുണ്ട്. പോയ വാഹനങ്ങള്‍ തിരികെയെത്തുന്ന മുറയ്ക്ക് മാത്രമേ ഇവ കയറ്റിയയ്ക്കാന്‍ സാധിക്കൂ. സാധനങ്ങള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് ഇന്നത്തോടെ ശേഖരിയ്ക്കല്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവ രണ്ടോ മൂന്നോ ദിവസം കൊണ്ട് എത്തിക്കാനുള്ളയിടത്ത് എത്തിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. മഴ കുറഞ്ഞതിനാലും മറ്റ് സ്ഥലങ്ങളിലും സമാനമായ കളക്ഷന്‍ പോയിന്റുകള്‍ ആരംഭിച്ചിട്ടുള്ളതിനാലും ശേഖരിക്കല്‍ പുനരാരംഭിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് ഇവര്‍. അതേ സമയം ജില്ലയിലെ എല്ലാ കളക്ഷന്‍ സെന്ററുകളും നിശാഗന്ധി ഓഡിറ്റോറിയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

also read:നിലമ്പൂര്‍ മുണ്ടേരി വനമേഖലയില്‍ ചാലിയാര്‍ കടക്കാനാവാതെ ഒറ്റപ്പെട്ട് പട്ടിണിയിലും പ്ലാസ്റ്റിക് ഷീറ്റുകള്‍ക്ക് കീഴിലുമായി നൂറുകണക്കിന് ആദിവാസികള്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍